/indian-express-malayalam/media/media_files/uploads/2021/06/Vaccination-1-2.jpg)
ന്യൂഡല്‍ഹി: നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെടുന്നു, സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യങ്ങളും ഉയരുന്നു. വാക്സിന്‍ സംഭരണത്തില്‍ നിലപാട് മാറ്റാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. മേയ് ഒന്നാം തീയതിയാണ് രാജ്യത്ത് 18-44 വയസ് വിഭാഗങ്ങള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചത്. പിന്നാലെ വില കൂട്ടുകയും വേര്‍തിരിവുകള്‍ ഉണ്ടാകുകയും ചെയ്തു.
"കേന്ദ്രസർക്കാർ ഇടപെട്ട് വാക്സിന്‍ വാങ്ങണമെന്നാണ് എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അത് ചർച്ച ചെയ്യും. അത്തരമൊരു അഭ്യർത്ഥന പരിഗണിക്കാൻ ഞങ്ങൾ തയ്യാറാണ്. അഭ്യര്‍ത്ഥന മാനിക്കുകയും ഉചിതമായൊരു തീരുമാനം സ്വീകരിക്കുകയും ചെയ്യും," സർക്കാർ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
കേസുകളുടെ എണ്ണം കുറയുന്നതോടെ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഇളവിലേക്ക് കടക്കുന്ന സാഹചര്യത്തിലാണിത്. ഇതുവരെ 22.86 കോടി വാക്സിനാണ് നല്‍കിയിരിക്കുന്നത്. 18.36 കോടി പേര്‍ ആദ്യ ഡോസും, 4.48 കോടി പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. രോഗ വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് വാക്സിനേഷന്‍ പ്രധാനമാണ്.
Also Read: കോവിഡ്-19 ഡെൽറ്റ വകഭേദം എന്താണ്; എന്തുകൊണ്ട് ആശങ്ക ഉയർത്തുന്നു?
വാക്സിന്‍ വിതരണത്തിന് വ്യക്തമായ പദ്ധതി തയാറാക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തി. കേന്ദ്രം ഇറക്കുമതി ചെയ്ത് വിതരണം നടത്തണമെന്നാണ് ആവശ്യം. വിദേശ കമ്പനികള്‍ സംസ്ഥാനങ്ങളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവും, മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍ പ്രതികരണവുമായി രംഗത്തെത്തി. നിരവധി സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ കേന്ദ്രം നയം മാറ്റണമെന്നും, മുഖ്യമന്ത്രിമാര്‍ ഒരുമിച്ച് പ്രധാനമന്ത്രിയെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിന്‍ വിഷയത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.