/indian-express-malayalam/media/media_files/uploads/2021/05/Adhir-Ranjan-Chowdhari.jpg)
ലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കുന്ന അധിര്‍ രഞ്ജന്‍ ചൗധരിയാണ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിപ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത്. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് 23 അംഗ സംഘം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയപ്പോള്‍ നേതൃത്വത്തെ ശക്തമായി പ്രതിരോധിച്ചയാള്‍. ബംഗാള്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിന്റെ പവര്‍ത്തനത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം സമ്മതിക്കുന്നു.
- ബംഗാളില്‍ കോണ്‍ഗ്രസിന് എന്താണ് സംഭവിച്ചത്? വോട്ട് വിഹിതം മൂന്നു ശതമാമായി കുറഞ്ഞു, ഒരു സീറ്റ് പോലും നേടാനായില്ല
അധികാരം നിലനിര്‍ത്തേണ്ടത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യകതയായിരുന്നു, പിടിച്ചെടുക്കേണ്ടത് ബിജെപിയുടെയും. ഞങ്ങള്‍ക്ക് അത്തരം വെല്ലുവിളിയുണ്ടായിരുന്നില്ല. ഞങ്ങളുടെ പോരാട്ടം അതിജീവനത്തിനായിരുന്നു. രാഷ്ട്രീയാന്തരീക്ഷം വര്‍ഗീയവത്കരിക്കാന്‍ ബി.ജെ.പി എല്ലാ ശ്രമവും നടത്തിയെങ്കിലും അവര്‍ പരാജയപ്പെട്ടു. എന്നാല്‍ മുര്‍ഷിദാബാദും മാല്‍ദയും പോലെയുള്ള ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ധ്രുവീകരണം നടന്നു. നാല് മുസലിം യുവാക്കള്‍ കൊല്ലപ്പെട്ട സിതല്‍കുച്ചി വെടിവയ്പിനുശേഷം ധ്രുവീകരണം ശക്തമായി. സാഹചര്യം മുതലെടുക്കുന്നതില്‍ മമത ബാനര്‍ജി വിജയിച്ചു. മമതയുടെ ആനുകൂല്യ വിതരണ രാഷ്ട്രീയം, ജനകീയ രാഷ്ട്രീയം, പ്രശാന്ത് കിഷോറിന്റെ സമര്‍ത്ഥമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്നീ ഘടകങ്ങള്‍ ശക്തമായി ഒത്തുചേര്‍ന്നു. സ്ത്രീകള്‍ മമതയില്‍ വിശ്വാസമര്‍പ്പിച്ചു. ബംഗാളില്‍ ഉത്തര്‍പ്രദേശ് ആവര്‍ത്തിക്കേണ്ടതില്ലെങ്കില്‍ രക്ഷക മമതയായിരിക്കുമെന്ന് മുസ്ലിം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
- ഇടതുപക്ഷവും ഫര്‍ഫുറ ഷെരീഫിന്റെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടു(ഐഎസ്എഫ്) മായുള്ള സഖ്യം തിരിച്ചടിയായോ?
സാധാരണക്കാര്‍ക്ക് ഒരു പദ്ധതിയോ രൂപരേഖയോ കാഴ്ചപ്പാടോ നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഇടതു-കോണ്‍ഗ്രസ് സഖ്യത്തിലൂടെ കാര്യങ്ങള്‍ മികച്ചതാക്കാന്‍ കഴിയും. ഐ.എസ്.എഫുമായി സഖ്യം ഉണ്ടാക്കാന്‍ ഇടതുപക്ഷം മുന്‍കൈയെടുത്തു. എന്നാല്‍ സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകരെ ഇത് വലിയ വിഷമത്തിലാക്കി.
- അപ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ടിഎംസിക്ക് വോട്ട് നല്‍കി?
അതെ, ഒരു വിഭാഗം. തീര്‍ച്ചയായും.
- കോണ്‍ഗ്രസ് വോട്ടുകളുടെ കാര്യമോ?
ബിജെപിയ്ക്കും തൃണമൂലിനും പോയി. പ്രധാനമായും തൃണമൂല്‍. കോണ്‍ഗ്രസിന് അടിസ്ഥാനപരമായി മുസ്ലിം വോട്ടുകള്‍ ലഭിക്കുന്നതിനാലാണിത്. മുസ്ലിം വോട്ട് തൃണമൂലിലേക്കും ഹിന്ദു വോട്ട് ബിജെപിയിലേക്കും പോയി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നും ബാക്കിയില്ല.
- കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ബംഗാളില്‍ സജീവ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന ധാരണയുണ്ടായിരുന്നു
ഇക്കാര്യം ടിഎംസി ഉന്നയിച്ചു, എനിക്ക് എഐസിസിയുടെ പിന്തുണയില്ലെന്ന്.
