/indian-express-malayalam/media/media_files/uploads/2023/03/jk-novel-part-7.jpg)
ചിത്രീകരണം : ജയകൃഷ്ണന്‍
കഥകൾ, ചിത്രങ്ങൾ- ഭൂതത്തിന്റെ വിധവയുടേത്.
/indian-express-malayalam/media/media_files/uploads/2023/03/7_2-copy.jpg)
ഒരു കഥ വേറൊരു ഭാഷയിലേക്ക് മാറ്റുമ്പോൾ അതിൽ ഭൂതങ്ങൾ കയറിപ്പറ്റും. കഥകളെ ഒരിക്കലും വിശ്വസിക്കരുത്. പുസ്തകങ്ങളെ വിശ്വസിക്കാം, ചിലപ്പോഴൊക്കെ. പക്ഷേ അവയിലെ കഥകളെ ഒരിക്കലും അരുത്. അവ നടന്ന സംഭങ്ങളേക്കാൾ സത്യമാണെങ്കിൽപ്പോലും. കാരണം അവയിൽ ഭൂതങ്ങളുണ്ട്.
/indian-express-malayalam/media/media_files/uploads/2023/03/7_3-copy.jpg)
ഭൂതത്തെ വഞ്ചിച്ച സ്ത്രീയുടെ കഥ കേട്ടിട്ടുണ്ടോ നീ? ഭൂതങ്ങൾ പണ്ട് പാവങ്ങളായിരിക്കണം, ഒരുപക്ഷേ, അങ്ങനെയിരിക്കെയാണ് സ്ത്രീ ഭൂതത്തെ കണ്ടുമുട്ടുന്നത്. അപ്പോൾത്തന്നെ ഒരു ഭർത്താവുണ്ടായിരുന്നു അവൾക്ക്. പക്ഷേ ഭൂതത്തിനോട് അവൾക്ക് കൂടുതൽ ഇഷ്ടം തോന്നി- ഭൂതത്തിന് മറ്റു ഭാഷകളിലെ കഥകൾ പറയാനറിയാമായിരുന്നു. രഹസ്യമായി അവൾ ഭൂതത്തിന്റെയും കൂടി ഭാര്യയായി. അവളുടെ വലിയ കണ്ണുകളിൽ എപ്പോഴും വിശപ്പും ആർത്തിയുമായിരുന്നു. അവളുടെ ആർത്തി മാറ്റാൻ ഭൂതം പല പണികളും ചെയ്തു. പല വേഷവും കെട്ടി. വേഷംകെട്ടി വേഷംകെട്ടി ഒടുവിൽ ഭൂതമൊരു നാടകക്കാരനായി. അനേകം സൂര്യനും ചന്ദ്രനും ഭൂമിക്കു മുകളിലൂടെ കടന്നുപോയി. ഭൂതം കിടപ്പിലായി. അത് ഭാര്യയെ അടുത്തുവിളിച്ചു:
ഞാൻ മരിച്ചാൽ നീ കരയുമോ?
ഞാൻ പതിമൂന്നു ദിവസം കരയും.
അതു കഴിഞ്ഞാലോ?
അതു കഴിഞ്ഞാൽ വീണ്ടും പതിമൂന്നുദിവസം കൂടി കരയും.
ഭൂതത്തിനു സന്തോഷമായി. - ഇതു മൂന്നും നീ എടുത്തുകൊള്ളുക. ഭൂതം പറഞ്ഞു.
മൂന്നു കഥകളായിരുന്നു അത്.
ആദ്യത്തെ കഥയിലെ പൂവൻ കോഴി പതിമൂന്നു ദിവസം കഴിഞ്ഞാൽ പതിമൂന്നു സ്വർണമുട്ടയിടും. പതിമൂന്നു ദിവസംകൊണ്ട് അവ വിരിഞ്ഞുണ്ടാകുന്ന പൂവൻ കോഴികളും പതിമൂന്ന് സ്വർണമുട്ട വീതം ഇടും. അങ്ങനെയങ്ങനെ.
/indian-express-malayalam/media/media_files/uploads/2023/03/7_4-copy.jpg)
രണ്ടാമത്തെ കഥയിലെ മത്സ്യത്തെ പിടിച്ച് കരയിലിട്ടാൽ പതിമൂന്നു ദിവസം കഴിഞ്ഞ് അത് പതിമൂന്നു സ്വർണമീനുകളായി വെള്ളത്തിലേക്കു ചാടും. അവയെ പിടിച്ച് കരയിലിട്ടാൽ അവയും സ്വർണമത്സ്യങ്ങളായി മാറും. അങ്ങനെയങ്ങനെ.
മൂന്നാമത്തെ കഥ ആരെയെങ്കിലും വായിച്ചു കേൾപ്പിക്കണം. അധികം നേരമൊന്നും കഴിയേണ്ട, കഥ വായിച്ച് പതിമൂന്നു നിമിഷം മാത്രം കഴിഞ്ഞാൽ മതി, അതിൽ നിന്ന് ഒരു ഭ്രാന്തൻ നായ പുറത്തുചാടി കേൾവിക്കാരനെ കടിച്ചുകൊല്ലും.
കേട്ടപാതി കേൾക്കാത്തപാതി അവൾ മൂന്നാമത്തെ കഥയെടുത്ത് ഭൂതത്തെ വായിച്ചു കേൾപ്പിക്കാൻ തുടങ്ങി. അവൾക്ക് ഭൂതത്തെ ശുശ്രൂഷിച്ച് മടുത്തു കഴിഞ്ഞിരുന്നു. പോരാത്തതിന് ആദ്യത്തെ ഭർത്താവ് ഇക്കാര്യമെങ്ങാനറിഞ്ഞാൽ സംഗതി കുഴപ്പമാവുകയും ചെയ്യും. കിടക്കയിൽക്കിടന്ന് ഭൂതം പേടിച്ചുവിറച്ചു. അത് കരഞ്ഞുനോക്കി, കാലുപിടിച്ചുനോക്കി. അവൾ വായന നിർത്തിയില്ല.
ഇതായിരുന്നു കഥ:
ഒരിടത്തൊരു നാടകക്കാരനുണ്ടായിരുന്നു. നാടകത്തിന്റെ ചമയങ്ങൾ സൂക്ഷിക്കുന്ന മുറിയിലായിരുന്നു അയാളുടെ ഉറക്കം. ഉറക്കത്തിനിടയിൽ അയാളുടെ കാലിൽ എന്തോ കടിച്ചു. അയാൾ പേടിച്ചെഴുന്നേറ്റ് വിളക്കുകൊളുത്തി നോക്കി. ഒരു നായയുടെ മുഖംമൂടിയായിരുന്നു അത്. അയാളത് മുഖത്തുവെച്ചു. ഉടനെ അയാളുടെ മുഖം നീണ്ടു. കൈയിലും കാലിലും നഖങ്ങൾ വളർന്നു. വാലു മുളച്ചു. അയാളൊരു നായായി മാറി.
/indian-express-malayalam/media/media_files/uploads/2023/03/7_5-copy.jpg)
നായായപ്പോൾ അയാൾക്ക് ഇരുട്ടിലും കാണാൻ കഴിഞ്ഞു. മരിച്ചവർ മൂങ്ങകളുടെയും കടവാതിലുകളുടെയും രൂപത്തിൽ അയാളുടെ ചുറ്റും വന്നിരുന്നു. അവരോട് സംസാരിച്ച് അയാൾ നേരം പോയതറിഞ്ഞില്ല. അല്ലെങ്കിലും മരിച്ചവർ അങ്ങനെയാണ്. മരണത്തിന്റെ ഏകാന്തതയിൽ ആരെയെങ്കിലും സംസാരിക്കാൻ കിട്ടുന്നതാണ് അവരുടെ ഏറ്റവും വലിയ സന്തോഷം. നേരം വെളുത്താലുടനെ അയാൾ വീട്ടിൽ തിരിച്ചെത്തും. മുഖംമൂടി മാറ്റി പഴയപടി മനുഷ്യനായി മാറും.
ഇങ്ങനെ കുറെ ദിവസം കഴിഞ്ഞു. അയാളുടെ ഭാര്യക്ക് ഒരു കാര്യം മനസ്സിലായി. ഭർത്താവിന് എന്തോ രഹസ്യമുണ്ട്. നേരം രാത്രിയായാൽ അയാളെ കാണാതാകും. ചോദിച്ചിട്ട് അയാളൊന്നും പറയുന്നുമില്ല. ഇതെന്താണെന്ന് കണ്ടുപിടിച്ചേ തീരൂ, അവൾ തീരുമാനിച്ചു.
ദൂരെയൊരിടത്ത് പൂമ്പാറ്റകളുടെ ശവങ്ങൾ പുസ്തകത്തിൽ ഒട്ടിച്ചുവെയ്ക്കുന്ന ഒരു ദുർമന്ത്രവാദിനിയുണ്ട്. നാടകക്കാരന്റെ ഭാര്യ അവളെ കാണാൻ പോയി. ദുർമന്ത്രവാദിനി കാര്യമെല്ലാം മനസ്സിലാക്കിയിരുന്നു. ഒരു ചത്ത പൂമ്പാറ്റയെ കൊടുത്തിട്ട് ഭർത്താവ്വ് രൂപം മാറിയാലുടനെ അതയാളുടെ മുഖത്തെറിയാൻ അവൾ ഭാര്യക്ക് നിർദ്ദേശം നൽകി. ഭാര്യ അതുപോലെ ചെയ്തു. ഭർത്താവ് മുഖംമൂടിവെച്ച് നായായി മാറിയയുടനെ അവൾ പൂമ്പാറ്റയെ മുഖത്തെറിഞ്ഞു. പൂമ്പാറ്റ ജീവൻ വച്ച് പറന്നകന്നു. അതിന്റെ ചിറകിൽ കണ്ണുകളുണ്ടായിരുന്നു. അത് പറന്നത് തലകീഴായിട്ടായിരുന്നു.
/indian-express-malayalam/media/media_files/uploads/2023/03/7_6-copy.jpg)
ഭർത്താവിനാകട്ടെ അതോടെ മനുഷ്യരൂപം വീണ്ടെടുക്കാൻ കഴിയാതായി. അയാൾ പുറത്തേക്കോടി. രാത്രി എങ്ങനെയും കഴിയാം. പക്ഷേ പകൽ വെളിച്ചത്തിൽ ഒരു മനുഷ്യനെങ്ങനെ നായായി ജീവിക്കാനാകും? അയാൾ മഞ്ഞച്ച ചൂടിലൂടെ, എച്ചിൽ കൂനകളിലൂടെ അലഞ്ഞു. രാത്രിയിൽ നിലാവിനെ നോക്കി ഓരിയിട്ടു. മരിച്ചവർ പിന്നെ അയാളെ കാണാനെത്തിയില്ല. കുട്ടികൾ അയാളെ കല്ലെറിഞ്ഞോടിച്ചു. എവിടെയുമെത്താതെ അലഞ്ഞുനടന്ന് അയാൾക്ക് ഭ്രാന്തുപിടിച്ചു.
ലോകത്തിലെ ആദ്യത്തെ പേപ്പട്ടി അങ്ങനെയുണ്ടായി.
ആ കഥയുടെ അവസാനമെന്താണെന്ന് ഞാൻ പറയുന്നില്ല. ഭൂതം പറഞ്ഞതുപോലെ കഥയിൽനിന്ന് ഒരു പേപ്പട്ടി വന്നു നമ്മളെ കടിച്ചാലോ? ഈ ചിത്രത്തിൽ നോക്കിയാൽ നിനക്കെല്ലാം മനസ്സിലാകും, ഒരുപക്ഷേ.
