/indian-express-malayalam/media/media_files/uploads/2018/07/junaith-1.jpg)
കുട്ടിയച്ചൻ
കുട്ടിയച്ചനൊരു ഭക്തനാണ്
പറമ്പിൽപ്പണിക്ക് പോകും മുൻപ്
അടുത്തുള്ള അമ്പലത്തിൽപ്പോകും,
തടമെടുക്കുന്ന മരങ്ങൾക്കും കുറിതൊടും.
വെയിലാണെങ്കിൽ ചന്ദനക്കുറി
മരത്തിൽ തെളിഞ്ഞു നിൽക്കും
വെയിലാണെങ്കിലും, മഴയാണെങ്കിലും
കുട്ടിയച്ചന്റെ കുറി
വിയർപ്പിൽ അലിഞ്ഞുപോയിരിക്കും.
ആദ്യത്തെക്കുഞ്ഞ് ആണാണെന്ന് കണ്ടപ്പോൾ
സന്തോഷം കൊണ്ട് ‘മണിയനാടീ ഭാനൂ’ എന്ന്
ഭാര്യയോട് പറഞ്ഞ് രാമനെന്ന് പേരിട്ടു.
രാമന്റെകൂടെ സ്ത്രൈണത കൂടി വളർന്നപ്പോൾ
തൊലിയാമണിയനെന്ന് വിളിച്ച് സങ്കടമൊതുക്കി..
മൂന്നാമത്തെ മകൻ സുശീലന്റെ
ദുശ്ശീലങ്ങളെ തൂമ്പ പിടിച്ചു തഴമ്പിച്ച
കൈകൾകൊണ്ട് അടിച്ചൊതുക്കി.
പതിനാറാം പിറന്നാളിന്റന്ന് രാത്രിയിൽ
കുടിച്ചു കുന്തം മറിഞ്ഞ് വീടെത്തിയ
സുശീലനെ, വീടിന്റെ മുന്നിലെ
കുറിയിട്ട തെങ്ങിൽ കെട്ടിയിട്ട് തല്ലി..
ബഹളം കേട്ട് പുറത്തിറങ്ങി
മുഖത്തേക്ക് ടോർച്ചടിച്ച അയൽപക്കകാരനെ
തെറിയിൽ കോർത്ത സുശീലനെ
വീണ്ടും വീണ്ടും തല്ലി.
രാത്രി മുഴുവൻ കാവലിരുന്നു.
സുശീലനുപകരം
കെട്ടിമുറുക്കിയ നിലയിൽക്കണ്ട
കുട്ടിയച്ചനിലേക്കായിരുന്നു നേരം പുലർന്നത്
ഉണങ്ങാത്ത മുറിവുപോലെ
ഒരു ചോരക്കുറി
തെങ്ങിൽ ബാക്കിയുണ്ടായിരുന്നു.
പപ്പൻസ് പാരമ്പര്യ പ്രിന്റേഴ്സ്
വെളുത്ത ഖദർ മുണ്ടിന്റേയും
കൈകൾ തെറുത്തുവച്ച
വെളുത്ത ഖദറുടുപ്പിന്റേയും
നാലരയടി പൊക്കത്തിൽ നിന്നും
ആറടിയിലധികം പൊക്കമുള്ള,
കടയിലേക്ക് കൈചൂണ്ടി നിൽക്കുന്ന
സ്വന്തം കട്ടൌട്ടിനോടുചേർന്ന
പപ്പൻസ് പ്രിന്റേഴ്സ് എന്ന പരസ്യത്തിലൂടെ
വെളുക്കെച്ചിരിച്ചുകൊണ്ട് പപ്പൻ ചേട്ടൻ
ഷട്ടറുയർത്തി പ്രസ്സിലേക്കുകയറും.
ഒരേപൊക്കത്തിൽ ചേട്ടനും ചേച്ചിയും
അച്ചിൽ, പഴയലിപിയിലെ
അക്ഷരങ്ങൾ ചേർത്തുവച്ചു
കല്യാണക്കുറികളും, സിനിമാ നോട്ടീസുകളും
പള്ളിപ്പെരുന്നാൾ പരസ്യങ്ങളും
ബസ്സുകളിൽ വിതറുന്ന യാചനാവചനങ്ങളും
ദിവസച്ചിട്ടിക്കാർഡുകളും അച്ചടിച്ചു
അവരേക്കാളുമുയരത്തിൽ
മൂന്നു പെൺമക്കളേയും
കല്യാണപ്രായത്തോളം വളർത്തി
അച്ചടി ഡിജിറ്റലായപ്പോൾ
പപ്പൻ പ്രിന്റേഴ്സിൽ തിരക്കുകുറഞ്ഞു,
കടം കൂടി,
പട്ടിണി കൂടി.
പപ്പന്റേയും പ്രിന്റേഴ്സിന്റേയും ഇടയിൽ
‘പാരമ്പര്യ‘ എന്നു തിരുകിക്കയറ്റി
പപ്പൻസ് പാരമ്പര്യ പ്രിന്റേഴ്സെന്നു
പേരുമാറ്റിയെങ്കിലും,
ഒന്നിനുമൊന്നിനും തികയാതെ
എങ്ങുമെങ്ങുമെത്താതെ സങ്കടക്കടലിൽ നീന്തി.
അകത്തുനിന്നും ഷട്ടർതാഴ്ത്തിയ
പപ്പൻസ് പാരമ്പര്യ പ്രിന്റേഴ്സിൽ
വരന്മാരുടെ പേരുകളൊഴിവാക്കിയ
പെണ്മക്കളുടെ കല്യാണക്കുറികളുടെ
കൂമ്പാരത്തിനു തീയിട്ടുകൊണ്ടാണ്
അവരെല്ലാം ആത്മഹത്യയുടെ വരമ്പുതാണ്ടി
കടങ്ങളൊഴിവാക്കിയത്; പട്ടിണി മാറ്റിയത്
പുകയേറ്റു കറുത്തുപോയ ഷട്ടറിനുവെളിയിൽ
വഴിയിലെ പൊടിയേറ്റു നിറമൽപ്പം മങ്ങിയെങ്കിലും,
ആറടിയിലുമധികം ഉയരത്തിൽ
എല്ലാവരേയും ചിരിച്ചുകാട്ടിക്കൊണ്ട്
പപ്പൻ ചേട്ടൻ ഇപ്പോഴും നിൽപ്പുണ്ട്.
സൈക്കിൾക്കുട്ടൻ
പപ്പൻസ് പാരമ്പര്യ പ്രിന്റേഴ്സിലേക്ക്
കൈചൂണ്ടി നിൽക്കുന്ന പപ്പൻ ചേട്ടന്റെ കട്ടൗട്ടുള്ള
പരസ്യ ബോർഡിലെ പേരുതിരുത്തി,
കുട്ടൻസ് കൂൾബാറിലേക്ക് തിരിച്ചുവച്ചിട്ടാണ്
സ്കൂളിന്റെയടുത്ത് കുട്ടൻ കച്ചവടം തുടങ്ങിയത്.
ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, തത്തമ്മ,
യുറീക്ക, അമർചിത്രകഥ എന്നുതുടങ്ങി
എല്ലാ ബാലസാഹിത്യ കൃതികളും തൂക്കിയിട്ട കടയിൽ
പിള്ളാർക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു.
ക്ലാസ്സിന്റെ ഇടവേളകളിലെല്ലാം
കുട്ടികൾ കുട്ടന്റെ കടയിലേക്കൊഴുകി,
ഇഷ്ടമുള്ളവർക്ക് കുട്ടൻ പുസ്തകങ്ങൾ
സൗജന്യമായി വായിക്കാൻ കൊടുത്തു,
ചെറിയ വിലയ്ക്ക് ഓറഞ്ചുനിറത്തിലെ ഡ്രിങ്ക്സും
മീറ്റ് പഫ്സും, കോലൈസും കൊടുത്തു...
ഒരുപാട് ഇഷ്ടമുള്ളവരെ
കടയ്ക്കുള്ളിലേക്ക് ക്ഷണിച്ചു,
അവിടിരുന്നു ഉച്ചഭക്ഷണം കഴിക്കുവാനും
വായിക്കുവാനും സമ്മതിച്ചു.
ഊരിയ നിക്കറുമായി ഒരു പയ്യൻ
പുറത്തേക്കോടിയ വൈകുന്നേരമാണ്
കുട്ടൻസ് കൂൾബാർ നാട്ടുകാർ തല്ലിപ്പൊളിച്ചത്,
അന്നുതന്നെയാണ് കുട്ടൻ സൈക്കിൾക്കുട്ടനായത്.
പ്രേമണ്ണൻ
എല്ലാ മരങ്ങളും സ്നേഹത്തോടെ വാരിപ്പുണരുന്ന,
വാനരനെന്ന് വിളിപ്പേരുള്ള പ്രേമണ്ണൻ
ഏതോ വീട്ടിലെ തടവറ തുറന്ന് പറന്നുപോയ
തത്തക്കുഞ്ഞിനെ പിടിക്കാൻ
കരിമ്പച്ച പഞ്ഞിമരത്തിൽ കയറിക്കയറിപ്പോകുമ്പോൾ
എനിക്കോ, അയാൾക്കോ
ഡോ. അർബിനോയെ* അറിയില്ലായിരുന്നു...
ഡിഗ്ന പർദോയെപ്പോലെ**
‘’സാന്റിസിമോ സാക്രമെന്റോ’‘*
എന്നുചോദിക്കാനും ആരുമില്ലായിരുന്നു...
ഞങ്ങൾ കുട്ടികൾ,
(തത്തയെ കൂട്ടിലിട്ടവനും കൂടെയുണ്ടായിരുന്നുവെന്നു തോന്നുന്നു, അവനായിരിക്കണം അഞ്ചുരൂപ കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്നത്..)
പ്രേമണ്ണൻ തത്തയുടെ വാലിന്റെയരികിൽ വരെ
എത്തുന്നതു കണ്ടതുമാണ്.
ഏണി തെന്നിപ്പോയി ഡോ. അർബിനോ
വായുവിൽ തങ്ങി നിന്നതുപോലെ
പ്രേമണ്ണനും അല്പനേരം അന്തരീക്ഷത്തിലൂടെയൊഴുകി,
തത്ത മുകളിലേക്കും
പ്രേമണ്ണൻ താഴേക്കും പറന്നു...
മുകളിൽ നിന്നും താഴേക്ക് നോക്കിക്കണ്ടയാളിപ്പോൾ
താഴെനിന്നും മുകളിലേക്കുള്ള കാഴ്ച്ചകളുമായി
ഒറ്റയ്ക്ക് അനങ്ങാനാവാതെ കട്ടിലിൽ എരിപൊരികൊള്ളുന്നു..
മരങ്ങൾക്കുപകരം കഴുക്കോലും
പച്ചയ്ക്കുപകരം തീപ്പൊള്ളലേറ്റുചുവന്ന ഓടുകളും നോക്കിക്കിടക്കുന്ന പ്രേമണ്ണന്റെയരികിൽ നിന്ന വത്സമ്മച്ചേച്ചി പറഞ്ഞു,
‘അഞ്ചുരൂപയ്ക്ക് വിലയുള്ള കാലമൊക്കെ പോയിമോനേ’
** കോളറാകാലത്തെ പ്രണയത്തിലെ കഥാപാത്രങ്ങൾ
* താങ്കൾ തന്നെത്താനെ ചാകാൻ പോകുന്നോ?
Read More: ചില മനുഷ്യർ വാക്കുകളായി പടരുമ്പോൾ: ജുനൈദ് അബൂബക്കറിന്‍റെ കവിതകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.