/indian-express-malayalam/media/media_files/uploads/2020/12/JP-Nadda-Bengal-attack.jpg)
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് ഏകപക്ഷീയമായി മാറ്റി ആഭ്യന്തരമന്ത്രാലയം. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തെച്ചൊല്ലി കേന്ദ്രവും ബംഗാളും തമ്മിലുള്ള പോരിനു പിന്നാലെയാണ് ഈ നടപടി.
ജെ.പി. നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു വിളിപ്പിച്ചത്. ആക്രമണത്തിനു കാരണമായ വീഴ്ചകള്‍ കണക്കിലെടുത്ത് പശ്ചിമ ബംഗാള്‍ കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്കു വിളിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
Also Read: ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് വിടില്ലെന്ന് മമത; കേന്ദ്രവുമായി പരസ്യ പോരിലേക്ക്
രണ്ടു ദിവസം മുന്‍പ് നടന്ന ആക്രമണത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ഹാജരാകാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹിക്കു പോവേണ്ടെന്ന നിര്‍ദേശമാണ് ഇരുവര്‍ക്കും മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയത്. ഇതിനുപിന്നാലെയാണു മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു മാറ്റിയത്.
അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന ചട്ടങ്ങളനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സാധാരണഗതിയില്‍ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് എടുക്കും മുന്‍പ് സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതം തേടാറുണ്ട്. എന്നാല്‍ ഇത്തരം ആലോചനയില്ലാതെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ബംഗാള്‍-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാക്കാനിടയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.