ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷ ലഭിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി വന്ന ജനുവരി 11 മുതലാണ് ഫൈസലിനെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരവും ഭരണഘടനയുടെ 102-ാം അനുച്ഛേദത്തിലെ (എൽ) (ഇ) വകുപ്പുകൾ പ്രകാരമാവുമാണ് ഈ തീരുമാനമെടുത്തത്.
“ലക്ഷദ്വീപിലെ കവരത്തി സെഷൻസ് കോടതിയിലെ കേസ് നമ്പര്‍ 01/2017-ല്‍ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ അംഗം മുഹമ്മദ് ഫൈസൽ പി പി ശിക്ഷിക്കപ്പെട്ട തീയതി മുതൽ, അതായത് 2023 ജനുവരി 11 മുതൽ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 102(എൽ)(ഇ) ,1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 8-ാം വകുപ്പും പ്രകാരമാണിത്,” വിജ്ഞാപനത്തില്‍ പറയുന്നു.
ബുധനാഴ്ചയാണ് വധശ്രമക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫൈസൽ ഉൾപ്പെടെ നാലുപേർക്ക് ലക്ഷദ്വീപ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്.
2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും നല്‍കണം.