രമണി ബി.എ

junaith aboobaker,poems,malayalam, writer

പ്രണയം, ഉന്മാദത്തിന്‍റെ അതിർത്തി
കടത്തിയ യൗവ്വനമായിരുന്നു രമണി
മുറുക്കിച്ചുവന്ന ചുണ്ടുകളോടെ ബസ് സ്റ്റോപ്പുകളിലും
സ്കൂൾ പരിസരങ്ങളിലും കുട്ടികളോട് മാത്രം
എപ്പോഴും ഇംഗ്ലീഷിൽ സംസാരിക്കും

I studied B.A Literature
I am Ramani B.A
I will talk to you in English
Come on children, let’s talk..

പകൽ തീരും, ഇരവിൽ സ്നേഹം പിടിച്ചുപറിക്കാൻ
മുഖം മറച്ച ഇണകൾ വരും,
കുറേക്കാലത്തേക്ക് രമണിയെ കാണാതാവും

വലിച്ചുവാരിച്ചുറ്റിയ സാരിയും,
പോലീസുകാർ പറ്റെവെട്ടിയ മുടിയുമായി
രമണി പിന്നെയും, കുട്ടികളെ തേടിയെത്തും

രമണി ബി.എ, ഇംഗ്ലീഷ് രമണിയായ്, വട്ട് രമണിയായ്
അലഞ്ഞുതിരിഞ്ഞ് ജീവിതം തീർക്കുമ്പോൾ
മലയാളത്തിലൊരു കുറിപ്പെഴുതിയിരുന്നു
“വർഗ്ഗീസേ നിന്നെ ഞാൻ വെറുത്തിട്ടേയില്ല”

മുനിസിപ്പാലിറ്റിക്കാരുടെ ശവ വണ്ടിയിൽ
പൊതുശ്മാശനത്തിലേക്ക് കൊണ്ടുപോയപ്പോൾ
ആരോ ചുരുട്ടിക്കൂട്ടിക്കളഞ്ഞ ആ കുറിപ്പ്
റോഡിൽ മഴനനഞ്ഞു കിടന്നു
“വർഗ്ഗീസേ നിന്നെ ഞാൻ വെറുത്തിട്ടേയില്ല”

ഭ്രാന്തൻ ചാക്കോ

junaith aboobaker,poems,malayalam, writer

കൈകൾ വട്ടമെത്താത്ത കൂറ്റൻ പ്ലാവിന്‍റെ
ചുവട്ടിൽ കൂട്ടിയിട്ട മണൽപ്പുറത്ത്
കളിക്കുമ്പോൾ വാവുമ്മ* വിളിച്ചുപറയും

“ചാക്കോ വരും, ഭ്രാന്തൻ ചാക്കോ
എല്ലാത്തിനേം പിടിച്ചോണ്ടുപോകും”
ഞങ്ങളെല്ലാരും പേടിച്ചോടും
പലവർണ്ണ പ്ലാസ്റ്റിക് കൂടുകൾ കൊണ്ടലങ്കരിച്ച
നീളൻ ഒറ്റക്കുപ്പായത്തിൽ നഗ്നതമറച്ച്
ചാക്കോയെന്നും വരും, വീട്ടിൽ
കൈയ്യിലിരിക്കുന്ന അറ്റം വളഞ്ഞ വടികൊണ്ട്
അടുക്കളവാതിലിൽ മുട്ടിപ്പറയും
“ഉമ്മാ, ചാക്കോക്ക് ചോറ് “
ഞങ്ങളെയൊന്ന് നോക്കുകപോലും ചെയ്യാതെ
ചോറും കൊണ്ട് മിണ്ടാതെ പോകും..

ആശുപത്രിക്കടുത്തുള്ള കുരിശടിയുടെ
ചുവട്ടിലാണ് ചാക്കോയുടെ അന്തിയുറക്കം
അച്ചന്മാർ വരും, ചാക്കോയെ ഓടിക്കാൻ
അർശസ്സുള്ള പിൻഭാഗം കാട്ടിയെപ്പോഴും
ചാക്കോ പ്രതികരിക്കും

“അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ
കർത്താവ് പറ്റിച്ചു
ചാക്കോ ഒരൊറ്റ അപ്പികൊണ്ട്
അഞ്ചച്ചന്മാരേയും നാറ്റിക്കും..
എല്ലാവരും ഓടിക്കോ”,
ചാക്കോയെങ്ങും പോകുന്നില്ലെന്ന് പറഞ്ഞ്
ഉടുതുണിപൊക്കി കുത്തിയിരിക്കും

ഒരിക്കൽ, ചോരയും മലവും ചേർന്ന് മെഴുകിയ
കുരിശടിയുടെ ചുവട്ടിൽ
കർത്താവിന്‍റെ ചോരയെന്നെഴുതി വച്ച്
ചാക്കോ പോയി, പിന്നെ വന്നതേയില്ല.

പ്ലാസ്റ്റിക് കൂടുകളെല്ലാം കളഞ്ഞ്, തറയെല്ലാം കഴുകി
രൂപത, കുരിശടിയെ ഇരുമ്പുകൂടിനകത്താക്കി പൂട്ടി

ഗോവിന്ദൻ

junaith aboobaker,poems,malayalam, writer

വല്യച്ഛന്‍റെ മാടക്കടയിൽ
സൈക്കിളിൽ സോഡയും നാരങ്ങയും
കൊടുക്കുമായിരുന്നു ഗോവിന്ദൻ

അന്ന് റോഡ് സൈഡിൽ
വെയിസ്റ്റിടുന്ന ഒരു കുഴി
ചെറിയ വിലയ്ക്ക് ഗോവിന്ദനാരോ കൊടുത്തു
അയാളതിൽ നാല് തേക്കിൻകാല്
നാട്ടിയൊരു മാടക്കട കെട്ടി
അന്നേരവും സൈക്കിളിൽ
കവലകളിലെ മിക്ക കടകളിലും
സോഡയും നാരങ്ങയും
കൊടുക്കുന്നത് ഗോവിന്ദനായിരുന്നു

റോഡിന് വീതികൂട്ടിയപ്പോൾ
വല്യച്ഛന്‍റെ വഴിയരികിലെ
കട സർക്കാർ കൊണ്ടുപോയി
വല്യച്ഛൻ ബീഡി തെറുത്ത്
കടകളിൽ കൊടുത്തുതുടങ്ങി
ഗോവിന്ദന്‍റെ കടയിലും കൊടുക്കും

കാലം പോയതോടെ, ഗോവിന്ദൻ
സോഡ നാരങ്ങ വില്പന നിർത്തി
മാടക്കടയുടെ തൂണ് കോൺക്രീറ്റായി
കടമുറി പലനിലകളായി,
ഷോപ്പിംഗ് മാളായി
അവിടൊരു ഓഫീസ് മുറിയിൽ
കണക്കു നോട്ടം മാത്രമായി..
അപ്പോഴും വല്യച്ഛൻ ബീഡിയും
കൊണ്ട് ഗോവിന്ദനെ കാണാൻ പോകും
ഏസി മുറിയിലിരുന്ന് ചായ കുടിച്ച് പോരും

ഇപ്പോഴും ഗോവിന്ദനെ വല്യച്ഛൻ
ഡാ ഗോവിന്ദായെന്ന്
അധികാരത്തിൽ വിളിക്കും
ഗോവിന്ദൻ വല്യച്ഛനെ മുതലാളിയെന്നും..

മൂന്ന് ചേട്ടത്തിമാർ

junaith aboobaker,poems,malayalam, writer

1.അന്നമ്മ ചേട്ടത്തി

പൊടിയൻ ചേട്ടനും
അന്നമ്മ ചേട്ടത്തിയും
ഏറ്റവും മുകളിലത്തെ
തട്ടിലുള്ള വീട്ടിലാണ്

ചേട്ടത്തി ആശുപത്രിയിലെ തൂപ്പുകാരിയാണ്
വെളുത്ത ചട്ടയും മുണ്ടുമുടുത്ത്
കറുത്ത കുടയും പിടിച്ചെന്നും പോകും
ആശുപത്രി മുഴുവൻ തൂക്കും തുടയ്ക്കും

മൂന്ന് വീടുകളുടെ അകത്തൂടെ
ഇടവഴിയിലൂടെ, പൊടിയൻ ചേട്ടന്‍റെ
കൈയ്യും പിടിച്ച്
എല്ലാ ഞായറാഴ്ചകളിലും
പള്ളിയിൽ പോകും

മക്കൾ പലവഴിക്കായി
പൊടിയൻ ചേട്ടൻ പോയി

തൂത്തുതൂത്ത് നാടും റോഡും
തൂത്ത് തുടങ്ങിയപ്പോൾ ചേട്ടത്തി
മുഴുവൻ സമയം ആശുപത്രിയിലായ്
മരിക്കും വരേയും അന്നമ്മച്ചേട്ടത്തി
തൂത്തുകൊണ്ടേയിരുന്നു
ഗന്നേസരത്ത് വാർഡിലെ
പതിനാലാം നമ്പർ മുറിമാത്രം

2. പെണ്ണമ്മ ചേട്ടത്തി

രണ്ടാമത്തെ തട്ടിലെ വീട്ടിലാരുന്നു
പെണ്ണമ്മച്ചേട്ടത്തിയും പാപ്പൻ ചേട്ടനും
ചേട്ടത്തിക്ക് അമ്മിണിയെന്നൊരു പശുവുണ്ടായിരുന്നു
പാപ്പൻ ചേട്ടനും പെണ്ണമ്മച്ചേട്ടത്തിയും
അമ്മിണിയുടെ പാൽ
സമം വെള്ളം ചേർത്ത്
അയലത്തുകാർക്ക് വിറ്റിരുന്നു

നാലു സൈക്കിൾ ചക്രത്തിനു മേൽ
ഉറപ്പിച്ച ഉന്തുവണ്ടിയിൽ
പാപ്പൻ ചേട്ടന് ഓറഞ്ചു കച്ചവടം നടത്തി
ഓറഞ്ച് സീസൺ കഴിയുമ്പോൾ
മുന്തിരിങ്ങ, കറുപ്പും ചുവപ്പും പച്ചയും
അതു കഴിയുമ്പോൾ ആപ്പിൾ

പാപ്പൻ ചേട്ടന് വയ്യാതായപ്പോൾ
മകൻ തമ്പിയത് ഏറ്റെടുത്തു
അന്തിച്ചന്തയ്ക്കടുത്ത്
ചക്രം നാലും മണ്ണിലുറഞ്ഞു പോയ
പഴഞ്ചൻ ഉന്തുവണ്ടിയിൽ തമ്പിയും
ഓറഞ്ചും, മുന്തിരിയും, ആപ്പിളും വിറ്റു

ഒരുദിവസം മുനിസിപ്പാലിറ്റിക്കാർ
ഉന്തുവണ്ടി കൊണ്ടുപോയി

പിറ്റേന്ന്,
കടന്നൽക്കുത്തേറ്റ്
പെണ്ണമ്മച്ചേട്ടത്തിയും, അമ്മിണിയും
തൊഴുത്തിൽ ചത്തുകിടന്നു
ചേട്ടത്തിയുടെ വെളുത്ത ചട്ടയിലും മുണ്ടിലും
ചാണകപ്പച്ച പുള്ളികുത്തി

3.കൊച്ചുമോൾ ചേട്ടത്തി

ഏറ്റവും താഴെത്തട്ടിലെ
വീട്ടിലായിരുന്നു കൊച്ചുമോൾ ചേട്ടത്തി
മൂന്നു മക്കളും ചേട്ടത്തിയും മാത്രം
മൂന്നാമത്തെ കൊച്ചിനും
പുത്തൻ പേരു കൊടുത്തിട്ട്
കെട്ട്യോൻ ചത്തു

ചേട്ടത്തി സാരിയും ബ്‍ളൌസും
മാറ്റി ചട്ടയും മുണ്ടുമാക്കി

മൂന്ന് ചേട്ടത്തിമാരിൽ
ഏറ്റവും ചെറുപ്പവും വലുപ്പവും
കൊച്ചുമോൾ ചേട്ടത്തിക്കായിരുന്നു
മക്കളും അതുപോലെ വലുപ്പം വച്ചു