ഏതായാലും ഭൂതത്തിന്റെ ഭാര്യ കഥവായിച്ചവസാനിപ്പിച്ചു. പതിമൂന്നു നിമിഷം കഴിഞ്ഞു. മരണത്തിന്റെ മുമ്പിൽ ഭൂതം കണ്ണുകളടച്ചു. കഥയിൽ നിന്ന് ഒരു ഭ്രാന്തൻ നായ ചാടിവന്ന് ഭൂതത്തെ കടിച്ചുകൊന്നു. ചില കഥകൾ അങ്ങനെയാണ്; *അവ മനുഷ്യരെ ഒരു കറ പോലെ തുടച്ചുമായ്ച്ചുകളയും; എന്നെന്നേക്കുമായി.
ഭൂതത്തിന്റെ വിധവ വേഗം മറ്റു രണ്ട് കഥകളും കൊണ്ട് ആദ്യ ഭർത്താവിന്റെ അടുത്തേക്ക് പോയി. അവൾ കോഴിക്കൂടും മീൻ വലയും ശരിയാക്കി വെച്ചു. സ്വർണമുട്ടകളെയും സ്വർണമീനുകളെയും ഓർത്തുകൊണ്ട് കഥ വായിക്കാൻ തുടങ്ങി.
മറ്റു ഭൂതങ്ങൾ ഇതെല്ലാം കണ്ടു. ചങ്ങാതിയുടെ മരണത്തിന് പകരം വീട്ടാൻ അവർ ഇറങ്ങിത്തിരിച്ചു. അവർ കഥകളിൽ കയറിപ്പറ്റി. അങ്ങനെ, കോഴിയിട്ട മുട്ടകൾ വിരിഞ്ഞുണ്ടായത് ഭയങ്കരന്മാരായ ഭൂതങ്ങളായിരുന്നു. കരയ്ക്കുപിടിച്ചിട്ട മീനുകൾ വെള്ളത്തിലേക്കു ചാടിയപ്പോഴുണ്ടായത് കൂടുതൽ ഭയങ്കരന്മാരായ ഭൂതങ്ങളായിരുന്നു. ഭൂതങ്ങൾ എല്ലാ കഥകളിലും കയറിപ്പറ്റി. കഥകളെ വിശ്വസിക്കാൻ പറ്റാതായി. വിശ്വസിക്കാൻ പറ്റാതായ കഥകളിലിരുന്ന് ഭൂതങ്ങൾ മനുഷ്യരെ ഉപദ്രവിക്കാൻ തുടങ്ങി.
ഈ കഥയിൽ നിന്ന് നിനക്കെന്താണ് മനസ്സിലായത്? പെണ്ണുങ്ങളെ വിശ്വസിക്കരുതെന്നോ? അല്ലേയല്ല. പെണ്ണുങ്ങളെയല്ല, കഥകളെയാണ് വിശ്വസിക്കരുതാത്തത്. അവയിൽ നിറയെ ഭൂതങ്ങളാണ്. എന്നിട്ടും നമ്മൾ കഥ വായിച്ചുകൊണ്ടേയിരിക്കും; ഭൂതങ്ങളില്ലാത്ത, തണുപ്പും തണലുമുള്ള ഒരിടം കണ്ടെത്താൻ വേണ്ടി. ഒരിക്കൽ നിനക്കതു മനസ്സിലാകും- എന്നെങ്കിലും നീയൊരു കഥപറച്ചിലുകാരനാകുമ്പോൾ, മരണത്തിൽ നിന്നു തിരിച്ചുവന്ന് നീ പറയുന്ന സത്യങ്ങൾ പോലും വെറും കഥകളെന്നു പറഞ്ഞ് ആളുകൾ പരിഹസിക്കുമ്പോൾ.
/indian-express-malayalam/media/media_files/uploads/2023/03/jk7.jpg)
പുസ്തകക്കച്ചവടക്കാരൻ ചിരിച്ചുകൊണ്ടാണ് സഞ്ജയനെ നോക്കിയത്. അയാളുടെ പേടി ലേശം കുറഞ്ഞു. പക്ഷേ വ്യാപാരി പറഞ്ഞത് ചിരിക്കാനുള്ള കാര്യമായിരുന്നില്ല - നിനക്കിപ്പോൾ പതിനയ്യായിരം രൂപ കടമുണ്ട്. സഞ്ജയൻ പിന്നെയും പേടിച്ചു: _ഇവനിപ്പോൾ എന്റെ കഴുത്തിനു പിടിക്കും; അയാൾ വിചാരിച്ചു.
വ്യാപാരി ചിരിച്ചുകൊണ്ടുതന്നെ നിന്നു. അപ്പോൾ കടയ്ക്കകത്തുനിന്ന് ഒരു സുന്ദരിയും പല്ലിയും അയാളെ വിളിച്ചു. പല്ലി വിളിച്ചത് അയാൾ കേട്ടില്ല, സഞ്ജയനേ കേട്ടുള്ളൂ. വ്യാപാരി സുന്ദരിയെയും കൂട്ടി പുസ്തകത്തട്ടുകൾക്കിടയിൽ മറഞ്ഞു. പല്ലി അവരെ ദേഷ്യത്തോടെ നോക്കി.
അവൾ വേറൊരുത്തന്റെ ഭാര്യയാണ്, പല്ലി പറഞ്ഞു.
നിനക്കെങ്ങനെ അറിയാം? സഞ്ജയൻ ചോദിച്ചു.
എനിക്കറിയാം. പല്ലി പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/03/7_8-copy.jpg)
സഞ്ജയൻ ഒന്നും മിണ്ടിയില്ല.
നീ പല്ലിഭാഷ പഠിക്കണം, പല്ലി വീണ്ടും പറഞ്ഞു.
എന്തിന്?
എങ്കിൽ ഭാവി മനസ്സിലാക്കാൻ പറ്റും.
ഭാവിയെപ്പറ്റി സഞ്ജയന് വലിയ താത്പര്യം തോന്നിയില്ല. അയാൾ കോട്ടുവായിട്ടു. പുസ്തകക്കടയുടെ വാതിൽ താനേ തുറന്നു. മരണത്തിന്റെ നിറമുള്ള ഒരു കാറ്റ് അകത്തുവന്നു. കോട്ടുവായും കൊണ്ട് അത് സഞ്ജയൻ വരച്ച ചിത്രത്തിലെ മരങ്ങൾക്കിടയിലില്ലാതായി. പല്ലി പേടിച്ച് പുസ്തകങ്ങൾക്കിടയിലൊളിച്ചു. വ്യാപാരിയും പെൺകുട്ടിയും പുറത്തേക്കു വന്നു. പല്ലി ഒളിച്ച പുസ്തകങ്ങൾക്ക് പിന്നിൽ സഞ്ജയനും ഒളിച്ചു.
അവൾ വേറൊരുത്തന്റെ ഭാര്യയാണ്, പല്ലി പിന്നെയും പറഞ്ഞു. കച്ചവടക്കാരൻ തിരിഞ്ഞുനോക്കി. അയാൾ സഞ്ജയനെ കണ്ടു. അയാളുടെ മുടിയിഴകളിലൊന്നിന്റെ നീളം കൂടുകയും കുറയുകയും ചെയ്യുന്നതു കണ്ട് സഞ്ജയൻ പിന്നെയും പേടിച്ചു. സൂക്ഷിച്ചുനോക്കിയപ്പോൾ അതൊരു ചിലന്തിയും അതിന്റെ നൂലുമാണെന്ന് അയാൾക്ക് മനസ്സിലായി. നീ പതിനയ്യാ യിരം രൂപ തരാനുണ്ട്, കച്ചവടക്കാരൻ ചിരിച്ചു.
സഞ്ജയൻ ഉമിനീരിറക്കി.
സാരമില്ല, കച്ചവടക്കാരൻ വീണ്ടും ചിരിച്ചു, ഞാൻ നിനക്ക് അങ്ങോട്ട് കുറെ കാശ് തരാം. സഞ്ജയൻ മിഴിച്ചുനിന്നു. മുടിയിഴയുടെ അറ്റത്തെ ചിലന്തി നൂലിന്റെ നീളം കൂട്ടിക്കൊണ്ടിരുന്നു. ഞാൻ നിനക്കു തന്ന പുസ്തകം നീ വിവർത്തനം ചെയ്തുതരണം, കച്ചവടക്കാരൻ തന്റെ ആവശ്യം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/03/7_9-copy.jpg)
സഞ്ജയൻ മരണത്തിന്റെ പുസ്തകത്തെക്കുറിച്ചോർത്തു. താനത് ഇക്ബാലിന്റെ തോണിക്കുള്ളിൽ ഒളിപ്പിച്ചതോർത്തു. നഗരസഭാധ്യക്ഷനും പുസ്തകവും കൂടി തല്ലുകൂടിയതോർത്തു. പിന്നെ മഞ്ഞച്ച കടലാസ്സിലെ തമ്മിൽ തൊടാത്ത വരികൾ പോലെ അടുപ്പമുണ്ടായിട്ടും അകന്നു നിൽക്കുന്ന പലതിനെപ്പറ്റിയു മോർത്തു.
കടയിൽ നിന്നിറങ്ങുമ്പോൾ വ്യാപാരിയും ചിലന്തിയും പല്ലിയും ചിരിക്കുന്നത് അയാൾ കേൾക്കുന്നുണ്ടായിരുന്നു.
പകൽ വെളിച്ചത്തിൽ ഇക്ബാലിന്റെ വീട് ഇരുളടഞ്ഞുകിടന്നു. അയാൾ നഗരത്തിലെവിടെയോ കൈനോക്കി ഭാവി പറയുകയായിരുന്നു. ദൂരെ, ഒരു ഓടവക്കിലിരുന്ന് കൈരേഖകളുടെ ചാലിൽക്കൂടി ജലമൊഴുകി ഒരു നദി രൂപപ്പെടുന്നത് അയാൾ സ്വപ്നംകാണുമ്പോൾ സഞ്ജയൻ തോണിക്കടിയിലെ പലക നീക്കി പുസ്തകം കണ്ടെടുത്തു.
/indian-express-malayalam/media/media_files/uploads/2023/03/7_10-copy.jpg)
പുസ്തകത്തിന്റെ അരികുകൾ മഞ്ഞയ്ക്കുകയും അവിടെ പച്ചനിറമുള്ള പൂപ്പൽ വളരുകയും ചെയ്തിരുന്നു. സഞ്ജയനെ അത്ഭുതപ്പെടുത്തിയത് അതല്ല. പുസ്തകത്തിന് അസാധാരണമായ വിധത്തിൽ ഭാരം കൂടിയിരുന്നു! പാതാളത്തിലെ സകലമാന ഭൂതങ്ങളും അതിൽക്കേറിക്കൂടിയതായി തോന്നി. ഭാരം കാരണം അയാൾക്കതൊരു ചാക്കിൽക്കെട്ടി ചുമക്കേണ്ടിവന്നു. ചാക്കിന്റെ മുകളിൽ വന്നിരുന്ന് ഇക്ബാലിന്റെ തത്ത ചിലച്ചു. - ഞാൻ മരണത്തിന്റെ പുസ്തകമെടുക്കുന്നതു നീ കണ്ടോ? സഞ്ജയൻ ചോദിച്ചു. -ഞാൻ കണ്ടു, ഞാൻ കണ്ടു, തത്ത പറഞ്ഞു. എന്നിട്ട് പതിമൂന്നു ഭാഷകളിൽ അത് മറ്റുള്ളവരുടെ മരണം മോഷ്ടിച്ച ഒരുവന്റെ കഥ പറഞ്ഞു കേൾപ്പിച്ചു. പതിമൂന്നു ഭാഷയും സഞ്ജയന് മനസ്സിലായില്ല.
പിന്നീടൊരിക്കൽ തത്തയ്ക്ക് ആ കഥ വീണ്ടും പറയേണ്ടിവരും.
അത്താഴം കഴിക്കുമ്പോൾ അച്ഛനുമമ്മയും തന്നെ സൂക്ഷിച്ചുനോക്കുന്നത് സഞ്ജയൻ ശ്രദ്ധിച്ചില്ല. എന്തു പറ്റി നിനക്ക്? അമ്മ ചോദിച്ചു. അയാൾ ഒന്നും മിണ്ടിയില്ല. അമ്മ കുറെ കടുകും ഉപ്പും അയാൾക്കു ചുറ്റും ഉഴിഞ്ഞ് അടുപ്പിലിട്ടു. അതുകൊണ്ട് കാര്യമില്ല, അച്ഛൻ പറഞ്ഞു: അവൻ കഥകളെപ്പറ്റി ആലോചിക്കുകയാണ്. അടുപ്പിൽ കിടന്ന് ഉപ്പും കടുകും പൊട്ടിത്തെറിച്ചു. സഞ്ജയൻ തീയിലേക്കുനോക്കി. തീനാളങ്ങൾക്കിടയിൽ ഒരു പെൺകുട്ടി കുനിഞ്ഞിരിക്കുന്നത് അയാൾ കണ്ടു. പേടിയോടെ അയാൾ കുറെ വെളളമെടുത്ത് അടുപ്പിലൊഴിച്ചു. പെൺകുട്ടി പുറത്തേക്ക് പറന്നുപോയി. കൂടെ പച്ചനിറത്തിലുള്ള പുകയും. പുകയ്ക്ക് പച്ചിലകളുടെയും ഉറക്കത്തിന്റെയും മണമായിരുന്നു.
/indian-express-malayalam/media/media_files/uploads/2023/03/7_11-copy.jpg)
അച്ഛനുമമ്മയും ഉറങ്ങിയപ്പോൾ കാറ്റുവന്ന് വാതിലി മുട്ടി: ഒന്ന്, രണ്ട്, മൂന്ന്… സഞ്ജയൻ ശ്വാസംപിടിച്ചുനിന്നു. കാറ്റിന്റെ കൂടെ ഒരു ദുഷ്ടഭൂതവുമുണ്ടാ കുമെന്ന് അയാൾക്കറിയാം. വാതിലിൽ മുട്ടുന്നതു നിര്ത്തിയിട്ട് കാറ്റും ഭൂതവുമകന്നുപോയപ്പോൾ അയാൾ ചാക്കിന്റെ കെട്ടഴിച്ചു. പുസ്തകക്കച്ച വടക്കാരന്റെ മുടിയിൽ തൂങ്ങിയാടിയ ചിലന്തി അതിൽ നിന്ന് പുറത്തുകടന്നു.
അടുപ്പിൽ നിന്നു പറന്നുപോയ പെൺകുട്ടിയാരാണെന്ന് നിനക്കറിയാമോ? ചിലന്തി ചോദിച്ചു.
ഇല്ല, സഞ്ജയൻ കള്ളം പറഞ്ഞു.
നീ ചിലന്തിഭാഷ പഠിക്കണം.
എന്തിന്?
എന്നാൽ ഭൂതങ്ങളെപ്പറ്റി അറിയാൻ പറ്റും.
ഭൂതങ്ങളെപ്പറ്റി എനിക്കൊന്നുമറിയേണ്ട, അടിക്കാൻ ചൂലു തിരഞ്ഞുകൊണ്ട് സഞ്ജയൻ പറഞ്ഞു. എട്ടുകാലി വാതിലിന്റെ വിടവിലൂടെ പുറത്തേക്കോടി.
ഉറക്കം തൂങ്ങിക്കൊണ്ട് സഞ്ജയൻ പുസ്തകം തുറന്നു. മരണത്തിന്റെ പുസ്തകം; മരണത്തിന്റെ കഥകൾ. ആദ്യം കണ്ണിൽപ്പെട്ട കഥ അയാൾ വിവർത്തനംചെയ്തു.
നാടകക്കാരന്റെ കഥയായിരുന്നു അത്.
നാടകത്തിനിടയിൽ പേപ്പട്ടിയായി അഭിനയിച്ച നടന്റെ കടിയേറ്റ് അയാൾ മരിച്ചു. അയാളുടെ വിധവ കരഞ്ഞുകൊണ്ട് അടുത്തിരുന്നു. താൻ ഷരിക്കും മരിച്ചിട്ടുണ്ടാവില്ലെന്ന് അയാൾക്കപ്പോൾ തോന്നി. അയാൾ വിധവയെയും മക്കളെയും വിളിച്ചു: അവസാനത്തെ രംഗത്തിൽ എന്തോ തെറ്റുപറ്റിയതാണ്. നമുക്ക് നാടകം വീണ്ടും കളിക്കാം.
/indian-express-malayalam/media/media_files/uploads/2023/03/7_12-copy.jpg)
നാടകം വീണ്ടും തുടങ്ങി. കുട്ടികൾ കൈകകൾ കോർത്തുണ്ടാക്കിയ കാട്ടിനുള്ളിൽ നിന്ന് വിധവ അയാളുടെ കണ്ണുപൊത്തി. ഒരു ഭ്രാന്തൻ നായയുടെ പല്ലുകൾ വീണ്ടും അയാളുടെ ശരീരത്തിലാഴ്ന്നു. പേവിഷബാധയുടെ അവസാനമില്ലാത്ത മരണത്തിൽ അയാൾ പിടഞ്ഞു.
രാത്രിയായിരുന്നു. ** കാറ്റും ദുഃഖവും നിറഞ്ഞ നാടകശാലയിൽ, നേരം വൈകിയിട്ടും അരണ്ട വെട്ടംപരത്തിയ ഒരു വിളക്ക് അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരുന്നു.
നാടകം കഴിഞ്ഞു, നിനക്കിനിയും വീട്ടിലേക്കു വരാനായില്ലേ? വാതിൽക്കൽ തന്റെ വെപ്പുപല്ലുകൾ പുറത്തേക്കു നീട്ടിക്കൊണ്ട് ഒരുവൻ പറയുന്നത് അയാൾ കേട്ടു. പേപ്പട്ടിയുടെ വേഷം കെട്ടിയ നടനായിരുന്നു അത്. നാടകക്കാരനെ നോക്കി ചിരിച്ചിട്ട് *** വിധവ അയാളുടെ കൂടെ നടന്നകന്നു. നാടകം കഴിഞ്ഞെങ്കിൽ, നാടകക്കാൻ വിചാരിച്ചു: ഞാൻ, എന്റെ വിധവ, ഞങ്ങളുടെ കുഞ്ഞുങ്ങൾ… എല്ലാവരും ആരുടെയോ കഥാപാത്രങ്ങളായി രിക്കാം.
അങ്ങനെ മറ്റാരുടെയോ നാടകത്തിൽ മരണം അഭിനയിച്ചുകൊണ്ട് അയാ കിടന്നു.
കഥ വീണ്ടും വായിച്ചപ്പോൾ ഇത്രയും കാലത്തിനിടയിൽ ഒരിക്കൽപ്പോലും ഒരു സ്ത്രീയുടെ ശരീരത്തെപ്പറ്റി താൻ വിചാരിച്ചിട്ടില്ലല്ലോയെന്ന് സഞ്ജയനോർത്തു. പതിവുപോലെ രണ്ടുതരം വൃഷണവീക്കവും മൂത്രക്കടച്ചിലും അയാൾക്കനുഭവപ്പെട്ടു. പുസ്തകത്തിലെ ഭൂതങ്ങൾ അയാളെ കളിയാക്കി ചിരിക്കാൻ തുടങ്ങി. ഒരു വിഡ്ഢിച്ചിരിയുമായി സഞ്ജയനും അവരോടൊപ്പം ചേർന്നു..
…………………………………………………..
- So other tools were soon invented,
which could wipe out a man
as easily as you wipe off a stain.
Nina Cassian – Continuum - * A swaying of late lanterns
in the workshops filled
with breeze and sadness
Salvatore Quasimodo- Selected Poems - * * Widows of the living and
Widows of the dead
One after another departs - Rosalia de Castro- Poems
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.