മുംബൈ: പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയ സംഭവത്തില്‍ മുംബൈയില്‍ യുവാവ് അറസ്റ്റില്‍. മുപ്പതുകാരനെ കിഴക്കന്‍ മലാഡിന്റെ പ്രാന്തപ്രദേശത്തുനിന്ന് ഇന്നലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫൊട്ടോയും വീഡിയോയുമുള്ള സ്റ്റാറ്റസിനെക്കുറിച്ച് പരിചയക്കാരനില്‍നിന്ന് അറിഞ്ഞതായി സലിം ചൗധരി എന്ന അഭിഭാഷകന് ഡിണ്ടോഷി പൊലീസില്‍ ഓഗസ്റ്റ് 19നെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കുറ്റാരോപിത രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് അറസ്റ്റിലായ യുവാവ്. പരാതിയ്ക്കൊപ്പം വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ സ്ക്രീന്‍ഷോട്ടുകളും സലിം ചൗധരി സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവര സാങ്കേികത നിയമത്തിലെ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വവും വിദ്വേഷപരവുമായ പ്രവൃത്തികള്‍), 67 എ (ലൈംഗികത സ്പഷ്ടമാക്കുന്ന പ്രവൃത്തി അടങ്ങിയ വസ്തുക്കളുടെ പ്രക്ഷേപണം) എന്നീ വകുപ്പുകള്‍ പ്രകാരമാണു് പ്രഥമ വിവര റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്തത്.
സമീപകാലത്ത്, പ്രവാചകനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ രാജ്യത്ത് രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ രാജസ്ഥാനിലെ ഉദയ്പൂരിലും മറ്റൊരാള്‍ മഹാരാഷ്ട്രയിലെ അമരാവതിയിലുമാണു കൊല്ലപ്പെട്ടത്. പ്രവാചകനെതിരെ ബി ജെ പി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയായിരുന്നു ഈ സംഭവം.
സംഭവം മറ്റു രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ പ്രതിഷേധം വിളിച്ചുവരുത്തിയതിനു പിന്നാലെ ബി ജെ പി നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും മുന്‍ പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
നൂപുര്‍ ശര്‍മയെ പിന്തുണച്ച 11 സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, കലാപം, ആക്രമണം, ദുരുപയോഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.