scorecardresearch
Latest News

വെള്ളക്കരം, ഭൂനികുതി നിരക്കുകള്‍ വര്‍ധിക്കും; ഇന്ന് നിലവിൽ വരുന്ന മറ്റ് പ്രധാന മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനാല്‍ ഇന്നലകള്‍ പോലെയായിരിക്കില്ല ഇന്നു മുതലുള്ള കാര്യങ്ങള്‍

വെള്ളക്കരം, ഭൂനികുതി നിരക്കുകള്‍ വര്‍ധിക്കും; ഇന്ന് നിലവിൽ വരുന്ന മറ്റ് പ്രധാന മാറ്റങ്ങള്‍

ഇന്ധനവില വര്‍ധനവും ആവശ്യ സാധനങ്ങളുടെ വിലക്കയറ്റവും മൂലം സാധാരണ ജനം വലയുന്നതിനിടെ അധിക ബാധ്യതയായി നികുതി വർധനവുകൾ. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനാല്‍ ഇന്നലകള്‍ പോലെയായിരിക്കില്ല ഇന്നു മുതലുള്ള കാര്യങ്ങള്‍. കുടിവെള്ള നിരക്ക്, ഭൂനികുതി, മരുന്നുകള്‍, വാഹന റജിസ്ട്രേഷന്‍, പഴയ വാഹനങ്ങളുടെ ഹരിത നികുതി എന്നിങ്ങനെ നീളുന്നു നിരക്ക് വർധനയുടെ പട്ടിക. മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പ്രകൃതി വാതക വില

രാജ്യത്ത് ആറ് മാസം കൂടുമ്പോഴാണ് പ്രക‍ൃതി വാതക വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലെ ഒന്നാം തീയതിയാണത്. ഇത്തവണ പ്രകൃതി വാതക വില ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റു വാതക വിലകളേയും ഇത് ബാധിക്കും. വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതിവാതകം, സിഎന്‍ജി, ഗാര്‍ഹികാവശ്യത്തിനുള്ള പൈപ്പ്ലൈന്‍ വാതകം എന്നിവയുടെ എല്ലാം വില വര്‍ധിക്കും.

ഭൂനികുതി

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭൂനികുതിയില്‍ ഉണ്ടായിരിക്കുന്നത് ഇരട്ടിയിലേറെ വര്‍ധനവാണ്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവും ഉണ്ടാകും. ഭൂമിയുടെ ന്യായവില 10,000 രൂപയാണെങ്കില്‍ റജിസ്ട്രേഷന്‍ തുക 100 രൂപയായിരിക്കും. ന്യായവില ഒരു ലക്ഷമാണെങ്കില്‍ 1,000 രൂപയും പത്ത് ലക്ഷമാണെങ്കില്‍ 10,000 രൂപയുമാണ് പുതിയ നിരക്ക്.

കുടിവെള്ള നിരക്ക്

വെള്ളക്കരത്തില്‍ ഇന്ന് മുതല്‍ അഞ്ച് ശതമാനമാണ് വര്‍ധന. ഗാര്‍ഹിക, വ്യവസായ, ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്കെല്ലാം ഇത് ബാധകമായിരിക്കും. നഗരത്തിലും ഗ്രാമ പ്രദേശത്തിലുമുള്ള പൊതു ടാപ്പുകള്‍ക്കുള്ള നിരക്കുകളും വര്‍ധിക്കും. എന്നാല്‍ ബിലൊ പോവര്‍ട്ടി ലൈന്‍ (ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള സൗജന്യം തുടരും.

ടോള്‍ നിരക്ക്

ടോള്‍ നിരക്കില്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വര്‍ധനവാണുണ്ടാകുന്നത്. ടോൾ പ്ലാസയ്ക്കു 20 കിലോമീറ്റർ ദൂരപരിധിയിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം നല്‍കേണ്ട തുകയും വര്‍ധിപ്പിക്കും. എന്നാല്‍ തൃശൂർ പാലിയേക്കരയില്‍ ടോള്‍ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നാണ് വിവരം.

മരുന്നുകള്‍

872 തരം മരുന്നുകള്‍ക്കാണ് ഇന്നു മുതല്‍ വില വര്‍ധനവ്. ഇതില്‍ ജീവന്‍രക്ഷാ മരുന്നുകളും ഉള്‍പ്പെടുന്നു. 10 ശതമാനത്തിലധികം വര്‍ധനയാണ് വിലനിയന്ത്രണമുള്ള മരുന്നുകള്‍ക്ക് ഉണ്ടാവുക.

ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍

ബസിന് ഇതുവരെ മിനിമം ചാര്‍ജ് എട്ട് രൂപയായിരുന്നു. അതിന് ശേഷമുള്ള ഓരോ കിലോ മീറ്ററിനും 90 പൈസയും. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാര്‍ജ് 10 രൂപയായിരിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വച്ചും ഈടാക്കാം.

ഓട്ടോ ടാക്സിയെ സംബന്ധിച്ച് മിനിമം ചാര്‍ജ് ഒന്നര കിലോ മീറ്ററിന് 25 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 12 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാര്‍ജ് രണ്ട് കിലോ മീറ്റര്‍ വരെ 30 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 15 രൂപയും ഈടാക്കാവുന്നതാണ്.

ടാക്സി കാറുകളെ രണ്ടായി തരംതിരിച്ചാണ് നിരക്ക് വര്‍ധന. ഒന്ന്, 1,500 സിസിയില്‍ താഴെയുള്ള കാറുകള്‍. മറ്റൊന്ന് 1,500 സിസിയില്‍ മുകളിലുള്ള കാറുകള്‍. 1,500 സിസിയില്‍ താഴെയുള്ള കാറുകള്‍ക്ക് അഞ്ച് കിലോ മീറ്റര്‍ വരെ മിനിമം ചാര്‍ജ് 175 രൂപയാണ്. ഇത് 200 രൂപയാക്കി വര്‍ധിപ്പിക്കുന്നതാണ്. അധികം വരുന്ന കിലോ മീറ്ററുകള്‍ക്ക് 15 രൂപയാണ് നിലവില്‍, ഇത് 18 രൂപയാക്കി ഉയര്‍ത്തി.

വാഹന റജിസ്ട്രേഷന്‍

വാഹന റജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ എന്നിവയുടെ നിരക്കുകളും വര്‍ധിക്കും. 15 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപയായിരുന്നു ഇതുവരെ. ഇത് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. നാലുചക്ര വാഹനങ്ങളുടേത് 600 രൂപയില്‍ നിന്ന് 5000 രൂപയായി. ഓട്ടോറിക്ഷയ്ക്ക് 600 രൂപയിൽ നിന്നും 2,500 രൂപയായിരിക്കും ഇന്നു മുതല്‍.

ഡീസല്‍ വാഹനങ്ങള്‍ക്കു ഹരിത നികുതി

ഇന്നു മുതല്‍ വാങ്ങുന്ന ഡീസല്‍ വാഹനങ്ങള്‍ക്കു ഹരിത നികുതി നല്‍കണം. കാറുകള്‍ക്ക് 1000 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും ബസുകള്‍ക്കും ലോറികള്‍ക്കും 2000 രൂപയുമാണു 15 വര്‍ഷത്തേക്ക് ഹരിത നികുതി നല്‍കേണ്ടത്. മണ്ണുമാന്തിയന്ത്രങ്ങള്‍ മുതല്‍ മറ്റു വിവിധ വിഭാഗങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ക്ക് 1000 രൂപയാണ് നികുതി.

പഴയ വാഹനങ്ങള്‍ക്കു 50 ശതമാനം അധികമായി ഹരിത നികുതി നല്‍കണം. 15 വര്‍ഷത്തേിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് തുടര്‍ന്നുള്ള ഓരോ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ 600 രൂപ നികുതി നല്‍ണം. 10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഫിറ്റ്നസ് പുതുക്കുമ്പോള്‍ 200 രൂപ വീതമാണ് ഹരിത നികുതി.

മോട്ടോര്‍ സൈക്കിളുകള്‍ക്കു വില കൂടും

ഹരിത നികുതിയ്ക്കു പുറമെ മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കാനും സംസ്ഥാന ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള ബൈക്കുകളുടെ നികുതിയാണു വര്‍ധിപ്പിച്ചത്. ഇതുവഴി 60 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വര്‍ധനയ്ക്കു മുന്‍പ് ഒരു ലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹങ്ങള്‍ക്ക് 10 ശതമാനവും തുടര്‍ന്ന് രണ്ടഒ ലക്ഷം വരെവിലയുള്ളവയ്ക്ക് 12 ശതമാനവും രണ്ട് ലക്ഷത്തിന് മുകളില്‍ 21 ശതമാനവുമായിരുന്നു നികുതി.

Also Read: ഇലക്ട്രിക് സ്കൂട്ടറുകള്‍ സുരക്ഷിതമോ; തീ പിടിക്കുന്നത് എന്തുകൊണ്ട്?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: From land tax to medicine rates check financial changes from april 1

Best of Express