Red Alert in Kerala’s 3 Districts, Weather Forecast HIghlights: തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി മുതൽ ശക്തമായ മഴയാണ്. ഇതേതുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് ജലനിരപ്പ് അതിവേഗം ഉയർന്നത്. ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്.
പല ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ചില സ്ഥലങ്ങളില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്. മൂന്ന് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
Also Read: Kerala News Live Updates
ജൂലൈ 20 ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ (RED ALERT!) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Live Blog
Weather in Kerala Live: Kerala Weather Forecast, Kerala Red Alert Live
പത്തനംതിട്ട ജില്ലയിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല സന്നിധാനത്ത് അടക്കം വെള്ളം കയറി തുടങ്ങി. നടപ്പന്തലിലുള്ള കടകള്‍ അടപ്പിച്ചു. വെള്ളം കയറിയത് മൂലമാണ് കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുത്ത് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണല്‍ കയറ്റുന്നതിനും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. കണ്ട്രോള് റൂമുകള്‍ ജില്ലയില്‍ തുറന്നിട്ടുണ്ട്. ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയാണ് ഇപ്പോഴും തുടരുന്നത്. കോഴിക്കോട് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് അതിരൂക്ഷമായി. ഗതാഗത തടസം അനുഭവപ്പെട്ടു. ഓടകളിലൂടെ വെള്ളം പുറത്ത് പോകാത്തതാണ് വെള്ളക്കെട്ട് ഇത്ര രൂക്ഷമാകാൻ കാരണം. ജനങ്ങൾ കനത്ത മഴയെ തുടർന്ന് പുറത്തിറങ്ങുന്നില്ല. മലബാർ മേഖലയിൽ മഴ ശക്തിപ്പെട്ടിട്ടുണ്ട്. നാളെ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് അവലോകന യോഗം നടക്കും.
കനത്ത മഴയില്‍ മുങ്ങി കണ്ണൂർ ചാലാട്
പത്തനംതിട്ടയിലും കൊല്ലത്തുമായി രണ്ട് മരണം. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് കോട്ടയത്ത് എല്ലാ തരം ഖനനത്തിനും നിരോധനം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി.
കാലാവസ്ഥ പ്രവചനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. റെഡ് അലേര്‍ട്ട് പ്രഖ്യാപനം ജനം ഗൗരവത്തിലെടുക്കാത്ത സാഹചര്യമാണുള്ളതെന്ന് ആക്ഷേപമുയരുന്നതായും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍.. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. ഇതനുസരിച്ച് പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും രൂക്ഷമായ കാലാവസ്ഥ സ്ഥിതിയാണ് റെഡ് അലേര്‍ട്ട് കൊണ്ടു ഉദ്ദ്യേശിക്കുന്നത്. ഇതനുസരിച്ച് 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒരിടത്തും 12 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22 നും 23നും നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. 22 നു നടക്കേണ്ട പരീക്ഷ 30 ലേക്കും 23 ലെ പരീക്ഷ ഓഗസ്റ്റ് 1 നുമായിരിക്കും നടത്തുക.
തിരുവല്ല വള്ളംകുളത്ത് മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു, നന്നൂര്‍ സ്വദേശി കോശി വര്‍ഗീസ് (54) ആണ് മരിച്ചത്.
കാസര്‍കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.
സ്ഥാനത്തു മഴ കനത്തു. മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദേശം നൽകി. ഏഴു താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. മഴ ശക്തമായതോടെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ കലക്ടർ നിർത്തിവച്ചു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നതിനാൽ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി മുതൽ ശക്തമായ മഴയാണ്. ഇതേതുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് ജലനിരപ്പ് അതിവേഗം ഉയർന്നത്. ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്.
കണ്ണൂർ താവക്കര യൂണിവേഴ്സിറ്റി ഭാഗത്തു മഴ കനത്തതോടെ വീടുകളിൽ വെള്ളം കയറി. ആളുകളെ ഫയർ &റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റി അറിയിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാനിരീക്ഷണകേന്ദ്രം ജൂലൈ 22 വരെ നീട്ടി.
തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും കൊല്ലം നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് കടലില്‍പോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി കടലില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ കടലില്‍ നീരീക്ഷണം നടത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തിരച്ചില്‍.
വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ പലയിടത്തും വെള്ളംകയറി. മാവൂര്‍റോഡ് ആറ് മണിക്കൂറിലേറെ വെള്ളത്തിനടിയിലായി. കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലും വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തിയാണ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് മൂന്ന് പേരെ കടലിൽ കാണാതായി. ശക്തമായ കാറ്റിൽപ്പെട്ട് വള്ളം മറിയുകയായിരുന്നെന്നാണ് വിവരം. വള്ളത്തിലുണ്ടായിരുന്ന 5 പേർ കടലിൽ വീണു. ഇതിൽ രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവരാണ് രക്ഷപ്പെട്ടത്. രാജു,ജോൺ ബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. സാഗര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. തകർന്ന വള്ളം നീണ്ടകരയിൽ തീരത്ത് അടിഞ്ഞിട്ടുണ്ട്.
കാലവർഷ മഴ കുറഞ്ഞത് രാജ്യത്തെ കർഷകർക്ക് വലിയ തിരിച്ചടിയായി. തെക്കേ ഇന്ത്യയിലെ റബർ, തേയില കർഷകർക്കാണ് മഴ കുറഞ്ഞത് ഏറ്റവും വലിയ തിരിച്ചടിയായത്. 71 ശതമാനം മഴയാണ് ഇത്തവണ കുറവ്.
ഇടുക്കി പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും ഡാമിലെ ജലനിരപ്പ് 252.6 m (പരമാവധി ജലനിരപ്പ് 253 m) ആയി ഉയർന്നതിനാലും പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 cm ഉയർത്തി 90 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാൻ തീരുമാനിച്ചു.
കല്ലാർകുട്ടി ഡാമിന്റെ ജലനിരപ്പ് 452.4 m (പരമാവധി ജലനിരപ്പ് 456.6 m) ആയി ഉയർന്നതിനാലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂലൈ 20 വരെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്തും കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 cm വരെ ഉയർത്തി 60 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കുവാനും തീരുമാനിച്ചു.
ഇടുക്കി ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്. പെരിയാറിന്റെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കുക. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല
കാലവര്‍ഷ മഴ കനക്കുന്നു. മലബാര്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയാണ് കോഴിക്കോട് ഇപ്പോഴും തുടരുന്നത്. കണ്ണൂര്‍ താഴെത്തെരുവില്‍ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചേനാട് എംപി സ്കൂളില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് നല്ലളത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മഴ കനത്തതോടെ അണക്കെട്ടുകളിലും വെളളം നിറയുകയാണ്. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടർ വൈകിട്ട് ഉയർത്തും. പമ്പയിൽ ജലനിരപ്പ് ഉയർന്ന് മണൽപ്പുറത്തെ കടകളിൽ വെളളം കയറി. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ഇടുക്കിയിൽ പലയിടത്തും മണ്ണിടിഞ്ഞു. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇതോടെ ഗതാഗതം ഏറെ നേരം നിലച്ചു. പിന്നീട് മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴ പല ജില്ലകളിലും ശക്തമായി തുടരുകയാണ്. 150 എംഎം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോഴിക്കോട് മാത്രം ലഭിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ആണ്. കൊച്ചി 116 എംഎം മഴ ലഭിച്ചു.
കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ജൂലൈ 19 മുതൽ 20 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങൾ. ജൂലൈ 20 മുതൽ ജൂലൈ 22 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ. ജൂലൈ 20 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിൻ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം. ഇവിടങ്ങളിൽ കടൽ അതി പ്രക്ഷുബ്ധമാകാനോ പ്രക്ഷുബ്ധമാകാനോ സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന് ശബരിമല ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം. പമ്പയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ശബരിമല തീർഥാടകർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് മഴ കനത്തെങ്കിലും ഡാമുകളിൽ നേരിയ തോതിൽ മാത്രമാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. നിലവിൽ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം വിലയിരുത്തും. അടിയന്തര സാഹചര്യം വന്നാൽ മുന്നറിയിപ്പ് നൽകി ഡാമുകളുടെ ഷട്ടറുകൾ തുറക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പല ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. ശക്തമായ മഴ ലഭിച്ചതോടെ കേരളത്തിലെ ഡാമുകളിലും വെള്ളം ഉയരുന്നു.
മലങ്കര ഡാം
ആകെ സംഭരണ ശേഷി: 42.00 എം
നിലവിലെ അവസ്ഥ: 40.84 എം
മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കാലവർഷ മഴയുടെ തോതിൽ ഇത്തവണ കുറവ് രേഖപ്പെടുത്തി. ഇന്ത്യയിൽ ഇത്തവണ 16 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നേടുന്നവർക്ക് മഴയുടെ തോത് കുറഞ്ഞത് തിരിച്ചടിയാണ്.
റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി, കോട്ടയം ജില്ലകളിൽ മഴ അത്ര ശക്തമല്ല. അതിതീവ്ര മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും നിലവിൽ ഭേദപ്പെട്ട നിലയിൽ മാത്രമാണ് മഴ ലഭിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയാണ് ഇപ്പോഴും തുടരുന്നത്. കോഴിക്കോട് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് അതിരൂക്ഷമായി. ഗതാഗത തടസം അനുഭവപ്പെട്ടു. ഓടകളിലൂടെ വെള്ളം പുറത്ത് പോകാത്തതാണ് വെള്ളക്കെട്ട് ഇത്ര രൂക്ഷമാകാൻ കാരണം. ജനങ്ങൾ കനത്ത മഴയെ തുടർന്ന് പുറത്തിറങ്ങുന്നില്ല. മലബാർ മേഖലയിൽ മഴ ശക്തിപ്പെട്ടിട്ടുണ്ട്. നാളെ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് അവലോകന യോഗം നടക്കും.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂർ എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.