scorecardresearch

പ്രവാചകനെതിരായ പരാമര്‍ശം: തെലങ്കാന എം എല്‍ എയെ ബി ജെ പി സസ്പെന്‍ഡ് ചെയ്തു

വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തിയതിനു പിന്നാലെ ഘോഷമഹൽ എം എല്‍ എയായ രാജാ സിങ്ങിനെ ഹൈദരാബാദ് പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു

വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തിയതിനു പിന്നാലെ ഘോഷമഹൽ എം എല്‍ എയായ രാജാ സിങ്ങിനെ ഹൈദരാബാദ് പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു

author-image
WebDesk
New Update
Telangana MLA T Raja Singh arrest, BJP suspends Raja Singh, prophet remark

ന്യൂഡല്‍ഹി: ഇസ്ലാമിനെ ലക്ഷ്യമിട്ടുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തെലങ്കാന എം എല്‍ എ ടി രാജാ സിങ്ങിനെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു. എം എല്‍ എയെ ഹൈദരാബാദ് പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു

Advertisment

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാജാ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

''ഞങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചു. എം എല്‍ എ രാജാ സിങ്ങിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ചും ഉടന്‍ നിങ്ങളെ അറിയിക്കും,'' പശ്ചിമമേഖല ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയല്‍ ഡേവിസ് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു

ഇന്നു രാവിലൊ ദബീര്‍പുര പൊലീസ് സ്റ്റേഷനിലാണ് എം എല്‍ എയ്‌ക്കെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോ ആണ് ഘോഷമഹല്‍ എം എല്‍ എയായ രാജാ സിങ്ങിന്റെ അറസ്റ്റിലേക്കു നയിച്ചത്. 'ഫാറൂഖി കേ ആക കാ ഇതിഹാസ് സുനിയേ' എന്ന 10.27 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ തിങ്കളാഴ്ച രാത്രി പത്തോടെ 'ശ്രീറാം ചാനല്‍ തെലങ്കാന' വഴിയാണു പുറത്തുവന്നത്.

Advertisment
publive-image

സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദിലെ ഷോ തടയുമെന്നു പറഞ്ഞുകൊണ്ട് പരിപാടിക്കു മുന്‍പ് രാജാ സിങ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഭീഷണി വിലവയ്ക്കാതെ, പൊലീസ് സംരക്ഷണത്തില്‍ മുനവര്‍ ഷോ നടത്തി. രാജാ സിങ്ങിനെ പൊലീസ് വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിച്ചതുമില്ല. ഇതിനുശേഷമാണു തിങ്കളാഴ്ച പുതിയ വീഡിയോ എം എല്‍ എ പുറത്തുവിട്ടത്.

മുനവര്‍ ഫാറൂഖിയെയും അദ്ദേഹത്തിന്റെ കോമഡി ഷോകളെയും കുറിച്ച് എം എല്‍ എ സംസാരിക്കുന്നതു വീഡിയോയില്‍ കാണാം. ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശങ്ങള്‍ പേരുകളൊന്നും പറയാതെ എം എല്‍ എ ആവര്‍ത്തിച്ചു. ഇതിനു പിന്നാലെ എം എല്‍ എയ്‌ക്കെതിരെ പ്രതിഷേധം ആളിക്കത്തി.

മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി വൈകി ഹൈദരാബാദിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ജനക്കൂട്ടം പ്രതിഷേധിച്ചിരുന്നു. ബഷീര്‍ബാഗിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിനു പുറത്ത് റോഡ് ഉപരോധിച്ച പ്രതിഷേധക്കാര്‍ ദക്ഷിണ മേഖല ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് ഇരച്ചുകയറി. എന്നാല്‍, താന്‍ പ്രവാചകനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും അതൊരു 'കോമഡി വീഡിയോ' ആണെന്നും പറഞ്ഞ് എം എല്‍ എ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

രാജാ ഭയ്യ, ടൈഗര്‍ രാജ എന്നീ പേരുകളില്‍ അറിയപ്പെടുന്ന നാല്‍പ്പത്തി അഞ്ചുകാരനായ രാജാ സിങ് രണ്ടു തവണയായി ഘോഷമഹലിനെ പ്രതിനിധീകരിക്കുന്ന എം എല്‍ എയാണ്. മണ്ഡലത്തിലും ഹൈദരാബാദിലെ പരിസര പ്രദേശങ്ങളിലും വലിയ അനുയായിവൃന്ദമുണ്ട്.

തെലങ്കാന രാഷ്ട്രസമിതി അനുകൂല തരംഗമുണ്ടായ 2018 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അഞ്ച് സിറ്റിങ് എം എല്‍ എമാരില്‍ സീറ്റ് നിലനിര്‍ത്തിയ ഏക അംഗമാണു രാജാ സിങ്. ബജ്റങ് ദള്‍ അംഗമായ സിംഗ് 2009-ല്‍ മംഗല്‍ഹട്ടില്‍ നിന്നുള്ള ടി ഡി പി മുനിസിപ്പല്‍ കൗണ്‍സിലറായാണു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2014 ലെ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്ന അദ്ദേഹം തുടര്‍ന്നു ഘോഷമഹല്‍ സീറ്റ് കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗങ്ങള്‍, കര്‍ഫ്യൂ ഉത്തരവുകള്‍ ലംഘിക്കല്‍, ക്രമസമാധാനം തടസപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് എഴുപത്തി അഞ്ചിലധികം എഫ് ഐ ആറുകള്‍ രാജാ സിങ്ങിനെതിരെയുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകളോ സോഷ്യല്‍ മീഡിയ പോസ്റ്റുകളോ അദ്ദേഹത്തില്‍നിന്ന് ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ഗോവധം തടയാന്‍ താന്‍ എന്തും ചെയ്യാന്‍ തയാറാണെന്നും താനും 'എല്ലാ ഹിന്ദു ജാതികളില്‍ നിന്നുമുള്ള' തന്റെ ഗോരക്ഷകരും ഹൈദരാബാദില്‍ ആയിരക്കണക്കിന് പശുക്കളെ രക്ഷിച്ചിട്ടുണ്ടെന്നും സിങ് നേരത്തെ പറഞ്ഞിരുന്നു.

പ്രവാചകനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ സമീപകാലത്ത് ബി ജെ പി അച്ചടക്ക നടപടിയെടുക്കുന്ന മൂന്നാമത്തെ നേതാവാണു രാജാ സിങ്. നേരത്തെ പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്യുകയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.

Suspended Bjp Telangana Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: