/indian-express-malayalam/media/media_files/uploads/2022/01/Bhagawant-Mann.jpg)
ചണ്ഡീഗഡ്: ചണ്ഡീഗഡിനുമേലുള്ള സംസ്ഥാനത്തിന്റെ അവകാശവാദം ആവര്‍ത്തിച്ച് പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. ചണ്ഡീഗഡിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കേന്ദ്ര സര്‍വീസ് ചട്ടങ്ങള്‍ ബാധകമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഈ നീക്കം.
ബിജെപി അംഗങ്ങളുടെ അഭാവത്തില്‍ ശബ്ദവോട്ടോടെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം പാസാക്കിയത്. പ്രമേയത്തെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
പഞ്ചാബിന്റെ അവകാശങ്ങള്‍ക്കായി പോരാടുമെന്നും വിഷയം ഉന്നയിക്കാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടുമെന്നും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ബഹുജന്‍ സമാജ് പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ബിജെപി അംഗം അശ്വിനി ശര്‍മ എതിര്‍ത്തു. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ പേരില്‍ സംസ്ഥാനത്തെ നിരപരാധികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Also Read: വെള്ളക്കരം, ഭൂനികുതി നിരക്കുകള്‍ വര്‍ധിക്കും; ഇന്ന് നിലവിൽ വരുന്ന മറ്റ് പ്രധാന മാറ്റങ്ങള്‍
''1986 മാര്‍ച്ച് ഒന്നു മുതല്‍ 1991 മാര്‍ച്ച് 31 വരെ ചണ്ഡീഗഡിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍വീസ് ചട്ടങ്ങള്‍ ബാധകമായിരുന്നുവെന്നും പിന്നീട് പഞ്ചാബിലെ ശമ്പള സ്‌കെയില്‍ കൂടുതല്‍ ലാഭകരമായതിനാല്‍ ജീവനക്കാര്‍ അത് ആവശ്യപ്പെട്ടു. ഇപ്പോള്‍ കേന്ദ്രഭരണ ജീവനക്കാര്‍ വീണ്ടും കേന്ദ്ര സര്‍വിസ് ചട്ടങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജീവനക്കാരെ പഞ്ചാബിന്റെ നിയമങ്ങള്‍ പ്രകാരം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നതെങ്കില്‍ ആറാം ശമ്പള കമ്മിഷന്‍ വ്യവസ്ഥകള്‍ നടപ്പാക്കണം'' അശ്വനി ശര്‍മ ആവശ്യപ്പെട്ടു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനായ ചണ്ഡീഗഡ് കേന്ദ്രഭരണപ്രദേശമാണ്. അതേസമയം, പഞ്ചാബിന്റെ തലസ്ഥാനമായാണ് ചണ്ഡീഗഢ് നഗരം സൃഷ്ടിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആവര്‍ത്തിച്ചു.
''ചണ്ഡീഗഡിന്റെ ഭരണം എപ്പോഴും 60:40 എന്ന അനുപാതത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നതെന്നും മുന്‍കാലങ്ങളിലെ ധാരണകള്‍ക്കു വിരുദ്ധമായി കേന്ദ്രം അടുത്തിടെ പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും കേന്ദ്ര സിവില്‍ സര്‍വീസ് നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ചണ്ഡീഗഢിനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന നിരവധി പ്രമേയങ്ങള്‍ പഞ്ചാബ് നിയമസഭ മുമ്പ് പാസാക്കിയിട്ടുണ്ട്,'' മന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.