ന്യൂഡല്‍ഹി: ആക്രമണ സ്വഭാവത്തോടെയുള്ള പ്രചാരണം കേരളത്തിലെ വോട്ടര്‍മാര്‍ തള്ളിയതായി ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. സംസ്ഥാന നേതൃത്വത്തിനിടയിലെ ഐക്യമില്ലായ്മയും നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ തിരിച്ചടിക്കു കാരണമായതായി മൂന്ന് നേതാക്കള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
2016ല്‍ നേമം മണ്ഡലത്തില്‍ ഒ രാജഗോപിലൂടെ തുറന്ന അക്കൗണ്ട് ഇത്തവണ സിപിഎം പൂട്ടിയിരുന്നു. പാലക്കാട് ഉള്‍പ്പെടെ പ്രതീക്ഷയര്‍പ്പിച്ച മറ്റു മണ്ഡലങ്ങളിലും ബിജെപിക്കു വിജയിക്കാനായില്ല. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമായതോടെ ആഭ്യന്തര ഗ്രൂപ്പുകളില്‍ സംസ്ഥാന നേതൃത്വത്തെയും അതിന്റെ തന്ത്രങ്ങളെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളുടെ പ്രവാഹമാണ്. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഫണ്ട് വിതരണം സംബന്ധിച്ചും സന്ദേശങ്ങളില്‍ വിമര്‍ശനമുണ്ട്.
”കേരളത്തിലെ ജനങ്ങള്‍ സംസ്ഥാന നേതൃത്വത്തെ അംഗീകരിച്ചിട്ടില്ലെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ട സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിലൂടെയും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളെ അനുകൂലിക്കുകയും ചെയ്തതിലൂടെയും ന്യൂനപക്ഷങ്ങളെ, ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ബിജെപിക്കെതിരെ ഏകീകരിച്ചു. സുരേന്ദ്രന് സൃഷ്ടിച്ച ഈ ഗ്രൂപ്പിസം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു,” ഒരു സന്ദേശത്തില്‍ പറയുന്നു.
Also Read: രണ്ടിടത്ത് മത്സരിച്ചു തോറ്റു, ബിജെപി പൂജ്യത്തിലേക്ക് മടങ്ങി; സുരേന്ദ്രന് ഇനി വിചാരണക്കാലം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ള ആക്രമണാത്മക ഹിന്ദുത്വ മുഖങ്ങളെ പ്രചാരണത്തിനു കൊണ്ടുവന്ന തീരുമാനം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചുവെന്ന് മുതിര്‍ന്ന സംസ്ഥാന നേതാവ് പറഞ്ഞു. ”യോഗിജിയുടെ കേരളത്തിലെ സാന്നിധ്യം ന്യൂനപക്ഷങ്ങളുമായി ഒത്തുപോകുന്നതല്ല. ക്രിസ്ത്യാനികള്‍ക്കു ബിജെപിക്കൊപ്പം നില്ക്കാന് കഴിയുന്ന മണ്ഡലങ്ങളില്‍ യോഗിയുടെ സന്ദര്‍ശനത്തിനുശേഷം കാര്യങ്ങള്‍ തകിടം മറിഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത്, ഒരു ന്യൂനപക്ഷ സമുദായത്തിന്റെയെങ്കിലും പിന്തുണയില്ലാതെ വിജയിക്കാനാവില്ല. ഇത്തരം ആക്രമണാത്മക പ്രചാരണം ബിജെപി ഒഴിവാക്കണമായിരുന്നു,” നേതാവ് പറഞ്ഞു.
അതേസമയം, തുടര്‍ഭരണത്തിനു വോട്ട് ചെയ്യാനുള്ള ദേശീയ പ്രവണതയാണുണ്ടായതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന നേതാവുമായ വി മുരളീധരന് അഭിപ്രായപ്പെട്ടു. ”കോവിഡ് സാഹചര്യം ആളുകളെ ഭയപ്പെടുത്തുകയും തുടര്‍ഭരണത്തെ പൊതുവെ അനുകൂലിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിസം, ഫണ്ട് വിതരണത്തിലെ വിവേചനം എന്നിവ സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിയ മുരളീധരന്, ”സി.പി.എമ്മിനും എല്‍.ഡി.എഫിനും അനുകൂലമായുണ്ടായ മുസ്ലിം ധ്രുവീകരണം ബി.ജെ.പിയെ ബാധിച്ചതായും പറഞ്ഞു. സംസ്ഥാന നേതൃത്വത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് മുരളീധരന് തള്ളി. അതേസമയം, ചില പ്രധാന മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ പിന്തുണ അടിത്തറ ഇല്ലാതായതായി സമ്മതിച്ച അദ്ദേഹം ഇത് ആശങ്കാജനകമാണെന്നും പറഞ്ഞു.
Also Read: വിശ്വാസം രക്ഷിച്ചില്ല, ആചാരം കൈവിട്ടു; തോറ്റമ്പി കോൺഗ്രസും ബിജെപിയും
അതേസമയം, പശ്ചിമ ബംഗാളിലെ അവസാന മൂന്ന് ഘട്ട വോട്ടെടുപ്പുകളിലെ മോശം പ്രകടനത്തിന് ”പ്രധാന കാരണം” മോശമായ കോവിഡ് അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിലും പൊതു ഇടങ്ങളിലുമുള്ള വിമര്ശനങ്ങളാണണെന്നാണു ബിജെപിയുടെ വിലയിരുത്തല്‍.
”ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങള്‍ വിജയിച്ചു. ഒരുകാലത്ത് രാഷ്ട്രീയം ഇടതുപക്ഷ പ്രത്യയശാസ്ത്രം നിലനിന്നിരുന്ന സംസ്ഥാനത്ത്, വിശ്വസനീയമായ ഒരൊറ്റ പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് നേട്ടമാണ്, പാര്‍ട്ടി ഇത് ഒരു നേട്ടമായി കണക്കാക്കുന്നു,” 2015 മുതല്‍ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ‘
2019 വോട്ടുവിഹിതം കുറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിനു മൂന്ന് കാരണങ്ങള്‍ വിജയ്വര്ഗിയ ചൂണ്ടിക്കാട്ടി. ”ഒന്നാമതായി, കോണ്‍ഗ്രസും ഇടതുപക്ഷവും തങ്ങളുടെ ഇടം പൂര്‍ണമായി തൃണമൂല്‍ കോണ്‍ഗ്രസിനു വിട്ടുകൊടുത്തു. ബിജെപിയെ പരാജയപ്പെടുത്താനാണ് അവരുടെ വോട്ടുകള്‍ ടിഎംസിയിലേക്ക് മാറ്റിയത്. രണ്ടാമതായി, മമത ബാനര്‍ജി കളിച്ച വികാരപരമായ കാര്‍ഡ് മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ‘ദീദി’യില്നിന്ന് അവര്‍ ‘ബംഗാളിന്റെ പുത്രി’യായി മാറി. അത് ടി.എം.സിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു,” വിജയ്വര്ഗിയ പറഞ്ഞു.
Read the full story here: BJP’s Bengal, Kerala take: Shrill pitch hurt, got Oppn together; Covid played ‘villain’