ന്യൂഡല്‍ഹി​: സിഖ് കൂട്ടക്കൊലയെ കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് കോൺഗ്രസി​ന്റെ നയതന്ത്ര വിദഗ്​ധൻ സാം പി​ത്രോഡ. തന്റെ ഹിന്ദി നല്ലതല്ലെന്നും താന്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ വന്ന പിഴവാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉണ്ടാക്കിയ പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനുണ്ടെന്നും ഇതില്‍ നിന്ന് മുന്നോട്ട് നീങ്ങണമെന്നുമാണ് ഉദ്ദേശിച്ചത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടതില്‍ ഖേദമുണ്ടെന്നും ക്ഷമാപണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

1984ൽ സിഖ്​ കൂട്ടക്കൊല നടന്നുവെങ്കിൽ അതിനെന്താണ്​ എന്നാണ്​ രാജീവ്​ ഗാന്ധിയുടെ സുഹൃത്തും രാഹുലി​​ന്റെ ഗുരുവുമായ സാംപി​ത്രോഡ ചോദിച്ചതെന്ന് മോദി പറഞ്ഞു. കലാപത്തിൽ ജീവൻ നഷ്​ടപ്പെട്ടവർക്ക്​ യാതൊരു വിലയും കോൺഗ്രസ്​ നൽകുന്നില്ലെന്നും മോദി ഹരിയാനയി​ലെ റാലിയിൽ പറഞ്ഞു.നൂറുകണക്കിന്​ സിഖുക്കാരെ പെട്രോളും ഡീസലുമൊഴിച്ച്​ കൊലപ്പെടുത്തി. കലാപകാരികൾ കത്തുന്ന ടയറുകൾ ഇരകളുടെ കഴുത്തിലേക്കിട്ട്​ പീഡിപ്പിച്ചു. ഇത്രയും ക്രൂരതകൾ നടത്തിയിട്ടും കോൺഗ്രസ്​ ചോദിക്കുന്നത്​ അങ്ങനെ നടന്നുവെങ്കിൽ അതിനെന്ത്​ എന്നാണ്​. ആയിരക്കണക്കിന്​ സിഖുക്കാർ അവര​ുടെ വീടുകളിൽ നിന്ന്​ പുറത്താക്ക​പ്പെട്ടു, അവരുടെ വസ്​തുവകകൾ നശിപ്പിക്കപ്പെട്ടു. എന്നാൽ ഇതിനെ കുറിച്ച്​ പറയു​മ്പോഴെല്ലാം ‘അതിനെന്താണ്​’ എന്നുതന്നെയാണ്​ കോൺഗ്രസ്​ ചോദിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.

‘ഹരിയാനയിലും ഹിമാചൽപ്രദേശങ്ങളിലും ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം കോൺഗ്രസി​​ന്റെ കീഴിൽ സിഖുക്കാരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ നടക്കുന്നു. പാർട്ടിയിലെ ഒരോ വലിയ നേതാക്കൾക്കും ചെറിയ നേതാക്കൾക്കും ഈ കൃത്യങ്ങളിൽ പങ്കുണ്ട്​. എന്നാൽ ഇന്ന്​ അവർ ചോദിക്കുന്നത്​ ‘അതിനെന്താണ്​’ എന്നാണെന്നും മോദി വിമർശിച്ചു. 1984ൽ സിഖ്​ കൂട്ടക്കൊല നടന്നു, എന്താണ്​ ഇനി തങ്ങൾക്ക്​ ചെയ്യാനാവുകയെന്നായിരുന്നു പിത്രോഡയുടെ പരമാർശം.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.