ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഛപാക്’ എന്ന സിനിമയുടെ ടിക്കറ്റിന് നികുതി ഒഴിവാക്കി രണ്ട് സംസ്ഥാനങ്ങള്‍. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സര്‍ക്കാരുകളാണ് ‘ഛപാക്’ സിനിമയ്ക്ക് നികുതി ഒഴിവാക്കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവരുടെ കഥയാണ് ‘ഛപാക്’ പറയുന്നതെന്നും അതിനാല്‍ സിനിമ ടിക്കറ്റിന് മധ്യപ്രദേശ് നികുതി ഒഴിവാക്കുകയാണെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസാണ് ഭരിക്കുന്നത്. കേരളത്തിലും ഇത്തരത്തിൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ജെഎൻയുവിലെ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ചിരുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ദീപിക പദുക്കോൺ നേരത്തെ ഡൽഹിയിലെത്തിയിരുന്നു. ഇതിനു പിന്നാലെ ദീപികയ്‌ക്കെതിരെ സംഘപരിവാർ രംഗത്തെത്തി. ദീപികയുടെ ‘ഛപാക്’ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയിരുന്നു.

Read Also: കരീന കപൂറിന്റെ ‘കാൽമുട്ട്’ എവിടെ?

ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.

രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻ‌യു‌യു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ സമയം ചെലവഴിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook