/indian-express-malayalam/media/media_files/uploads/2019/07/Jharana-Das-and-Amit-Sha.jpg)
ന്യൂഡല്‍ഹി: ത്രിപുരയില്‍ നിന്നുള്ള രാജ്യസഭയിലെ സിപിഎം എംപി ഝര്‍ണാ ദാസിനോട് ബിജെപിയില്‍ ചേരാമോ എന്ന് ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര മന്ത്രിയോട് ചര്‍ച്ച ചെയ്യാനാണ് ഝര്‍ണാ ദാസ് അമിത് ഷായെ കാണാന്‍ എത്തിയത്. എന്നാല്‍, നിങ്ങള്‍ക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടേ എന്ന മറുചോദ്യമാണ് അമിത് ഷാ ഝര്‍ണാ ദാസിനോട് ചോദിച്ചതെന്ന് ത്രിപുരയിലെ സിപിഎം. ത്രിപുരയിലെ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിലെ ചില പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് ഝര്‍ണാ ദാസ് അമിത് ഷായെ സമീപിച്ചത്. അപ്പോഴാണ് അമിത് ഷാ ബിജെപിയില്‍ ചേര്‍ന്നുകൂടേ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഎം) മരിച്ചുകഴിഞ്ഞു എന്ന് പറഞ്ഞ ഷാ ഝര്‍ണയോട് ബിജെപിയില്‍ ചേരാന്‍ ഉപദേശിക്കുകയായിരുന്നു. എന്നാല്‍, ഝര്‍ണയുടെ മറുപടി മറ്റൊന്നായിരുന്നു. ഞാന്‍ ഇങ്ങോട്ട് വന്നത് രാജ്യത്തെ ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനാണ്, അല്ലാതെ ബിജെപി അധ്യക്ഷനോടല്ല എന്ന് ഝര്‍ണാ ദാസ് പറഞ്ഞതായി സിപിഎം പ്രസ്താവനയിൽ പറയുന്നു. സിപിഎമ്മിനൊപ്പം ആരുമില്ലെങ്കിലും താന്‍ എന്നും സിപിഎമ്മില്‍ ഉണ്ടാകുമെന്ന് ഝര്‍ണാ ദാസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
Read Also: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോഴിക്കോട് കനത്ത മഴ തുടരുന്നു
ജൂലൈ 17-ാം തീയതിയാണ് ഝര്‍ണാ ദാസ് അമിത് ഷായെ കാണാന്‍ പോയതെന്നാണ് ത്രിപുരയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കാനാണ് ഝര്‍ണാദാസ് എത്തിയത്. ഒരാളെ മാത്രമേ സിപിഎമ്മില്‍ ഉള്ളൂവെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം എന്നും ഉണ്ടാകുമെന്നും ബിജെപിയുടെ ആശയങ്ങള്‍ക്ക് എപ്പോഴും താന്‍ എതിരാണെന്നും ഝര്‍ണാ ദാസ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് ഝര്‍ണാ ദാസിനെ പ്രശംസിച്ച് രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി.രാജേഷും ഝര്‍ണാ ദാസിനെ പുകഴ്ത്തി. അമിത് ഷായ്ക്ക് ആളു തെറ്റിപ്പോയി എന്ന് രാജേഷ് പരിഹസിച്ചു. പത്ത് വര്‍ഷമായി ഝര്‍ണാ ദാസിനെ തനിക്ക് അറിയാമെന്നും അസാമാന്യമായ ധീരതയുള്ള വനിതയാണ് അവരെന്നും രാജേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.