ചട്ടയും ഞൊറിയിട്ട മുണ്ടുമുടുത്ത്
ചേട്ടത്തി നെഞ്ചുവിരിച്ച് നടന്നു
ചെറയാൻ വന്ന പൂവന്മാരെ
കൊത്തിയോടിച്ചു
പകലന്തിയോളം പലവീട്ടിലും
എല്ലുമുറിയെ പണിയെടുത്തു
മക്കളെയൊക്കെ കെട്ടിച്ചു

കാലിൽ നീരുണ്ടെങ്കിലും
കൊച്ചുമക്കളോടൊപ്പം
ഇപ്പോഴും പള്ളിയിൽ പോകും
ചട്ടയും മുണ്ടുമുടുത്തല്ല
സാരിയും ബ്ളൌസും ചുറ്റി…

മദാമ്മ

junaith aboobaker,poems,malayalam, writer

മദാമ്മ മലയാളിയാണ്
കണ്ടാൽ വെളുവെളാന്നിരിക്കും
പൊന്നമ്മയെന്നാണ് പേര്
ഒരേക്കർ പറമ്പിൽ
ഇരുനില വീടും വച്ച്
ചുറ്റും രണ്ടാൾ പൊക്കത്തിൽ
മതിലും കെട്ടി
ഭർത്താവും മക്കളുമൊത്ത്
രാജകീയ താമസം

ബാംഗ്‍ളൂരിൽ പഠിക്കാൻ പോയ മോള്
ആ മതിലിന്നകത്തല്ല ജീവിതമെന്ന്
കണ്ടറിഞ്ഞപ്പോൾ തിരിച്ചുവന്നില്ല
മോനാണെങ്കിൽ അപ്പനെപ്പോലെ
അമ്മയെപ്പേടിച്ച് വീട്ടിൽ നിന്നും
പുറത്തോട്ട് ഇറങ്ങിയതുമില്ല

മതിലുകെട്ടിയപ്പോൾ
വീടിനു പുറകിലുള്ള
18 വീട്ടുകാരുടെ വഴികൂടി
മദാമ്മയടച്ചു കളഞ്ഞു
വഴിക്കായ് കേസ് നടത്തി ജയിച്ച നാട്ടുകാർ
കൂട്ടായ് വഴിവെട്ടിയപ്പോൾ
പൊളിച്ച മതിൽ പുതുക്കിപ്പണിയാതെ

അതു വഴി നടക്കുന്നവരെ
രൂക്ഷമായ് നോക്കി, ഒരക്ഷരം മിണ്ടാതെ
മദാമ്മ വരാന്തയിലെ ചാരുകസേരയിൽ
രാത്രിപകൽ ഭേദമില്ലാതെയിരുന്നു
അതിൽത്തന്നെയിരുന്നാണ് മരിച്ചതും…

ലോട്ടറി ഗോപാലൻ

junaith aboobaker,poems,malayalam, writer

കറുത്ത ഫ്രെയ്മുള്ള കട്ടിക്കണ്ണട
വിയർപ്പ് തിളങ്ങുന്ന കഷണ്ടി
മടക്കിക്കുത്തിയ കറുത്ത
കരയുള്ള വെളുത്ത മുണ്ട്
മുറിക്കയ്യൻ ഷർട്ട്
ഒരു കയ്യിൽ കറുത്ത ലെതർ ബാഗ്
മറ്റേക്കയ്യിൽ ഒരുകെട്ട് കടലാസ്
ഇതാണ് ഗോപാലൻ

ഗോപാലൻ ലോട്ടറി ഏജന്റും
സ്ഥലത്തെ പത്ര ഏജന്റും
സർവ്വോപരി പരോപകാരിയുമാണ്

പതിനെട്ട് വീട്ടുകാർക്ക്
വഴി നിഷേധിച്ച് മതില് കെട്ടിയ
മദാമ്മയെന്ന പരിഷ്ക്കാരി പണക്കാരിയോട്
സ്വന്തം ചിലവിൽ പന്ത്രണ്ട് കൊല്ലം
വ്യവഹാരം നടത്തി റോഡ് നേടിയെടുത്തു

പതിനെട്ട് വീട്ടുകാരും നന്ദിയോടെ
റോഡിന് ഗോപാലൻ റോഡെന്ന് പേരിട്ടു

ആ വഴിയിൽ വച്ച് ഓട്ടോയിടിച്ച്
ഗോപാലൻ മരിച്ച് ഒരു വർഷത്തിന്
ശേഷമാണ് പഞ്ചായത്ത് അവിടെ
ഗോപാലൻ റോഡെന്ന് ബോർഡ് വച്ചത്..

ഉണ്ണുണ്ണിച്ചായൻ

junaith aboobaker,poems,malayalam, writer

കോലനാട്ടെ ഉണ്ണുണ്ണിച്ചായന്
അപ്പപ്പനപ്പൂപ്പന്മാരുണ്ടാക്കിയ
ഭൂസ്വത്തുണ്ടായിരുന്നു
അതിൽ പകുതിയോളം
വിറ്റു തീർന്നപ്പോൾ
ഉണ്ണുണ്ണിച്ചായൻ കിടപ്പിലായി
മനോനില തെറ്റി

മുറി പൂട്ടിയില്ലെങ്കിൽ
എല്ലാവരുടേയും കണ്ണുവെട്ടിച്ച്
സ്ഥലം വിടും
വേറെങ്ങും പോകില്ല
കവലയിലെ ഗീവർഗ്ഗീസ് പുണ്യാളന്‍റെ
പ്രതിമയ്ക്കടുത്ത് പോയി
കണ്ണുപൊട്ടുന്ന തെറിപറയും

വ്യാളിയെന്നൊരു ജീവിയില്ലെന്നും
ഇല്ലാത്ത ജീവിയെ കൊന്നെന്ന് കാണിച്ച്
ദൈവമാകാനാണ് പുണ്യാളന്‍റെ ശ്രമ-
മെന്നും പറഞ്ഞ് കരണം പൊട്ടുന്ന തെറിപറയും

നാലാംതവണ അന്ത്യകൂദാശ കൈക്കൊണ്ട്
മരിക്കാൻ കിടക്കുമ്പോൾ ഉണ്ണുണ്ണിച്ചായൻ
ഭാര്യ ഏലിച്ചേട്ടത്തിയേയും,
ഒറ്റമകൻ കുഞ്ഞുമോനേയും മറന്നിരുന്നു

പക്ഷെ,
ഇല്ലാത്ത ജീവിയെയാണ്
കൊന്നതെന്ന് പറഞ്ഞ്
അന്നും പുണ്യാളനെ തെറിപറഞ്ഞു.

junaith aboobaker,poems,malayalam, writer

കുഞ്ഞുമോൻ

ഉണ്ണിണ്ണിച്ചായനെപ്പോലെ
ഒറ്റപ്പുത്രനായിരുന്നു കുഞ്ഞുമോനും
വളരെക്കുറച്ച് ലക്ഷ്യങ്ങൾ
മാത്രമുള്ള ഒറ്റമോൻ..
അപ്പനെപ്പോലെ വിൽക്കാവുന്ന
സ്വത്തുക്കളെല്ലാം വിൽക്കണം
ഷാപ്പീന്നിറക്കിവിടുന്നിടം വരെ കുടിക്കണം
തള്ളയെ കിട്ടുന്നതെന്തും കൊണ്ടേറിയണം
കുടിക്കാശ് തീരും വരെ
ശിങ്കിടികൾ കൂടെക്കാണും
കടം കൊടുക്കാനും, കേസൊതുക്കാനും
കുഞ്ഞുമോന്‍റെ വക്കീലെന്ന വക്കീലും
വിൽക്കാൻ, ഏലിച്ചേട്ടത്തി,
കൊച്ചുമോടെ പേരിലെഴുതിക്കൊടുത്ത
അഞ്ചുസെന്റും, വീടും മാത്രമായപ്പോൾ,
കീറച്ചാക്കിൽ നിറച്ച ധാന്യമണികൾ
പോലെ ശിങ്കിടികളെല്ലാമൊഴിഞ്ഞു
ഇനിയൊന്നും തന്‍റെ പേരിലാക്കാ-
നില്ലെന്നറിഞ്ഞ വക്കീലും വിട്ടു..
ഇനിയെങ്ങുനിന്നും കുടിക്കാൻ വക
കിട്ടാനില്ലെന്നറിഞ്ഞ കുഞ്ഞുമോനും നാടുവിട്ടു;
കുറേക്കാലത്തിനു ശേഷം,
പെൻസിൽ പോലെ മെലിഞ്ഞ്
പല്ലുകളെല്ലാം പറിച്ച്, കവിളൊട്ടി
ഷാപ്പിൽ പ്രത്യക്ഷപ്പെട്ട കുഞ്ഞുമോൻ,
വക്കീലിനേയും, ശിങ്കിടികളേയും വിളിച്ചലറി
“കുഞ്ഞുമോൻ സിംഹമാടാ സിംഹം
ഒരു കാട്ടീന്നു പോയാൽ, സിംഹം
വേറേ കാട്ടിലെ രാജാവാകും,
കുഞ്ഞുമോന് ഒരു ഷാപ്പല്ലേൽ വേറേ ഷാപ്പ്
ഒരു വക്കീലല്ലേൽ വേറേ വക്കീൽ
നിനക്കൊക്കെ ഞാൻ വച്ചിട്ടുണ്ടെടാ“
പല്ലുകൊഴിഞ്ഞ സിംഹത്തെ
ആര് പേടിക്കാനാടോയെന്ന്
വിവരമറിഞ്ഞ വക്കീൽ ചിരിച്ചു..

കുഞ്ഞുമോന്‍റെ വക്കീൽ

കുഞ്ഞുമോന്‍റെ കൂടെ എന്നും
ഒരുപിടി ആളുകൾ കാണും
കാശു തീരും‍വരെ മാത്രം
കാശു തീരുമ്പോൾ കുടിക്കാൻ
കൊടുക്കുന്നത് വക്കീൽ മാത്രം
എല്ലാവരും അയാളെ
കുഞ്ഞുമോന്‍റെ വക്കീലെന്ന് വിളിച്ചു
അയാളും എല്ലാവരോടും
കുഞ്ഞുമോന്‍റെ വക്കീലെന്ന് പറഞ്ഞു
കുഞ്ഞുമോന് വിക്കാനൊന്നുമില്ലാതായപ്പോൾ
അയാൾ വേറാരുടേയോ വക്കീലായി
ഇപ്പോഴും ആളുകൾ അയാളെ
കുഞ്ഞുമോന്റെ വക്കീലെന്ന് വിളിക്കുന്നു…

ഏലിച്ചേട്ടത്തി

junaith aboobaker,poems,malayalam, writer

ഏലിച്ചേട്ടത്തിയെന്ന മുറഞ്ചേട്ടത്തി
മരിച്ചതറിഞ്ഞപ്പോൾ
കെട്ട്യോൻ ഉണ്ണുണ്ണിയുടേയും
മകൻ കുഞ്ഞുമോന്റേയും ഏറിൽ നിന്നും
ഓടീരിൽ നിന്നുമവർ രക്ഷപെട്ടല്ലോ-
യെന്നെല്ലാവരും സമാധാനിച്ചു
മുറമായിരുന്നു ചേട്ടത്തിയുടെ രക്ഷാകവചം,
ഏതേറിൽ നിന്നും മുറംകൊണ്ട്
ആമത്തോട് പോലെ പുറം മറച്ച്
ഏലിച്ചേട്ടത്തിയോടും..
ഓടാൻ വേണ്ടിയെണീക്കും
ഓടാൻ വേണ്ടിയുറങ്ങും
അപ്പനും മോനും കുടിച്ചുകുടിച്ച്
വിക്കാനൊന്നുമില്ലാതായതിന്റെ
രോഷം മുഴുവൻ, കയ്യിൽക്കിട്ടിയതെല്ലാം കൊണ്ട്
ഏലിച്ചേട്ടത്തിയെ എറിഞ്ഞവർ തീർത്തു
ചേട്ടത്തി മുറം കൊണ്ട്
ഏറു തടുത്ത് പലവഴിയോടി
പല വീടുവഴിയോടി
കാടുപിടിച്ച പറമ്പുകളിലെ
മരങ്ങൾക്കു പുറകിലൊളിച്ചു
ഒരോട്ടത്തിനിടയിൽ,
ആളൊഴിഞ്ഞൊരു പറമ്പിലെ
കൂട്ടിയിട്ട കരിങ്കല്ലിൽത്തട്ടി
മുഖമടിച്ചു വീണു..
ആളുകൾ കണ്ടെത്തിയപ്പോൾ
തലയും ഉടലുമൊതുക്കിയ ആമയെപ്പോലെ
മുറത്തിനടിയിലേക്ക്, ഏലിച്ചേട്ടത്തി
ചുരുണ്ടില്ലാതായിട്ടുണ്ടായിരുന്നു
ചുണ്ടിന്റെ കോണിൽ ചിരിയുള്ള
ആ ചതഞ്ഞ മുഖത്തിന്,
ഓട്ടത്തിൽ നിന്നും
രക്ഷപെട്ടതിന്റെ ആശ്വാസമായിരുന്നു..

കൊച്ചുചെറുക്കൻ

junaith aboobaker,poems,malayalam, writer

കൊച്ചുചെറുക്കന് ഒരു കുഴപ്പമുണ്ട്
കക്കും
ചില കള്ളന്മാരെപ്പോലെ
കിട്ടിയതെല്ലാമൊന്നും കക്കില്ല
നാട്ടുകാർ അരുമയോടെ വളർത്തുന്ന
പ്രാവുകൾ
ലൌ ബേഡ്സുകൾ
അലങ്കാരക്കോഴികൾ
മുയലുകൾ
തത്തകൾ
മൈനകൾ
ഇവയെമാത്രം കക്കും
എത്രായിരം രൂപയുടെ മുതലാണെങ്കിലും
കൊച്ചുചെറുക്കനൊരു വിലയേയുള്ളൂ
അമ്പതു രൂപ,
അമ്പതു രൂപയ്ക്കും കുടിക്കും
ഇങ്ങനെയുള്ളവയെ കാണാതായാൽ
അതു പറന്നു പോയതായാലും ശരി
പൂച്ച പിടിച്ചതായാലും ശരി
നാട്ടുകാരാദ്യം കൊച്ചുചെറുക്കനെ പിടിക്കും
താൻ മോഷ്ടിച്ചതല്ലെങ്കിലും താനാണെന്ന്
കൊച്ചുചെറുക്കൻ സമ്മതിക്കും
കാശില്ല ഇടിച്ചോളാൻ പറയും
നാട്ടുകാർ ഇടിക്കും, കൊച്ചുചെറുക്കൻ കൊള്ളും
എന്നും കൊച്ചുചെറുക്കൻ കക്കും
എന്നും അമ്പതു രൂപയ്ക്ക് വിക്കും
എന്നും അമ്പതു രൂപയ്ക്കും കുടിക്കും
എന്നും നാട്ടുകാര് ഇടിക്കും..

അപ്പച്ചൻ

junaith aboobaker,poems,malayalam, writer

അപ്പച്ചൻ
പണക്കാരനാണ്
സത്യക്രിസ്ത്യാനിയാണ്
അബ്‌കാരി മുതലാളിയാണ്
അപ്പച്ചന്റെ ഷാപ്പ് നടത്തിപ്പിൽ
ഒരു റിയൽ എസ്റ്റേറ്റ് കണ്ണുണ്ട്
മുറിച്ച് വിൽക്കുന്ന പറമ്പിൽ
പത്ത് സെന്റ് സ്ഥലം
പറഞ്ഞതിലും ഇരട്ടി വിലയ്ക്ക് വാങ്ങും
കുറച്ച് നാൾ വെറുതെയിടും
പിന്നെ ഷാപ്പ് പണിയും
ഷാപ്പിന് ചുറ്റുമുള്ള സ്ഥലം
പറഞ്ഞതിലും പകുതിവിലയ്ക്ക്
അപ്പച്ചൻ തന്നെ വാങ്ങും
ഒത്തിരിപ്പേരുടെ മണ്ണ്
തിന്നത് കൊണ്ടാവും
അപ്പച്ചനെ മണ്ണിലോട്ടെടുത്തപ്പോൾ
ഒരു പിടി മണ്ണ് വാരിയിടാൻ
മക്കള് പോലുമില്ലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook