ശ്രീനഗര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീരില്‍ എത്തി. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനു ശേഷം ആദ്യമായി കശ്മീരിലെത്തുന്ന ദേശീയ രാഷ്ട്രീയ നേതാവ് കൂടിയാണ് യെച്ചൂരി. ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ നേതാവാണ് സീതാറം യെച്ചൂരി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്മീരില്‍ നിന്നുള്ള എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനാണ് യെച്ചൂരി ഇന്ന് കശ്മീരിലെത്തിയത്. ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതുമായി ബന്ധപ്പെട്ട് തരിഗാമി അടക്കമുള്ള നിരവധി നേതാക്കളെയാണ് കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് യെച്ചൂരിക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചത്. നേരത്തെ രണ്ട് തവണ യെച്ചൂരിയെ ശ്രീനഗറില്‍ നിന്ന് മടക്കി അയച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനു ശേഷം രണ്ട് തവണ യെച്ചൂരി കശ്മീരിലെത്തിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. രണ്ട് തവണയും യെച്ചൂരിക്ക് തിരിച്ചുപോരേണ്ടി വന്നു. രണ്ടാം തവണ യെച്ചൂരി കശ്മീരിലെത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു. എന്നാല്‍, പ്രതിപക്ഷ സംഘത്തെ മുഴുവന്‍ ശ്രീനഗറില്‍ തടയുകയും പിന്നീട് അവിടെ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യെച്ചൂരി സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയത്.
Read Also: കശ്മീർ ഒരിക്കലും നിങ്ങളുടേതായിരുന്നില്ല, പിന്നെന്തിന് കരയുന്നു: പാക്കിസ്ഥാനോട് രാജ്നാഥ് സിങ്
തരിഗാമിക്കൊപ്പം കശ്മീരിൽ തുടരാൻ അനുവദിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെടും. അനുവാദം ലഭിച്ചാൽ യെച്ചൂരി കശ്മീരിൽ തുടരാനാണ് സാധ്യത. ശ്രീനഗറിലെത്തിയ യെച്ചൂരി കനത്ത സുരക്ഷയിലാണ് തരിഗാമിയുടെ വീട്ടിലെത്തിയത്. വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ഏഴ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യെച്ചൂരി തരിഗാമിയുടെ വീട്ടിലെത്തിയിരിക്കുന്നത്.
തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി ഹേര്‍ബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു. ഗുപ്കാർ റോഡിലെ ഔദ്യോഗിക വസതിയിൽ വീട്ടുതടങ്കലിലാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സുപ്രീംകോടതി സന്ദര്‍ശനാനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോർപസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് തരിഗാമിയെ കാണാനെത്തിയ സീതാറാം യെയ്യൂരിയേയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞിരുന്നു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് പ്രത്യേകം കത്തു നല്കിയ ശേഷമാണ് യെച്ചൂരിയും രാജയും ശ്രീനഗറിലെത്തിയത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കൊപ്പം യെച്ചൂരി വീണ്ടും കശ്മീരിൽ എത്തിയിരുന്നു. എന്നാൽ എയർപോർട്ടിന് പുറത്തേക്ക് കടക്കാൻ നേതാക്കളെ അനുവദിച്ചിരുന്നില്ല.