ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ (മെറ്റ്) 77 പുരാവസ്തുക്കൾ ഇപ്പോൾ തമിഴ്‌നാട് ജയിലിൽ കഴിയുന്ന ഒരു പുരാവസ്തു കള്ളക്കടത്തുകാരനുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാൽ ജമ്മു കശ്മീരിൽ നിന്നുള്ള 90 ലധികം പുരാവസ്തുക്കളുടെ ശേഖരവും ഇവിടെയുണ്ട്. കശ്മീരിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ, 94 പുരാവസ്തുക്കൾ അടങ്ങിയ വലിയൊരു ഏഷ്യാ പുരാവസ്തു ശേഖരമാണ് മെറ്റിനുള്ളത്. അതിൽ 81 ശിൽപങ്ങൾ, അഞ്ച് പെയിന്റിങ്ങുകൾ, ഒരു കൈയെഴുത്തുപ്രതിയുടെ അഞ്ച് പേജുകൾ, രണ്ട് കശ്മീർ പരവതാനി, കാലിഗ്രാഫിയുടെ ഒരു പേജ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഇവയിലൊന്നും ഇവ സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ല. അവ എപ്പോഴാണ് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത്, പശ്ചാത്തല രേഖകൾ തുടങ്ങിവ ഇല്ലെന്ന്, ഇന്ത്യൻ എക്സ്പ്രസും ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐസിഐജെ), യുകെ ആസ്ഥാനമായുള്ള ഫിനാൻസ് അൺകവേഡ് എന്നിവയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ വെളിവായി.
കാണാതായ പുരാവസ്തുക്കളെക്കുറിച്ചുള്ള എഫ്ഐആറുകൾ ജമ്മു കശ്മീരിലെ പൊലീസ് സ്റ്റേഷനിൽ പൊടിപിടിച്ചുകിടക്കുകയാണ്. ‘കണ്ടെത്താനായിട്ടില്ല’ എന്ന് കാരണം പറഞ്ഞ് ഇവയിൽ ചിലതിന്റെ അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സപ്രസിന് വിവരാവകാശ നിയമപ്രകാരം കോടതിയിൽനിന്നും പൊലീസ് റെക്കോഡുകളിൽനിന്നും ലഭിച്ച രേഖകളിൽനിന്നും ഇക്കാര്യങ്ങൾ വ്യക്തമാകുന്നു. ഇതേ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ എക്സ്‌പ്രസ് ശ്രീനഗറിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുകയും ഈ രംഗത്തെ വിദഗ്ധരുമായി ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരിലെ ശൈവ, വൈഷ്ണവ, ബുദ്ധ സംസ്കാരങ്ങൾക്ക് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിൽ നിന്നുള്ളതും അതിനെ അടയാളപ്പെടുത്തുന്നതുമായ പുരാവസ്തുക്കളാണ് മെറ്റയിലുള്ളത്. ഇതിലെ 24 പുരാവസ്തുക്കൾ യുഎസിലെ പുരാവസ്തു ഇടപാടുകാരന്റെ പങ്കാളിയായിരുന്ന അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായിരുന്ന പരേതനായ സാമുവൽ ഐലൻബെർഗുമായി ബന്ധപ്പെട്ടിരിക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. രണ്ട് ശിൽപങ്ങൾ,ഒരു പെയിന്റിങ്ങ് എന്നിവ ഉൾപ്പടെ മൂന്ന് പുരാവസ്തുക്കൾ, വിഗ്രഹ മോഷണ കേസിൽ തമിഴ്നാടിൽ 10 വർഷം ശിക്ഷ അനുഭവിക്കുന്ന സുഭാഷ് കപൂറുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി.
ശ്രീനഗറിലുള്ള ഹർവാൻ ബുദ്ധവിഹാരത്തിൽ നിന്ന് എട്ടാം നൂറ്റാണ്ടിലെ കാമദേവന്റെ ഒരു വിഗ്രഹവും അതിന്റെ അഞ്ച് ടൈലുകളിൽ ഒന്നും (മൂന്നാം നൂറ്റാണ്ട് അല്ലെങ്കിൽ നാലാം നൂറ്റാണ്ട്) കപൂറിന്റെ ന്യൂയോർക്ക് ഗാലറിയായ ആർട്ട് ഓഫ് ദി പാസ്റ്റിൽ (എഒപി) നിന്ന് യഥാക്രമം 1993ലും 1992ലും ആയി ലഭിച്ചതാണെന്ന് മെറ്റിന്റെ പുരാവസ്‌തുവിവരപ്പട്ടികയിൽ പറയുന്നു.
ഈ പട്ടികയിൽ മഹാവിഷ്ണുവിന്റെ 15 ശിൽപങ്ങളും ചക്രപുരുഷൻ, ശാരദ, ഗജലക്ഷ്മി, കാർത്തികേയ തുടങ്ങിയ ദേവതകളുടെയും ദേവന്മാരുടെയും ശിവലിംഗങ്ങളും ബുദ്ധന്റെയും സൂര്യന്റെയും മറ്റും ശിൽപങ്ങളും ഉൾപ്പെടുന്നു. ഇവയിൽ പലതും എട്ടോ ഒൻപതോ നൂറ്റാണ്ടുകളിലെയാണ്. 9-10 നൂറ്റാണ്ടിലെ “സ്വർണവും മാണിക്യവും” കൊണ്ട് നിർമ്മിച്ച “കിന്നരി വച്ച കിരീടം (അർദ്ധ-പക്ഷി, അർദ്ധ-പെൺ ജീവികൾ)” എന്ന പേരിൽ ശ്രദ്ധേയമായ ഒരു ഭാഗവും ഇതിൽപ്പെടുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം 1998ൽ ഹർവാനിൽ നിന്ന് 11 ഫ്ലോറൽ ടൈൽസ് കാണാതായതായും 2008ൽ ബാരാമുള്ളയിലെ ഫത്തേഗഡ് ക്ഷേത്രത്തിൽ നിന്ന് ഗന്ധർവ്വ പ്രതിമ ശിൽപം കാണാതായതായും റിപ്പോർട്ടുകളുണ്ട്.
1972ലെ പുരാവസ്തു ആൻഡ് ആർട്ട് ട്രഷർ ആക്ട് (എഎടിഎ) പ്രകാരം ജമ്മു കശ്മീരിൽനിന്നു 1,795 പുരാവസ്തുക്കൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ജമ്മുവിൽ നിന്ന് 28 കിലോമീറ്റർ അകലെ അഖ്‌നൂർ ജില്ലയിലെ അംബരനിൽ നിന്ന് ഖനനം ചെയ്ത 65 ടെറാക്കോട്ട ഹൂമെൻ ഹെഡ്സ് ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് എഎസ്‌ഐ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ബി ആർ മണി കണക്കാക്കുന്നു. മെറ്റയുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1999-2000 കാലഘട്ടത്തിൽ മണി സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റായിരുന്നപ്പോൾ ഈ പ്രദേശത്ത് ഒരു ഖനനത്തിന് നേതൃത്വം നൽകിയിരുന്നു. 1930-കളുടെ മധ്യത്തിൽ ഹംഗേറിയൻ പുരാവസ്തു ഗവേഷകനായ ചാൾസ് ഫാബ്രിയാണ് ഈ സ്ഥലം ആദ്യമായി ഖനനം ചെയ്തതെന്ന് രേഖകളിൽനിന്നു വ്യക്തമാകുന്നു.
ജമ്മു കശ്മീർ പുരാവസ്തു, ആർക്കൈവ്സ് ആൻഡ് മ്യൂസിയം ഡയറക്ടറേറ്റ് കണക്ക് പ്രകാരം, കാണാതായ വിഗ്രഹങ്ങളുടെയും ശിൽപ്പങ്ങളുടെയും പട്ടികയിൽ സീറ്റഡ് ബുദ്ധൻ (വുഡ്), സ്റ്റാൻഡിങ് താര (വെങ്കലം), ജെയിൻ തീർഥാങ്കർ (പിച്ചള), ബുദ്ധ എന്നിവ ഉൾപ്പെടുന്നു. ഈ പുരാവസ്തുക്കൾ 1973 ഓഗസ്റ്റ് 10ന് മോഷ്ടിക്കപ്പെട്ടുവെന്നും 1975 ഏപ്രിലിൽ കേസുകൾ “കണ്ടെത്താനായില്ല” എന്ന് രേഖപ്പെടുത്തി അവസാനിപ്പിച്ചതായും രേഖകളിൽ കാണിക്കുന്നു. 1969 സെപ്റ്റംബർ 27-ന് മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഷാ-ഇ-ഹംദാന്റെ ഒരു മിനിയേച്ചർ പെയിന്റിങ് ഉൾപ്പെടെ നിരവധി പുരാവസ്തുക്കൾ കാണാതായിട്ടുണ്ട്.
കൂടാതെ, മുഗൾ ഭരണാധികാരി ഔറംഗസീബിന്റെ മുദ്രയുള്ള ഖുറാന്റെ ഒരു പകർപ്പ് 2003 സെപ്റ്റംബർ 11 മുതൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് ജമ്മു കശ്മീർ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇത്തരം കേസുകളെല്ലാം “കണ്ടെത്താനായില്ല” എന്ന് പറഞ്ഞു അവസാനിപ്പിക്കുകയായിരുന്നു.
ലഡാക്കിൽനിന്നു കാണാതായ പുരാവസ്തുക്കളെക്കുറിച്ചും രേഖകളിൽ പറയുന്നു. 1998ൽ സ്വർണ്ണവും ചെമ്പും ചേർത്തുണ്ടാക്കിയ 22 പ്രതിമകളും സ്ഫടികവും ആനപ്പല്ലും കൊണ്ട് നിർമ്മിച്ച രണ്ട് സ്തൂപങ്ങളും” സൻസ്‌കർ ഗോൺപയിൽ(കാർഗിൽ ജില്ല)നിന്നു മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശം ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നപ്പോഴാണിത്. കണ്ടെത്താനായില്ല എന്ന് പറഞ്ഞ് ഈ കേസും അവസാനിപ്പിച്ചതായി “ഹിന്ദു ഷ്രൈൻസ് ഓഫ് കാശ്മീർ” (2014) എന്ന പുസ്തകം രചിച്ച ആർ എൽ ഭട്ട് പറയുന്നു. “പുരാവസ്തുക്കൾ കൊള്ളയടിക്കപ്പെട്ട പല കേസുകളിലും എഫ്ഐആർ സാധ്യമായിരുന്നില്ല, കാരണം തീവ്രവാദ പ്രശ്നങ്ങളുടെ സമയത്ത് ജീവൻ രക്ഷിക്കാനായി പലർക്കും വീടുവിട്ടിറങ്ങേണ്ടി വന്നു. നമ്മുടെ ആരാധനാലയങ്ങളിൽനിന്നുള്ള ഒട്ടുമിക്ക പുരാവസ്തുക്കളും കടത്തികൊണ്ടുപോയിരിക്കുന്നു. ഏജൻസികൾ നമ്മുടെ നിയമവും രാജ്യാന്തര നിയമങ്ങളും ഉപയോഗിച്ച് ഇവയ്ക്കായി പ്രവർത്തിക്കണം,” ഭട്ട് പറഞ്ഞു.
2018 ഒക്ടോബർ 16ന്, വാലി സിറ്റിസൺ കൗൺസിലിലെ (വിസിസി) ഇംദാദ് സഖി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച് ജമ്മു കശ്മീർ ഹൈക്കോടതി, “പുരാവസ്‌തുക്കളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി വേണ്ടത്ര ശ്രദ്ധ ഉറപ്പാക്കാൻ അന്നത്തെ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. “നമ്മുടെ സമ്പന്നമായ പൈതൃകത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തെ അധികാരികൾ കൈയൊഴിഞ്ഞിരിക്കുന്നു. കണ്ടെത്താനായില്ല എന്നു പറഞ്ഞു അവസാനിപ്പിച്ച എല്ലാ പരാതികളും പുനരന്വേഷിക്കണം, അവ കണ്ടെത്തുന്നതിന് ഏജൻസികൾ രാജ്യത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കണം,” സാഖി പറഞ്ഞു
മ്യൂസിയങ്ങൾക്കായി തയ്യാറാക്കിയ രാജ്യാന്തര മാർഗ്ഗനിർദേശങ്ങൾ,” സാംസ്കാരിക സ്വത്തിന്റെ അനധികൃത ഇറക്കുമതി, കയറ്റുമതി, കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും തടയുന്നതിനുമുള്ള മാർഗ്ഗങ്ങൾ” ഭരണകൂടങ്ങളോട് വ്യക്തമാക്കുന്നു.
ഒരു പുരാവസ്തു ഏറ്റെടുക്കുന്നതിന് മുൻപ്, അത് വാങ്ങുന്നതോ, ആരുടെയെങ്കിലും സംഭാവന വഴി എത്തിയതാണെങ്കിലും മ്യൂസിയങ്ങൾ അവയുടെ ഉറവിടവും മറ്റു പരിശോധിക്കാൻ ജാഗ്രത പുലർത്തണം. ഇന്ത്യൻ എക്‌സ്പ്രസിന് ഇ-മെയിലൂടെ ലഭിച്ച മറുപടിയിൽ, “ലഭിക്കുന്ന എല്ലാ പുരാവസ്തുക്കളും ഏറ്റെടുക്കുന്ന സമയത്തുതന്നെ നിയമപരമായും നയപരമായുമുള്ള എല്ലാ ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു” എന്ന് മെറ്റ് പറഞ്ഞു. ഏഷ്യൻ കലാ രൂപങ്ങളുടെ വലിയ ശേഖരം ഉണ്ടായിരുന്ന വ്യക്തിയായി അറിയപ്പെട്ടയാളാണ് 1998ൽ നിര്യാതനായ ജന്മം കൊണ്ട് പോളണ്ടുകാരനായ എയ്‌ലൻബെർഗ്. പുരാവസ്തുക്കടത്ത് കേസിൽ യുഎസിൽ അന്വേഷണം നേരിടുന്ന പുരാവസ്തു ഡീലർ ഡഗ്ലസ് ലാച്ച്‌ഫോർഡിന്റെ(2020ൽ മരിച്ചു) അസോസിയേറ്റ് ആയിരുന്നു എയ്‌ലൻബെർഗ് എന്ന് ഐസിഐജെയ്ക്ക് ലഭിച്ച കോടതി രേഖകൾ പറയുന്നു.