/indian-express-malayalam/media/media_files/uploads/2019/05/khureshi-cats-007.jpg)
ഭോപ്പാല്‍: മധ്യപ്രദേശില്‍ പബ്ജി ഗെയിം കളിക്കുന്നതിനിടെ 16കാരന്‍ മരിച്ചു. 12-ാം ക്ലാസുകാരനായ ഫുര്‍ഖാന്‍ ഖുറേഷി ആണ് മരിച്ചത്. ഭോപ്പാലില്‍ മുത്തച്ഛന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഫുര്‍ഖാന്‍. ആറ് മണിക്കൂറോളം തുടര്‍ച്ചയായി ഗെയിം കളിച്ച കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ഗെയിം തോറ്റതിന്റെ നിരാശയില്‍ ഖുറേഷി വിളിച്ചു കൂവിയതായി വീട്ടുകാര്‍ പറഞ്ഞു.
സഹോദരിയായ ഫിസയും ഖുറേഷിയുടെ കൂടെ മുറിയില്‍ ഉണ്ടായിരുന്നു. ഗെയിമില്‍ തോറ്റതിന് പിന്നാലെ ഖുറേഷി ഇയര്‍ഫോണ്‍ വലിച്ചെറിഞ്ഞ് കരയാന്‍ ആരംഭിച്ചതായി ഫിസ പറഞ്ഞു. 'അയാന്‍ നിന്നോട് ഞാന്‍ ഇനി കളിക്കാനില്ല എന്ന് അവന്‍ പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് പൊട്ടിക്കരഞ്ഞ് ഇയര്‍ ഫോണ്‍ ഊരി ഫോണ്‍ കിടക്കയിലേക്ക് എറിഞ്ഞു. എന്നിട്ട് കിടക്കയിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു. പിന്നെ വിളിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല,' ഫിസ പറഞ്ഞു.
മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പിതാവ് ഹാറൂണ്‍ റാഷിദ് ഖുറേഷി പറഞ്ഞു. 'ഫിസ വിളിച്ചു കൂവിയതിനെ തുടര്‍ന്ന് ഞങ്ങള്‍ പോയി നോക്കുമ്പോള്‍ അവന്‍ അനക്കമില്ലാതെ കിടക്കയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവന്‍ മരിച്ചിരുന്നു,' പിതാവ് പറഞ്ഞു.
Read More: പബ്ജി പാട്ണറോടൊപ്പം ജീവിക്കണം; 19കാരി വിവാഹമോചനത്തിന്
ഗെയിമില്‍ പെട്ടെന്ന് തോറ്റതായി അറിഞ്ഞപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായതാവാം എന്നാണ് ഡോ.അശോക് ജെയിന്‍ പറഞ്ഞത്. പെട്ടെന്നുണ്ടാവുന്ന ഞെട്ടലിന്റെ കാരണത്താലുളള രൂക്ഷമായ ഹൃദയസ്തംഭനമാണ് ഉണ്ടായതെന്നാണ് നിഗമനം. മകന്‍ നീന്തലില്‍ കഴിവുളളയാളാണെന്നും ഹൃദയ സംബന്ധമായി മുമ്പ് കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ഖുറേഷി ഗെയിമിന് അടിമയായിരുന്നെന്ന് സഹോദരന്‍ ഹാഷിം പറഞ്ഞു. ചിലപ്പോള്‍ 18 മണിക്കൂറോളം ഗെയിം കളിച്ചതായും ഹാഷിം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ.അശോക് ജെയിന്‍ പറഞ്ഞു. തുടര്‍ച്ചയായി കുട്ടികള്‍ പബ്ജി കളിക്കുന്നത് രക്ത സമ്മര്‍ദം പെട്ടെന്ന് കുറയാനും കൂടാനും കാരണമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നേരത്തെ, പബ്ജി ഗെയിം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 കാരനാണ് കോടതിയെ സമീപിച്ചത്.
അശ്രദ്ധമായി പബ്ജി കളിച്ച് അപകടത്തില്‍ ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചിരുന്നു. ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി.
ഇന്ത്യയിലും വന്‍സ്വീകാര്യതയാണ് ഗെയിമിന് ലഭിച്ചത്. ഒട്ടേറെ പേരാണ് ഇപ്പോള്‍ പബ്ജി ഗെയിം കളിച്ച് കൊണ്ടിരിക്കുന്നത്. രാജ്യവ്യാപകമായി ഈ ഗെയിം നിരോധിച്ചില്ലെങ്കിലും ഇനിയും മരണവാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുമെന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നവരുടെ വാദം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.