/indian-express-malayalam/media/media_files/uploads/2020/02/corona-3.jpg)
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള 50 കാരൻ കൊറോണ വൈറസ് ബാധിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് കെ ബാലകൃഷ്ണനെ മരത്തിൽ നിന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലകൃഷ്ണന് പനിയുണ്ടായിരുന്നെന്നും അത് കൊറോണ വൈറസ് ബാധയാണെന്ന് അദ്ദേഹം സംശയിച്ചിരുന്നുവെന്നും ബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് വൈറസ് ബാധിക്കുന്നത് തടയാനാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
രണ്ട് മൂന്ന് വർഷമായി അദ്ദേഹം പ്രമേഹ രോഗിയാണെന്നും പിന്നീടാണ് കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള ഭയം ബാലകൃഷ്ണനിൽ ഉണ്ടായതെന്നും സംഭവം സ്ഥിരീകരിച്ച ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Read More: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഇനി 13 രൂപ; വിജ്ഞാപനത്തിൽ മുഖ്യമന്ത്രി ഒപ്പിട്ടു
ചിറ്റൂരിലെ ശേശംനായിഡു കാന്ദ്രിഗ ഗ്രാമത്തിൽ നിന്നുള്ള ബാലകൃഷ്ണൻ കഴിഞ്ഞയാഴ്ച തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരൈൻ റുയ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ (എസ്‌വിആർആർജിജിഎച്ച്) ചികിത്സ തേടി എത്തിയിരുന്നു. അദ്ദേഹത്തിന് വൈറൽ അണുബാധയുണ്ടെന്ന് അവിടത്തെ ഡോക്ടർമാർ പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ചതായി ബാലകൃഷ്ണൻ കുടുംബാംഗങ്ങളോട് പറഞ്ഞതായും തന്റെ അടുത്ത് വരാതിരിക്കാൻ മുന്നറിയിപ്പ് നൽകിയതായും മരിച്ചയാളുടെ മകൻ ബാലമുരളി പറഞ്ഞു. ബാലകൃഷ്ണൻ അടുത്തുവരാതിരിക്കാൻ കുടുംബാംഗങ്ങളെ ആക്രമിച്ചിരുന്നതായും വാതിൽ പൂട്ടി മുറിക്കുള്ളിൽ കഴിയുകയായിരുന്നു എന്നും ബാലമുരളി പറഞ്ഞു.
"തിങ്കളാഴ്ച മുഴുവൻ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടിരിക്കുകയായിരുന്നു അച്ഛൻ. തനിക്ക് ഈ രോഗലക്ഷണങ്ങൾ ഉള്ളതായും അദ്ദേഹം പറഞ്ഞിരുന്നു," മകൻ പറഞ്ഞു. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് ബാലമുരളി സംസ്ഥാന സർക്കാരിന്റെ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടു. “പക്ഷേ, അടുത്തിടെ ചൈന സന്ദർശിച്ചിട്ടില്ലാത്തതിനാൽ വിഷമിക്കേണ്ട കാര്യമില്ലെന്ന് അവർ എന്നോട് പറഞ്ഞു,” അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി ബാലകൃഷ്ണൻ വീട് വിട്ടിറങ്ങുകയും വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇത് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അയൽവാസികളെ വിവരമറിയിച്ചു. എന്നാൽ ഉൾപ്രദേശത്തെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
ബാലകൃഷ്ണൻ വല്ലാതെ ഭയന്നിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് കൊറോണ വൈറസ് ഉള്ളതായി ഡോക്ടർ പറഞ്ഞിട്ടില്ലെന്നും തോട്ടാംബെഡു പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വെങ്കട സുബ്ബയ്യ പറഞ്ഞു. കുടുംബത്തിന് അസുഖം ബാധിക്കുമോ എന്ന പേടിയാണ് അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും, കുടുംബാങ്ങൾ ഇതുവരെ പരാതിയൊന്നും തന്നിട്ടില്ലെന്നും വെങ്കട സുബ്ബയ്യ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.