/indian-express-malayalam/media/media_files/uploads/2021/10/Aryan-Khan-2.jpg)
മുംബൈ: ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നായകന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നതു നാളെ തുടരും.
ആര്യന്‍ഖാനൊപ്പം അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിന്റെയും മോഡല്‍ മുണ്‍മുണ്‍ ധമേച്ചയുടെയും ഹര്‍ജികളില്‍ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ ദേശ്മുഖിന്റെയും മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയുടെയും വാദം ഇന്ന് പൂര്‍ത്തിയായി. ഇതിനു പിന്നാലെയാണു ഹർജികൾ നാളത്തേക്കു മാറ്റിയത്. എന്‍സിബിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങിന്റെ വാദം നാളെ ഉച്ചയ്ക്കു 2.30നു ശേഷം കോടതി കേൾക്കും.
ആര്യഖാന്റെ ഹർജിയിൽ മുതിർന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ രോഹത്ഗി ഇന്നലെ വാദം പൂർത്തിയാക്കിയിരുന്നു.
മൂവരുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അര്‍ബാസ് മര്‍ച്ചന്റിന്റെ ഹർജിയിൽ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചു. ഗൂഢാലോചനയെന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) ആരാപണത്തിന് അടിസ്ഥാനമില്ല. പരസ്പര ബന്ധമില്ലാത്ത മൂന്നു പേര്‍ ഒരേ ആവശ്യത്തിനായി വരുന്നുണ്ടെങ്കില്‍ അത് ഗൂഢാലോചനയല്ല.
അറസ്റ്റ് സമയത്ത് ഗൂഢാലോചനയെക്കുറിച്ച് എൻസിബി പരാമര്‍ശിച്ചിരുന്നില്ല. എന്‍ഡിപിഎസ് നിയമത്തിലെ 28, 29 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റെന്ന് ആദ്യ റിമാന്‍ഡ് സമയത്ത് മജിസ്ട്രേറ്റ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇന്നുവരെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് നിതിന്‍ ഡബ്ല്യു സാംബ്രെയുടെ മുന്‍പാകെ അദ്ദേഹം വാദിച്ചു.
Also Read: പുതിയ പാർട്ടി ഉടൻ, ബിജെപിയുമായി സീറ്റ് പങ്കിടും: അമരീന്ദർ സിങ്
ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കപ്പലില്‍ പോയതെന്നും തന്റെ കക്ഷിക്കെതിരായ ആരോപണത്തിന് അടിസ്ഥാനത്തിന് അടിസ്ഥാനമില്ലെന്നും മുണ്‍മുണ്‍ ധമേച്ചയ്ക്കുവേണ്ടി ഹാജരായ അലി കാഷിഫ് ഖാന്‍ ദേശ്മുഖ് വാദിച്ചു. ഫാഷന്‍ രംഗത്തെ ഭാവിക്കുവേണ്ടിയാണ് കപ്പലില്‍ പോയത്. മറ്റു കുറ്റാരോപിതരുമായി യാതൊരു ബന്ധവുമില്ല. ലഹരിമരുന്ന് കണ്ടെടുത്ത മുറിയില്‍ താന്‍ ഉണ്ടായിരുന്നുവെന്നതിനാലാണ് കേസിൽ ഉൾപ്പെടുത്തിയത്. മുണ്‍മുണിനൊപ്പം മുറിയിലുണ്ടായിരുന്ന സോമിയയെയും ബല്‍ദേവിനെയും എന്‍സിബി പോകാന്‍ അനുവദിച്ചവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അറസ്റ്റ് ഏകപക്ഷീയമാണെന്ന് ആര്യന്‍ഖാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ രോഹത്ഗി ഇന്നലെ വാദിച്ചിരുന്നു. ഇരുപത്തി മൂന്നുകാരനായ ആര്യനില്‍നിന്ന് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചതായി വ്യക്തമാക്കാന്‍ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും മുകുള്‍ രോഹത്ഗി ഇന്നലെ വാദിച്ചു.
ഓണ്‍ലൈന്‍ ഗെയിം സംബന്ധിച്ച് ആര്യനും സുഹൃത്തും തമ്മില്‍ നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകള്‍ ലഹരിമരുന്നിനെക്കുറിച്ചുള്ളതാണെന്ന് എന്‍സിബി തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യനുവേണ്ടി ഹാജരായ അമിത് ദേശായി ഇന്നലെ പറഞ്ഞു. ആര്യനുവേണ്ടി വാദിക്കുന്ന അഭിഭാഷക സംഘത്തില്‍ സതീഷ് മനേഷിന്‍ഡെയുമുണ്ട്. എന്‍ഡിപിഎസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.