/indian-express-malayalam/media/media_files/uploads/2021/09/Delhi-court-shooting.jpg)
ന്യൂഡല്‍ഹി: ഡൽഹിയെ നടുക്കിക്കൊണ്ട് രോഹിണി കോടതിൽ ഗുണ്ടാത്തലവന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെടാനിടയാക്കിയ വെടിവയ്പിന് കാരണമായത് വർഷങ്ങൾ നീണ്ട കുടിപ്പക. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോഗി എന്ന ജിതേന്ദര്‍ മാനും എതിരാളി ടില്ലു താജ്പുരിയ എന്ന സുനിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിലെ രണ്ടു പേരുമാണു കോടതിയിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചത്.
ഗോഗിയും ടില്ലുവും തമ്മിലുള്ള കുടിപ്പക കോളജ് കാലഘട്ടത്തില്‍ തുടങ്ങിയതാണെന്ന് അന്വേഷണത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെച്ചൊല്ലി ഏറ്റുമുട്ടിയിരുന്നു. ടില്ലുവിന്റെ ഏറ്റവും വിശ്വസ്തനായ വികാസിനു നേരെ ഗോഗിയും കൂട്ടാളികളും 2012ല്‍ വെടിയുതിര്‍ത്തതോടെ തര്‍ക്കം അക്രമാസക്തമായി. 2015 ല്‍ അറസ്റ്റിലായ ടില്ലു സോണിപത്ത് ജയിലിലാണ്.
തില്ലുവിനെ തിരിച്ചടിക്കാന്‍ അവസരം തേടിക്കൊണ്ടിരിക്കെ ഗോഗിയും സോണിപത്തില്‍നിന്ന് പിടിയാലായി. ഹരിയാന സിഐഎയു അറസ്റ്റ് ചെയ്ത ഗോഗിയെ ഡല്‍ഹി പൊലീസിനു കൈമാറുകയായിരുന്നു.
/indian-express-malayalam/media/media_files/uploads/2021/09/Delhi-gunfire-Gogi.jpg)
ടില്ലുവിനെ വധിക്കാന്‍ അവസരം തക്കംപാര്‍ത്ത ഗോഗി 2016 ല്‍ ഹരിയാന കോടതിയില്‍ കോടതി വിചാരണയ്ക്കായി കൊണ്ടുപോകവെ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. പിന്നീട് ടില്ലുവിന്റെ മുഴുവന്‍ കൂട്ടാളികളെയും കൊലപ്പെടുത്തിയ ഗോഗി കഴിഞ്ഞ വര്‍ഷം ഗുഡ്ഗാവില്‍നിന്നാണ് വീണ്ടും അറസ്റ്റിലായത്.
വര്‍ഷങ്ങളായി ആലിപൂരിലും സോണിപത്തിലും പിടിച്ചുപറി റാക്കറ്റ് നടത്തുന്ന ഗോഗിയുടെയും സുനിലിന്റെയും സംഘങ്ങൾ തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകള്‍ പലപ്പോഴും രക്തച്ചൊരിച്ചിലില്‍ കലാശിക്കാറുണ്ടെന്നു പൊലീസ് പറയുന്നു. ആറ് വര്‍ഷത്തിനിടയില്‍, ഇരു സംഘങ്ങളിലുമായി പത്തലധികം പേര്‍ കൊല്ലപ്പെട്ടു. മറ്റു പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് കോടതിയിൽ വെടിവയ്പുണ്ടായത്. ജയിലില്‍ കഴിയുന്ന ഗോഗിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ സംഘത്തിലെ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഭിഭാഷക വേഷത്തിലെത്തിയ അക്രമികള്‍ക്കു നേരെ, ഗോഗിയോടൊപ്പമുണ്ടായിരുന്ന സ്‌പെഷല്‍ സെല്ലിലെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം അംഗങ്ങള്‍ വെടിയുതിര്‍ക്കുകയും ഇരുവരും കൊല്ലപ്പെടുകയും ചെയ്തു.
ഗോഗിയുടെ ശരീരത്തില്‍ നാലു വെടിയുണ്ടകളേറ്റു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു
അഭിഭാഷകരായി വേഷമിട്ട രണ്ടുപേരാണു വെടിവയ്പ് നടത്തിയതെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോടതിയില്‍ നേരത്തെ സ്ഥാനം പിടിച്ച അക്രമികള്‍, ഗോഗി പ്രവേശിച്ചയുടന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
''ഗോഗി കോടതിയില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ പിസ്റ്റളുകള്‍ പുറത്തെടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം തിരിച്ച് വെടിവച്ചു. അക്രമികള്‍ രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു,'' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഗോഗിയുടെ കൂട്ടാളിയായ ഫജ്ജ എന്ന കുല്‍ദീപ്, കര്‍ക്കര്‍ദൂമ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അന്നുമുതല്‍, കൗണ്ടര്‍ ഇന്റലിജന്‍സ് സംഘം കോടതി വിചാരണയ്ക്കിടെ ഗോഗിക്കും കൂട്ടാളികള്‍ക്കുമൊപ്പം ഉണ്ടാവാറുണ്ട്.
Also Read: കണ്ണൂരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.