scorecardresearch

യക്ഷി, കുബേരൻ, ഋഷഭനാഥൻ; കടത്തിക്കൊണ്ടു പോയ 105 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരിച്ചു നൽകി അമേരിക്ക, ചിത്രങ്ങൾ

ഇതിന് പുറമെ പുരാവസ്തു വിഭാഗത്തിൽപെടാത്ത 250ഓളം ആർട്ടിഫാക്ടുകളും ഉടൻ രാജ്യത്തേക്ക് തിരിച്ചെത്തിക്കും

ഇതിന് പുറമെ പുരാവസ്തു വിഭാഗത്തിൽപെടാത്ത 250ഓളം ആർട്ടിഫാക്ടുകളും ഉടൻ രാജ്യത്തേക്ക് തിരിച്ചെത്തിക്കും

author-image
Shyamlal Yadav
അപ്‌ഡേറ്റ് ചെയ്‌തു
New Update
antique smuggling | India artifacts | 105 antiquities

കടത്തിക്കൊണ്ടു പോയ 105 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരിച്ചു നൽകി അമേരിക്ക

കലിംഗ നർത്തനമാടുന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ വെങ്കല പ്രതിമ, കിഴക്കേ ഇന്ത്യയിൽ നിന്നുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന സാൻഡ് സ്റ്റോണിൽ തീർത്ത ലക്ഷ്മീ-ഗരുഡ സമേതനായ വിഷ്ണുവിന്റെ ടെറാക്കോട്ട ശിൽപം, യക്ഷി, കുബേരൻ, ഋഷഭനാഥൻ തുടങ്ങി ഒരുകാലത്ത് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ നൂറുകണക്കിന് പുരാവസ്തുക്കൾ കൂടി രാജ്യത്തേക്ക് തിരിച്ചെത്തി. ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കടത്തപ്പെട്ട 105 പുരാവസ്തു ശിൽപങ്ങളാണ് രണ്ടാഴ്ച മുമ്പ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിട്ടുള്ളത്.

Advertisment

പുരാവസ്തു കടത്തുമായി ബന്ധപ്പെട്ട് ട്രിച്ചി ജയിലിൽ പത്ത് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന സുഭാഷ് കപൂർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുരാവസ്തുക്കൾ ഇന്ത്യൻ സർക്കാർ കണ്ടെത്തിയത്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൻ്റെ പക്കൽ നിന്നും കണ്ടെത്തിയ പുരാവസ്തു ശേഖരമാണ് രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്. ദി ഇന്ത്യൻ എക്സ്പ്രസും ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് ആൻഡ് ഫിനാൻസ് അൺകവേർഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പുരാവസ്തു കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് 105 പുരാവസ്തുക്കൾ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സ്ഥിരീകരിച്ചു. സമാനമായി മറ്റു രാജ്യങ്ങളിൽ നിന്നും പുരാവസ്തുക്കൾ തിരിച്ചെത്തിക്കുമെന്നും ഇന്ത്യൻ എക്സ്പ്രസ് സമർപ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി എഎസ്ഐ അറിയിച്ചു.

publive-image
Advertisment

നിലവിൽ ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൻ്റെ (എംഇടി) ഉടമസ്ഥതയിലുള്ള 16 പുരാവസ്തുക്കൾ കൂടി ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ പുരാവസ്തു വിഭാഗത്തിൽപെടാത്ത 250ഓളം ആർട്ടിഫാക്ടുകളും ഉടൻ രാജ്യത്തേക്ക് തിരിച്ചെത്തിക്കും. കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു ഇന്ത്യൻ എക്സ്പ്രസ് പുരാവസ്തു കടത്ത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

തിരിച്ചെത്തിച്ച 105 പുരാവസ്തുക്കളിൽ മുപ്പത്തിയഞ്ചും കൊൽക്കത്തയിൽ നിന്നും 35 കി.മീ മാറി സ്ഥിതിചെയ്യുന്ന ചന്ദ്രകേതുഗഡിൽ നിന്നുള്ള 2000 വർഷത്തോളം പഴക്കമുള്ള ശിൽപങ്ങളാണ്. ഈ ടെറാക്കോട്ട ശിൽപങ്ങളെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പ് വിദേശത്തേക്ക് അനധികൃതമായി കടത്തപ്പെട്ടവയാണ്.

publive-image

ശരാശരി ആയിരത്തിന് മുകളിൽ വർഷം പഴക്കമുള്ള, വിവിധ കാലഘട്ടങ്ങളിലായി നിർമിക്കപ്പെട്ടവയാണ് ഇപ്പോൾ തിരിച്ചെത്തിച്ച പുരാവസ്തുക്കൾ. കിഴക്കേ ഇന്ത്യയിൽ നിന്നുള്ള 46 ആർട്ടിഫാക്ടുകളും ദക്ഷിണേന്ത്യയിൽ നിന്നുള്ള 29 ആർട്ടിഫാക്ടുകളും സെൻട്രൽ ഇന്ത്യയിൽ നിന്നുള്ള 17 ആർട്ടിഫാക്ടുകളും ഉൾപ്പെടും.