കോവിഡ് സാഹചര്യം കാരണം, രണ്ടു റാലികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിജി ബംഗാളിലേക്കു വരുന്നത് നിര്‍ത്തി. ഇത് ഞങ്ങളുടെ പ്രവര്‍ത്തകരെ നിരാശപ്പെടുത്തുകയും തൃണമൂലിന് ഞങ്ങളെ അപമാനിക്കാന്‍ അവസരം നല്‍കുകയും ചെയ്തു... ഞങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടി വന്നു. ഞങ്ങളെ പ്രാദേശികമായി മമത ബാനര്‍ജിയും ദേശീയതലത്തില്‍ നരേന്ദ്ര മോദിയും തകർത്തു. ദേശീയതലത്തില്‍ ബിജെപിയും പ്രാദേശികമായി മമതയുമാണ് ഞങ്ങള്‍ക്കു ഭീഷണി. അപ്പോള്‍ ഞങ്ങള്‍ എവിടെ പോകണം?
- എന്താണ് നിങ്ങളുടെ ഭാവി പദ്ധതി?
ഒന്നുമില്ല. ലജ്ജാകരമായ തരത്തില്‍ ഞാന്‍ പരാജയപ്പെട്ടു. ഈ സമയത്ത്, നിങ്ങള്‍ക്ക് എന്നെ ഒരു മുന്‍ എംപി എന്ന് വിളിക്കാം. ഫലങ്ങള്‍ എന്തെങ്കിലും സൂചന നല്‍കുന്നുവെങ്കില്‍, തീര്‍ച്ചയായും ഞാന്‍ ഒരു മുന്‍ എംപിയാണ്.
- എന്താണ് മുന്നോട്ടു കാണുന്നത്?
ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് ശോഭനമായ പ്രതീക്ഷകളൊന്നും പ്രതീക്ഷിക്കാനാവില്ല. എങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിശ്വാസ്യത അനുദിനം കുറയുന്നതിനാല്‍ തീര്‍ച്ചയായും കാര്യങ്ങള്‍ മാറും. അതിനാല്‍, ട്വിറ്ററിലോ വാട്ട്സാപ്പിലോ ഒതുങ്ങാതെ കോണ്‍ഗ്രസിന് വിഷയങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവയ്ക്കാനും സാധാരണക്കാരെ പിന്തുണച്ച് തെരുവിലിറങ്ങാനും കഴിയുന്നില്ലെങ്കില്‍ ഈ അവസരവും നഷ്ടപ്പെടും. ഞങ്ങള്‍ തെരുവിലിറങ്ങണം, കാരണം പ്രശ്നങ്ങള്‍ക്കു ക്ഷാമമില്ലാത്തതിനാല്‍ ആളുകള്‍ വളരെയധികം കഷ്ടപ്പെടുന്നു. കോവിഡ് സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അതുപോലെ മറ്റെല്ലാ വശങ്ങളും വ്യക്തമാക്കുന്നത് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മാത്രമേ ബദല്‍ ആകാന്‍ കഴിയൂവെന്നാണ്.
Also Read: ആത്മക്രമാണത്മക പ്രചാരണം കേരളത്തിൽ തിരിച്ചടിയായി; ഐക്യമില്ലായ്മ ബാധിച്ചുവെന്നും ബിജെപി നേതാക്കൾ
- സമൂഹമാധ്യമങ്ങളിലൂടെ ബിജെപിയെ നേരിടാനാവില്ലെന്നു ജി -23 നേതാക്കളും പറഞ്ഞു
ട്വിറ്ററിലോ ഫേസ്ബുക്കിലോ സുഷുപ്തിയിലായിരിക്കാന്‍ നമുക്ക് കഴിയില്ലെന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. ട്വിറ്ററിന്റെയോ ഫേസ്ബുക്കിന്റെയോ ആഡംബരം നമുക്ക് ആസ്വദിക്കാനാവില്ല, കാരണം തെരുവിലിറങ്ങാതെ സാധാരണക്കാരുടെ മനസിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ജോലി മാറ്റിവച്ച് കോവിഡ് രോഗികളെ സഹായിക്കാന്‍ പ്രവര്‍ത്തകര്‍ക്കു കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- രാഹുല്‍ ഗാന്ധി കൂടുതല്‍ പ്രചാരണം നടത്തിയിരുന്നെങ്കില്‍ എന്ത് വ്യത്യാസമാണുണ്ടാകുക?
കോണ്‍ഗ്രസ് പരാജയപ്പെട്ടു, പക്ഷേ അതിനര്‍ത്ഥം രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നല്ല. കാരണം ഇത്തവണ കേരളത്തില്‍, വികസനത്തിന്റെ പ്രതിരൂപമായി മാറിയ, സാധാരണക്കാരുടെ പ്രീതി നേടിയ പിണറായി വിജയനെപ്പോലുള്ള ഒരാളോട് ഞങ്ങള്‍ക്ക് പോരാടേണ്ടി വന്നു. മറ്റു ഇടതുപക്ഷ പ്രവര്‍ത്തകരുമായി താരതമ്യപ്പെടുത്തുമ്പോള്‍, അദ്ദേഹം വ്യക്തമായ വ്യത്യാസം സൃഷ്ടിച്ചിട്ടുണ്ട്... .ജനങ്ങളോട്, ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍... അല്ലാതെ പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയാല്‍, പാര്‍ട്ടിയുടെ അല്ല. മറുവശത്ത്, കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമായിരുന്നു.
അസമില്‍ ഹിമന്ത ബിശ്വ ശര്‍മയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കല അറിയുന്നയാളാണ് അദ്ദേഹം. ഇത് ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ക്രെഡിറ്റല്ല... മറിച്ച് അതിന്റെ ക്രെഡിറ്റ് ശര്‍മയ്ക്കാണ്.
- പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിങ്ങള്‍ ഇടം നല്‍കുന്നു?
ഇതിനകം പ്രാദേശിക പാര്‍ട്ടികള്‍ ഇടം ഉറപ്പിച്ചിട്ടുണ്ട്. മമത ബാനര്‍ജി ഇതിനകം തന്നെ ദേശീയ ഇടം പിടിച്ചെടുക്കുന്നുണ്ട്, കാരണം ബംഗാളിലെ മോദിയുടെ കടന്നുകയറ്റം തടയാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇത് വേണ്ടത്ര തെളിയിക്കപ്പെട്ടിട്ടുണ്ട്.
- ബിജെപിക്കെതിരെ ഒരു ഫെഡറല്‍ മുന്നണിയെക്കുറിച്ചോ ദേശീയ മുന്നണിയെക്കുറിച്ചോ എന്തെങ്കിലും ആലോചനയുണ്ടോ, അതിനെ എങ്ങനെ കാണുന്നു?
ഞങ്ങള്‍ എപ്പോഴും അതിനെ അനുകൂലിക്കുന്നു. കാരണം യുപിഎയുടെ യഥാര്‍ത്ഥ സത്ത എന്തായിരുന്നു? അത് തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ മുന്നണിയായിരുന്നു, കാരണം അക്കാലത്ത് കോണ്‍ഗ്രസിന് ശക്തി ലഭിച്ചു....
Also Read: കേരളത്തിലെ നേട്ടത്തിനിടയിലും ബംഗാളില്‍ ശോഭയില്ലാതെ ഇടതുപക്ഷം; സമ്പൂര്‍ണ തോല്‍വി
- തങ്ങള്‍ക്കു തേതൃത്വമില്ലാത്ത ഒരു മുന്നണിയുടെ ഭാഗമാകുമോ കോണ്‍ഗ്രസ്?
ആദ്യമായി, ഫെഡറല്‍ മുന്നണി രൂപംകൊള്ളട്ടെ. അതിനുശേഷം തീരുമാനിക്കാം, ആരുടെ നേതൃത്വത്തിലാണ് മുന്നണി പ്രവര്‍ത്തിക്കേണ്ടതെന്ന്. മുട്ട വിരിയുന്നതിനുമുമ്പ്, നമുക്ക് കോഴികളെ എണ്ണാന്‍ കഴിയില്ല. മോഡിയുടെ അധികാരപ്രയോഗത്തെ നേരിടാന്‍ ഒരു ഫെഡറല്‍ മുന്നണി ഉണ്ടായിരിക്കണമെന്ന നിഗമനത്തിലെത്താം. അതിനുശേഷം, ആരാണ് നയിക്കാനുള്ള യോഗ്യതയുള്ള വ്യക്തിയെന്ന് ബന്ധപ്പെട്ട എല്ല കക്ഷികളും ചേര്‍ന്ന് തീരുമാനിക്കും...അവനാണോ അവളാണോ നയിക്കുകയെന്ന്.
- കഴിഞ്ഞദിവസം വിജയിച്ചവരുടെ കാര്യമോ... മമത ബാനര്‍ജി, പിണറായി വിജയന്‍, എംകെ സ്റ്റാലിന്‍?
എനിക്ക് ഒരു പ്രശ്‌നവുമില്ല. കാരണം, ബിജെപിയെ നമ്മുടെ കടുത്ത എതിരാളിയാണെന്നും ഏതെങ്കിലും വിധത്തില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും കരുതുന്നുവെങ്കില്‍, കൂട്ടായോ അതോ ഏതെങ്കിലും വ്യക്തിത്വത്തിനു കീഴിലോ അതിനെ നയിക്കാന്‍ ആരാണ് യോഗ്യതയുള്ളതും കഴിവുള്ളതുമായ വ്യക്തിയെന്ന് നമുക്ക് പരിഗണിക്കാം. ഒരു പ്രശ്‌നവുമില്ല.
- കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമോ?
ഈ പദവി സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു. പക്ഷേ മാഡം (സോണിയ ഗാന്ധി) നിര്‍ദേശിച്ചപ്പോള്‍ (ചുമതലയേല്‍ക്കാന്‍) നിരസിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.. എന്നെ നീക്കണമെന്ന് എ.ഐ.സി.സി നേതൃത്വത്തിനു തോന്നുമ്പോൾ ഞാന്‍ അതിന് ഒരുക്കമാണ്. അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. നിര്‍ദേശിക്കുന്നതെന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.