/indian-express-malayalam/media/media_files/uploads/2019/04/rahul-gandhi7.jpg)
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോഡ നടത്തിയ പ്രസ്ഥാവനയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാം പിത്രോഡ പരിധി ലംഘിച്ചെന്നും പ്രസ്താവന അഭികാമ്യമല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇതില്‍ അദ്ദേഹം മാപ്പ് പറണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
'സാം പിത്രോഡ പറഞ്ഞത് തെറ്റാണ്. അദ്ദേഹം മാപ്പ് പറയണം. 1984 ലേത് ആവശ്യമില്ലാത്ത ഒരു ദുരന്തമായിരുന്നെന്നാണ് ഞാന്‍ കരുതുന്നത്. നീതി നടപ്പാക്കപ്പെടും. അന്നത്തെ ദുരന്തത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ജി മാപ്പ് പറഞ്ഞിട്ടുണ്ട്. സോണിയാജി മാപ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാവരും ഇതില്‍ ഞങ്ങളുടെ സ്ഥാനം വ്യക്തമാക്കിയതാണ്. 1984 ലേത് വളരെ വലിയൊരു ദുരന്തവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്.' രാഹുല്‍ഗാന്ധി പറഞ്ഞു.
Read More: 'എന്റെ ഹിന്ദി നല്ലതല്ല, വാക്കുകള്‍ വളച്ചൊടിച്ചു': സിഖ് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിത്രോഡ
1984ല്‍ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് ചെയ്യാനാവുക എന്നായിരുന്നു പിത്രോഡയുടെ പരാമര്‍ശം. ഇത് വിവാദമായതോടെ വിശദീകരണവുമായി പിത്രോഡ തന്നെ രംഗത്തെത്തിയിരുന്നു. എന്റെ ഹിന്ദി വ്യക്തമല്ലാത്തതിനാല്‍ സംഭവം വ്യഖ്യാനിക്കപ്പെട്ടത് മറ്റൊരു തരത്തില്‍ ആയിരുന്നെന്നുമായിരുന്നു വിശദീകരണം. ബിജെപി ഉണ്ടാക്കിയ പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുണ്ടെന്നും ഇതില്‍ നിന്ന് മുന്നോട്ട് നീങ്ങണമെന്നുമാണ് ഉദ്ദേശിച്ചത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടതില്‍ ഖേദമുണ്ടെന്നും ക്ഷമാപണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
സിഖുകാരെ കൊലപ്പെടുത്താനുള്ള നിര്‍ദേശം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസില്‍നിന്നാണു നല്‍കിയതെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സാം പിത്രോദ ഇത്തരത്തില്‍ പ്രതികരിച്ചത്.
പിത്രോഡയുടെ പരാമര്‍ശനത്തിനെതിരെ ബിജെപിയും നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് യാതൊരു വിലയും കോണ്‍ഗ്രസ് നല്‍കുന്നില്ലെന്നും മോദി ഹരിയാനയിലെ റാലിയില്‍ പറഞ്ഞു. നൂറുകണക്കിന് സിഖുക്കാരെ പെട്രോളും ഡീസലുമൊഴിച്ച് കൊലപ്പെടുത്തി. കലാപകാരികള്‍ കത്തുന്ന ടയറുകള്‍ ഇരകളുടെ കഴുത്തിലേക്കിട്ട് പീഡിപ്പിച്ചു. ഇത്രയും ക്രൂരതകള്‍ നടത്തിയിട്ടും കോണ്‍ഗ്രസ് ചോദിക്കുന്നത് അങ്ങനെ നടന്നുവെങ്കില്‍ അതിനെന്ത് എന്നാണ്. ആയിരക്കണക്കിന് സിഖുക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു, അവരുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഇതിനെ കുറിച്ച് പറയുമ്പോഴെല്ലാം 'അതിനെന്താണ്' എന്നുതന്നെയാണ് കോണ്‍ഗ്രസ് ചോദിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.
'ഹരിയാനയിലും ഹിമാചല്‍പ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം കോണ്‍ഗ്രസിന്റെ കീഴില്‍ സിഖുക്കാരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ നടക്കുന്നു. പാര്‍ട്ടിയിലെ ഒരോ വലിയ നേതാക്കള്‍ക്കും ചെറിയ നേതാക്കള്‍ക്കും ഈ കൃത്യങ്ങളില്‍ പങ്കുണ്ട്. എന്നാല്‍ ഇന്ന് അവര്‍ ചോദിക്കുന്നത് 'അതിനെന്താണ്' എന്നാണെന്നും മോദി വിമര്‍ശിച്ചു. 1984ല്‍ സിഖ് കൂട്ടക്കൊല നടന്നു, എന്താണ് ഇനി തങ്ങള്‍ക്ക് ചെയ്യാനാവുകയെന്നായിരുന്നു പിത്രോഡയുടെ പരമാര്‍ശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.