/indian-express-malayalam/media/media_files/uploads/2021/06/Anil-Deshmukh.jpg)
മുംബൈ: അഴിമതി കേസില്‍, മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെയും കുടുംബത്തിന്റെയും 4.20 കോടി രൂപയുടെ സ്ഥാവര ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണു നടപടി.
മുംബൈ വര്‍ളിയിലെ 1.54 കോടി രൂപ വില മതിക്കുന്ന റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ്, റായ്ഗഡ് ജില്ലയിലെ ഉറാനിലെ 2.67 കോടി രൂപ പുസ്തകമൂല്യം വരുന്ന ഭൂമി എന്നിവയാണു കണ്ടുകെട്ടിയതെന്ന് ഇഡി പ്രസ്താവനയില്‍ അറിയിച്ചു.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരിക്കെ ദേശ്മുഖ് സസ്‌പെന്‍ഷനിലുള്ള അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വെയ്‌സ് മുഖേനെ ബാര്‍ ഉടമകളില്‍നിന്ന് അനധികൃതമായി 4.70 കോടി രൂപയോളം പണമായി നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇഡി പറയുന്നു.
ദേശ്മുഖിന്റെ കുടുംബം അവിഹിതമായി നേടിയ 4.18 കോടി രൂപ വെളുപ്പിക്കുകയും അത്രയും തുക ശ്രീ സായ് ശിക്ഷണ്‍ സന്‍സ്ഥ എന്ന ട്രസ്റ്റില്‍ ലഭിച്ചതായി കാണിക്കുകയും ചെയ്തതായും ഇഡി പറയുന്നു.
വര്‍ളിയിലെ ഫ്‌ളാറ്റ് ഭാര്യ ആരതി ദേശ്മുഖിന്റെ പേരിലാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫ്‌ളാറ്റ് 2004 ല്‍ പണം കൊടുത്ത് വാങ്ങിയതാണെങ്കിലും ദേശ്മുഖ് ആഭ്യന്തരമന്ത്രിയായിരിക്കെ 2020 ഫെബ്രുവരിയില്‍ മാത്രമാണ് വില്‍പ്പന കരാര്‍ നടപ്പാക്കിയത്.
Also Read: ഇന്ത്യൻ ഫൊട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
പ്രീമിയര്‍ പോര്‍ട്ട് ലിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തി ഉള്‍പ്പെടെ 50 ശതമാനം ഉടമസ്ഥാവകാശം ദേശ്മുഖ് കുടുംബം സ്വന്തമാക്കിയതായും ഇഡി പറയുന്നു. ഭൂമിയും കടകളും ഉള്‍പ്പെടെ ഏകദേശം 5.34 കോടി രൂപ പുസ്തകമൂല്യം വരുന്ന ഇവ 17.95 ലക്ഷത്തിനാണ് സ്വന്തമാക്കിയതെന്നും ഇഡി പ്രസ്താവനയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ദേശ്മുഖിന്റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് പലാന്‍ഡെ, പ്രൈവറ്റ് അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.