/indian-express-malayalam/media/media_files/uploads/2021/05/TN-Cuddalur-blast.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ കീടനാശിനി ഉല്‍പ്പാദന കേന്ദ്രത്തിലെ ബോയിലറിലുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. കടലൂരിനടുത്തുള്ള കുടിക്കാട് ഗ്രാമത്തിലെ സിപ്കോട്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ക്രിംസണ്‍ ഓര്‍ഗാനിക്‌സ് കെമിക്കല്‍ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
രാജ്കുമാര്‍ (42), ഗണപതി (25), സവിത (35), വിശേഷ് രാജ് (25) എന്നിവരാണ് മരിച്ചത്. രാവിലെ 7:45 നാണു സംഭവം. പരുക്കേറ്റവരെ കടലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 സ്റ്റാഫ് ജീവനക്കാരും 18 കരാര്‍ തൊഴിലാളികളുമായാണ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്.
''ബോയിലര്‍ മിക്‌സര്‍ മെഷീന്‍ പൊട്ടിത്തെറിച്ചു. ബോയിലറിന്റെ ചൂളയില്‍നിന്ന് രാസവാതകം പുറത്തുവരികയും സമീപത്ത് തീ പടരുകയും ചെയ്തു. പ്ലാന്റിനു ചുറ്റും തീപിടിത്തമുണ്ടാക്കി,'' പൊലീസ് പറഞ്ഞു.
Also Read: അറബിക്കടലിൽ ന്യൂനമർദം, ചുഴലിക്കാറ്റായി മാറിയേക്കും; ഇന്നു മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത
കമ്പനിക്കു ചുറ്റുമുള്ള വീടുകളിലെ ആളുകള്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് ഓടിയെത്തിയപ്പോള്‍ യൂണിറ്റില്‍നിന്ന് കനത്ത പുക ഉയരുന്നതാണു കണ്ടത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഐത്തിയാണ് തീ അണച്ചത്. ക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സഹപ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ചില തൊഴിലാളികള്‍ക്കു പരുക്കേറ്റത്. ശ്വാസതടസം, കണ്ണെരിച്ചല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട അടുത്തുള്ള ഗ്രാമങ്ങളിലെ ചിലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് -19 നിയന്ത്രണമനുസരിച്ച് 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കടലൂര്‍ ആശുപത്രിയില്‍ കഴിയുന്നവരെ തൊഴില്‍ ക്ഷേമ മന്ത്രി സിവി ഗണേശന്‍ സന്ദര്‍ശിച്ചു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.