/indian-express-malayalam/media/media_files/uploads/2020/01/deepika-ramdev.jpg)
ന്യൂഡൽഹി: രാജ്യത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടുവേണം ബോളിവുഡ് താരം ദീപിക പദുക്കോൺ അവർ വലിയ തീരുമാനങ്ങൾ എടുക്കാനെന്നു ബാബ രാംദേവ്. ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്യാംപസിൽ എത്തിയതു മുതൽ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് കടുത്ത വിമർശനമാണു ദീപിക നേരിടുന്നത്. ഇതിനു പിന്നാലെയാണു ബാബ രാംദേവും രംഗത്തെത്തിയത്.
“ആദ്യം സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങൾ പഠിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുകയും വേണം. ഈ അറിവ് നേടിയ ശേഷം അവർ വലിയ തീരുമാനങ്ങൾ എടുക്കണം. അവർക്ക് ബാബാ രാംദേവിനെപ്പോലുള്ള ഒരു ഉപദേഷ്ടാവിനെ ആവശ്യമുണ്ട്,” രാംദേവ് ഇന്നലെ ഇൻഡോറിൽ പറഞ്ഞു.
ദീപിക പദുക്കോണിന്റെ ജെഎൻയു സന്ദർശനത്തിന് പിന്നാലെ ദീപികയ്‌ക്കെതിരെ സംഘപരിവാർ രംഗത്തെത്തി. ദീപികയുടെ ‘ഛപാക്’ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയിരുന്നു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ളവർ ദീപികയെ വിമർശിച്ചിരുന്നു. രാജ്യത്തിന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവർക്കൊപ്പമാണ് താൻ നിൽക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ദീപിക വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് എന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.
Read More: 'ഛപാക്' സിനിമയുടെ ടിക്കറ്റിന് നികുതി വേണ്ട; നിർണായക തീരുമാനവുമായി രണ്ട് സംസ്ഥാനങ്ങൾ
അതേസമയം, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സര്‍ക്കാരുകൾ ദീപികയുടെ ഏറ്റവും പുതിയ സിനിമയായ ‘ഛപാക്കി'ന് നികുതി ഒഴിവാക്കിയിരുന്നു. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവരുടെ കഥയാണ് ‘ഛപാക്’ പറയുന്നതെന്നും അതിനാല്‍ സിനിമ ടിക്കറ്റിന് മധ്യപ്രദേശ് നികുതി ഒഴിവാക്കുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ട്വീറ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസാണ് ഭരിക്കുന്നത്. കേരളത്തിലും ഇത്തരത്തിൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ ദീപിക വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെക്കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.