scorecardresearch

ദലൈലാമയ്ക്ക് ഭാരതരത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് എംപിമാരുടെ സംഘം

സെൻട്രൽ ഹാളിൽ എംപിമാരെ അഭിസംബോധന ചെയ്യാൻ ദലൈലാമയെ ക്ഷണിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോടും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനോടും ഫോറം അഭ്യർത്ഥിക്കും

സെൻട്രൽ ഹാളിൽ എംപിമാരെ അഭിസംബോധന ചെയ്യാൻ ദലൈലാമയെ ക്ഷണിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോടും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനോടും ഫോറം അഭ്യർത്ഥിക്കും

author-image
Liz Mathew
New Update
dalai lama, dalai lama bodh gaya visit, chinese woman arrested, ie malayalam

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്‌ന നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ടിബറ്റിനായുള്ള ഓൾ-പാർട്ടി ഇന്ത്യൻ പാർലമെന്ററി ഫോറത്തിന്റെ തീരുമാനം. പാർലമെന്റിന്റെ സംയുക്ത സമ്മേളനം അദ്ദേഹം അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ടിന്റെ മാതൃകയിലുള്ള ഒരു നയം സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

Advertisment

പ്രാദേശിക അധികാരികളുമായി കൂടിയാലോചിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ടിബറ്റുകാരുടെ പ്രശ്നങ്ങൾ കേൾക്കാനും അവ പരിഹരിക്കാനും എല്ലാ എംപിമാരോടും അഭ്യർത്ഥിക്കാൻ ബിജെപി ഉൾപ്പെടെ ഇരുപതിലധികം എംപിമാരുള്ള ഫോറം തീരുമാനിച്ചു.

അതേസമയം, ദലൈലാമയ്ക്ക് ഭാരത രത്ന നൽകാനുള്ള നിർദേശത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹിയിലെ ചൈനീസ് എംബസി അവർക്ക് കത്തെഴുതി. ടിബറ്റൻ സ്വതന്ത്ര സേനയ്ക്ക് പിന്തുണ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

“അവർ പ്രതികരിക്കട്ടെ… ചൈനീസ് എംബസിക്ക് ഇതിൽ എതിർക്കാൻ യാതൊരുവിധ അധികാരവുമില്ല, കാരണം ഞങ്ങൾ ഒരു ജനാധിപത്യ രാജ്യത്തെ എംപിമാരാണ്. പ്രമേയങ്ങൾ പാസാക്കാൻ ഞങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് ചൈനീസ് എംബസി ഞങ്ങളോട് പറയേണ്ടതില്ല,'' ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഫോറത്തിന്റെ കൺവീനറായ രാജ്യസഭയിലെ ബിജെഡി എംപി സുജീത് കുമാർ പറഞ്ഞു.

Advertisment

"ടിബറ്റിനെ ഒരു സ്വതന്ത്ര രാജ്യമാക്കാൻ ഞങ്ങൾ ഒരു പ്രമേയം പാസാക്കുകയാണെങ്കിൽ, അത് അൽപ്പം കടന്നുപോകുമായിരുന്നു, കാരണം ഇന്ത്യയ്ക്ക് ഏക ചൈന നയമാണ്. ഇവിടെ താമസിക്കുന്ന ടിബറ്റുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,'' അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

യുഎസ് ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ടിന്റെ മാതൃകയിലുള്ള ബിൽ മുതിർന്ന ബിജെപി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി നിർദേശിച്ചതായി യോഗത്തിന്റെ മിനിറ്റ്സ് പറയുന്നു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ദലൈലാമയെ ക്ഷണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സെൻട്രൽ ഹാളിൽ എംപിമാരെ അഭിസംബോധന ചെയ്യാൻ ദലൈലാമയെ ക്ഷണിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോടും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനോടും ഫോറം അഭ്യർത്ഥിക്കും.

ടിബറ്റുകാരെ പിന്തുണച്ചുകൊണ്ട് ഫോറം അംഗങ്ങൾ പങ്കെടുക്കുന്ന വലിയ റാലിയിലൂടെ അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽകൊണ്ടുവരാൻ കഴിയുമെന്ന് അരുണാചൽ പ്രദേശിലെ താപിർ ഗാവോയിൽനിന്നുള്ള മറ്റൊരു ബിജെപി എംപി പറഞ്ഞു. രാജേന്ദ്ര അഗർവാൾ, അശോക് ബാജ്‌പേയ്, ലെഹർ സിംഗ് സിറോയ, വിനയ് ദിനു ടെണ്ടുൽക്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത മറ്റ് ബിജെപി എംപിമാർ.

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രാജ്യസഭാ എംപി ഹിഷേ ലച്ചുങ്പയാണ് ദലൈലാമയ്ക്ക് ഭാരതരത്‌ന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള എംപിമാരുടെ സംയുക്ത ഹർജി സമർപ്പിച്ചത്. ഇതനുസരിച്ച് ഇക്കാര്യത്തിൽ സംയുക്ത നിവേദനം തയ്യാറാക്കാൻ ഫോറം തീരുമാനിച്ചു. സെപ്റ്റംബർ രണ്ടിന് നടക്കുന്ന ടിബറ്റൻ ജനാധിപത്യ ദിനത്തിലും സെപ്റ്റംബർ 7 മുതൽ 16 വരെ നടക്കുന്ന ടിബറ്റൻ പാർലമെന്റ് സമ്മേളനത്തിലും പങ്കെടുക്കാനും ഫോറത്തിലെ അംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കായി വിദേശകാര്യ മന്ത്രാലയത്തിനുള്ളിൽ ഒരു പ്രത്യേക കോ-ഓർഡിനേറ്ററെ നിയമിക്കാൻ ആവശ്യപ്പെടുന്ന ഒരു സ്വകാര്യ ബില്ലും കുമാർ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ടിബറ്റൻ അഭയാർത്ഥികളെ സഹായിക്കാൻ കേന്ദ്ര ബജറ്റിൽ 30 ലക്ഷം രൂപയിൽ കുറയാത്ത ഒരു ഫണ്ട് അനുവദിക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Dalai Lama

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: