scorecardresearch

കുട്ടികളെക്കൊണ്ടുള്ള സാഹസിക പ്രകടനങ്ങൾ അവരെ ബാധിക്കുന്നതെങ്ങനെ?

കുട്ടികളിൽ അനുകരണവും സാഹസികപ്രവർത്തികളും ദിനംപ്രതി വർധിക്കുകയാണ്. ഇത്തരം പ്രകടനങ്ങൾ അവരുടെ ആരോഗ്യത്തെയും ഭാവിയെയും ബാധിക്കുന്നതെങ്ങനെയെന്നറിയാം

കുട്ടികളിൽ അനുകരണവും സാഹസികപ്രവർത്തികളും ദിനംപ്രതി വർധിക്കുകയാണ്. ഇത്തരം പ്രകടനങ്ങൾ അവരുടെ ആരോഗ്യത്തെയും ഭാവിയെയും ബാധിക്കുന്നതെങ്ങനെയെന്നറിയാം

author-image
Christy Babu
New Update
bicycle riding,8 yr old, cycle riding, roads

മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അടുത്തദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന പേരാണ് റാവി ബാദേഷിയുടേത്. 63 ദിവസമായി സൈക്കിൾ ചവിട്ടികൊണ്ടിരിക്കുകയാണു റാവിയെന്ന എട്ടു വയസുകാരി. എവിടെ നിന്നാണെന്നോ അങ്ങ് കശ്മീരിൽനിന്ന്. കശ്മീരിലെ ലാല്‍ ചൗക്കില്‍നിന്ന് നവംബര്‍ 10ന് ആരംഭിച്ച യാത്ര 3448 കിലോമീറ്റർ താണ്ടി ഇന്ത്യയുടെ തെക്കേ അറ്റമായ രാമേശ്വരത്തെ ധനുഷ്‌കോടിക്കു സമീപം ജനുവരി 14നാണ് അവസാനിച്ചത്.

Advertisment

കേന്ദ്രസർക്കാർ 2015 ൽ  പ്രഖ്യാപിച്ച 'ബേട്ടി ബചാവോ ബേട്ടി പഠാവോ' എന്ന സന്ദേശ പ്രചാരണത്തിനാണ് പഞ്ചാബ് പട്യാല സ്വദേശിയായ റാവി  ഇത്രയും ദൂരം സൈക്കിൾ ചവിട്ടിയത്. പഞ്ചാബിലെ 'ബേട്ടി ബചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഐക്കൺ കൂടിയാണ് റാവി.

പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ സിമ്രന്‍ജിത്ത് സിങ്ങുമൊത്തായിരുന്നു യാത്രയുടെ തുടക്കം. എന്നാല്‍ നവംബര്‍ 29ന് മധ്യപ്രദേശിലെ ശിവപുരിയില്‍ സിമ്രന്‍ജിത്ത് സഞ്ചരിച്ച സൈക്കിളില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന് അദ്ദേഹം യാത്ര ബൈക്കിലേക്കു മാറ്റി.  

റാവിയുടെ ലക്ഷ്യത്തിനും ഇത്രയും ദൂരം സൈക്കിളിൽ പോകുന്ന ധൈര്യത്തിനും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ കൈയടിക്കുന്നുണ്ട്. എന്നാൽ, എട്ടു വയസ്സുകാരി നടത്തുന്ന ഇത്തരം അപകടകരമായ യാത്ര പ്രോത്സാഹിപ്പിക്കേണ്ടതാണോ? എന്ന ആശങ്ക പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. പൊതുബോധത്തിന്റെ ആൾക്കൂട്ട  ആക്രമണം ഭയന്ന് ആരും അതേക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ധൈര്യം കാണിക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ വിദ്ഗധർ എന്താണ് പറയുന്നതെന്നു നോക്കാം.

Advertisment
bicycle riding,8 yr old, cycle riding, roads

ഈ യാത്ര അതിസാഹസികം

എട്ടുവയസ്സുള്ള കുട്ടിയ്ക്ക് ഇത്രയും ദൂരം പിന്നിടാനുള്ള ശാരീരികക്ഷമതയുണ്ടാകുമോ എന്ന സംശയം എല്ലാവർക്കും ഉണ്ടാകാം. ട്രെയിനിങ്ങിലൂടെയും ഫിറ്റ്നസ്  ശ്രദ്ധിക്കുന്നതിലൂടെയും ഇത്തരം യാത്ര സാധിക്കുമായിരിക്കാം. റാവിയുടെ സൈക്കിൾ യാത്ര ഇതാദ്യമല്ല. ഷിംലയില്‍നിന്നു മണാലിയിലേക്കു സ്പിറ്റി പാത വഴി 800 കിലോമീറ്റര്‍ 20 ദിവസം കൊണ്ട് റാവി താണ്ടിയിട്ടുണ്ട്. ഈ യാത്രയാണ് കശ്മീർ-ധനുഷ്കോടി യാത്രയ്ക്കു പ്രചോദനമായത്.

എട്ടുവയസ്സുള്ള കുട്ടി ഇത്രയും ദൂരം സൈക്കിളിൽ യാത്ര ചെയ്യുന്നതിനെ അതിസാഹസികമെന്നാണ് ഇന്ത്യൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് മുൻ സംസ്ഥാന പ്രസിഡന്റ്  ഡോ.പി.എൻ.എൻ.പിഷാരടി വിശേഷിപ്പിക്കുന്നത്. കുട്ടികൾ നിർബന്ധിച്ചാലും അതതു പ്രായത്തിൽ ഏറ്റെടുക്കാവുന്ന ശാരീരിക പരീക്ഷണങ്ങൾ മാത്രമേ അവരെ കൊണ്ട് ചെയ്യിക്കാവൂ.

എത്ര ട്രെയിനിങ് നേടിയാലും ഫിറ്റ്നസ് നേടിയാലും ഇത്തരം യാത്രകൾ കുട്ടിക്കു മേലുള്ള ഭാരമാണ്. എട്ടു വയസ്സുള്ള കുട്ടിയെന്നു പറയുമ്പോൾ സാധാരണ ഇത്തരം യാത്ര ചെയ്യുന്നവരെക്കാൾ വളരെ പ്രായം കുറവാണ്. ഇതു കുട്ടിയുടെ മനോനിലയെ വരെ ബാധിക്കാവുന്ന വിഷയമാണ്. എന്ത് കാര്യത്തിനായാലും കുട്ടികളെ കൊണ്ടുള്ള ഇത്തരം പരിപാടികൾ ഒട്ടും പ്രോത്സാഹിപ്പിക്കരുത്.

ഈ പ്രായത്തിൽ അത് സാധിക്കുമോ എന്നതല്ല വിഷയം. ട്രെയിനിങ്ങ് കൊണ്ടും കുട്ടിയുടെ താൽപ്പര്യം കൊണ്ടും അത് സാധിക്കുമായിരിക്കും. എന്നാൽ, അതിലെ അപകടസാധ്യത വിചാരിക്കുന്നതിലും കൂടുതലാണെന്നും ഡോ.പിഷാരടി പറഞ്ഞു.

bicycle riding,8 yr old, cycle riding, roads



കുട്ടികൾക്ക് ഇത്ര ദൂരം യാത്ര ചെയ്യാമോ?

സൈക്കിളിൽ 12 വയസ്സിനു താഴെയുള്ള കുട്ടി ഇത്രയും ദൂരം യാത്ര ചെയ്യാൻ പാടില്ലെന്നാണു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) സൈക്കിളിങ് കോച്ചായ എ.ചന്ദ്രൻ ചെട്ടിയാർ പറയുന്നത്.  

സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പ്രകാരം 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു സൈക്കിളിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. അപ്പോൾ അതിലും താഴെ പ്രായമുള്ള കുട്ടികളുടെ ഇത്തരം യാത്ര ഗൗരവപരമായി കാണേണ്ടതാണ്. ദിവസം ശരാശരി 100 കിലോമീറ്റർ റാവി യാത്ര ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ദൂരം വളരെ കൂടുതലാണ്.

20 കിലോമീറ്ററിൽ താഴെ മാത്രമേ കുട്ടികൾ ഒരു ദിവസം സഞ്ചരിക്കാവൂ. ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു പോകുന്നവർ ക്ലിയറൻസ് വാങ്ങേണ്ടതും ആവശ്യമാണ്. എട്ടു വയസ്സുള്ള കുട്ടിയുടെ യാത്ര ബന്ധപ്പെട്ട അധികൃതരിൽനിന്നു അനുമതി വാങ്ങിയശേഷമായിരിക്കണമെന്നും ചന്ദ്രൻ പറഞ്ഞു.