publive-image

കഴിഞ്ഞ ജൂലൈ 17നാണ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇവയെല്ലാം കൈമാറിയത്. ജൂൺ 24ന് തൻറെ അമേരിക്കൻ സന്ദർശനവേളയിൽ രാജ്യത്ത് നിന്ന് കടത്തപ്പെട്ട നൂറിലധികം പുരാവസ്തുക്കൾ തിരികെനൽകാൻ തയ്യാറായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സർക്കാരിനോട് നന്ദിയറിയിച്ചിരുന്നു. ഡൽഹിയിലെ ഓൾഡ് ഫോർട്ടിലെ ഗ്യാലറിയിൽ ഇവ പ്രദർശിപ്പിക്കുകയും മോഷ്ടിക്കപ്പെട്ട അതാതു സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

publive-image

നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവതാ ശിൽപങ്ങൾ
ദേവന്മാരുടേയും ദേവതമാരുടെയും ശിൽപങ്ങളാണ് തിരിച്ചെത്തിച്ചവയിൽ കൂടുതലും. ശിവൻ, ലക്ഷ്മി, ഗണേശൻ, വിഷ്ണു, സൂര്യൻ, കുബേരൻ, കൃഷ്ണൻ, തീർത്ഥങ്കരൻ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഇതിന് പുറമെ മാർബിളിൽ തീർത്ത സ്മാരകശില, സ്റ്റീൽ കഠാര, പടച്ചട്ട എന്നിവയും കൂട്ടത്തിലുണ്ട്. 18, 19 നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കപ്പെടുന്ന പടിഞ്ഞാറേ ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ ശവക്കല്ലറയിൽ നിന്നും അറബി, പേർഷ്യൻ ലിപികളിലുള്ള കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നുള്ള കഠാരയും പടച്ചട്ടയും പതിനെട്ടാം നൂറ്റാണ്ടിലേതെന്നാണ് കരുതപ്പെടുന്നത്.

publive-image


തിരിച്ചെത്തിച്ചവയിൽ 27 പുരാവസ്തുക്കൾ എ.ഡി രണ്ട്-മൂന്ന് നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്. 16 എണ്ണം എ.ഡി ആറ്-ഏഴ് നൂറ്റാണ്ടിലേതും, 13 എണ്ണം എ.ഡി 12-13 നൂറ്റാണ്ടിലേതും, 15 എണ്ണം എ.ഡി 15-17 നൂറ്റാണ്ടിലേതുമാണ്. ഇവയിൽ ഏറ്റവും പഴക്കം കുറഞ്ഞ നാല് പുരാവസ്തുക്കൾ എ.ഡി 18-19 നൂറ്റാണ്ടിലേതുമാണ്.

കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ
ടെറാക്കോട്ടയിൽ ഒരുക്കിയ 46 ശിൽപങ്ങൾ, 27 വെങ്കല ശിൽപങ്ങൾ, സാൻഡ്സ്റ്റോണിൽ തീർത്ത 11 ശിൽപങ്ങൾ, മാർബിളിലും മരത്തിലും തീർത്ത മൂന്ന് വീതം ശിൽപങ്ങൾ, കരിങ്കല്ലിലും ഗ്രാനൈറ്റിലും വെള്ളിയിലും തീർത്ത രണ്ട് വീതം ശിൽപങ്ങൾ, പിച്ചള, സ്റ്റീൽ, സാൻഡ്സ്റ്റോൺ, ക്ലോറൈറ്റ് ഷിസ്റ്റ്, ഷിസ്റ്റ്, സ്ലേറ്റ് സ്റ്റോൺ എന്നിവയിൽ തീർത്ത ഓരോ ശിൽപങ്ങളുമാണ് കൂട്ടത്തിലുള്ളത്.

publive-image

വഴിത്തിരിവായത് സുഭാഷിന്റെ അറസ്റ്റ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്ക, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നായി നിരവധി പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുണ്ട്. എന്നാൽ കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂർ ശിക്ഷിക്കപ്പെട്ടതോടെയാണ് മറഞ്ഞുകിടന്നിരുന്ന കളവ് മുതലുകളിലേക്ക് കൂടുതൽ വെളിച്ചം വീണുകിട്ടിയത്. 2011 ഒക്ടോബർ 30ന് ജർമ്മനിയിലാണ് അദ്ദേഹം ആദ്യം അറസ്റ്റിലായത്.

publive-image

സുഭാഷ് കപൂർ എന്ന അന്താരാഷ്ട്ര തട്ടിപ്പുകാരൻ
കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിലെ വിഗ്രഹ മോഷണവും പുരാവസ്തു കടത്ത് കേസുമായി ബന്ധപ്പെട്ട് 2022 നവംബർ ഒന്നിന് അദ്ദേഹത്തെ തമിഴ്നാട്ടിലെ കുംബകോണം കോടതി തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അമേരിക്കയിലും നിയമനടപടി നേരിടുന്ന സുഭാഷ് 145.71 മില്യൺ ഡോളറോളം വിലമതിക്കുന്ന പുരാവസ്തുക്കൾ കടത്തിയതായി യു.എസ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരപ്രകാരം 2,622 പുരാവസ്തുക്കളാണ് സുഭാഷ് കപൂറിൽ നിന്നും പിടിച്ചെടുത്തത്. ഏകദേശം 1,165 കോടി രൂപയോളം വിലമതിക്കുന്ന പുരാവസ്തുക്കളാണ് ഇവ.

publive-image

പുരാവസ്തു തട്ടിപ്പിന്റെ ശൈലി
മോഷ്ടിക്കേണ്ട പുരാവസ്തുക്കൾ കൃത്യമായി നിരീക്ഷിച്ചുറപ്പിച്ച ശേഷം മോഷ്ടിച്ച് അമേരിക്കയിലേക്കും യു.കെയിലേക്കും കടത്തുകയാണ് ആദ്യപടി. പിന്നീട് വിദേശത്ത് എത്തിച്ച ശേഷം അവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യാജരേഖകൾ നിർമ്മിക്കും. തന്റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്കിലെ ആർട്ട് ഗ്യാലറി വഴിയാണ് ലോകമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന ഡീലർമാരെയും ആവശ്യക്കാരെയും കണ്ടെത്തിയിരുന്നത്.

News India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: