/indian-express-malayalam/media/media_files/uploads/2019/08/yechury.jpg)
ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ആരോടും സംസാരിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് യെച്ചൂരി പറഞ്ഞു.
''മറ്റാരേയും കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ സാഹചര്യം പഠിക്കാന്‍ സാധിക്കുമായിരുന്നില്ല. റോഡില്‍ നിന്നും കണ്ടത് അനുസരിച്ച് സര്‍ക്കാര്‍ പറയുന്ന സാഹചര്യമല്ല അവിടെ''. ഇന്നലെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യെച്ചൂരി സഹപ്രവര്‍ത്തകനായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാനായി ശ്രീനഗറിലെത്തിയത്.
''തരിഗാമിയെ രണ്ട് തവണ കണ്ടു. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയും. വെള്ളിയാഴ്ച കണ്ടത് ഡോക്ടര്‍മാര്‍ക്കൊപ്പമായിരുന്നു. ഞങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ തിരിച്ച് വരണമെന്നായിരുന്നു അധികൃതര്‍ക്ക്. പക്ഷെ ഞങ്ങള്‍ അവിടെ തന്നെ നിന്നു. ഞങ്ങളെ ഒരു ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചത്. ആരേയും കാണാനോ പുറത്ത് കടക്കാനോ അനുവദിച്ചില്ല. ഇന്ന് രാവിലെ സുരക്ഷാ അകമ്പടിയോടെ ഞങ്ങളെ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. അവിടുത്തെ സ്ഥിതി സര്‍ക്കാര്‍ അവകാശപ്പെടുന്നതല്ല'' അദ്ദേഹം പറയുന്നു.
Read Also: ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ ദേശീയ നേതാവ്; യെച്ചൂരി തരിഗാമിയുടെ വീട്ടില്‍
''മറ്റ് വിവരങ്ങള്‍ കണ്ടെത്താന്‍ എന്നെ അനുവദിച്ചില്ല. യൂസുഫിന്റെ അടുത്തു നിന്നും അതീവ സുരക്ഷയിലാണ് ഞങ്ങളെ ഗസ്റ്റ് ഹൗസിലേക്ക് എത്തിച്ചത്. പക്ഷെ, അവര്‍ പറയുന്നതിന് നേര്‍ വിപരീതമാണ് കാര്യങ്ങള്‍. ഞാന്‍ കണ്ടതും അനുഭവങ്ങളും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും'' യെച്ചൂരി വ്യക്തമാക്കി.
''എയിംസിന്റെ മേല്‍നോട്ടത്തിലാണ് തരിഗാമിയുടെ ചികിത്സ നടക്കുന്നത്. അദ്ദേഹം കുടുംബത്തോടൊപ്പം വീട്ടുതടങ്കലിലാണ്. ആര്‍ക്കും പുറത്ത് പോകാനോ അകത്ത് വന്ന് അദ്ദേഹത്തെ കാണാനോ സാധിക്കില്ല. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടതിനാല്‍ ഉടനെ തിരികെ പോകണമെന്നാണ് അവര്‍ പറഞ്ഞത്.'' അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.