/indian-express-malayalam/media/media_files/uploads/2022/11/Anand-Teltumbde-1.jpg)
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസ് കുറ്റാരോപിതന്‍ ആനന്ദ് തെല്‍തുംബ്‌ദെ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിതനായി. തെല്‍തുംബ്‌ദെയ്ക്കു ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്തുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മോചനം.
''31 മാസത്തിന് ശേഷം മോചിതനായതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ മേല്‍ കേസ് ചുമത്തിയ രീതി വളരെ നിര്‍ഭാഗ്യകരമാണ്,'' അധ്യാപകനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംബ്‌ദെ ജയിലിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നവംബര്‍ 18നാണു ബോംബെ ഹൈക്കോടതി തെല്‍തുംബ്‌ദെക്ക് ജാമ്യമനുവദിച്ചത്. ഇതിനെതിരായ എന്‍ ഐ എയുടെ ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളുകയായിരുന്നു. ഹൈക്കോടതി ഉത്തരവില്‍ 'ഇടപെടില്ല' എന്നു പറഞ്ഞുകൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.
''സ്‌പെഷല്‍ ലീവ് പെറ്റിഷന്‍ (എസ് എല്‍ പി) തള്ളുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ തുടര്‍ നടപടികളിലും നിര്‍ണായകമായ അന്തിമ കണ്ടെത്തലുകളായി കണക്കാക്കില്ല,'' ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ് ലിയും ഉള്‍പ്പെട്ട ബെഞ്ച് എന്‍ ഐ എയുടെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള രണ്ടു വരി ഉത്തരവില്‍ പറഞ്ഞു.
എല്‍ഗര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ 16 കുറ്റാരോപിതരില്‍ ഒന്‍പതു പേരെ 2018ല്‍ പൂണെ പൊലീസാണു കസ്റ്റഡിയിലെടുത്തത്. 2020 ല്‍ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ഏഴു പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ ഐ എക്കു മുന്നില്‍ കീഴടങ്ങിയ തെല്‍തുംബ്‌ദെയെ 2020 ഏപ്രില്‍ 14നാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ 16 പ്രതികളില്‍ ജാമ്യത്തിലിറങ്ങിയ മൂന്നാമത്തെയാളാണ് ആനന്ദ് തെല്‍തുംബ്‌ദെ. തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഓഗസ്റ്റില്‍ സുപ്രിം കോടതി ജാമ്യമനുവദിച്ചിരുന്നു. അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിനും കഴിഞ്ഞ വര്‍ഷം ഡിസംബറിലും ജാമ്യം ലഭിച്ചു.
മറ്റൊരു കുറ്റാരോപിതന്‍ ഗൗതം നവ്ലാഖയെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നു 19നു വീട്ടുതടങ്കലിലേക്കു മാറ്റിയിരുന്നു. എഴുപത്തി മൂന്നുകാരനായ ഗൗതം നവ്ലാഖയെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണു മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്നു വീട്ടുതടങ്കലിലേക്കു മാറ്റിയത്. സി പി എമ്മിന്റെ ഉടമസ്ഥതയിലുള്ള നവി മുംബൈയിലെ കമ്യൂണിറ്റി ഹാളിലാണു യു എ പി എ പ്രകാരമുള്ള കുറ്റങ്ങള്‍ നേരിടുന്ന നവ്ലാഖ നിലവില്‍ കഴിയുന്നത്.
ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കലിന് അനുമതി നല്‍കിക്കൊണ്ടുള്ള പത്താം തീയതിലെ വിധി റദ്ദാക്കണമെന്ന എന്‍ ഐ എയുടെ അപേക്ഷ സുപ്രീം കോടതി 18നു തള്ളിയിരുന്നു. ഉത്തരവ് 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു അെദ്ദേഹത്തെ വീട്ടുതടങ്കലിലേക്കു മാറ്റിയതത്.
മറ്റു കുറ്റാരോപിതരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ്, പ്രൊഫ ഷോമ സെന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ജയിലില്‍ തുടരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.