കൊച്ചുകുട്ടി ഒറ്റയ്ക്ക് നടത്തുന്ന യാത്രയായതിനാൽ വളരെ ശ്രദ്ധിക്കേണ്ടി വരും. കൂടെ അച്ഛനും അച്ഛന്റെ സഹോദരനുമുണ്ടെന്ന് പറഞ്ഞാലും സൈക്കിളിൽ കുട്ടി മാത്രമാണു യാത്ര ചെയ്യുന്നത്. റാവിയുടെ അച്ഛൻ സിമ്രൻ സിങ് യാത്രയിൽ ആദ്യം സൈക്കിൾ തന്നെയായിരുന്നു തിരഞ്ഞെടുത്തത്. എന്നാൽ നവംബര്‍ 29ന് മധ്യപ്രദേശിലെ ശിവപുരിയില്‍ വച്ച് സിമ്രന്‍ സിങ് സഞ്ചരിച്ച സൈക്കിളില്‍ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ബൈക്കിലേക്ക് മാറി. ഇത് ഇത്തരത്തിലെ യാത്രയുടെ അപകടവശം വെളിവാക്കുന്നു.

എല്ലാവർക്കും സാധിക്കുന്നതല്ല ഇത്തരം യാത്രകൾ

പെട്ടന്നൊരു സുപ്രഭാതത്തിൽ എന്നാൽ ഞാനും പോയേക്കാം ഇത്തരമൊരു യാത്രയെന്നതും മണ്ടത്തരമാണ്. ട്രെയിനിങ്ങും ഫിറ്റ്‌നെസും നോക്കിയാണ് ഓരോ സൈക്കിൾ യാത്രികനും യാത്ര തിരിക്കുന്നത്. കൃത്യമായ ട്രെയിനിങ്ങ് ഇത്തരം യാത്രകൾക്ക് ആവശ്യമാണെന്ന് കൊച്ചി റിനൈ മെഡിസിറ്റിയിലെ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ് ഡോ.ബാബു ജോസഫ് പറഞ്ഞു.

കൃത്യമായ ട്രെയിനിങ്ങ്  ആവശ്യമുള്ള കാര്യമാണ് ഇങ്ങനെയുള്ള യാത്ര, വാഹനം നിയന്ത്രിക്കാൻ അറിയുക മാത്രമല്ല ശാരീരികാരോഗ്യം സംബന്ധിച്ച് എടുക്കേണ്ട മുൻകരുതലുകളും ഈ യാത്രയിൽ ആവശ്യമാണ്.  യാത്രയിൽ ശരീരത്തിലെ ജലാശം കുറയാതെ നോക്കുകയെന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യങ്ങളിലൊന്ന്.  അതിനാവശ്യമായ ഫ്ലൂയിഡുകൾ ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ കഴിക്കണം. ഇതൊന്നും പാലിക്കാത്തവർക്കു മസിൽ സംബന്ധമായ പ്രശ്നങ്ങളും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോ. ബാബു ജോസഫ് പറഞ്ഞു.

പരിശീലനം ഉണ്ടെങ്കിൽ യാത്ര സാധ്യമാണ്

കൃത്യമായ പരിശീലനം ലഭിക്കുന്നതിലൂടെ കൊച്ചു കുട്ടികൾക്കും ഇത്തരം യാത്രകൾക്കു പങ്കെടുക്കാൻ കഴിയുമെന്നു കൊച്ചി മുസിരിസ് സൈക്കിളിസ്റ്റ് ക്ലബ്ബിന്റെ സ്ഥാപകൻ കെ.ഡി. ലെജു പറഞ്ഞു. ദിവസം 100 കിമി ദൂരം സൈക്കിളിൽ സഞ്ചരിക്കാൻ കുട്ടികൾക്കു സാധിക്കും. കൃത്യമായ പരിശീലനം വേണ്ടിവരും. ഫിറ്റ്‌നെസും ശ്രദ്ധിക്കണം. മുതിർന്നവർ സഞ്ചരിക്കുന്ന ദൂരം ഇതിൽനിന്നു വ്യത്യസ്തമാണ്. താൻ 300-350 കിമി സഞ്ചരിക്കുമെന്നും ഓരോ ആളുകൾക്കും അതിൽ മാറ്റമുണ്ടാമെന്നും സമൂഹമാധ്യമങ്ങളിലും സൈക്കിളിസ്റ്റ് ഗ്രൂപ്പുകളിലും ലെനിൻ എന്നറിയപ്പെടുന്ന ലെജു പറഞ്ഞു.

ബ്രിവറ്റ് ഡിസ്റാന്‍റോണേഴ്സ് മോണ്ടിയോക്സ് (ബിആർഎം) സൈക്കിൾ റേസുകൾ പങ്കെടുത്തിട്ടുള്ളയാളാണു ലെജു. നൽകുന്ന സമയപരിധിക്കുള്ളിൽ നൽകിയിരിക്കുന്ന ദൂരം പിന്നിടുന്ന രീതിയാണ് ബിആർഎം. ഡൽഹി മുതൽ നേപ്പാൾ വരെ ഒറ്റ സ്ട്രെച്ചിൽ 1400 കിമി ദൂരം സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്.

ബുധിയ സിങ്

2006ൽ പ്രായത്തിൽ കവിഞ്ഞ സാഹസികത കാണിച്ച മറ്റൊരു കുട്ടിയും പണ്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. ഒഡിഷയിലെ പുരിയില്‍നിന്ന് ഭുവനേശ്വറിലേക്കുള്ള ദൂരം മാരത്തൺ ഓടി തീർത്ത ബുധിയ സിങ്. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? അവന്റെ പ്രായം തന്നെയാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്. 65 കിലോമീറ്റർ ഓടിത്തീർക്കുമ്പോൾ അവന്റെ പ്രായം നാല് വയസ്സായിരുന്നു. ഏഴ് മണിക്കൂറും രണ്ടു മിനിറ്റുമെടുത്താണ് ബുധിയ തന്റെ ഓട്ടത്തിന്റെ ലക്ഷ്യം കണ്ടത്. അതുകൊണ്ടും ബുധിയയുടെ ഓട്ടം നിന്നില്ല. 48 മാരത്തണാണു ബുധിയ ഓടിതീർത്തത്.

കൊച്ചു ബുധിയ ഇതോടെ പ്രശസ്തനായി മാറി. കടകൾ ഉദ്ഘാടനം ചെയ്യാനും മറ്റും ക്ഷണം വന്നുകൊണ്ടിരുന്നു. എന്നാൽ ബുധിയയുടെ ഓട്ടം വിവാദത്തിലാണ് അവസാനിച്ചത്. നാല് വയസ്സുകാരനെ ഇത്രയും ദൂരം ഓടിച്ചതു മനുഷ്യാവകാശ ലംഘനമാണെന്നും കുട്ടിയെ ചൂഷണം ചെയ്യുകയാണെന്നും ആരോപണമുയർന്നു.

അതുവരെ ബുധിയയെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്ന ജൂഡോ കോച്ച് ബിരഞ്ചി ദാസ് ആരോപണവിധേയനായി. ബിരഞ്ചി ദാസ് സ്വന്തം ആവശ്യങ്ങൾക്കായി ബുധിയയെ ഉപയോഗിക്കുകയായിരുന്നെന്നാണ് ആരോപണമുയർന്നത്. കുർദ ജില്ലാ ചിൽഡ്രൺ വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം ഒഡിഷ സർക്കാർ ബുധിയയുടെ മാരത്തോണുകൾക്കു വിലക്കേർപ്പെടുത്തി.

കൊച്ചു ബുധിയയെ ആ പ്രായത്തിൽ മാരത്തോൺ ഓടിക്കുന്നത് പിന്നീട് അവന് ഓസ്റ്റിയോ ആർത്രൈറ്റിസിന് കാരണമാകുമെന്നും അത് പിന്നീട് ബേൺ ഔട്ട് സിൻഡ്രോമിന് കാരണമാകുമെന്നും ഒഡിഷ സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണത്തിനു ശേഷം ബുധിയയെ 2007ൽ സായ് ഹോസ്റ്റലിൽ ചേർത്തു. 

അപകടങ്ങൾ പതിയിരിക്കുന്ന വഴികൾ

നമ്മുടെ രാജ്യത്തെ റോഡ് അപകടങ്ങളുടെ എണ്ണം കുറവല്ല. നമ്മുടെ ഗതാഗത സംവിധാനങ്ങളിൽ സൈക്കിൾ യാത്രക്കാർക്കു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ വളരെ കുറവാണ്. സൈക്കിളിലും സ്കേറ്റിങ് ബോഡുകളിലും റോഡ് മാർഗം യാത്രകൾ നടത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.

എന്നാൽ പല അപകടങ്ങളും ഈ യാത്രകളിൽ ഉണ്ടാകാം. അത്തരത്തിലൊന്നാണ് സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി സ്കേറ്റിങ് ബോഡിൽ കന്യാകുമാരിയിൽനിന്നു കശ്മീരിലേക്കു പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിൽ ട്രക്കിടിച്ചു മരിച്ച സംഭവം. ഓഗസ്റ്റിലാണ് അപകടം നടന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിൽ ജോലി ചെയ്യുകയായിരുന്നു.

മേയ് 29നാണ് മുപ്പത്തൊന്നുകാരനായ അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോഡിൽ മധുരൈ, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കിമീ ദൂരമുണ്ട്. 

Cycle Accident Roads Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: