കഥകൾ,ചിത്രങ്ങള്‍- മഴ വരയ്ക്കുന്ന വൃത്തങ്ങളുടേത്

പുഴ വറ്റിയ ദിവസം ആരോ വരച്ചതാണിത്, മൺചുവരിലെ ചിത്രത്തിൽ നോക്കി ഇക്ബാൽ കയ്‌പോടെ പറഞ്ഞു: ഒരാള്‍ തത്തക്കൂടുമായി ഇരിക്കുന്ന ചിത്രം- എന്തു ചെയ്യണമെന്ന് എനിക്കപ്പോള്‍ മനസ്സിലായി. ഞാനൊരു ഭൂതക്കണ്ണാടി വാങ്ങി. തിരിച്ചു വന്നപ്പോൾ ഈ തത്ത എന്നെ കാത്ത് മുറിക്കകത്തുണ്ടായിരുന്നു. എനിക്കറിയാം, ഇനിയിവള്‍ എന്നെ വിട്ട് എങ്ങും പോകില്ല. പൂച്ചപിടിക്കാതിരിക്കാനാണ് ഞാനിവളെ കൂട്ടിലടച്ചിരിക്കുന്നത്.
പൂച്ചയെപ്പറ്റി പറഞ്ഞപ്പോൾ നഗരസഭാദ്ധ്യക്ഷന്റെ ഇരുട്ടത്ത് തിളങ്ങുന്ന പൂച്ചക്കണ്ണുകൾ സഞ്ജയന് ഓർമ്മവന്നു. ഇക്ബാലിന്റെ വീട്ടിനകത്തിരിക്കുക യായിരുന്നു അയാൾ, മഴ പെയ്തുകൊണ്ടിരുന്നു. സഞ്ജയൻ പുറത്തേക്കു നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. നോക്കിയാൽ വറ്റിപ്പോയ നദിയുടെ നിഴലിലൂടെ മഴവെള്ളത്തിന്റെ എഴുത്തുകള്‍ പടരുന്നത് കാണും. അതിൽനിന്ന് പച്ചനിറമുള്ള മുള്ളുകള്‍മുളച്ചു വരും. അവ പിന്നെ ഭൂതങ്ങളായി മാറും. -മഴ! മഴ! കൂട്ടിൽകിടന്ന് തത്ത ഒച്ചവെച്ചു. *ചുവരിൽ, അതിന്റെ മുറിവേറ്റ നിഴൽ ഒരു ചിത്രം വരച്ചുകൊണ്ടിരുന്നു. അടുപ്പത്ത് തിളയ്ക്കുന്ന പാത്രത്തിൽനിന്ന് രുചികരമായ ഒരു മണം പൊന്തി. പാത്രത്തിനകത്ത് വെറും വെള്ളമല്ലാതെ മറ്റൊന്നുമില്ലെന്ന് സഞ്ജയന് തീര്‍ച്ചയായിരുന്നു.

അദ്ധ്യക്ഷനും കൗൺസിലർമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതു കൊണ്ടാണ് സഞ്ജയന് അന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാന്‍ പറ്റിയത്. വഴി നിറഞ്ഞുവന്ന ജാഥയ്ക്കിടയിൽ വാഹനങ്ങള്‍ കുടുങ്ങിപ്പോയതിനാൽ അയാള്‍ക്ക് മഴയത്ത് ഏറെ നടക്കേണ്ടി വന്നു. പെട്ടെന്ന് പ്രകടനത്തിനു മുകളിൽ നീലയും മഞ്ഞയും നിറങ്ങളിൽ ഒരു ഇടിവെട്ടി. ആളുകള്‍ചിതറിയോടി. പച്ചമുഖമുള്ള കുറെ ഭൂതങ്ങള്‍ അവര്‍ക്കിടയിൽ വന്നുവീണു. സഞ്ജയന്‍ പത്തുവരെ എണ്ണി. ആളുകള്‍ വീണ്ടും ഒന്നിച്ചുകൂടി ജാഥ തുടര്‍ന്നു. അവരുടെ മുഖങ്ങള്‍ പുകമൂടിയിരുന്നു. അതുകാരണം ആരും കാണാതെ നിരത്തു മുറിച്ചുകടന്ന് സഞ്ജയന് ഇക്ബാലിന്റെ വീട്ടിലെത്താന്‍ പറ്റി. അടഞ്ഞവാതിലിനു പുറകിലെ ഇരുട്ടിലിരുന്ന് ഇക്ബാൽ കൈനോക്കു ന്നതിനിടയിൽ തത്ത തനിക്കു പറഞ്ഞുതന്ന കഥകൾ പറഞ്ഞു.
പിന്നീടൊരിക്കൽ അയാള്‍ക്കാ കഥകൾ വീണ്ടും പറയേണ്ടി വരും.

പുറത്ത് പ്രകടനത്തിന്റെ ഇരമ്പം വര്‍ദ്ധിച്ചു. വാതിലിൽ ആരോ മുട്ടി. സഞ്ജയന്‍ഒരു മൂലയിലൊളിച്ചു. തിളച്ചുകൊണ്ടിരുന്ന പാത്രത്തിൽനിന്ന് ഒരു ചെറിയ ഭൂതം പറന്നുവന്ന് അടുപ്പിലെ തീകെടുത്തി. ഇരുട്ട് ഒന്നുകൂടി കനത്തു. ഇക്ബാൽ വാതിൽ തുറന്നു. അദ്ധ്യക്ഷന്റെ സ്ത്രീശബ്ദം സഞ്ജയന്‍തിരിച്ചറിഞ്ഞു: –
സഞ്ജയനെവിടെ?
ഇവിടെയില്ല, ഇക്ബാൽ പറഞ്ഞു.
എവിടെപ്പോയി?
മരിച്ചുപോയി.
അദ്ധ്യക്ഷന് കാര്യം പിടികിട്ടിയില്ല. പൂച്ചക്കണ്ണുകള്‍കൊണ്ട് ഇക്ബാലിനെ നോക്കിപ്പേടിപ്പിച്ചിട്ട് അയാള്‍ ജാഥക്കിടയിൽ മറഞ്ഞു. അയാൾക്കപ്പോൾ മൂന്ന് സ്രാവുകളെയും രണ്ട് ആണുങ്ങളെയും ഭോഗിക്കാനാവുമെന്ന് സഞ്ജയന് ശരിക്കും തോന്നി.
മൂലയിലെ കട്ടികൂടിയ ഇരുട്ടിലിരുന്ന് സഞ്ജയന്‍ഉറങ്ങിപ്പോയിരുന്നു. തിളക്കുന്ന കലത്തിൽ കരിപിടിച്ച സൂര്യനും ഒരു ഭൂതവും കുടുങ്ങിക്കിടക്കുന്നത് അയാള്‍സ്വപ്നം കണ്ടു. ഇക്ബാൽ അയാളെ വിളിച്ചുണര്‍ത്തി. ഭക്ഷണം വിളമ്പിയിട്ടുണ്ടായിരുന്നു. സഞ്ജയന് കഴിക്കാന്‍തോന്നിയില്ല. പാത്രത്തിൽനിന്ന് മഞ്ഞഭൂതങ്ങള്‍ അയാളെ പല്ലിളിച്ചുകാണിച്ചു. വീണ്ടും ഉറക്കം വരാന്‍തുടങ്ങി. -നമുക്ക് തോണിപോയി നോക്കാം, ഉറക്കത്തിൽ ഇക്ബാലിന്റെ ശബ്ദം അയാള്‍കേട്ടു.
തോണിയെപ്പറ്റി ഇക്ബാൽ മിണ്ടാതായിട്ട് ഏറെക്കാലമായി. പുഴ വറ്റിയപ്പോള്‍ തോണിയും തുഴയും അയാളൊരു മൺതിട്ടയിലുപേക്ഷിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. മുരുകനെന്നു പേരുമാറ്റി ഭൂതക്കണ്ണാടിയും തത്തയുമായി അയാള്‍ഭാവി പറയാന്‍പോയി. കൈനോക്കുമ്പോൾ ശാഖകളായി പിരിഞ്ഞൊഴുകി എങ്ങുമെത്താതെ അവസാനിക്കുന്ന ഒരു പുഴകണ്ട് അയാളുടെ കണ്ണുനിറഞ്ഞു. അതുനോക്കി അയാള്‍പ്രവചിച്ചതൊക്കെ അക്ഷരംപ്രതി ശരിയായി. എന്നാൽ ഇപ്പോള്‍മഴ പെയ്യുകയും ഭൂമി അതിന്റെ പഴങ്കഥകളിലൂടെ ഒഴുകാന്‍തുടങ്ങുകയും ചെയ്തപ്പോള്‍ ഇക്ബാൽ വീണ്ടും തോണിയെപ്പറ്റി പറഞ്ഞു: നമുക്ക് തോണിപോയി നോക്കാം. തോണിയെ മഴയുടെ നനവുള്ള ഇരുട്ട് പൊതിഞ്ഞു നിന്നു. രണ്ടുപേരും കൂടി തോണി ഉയര്‍ത്തിയെടുക്കാൻ നോക്കി. കഴിഞ്ഞില്ല. തളംകെട്ടി നിന്ന വെള്ളത്തിൽത്തെളിഞ്ഞ ആകാശത്തിൽ അവര്‍ക്കുചുറ്റും മഴത്തുള്ളികളുണ്ടാക്കിയ വൃത്തങ്ങള്‍ അകന്നു പോയ്‌ക്കൊണ്ടിരുന്നു. ഒരുവിധത്തിൽ അവര്‍ തോണി ഉയര്‍ത്തിയെടുത്തു. അതിനടിയിൽ നിറയെ വേരുകള്‍ മുളച്ചിരുന്നു. വേരുകളിൽ മങ്ങിയ വെളുത്തനിറമുള്ള പൂക്കള്‍ വിടര്‍ന്നുനിന്നു. അവയുടെ വിഷാദം നിറഞ്ഞ മണത്തിലൂടെ അവര്‍ അക്കരയ്ക്ക് തോണിനീക്കി. ഇല്ലാതായിപ്പോയ പുഴയിലെ വെള്ളത്തിന് ആഴം കുറവായിരുന്നു. സഞ്ജയന്‍ മഴയിലേക്ക് നോക്കി. മഴത്തുള്ളികളോരോന്നും മരണം പോലെ തനിച്ചാണ് പെയ്യുന്നതെന്ന് അയാള്‍കണ്ടു. അയാൾക്ക് ഹൃദയത്തിൽ മൂന്നുതരം നീർക്കെട്ടും ഗർഭം അലസിയതു പോലുള്ള വേദനയും അനുഭവപ്പെട്ടു. അപ്പോള്‍ തോണി വീണ്ടും ഇളകാതായി. വേരുകള്‍ മണ്ണിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും. ഇക്ബാൽ പിറുപിറുത്തുകൊണ്ട് തുഴയുമെടുത്ത് തോണിയിൽനിന്നിറങ്ങി. കൂടെ സഞ്ജയനും. മുട്ടറ്റം വരെയേ വെള്ളമുണ്ടായിരുന്നുള്ളൂ. വീട്ടിനകത്തു നിന്ന് തത്ത പേരുചൊല്ലി വിളിക്കുന്നത് കേട്ടുകൊണ്ട് അവര്‍ കരയിലേക്ക് തിരിച്ചുനടന്നു.

തോണിക്കുള്ളിൽ ഒളിപ്പിച്ചുവെച്ച പുസ്തകത്തെപ്പറ്റി സഞ്ജയനോര്‍ത്തു. മഴത്തുള്ളികളുണ്ടാക്കിയ വൃത്തങ്ങളിൽ അയാളുടെയും കൂട്ടുകാരന്റെയും രൂപങ്ങള്‍ തകര്‍ന്ന് അകന്നുപോയി. പുഴയുടെ ആഴം പെട്ടെന്ന് വര്‍ദ്ധിച്ചു. അവര്‍ക്ക് നീന്താനായില്ല. മഞ്ഞപ്പൂക്കള്‍നിറച്ച കടലാസ്സ്‌തോണികളും ഉറുമ്പിന്‍കൂട്ടങ്ങൾ കയറിപ്പറ്റിയ പച്ചിലകളും അവര്‍ക്കുചുറ്റും ഒഴുകിക്കടന്നു. നദിക്കടിയില്‍നിന്ന് ഏതോ അതീതകാലത്തെ മീന്‍മുള്ളുകൾ ഉയർന്നു വന്ന് അവരെ കുത്തി നോവിച്ചു. പായലും ഇരുട്ടും കൂടുവെച്ച ഒരു മരപ്പൊത്തില്‍പതിമൂന്നു മഴക്കാലം ഉറങ്ങിയതിനെപ്പറ്റി ഒരു തവള പറഞ്ഞ കഥകേട്ടുകൊണ്ട്, നിലയില്ലാത്ത ഒഴുക്കിൽ തുഴയുടെ രണ്ടറ്റത്തും പിടിച്ചുകിടന്ന് അവര്‍കരയ്ക്കടിഞ്ഞു. തവളയുടെ കഥയിലെ ഉറക്കത്തിലേക്ക് വഴുതുമ്പോള്‍ നദി പക്ഷിത്തൂവലുകളുടെ ഒരു ചുഴിയില്‍അവസാനിക്കുന്നത് സഞ്ജയന്‍കണ്ടു.
മഴ വെളുത്ത നൂലുകള്‍കൊണ്ട് അവര്‍ക്കും ആകാശത്തിനുമിടയിലുള്ള അകലം അളന്നുകൊണ്ടിരുന്നു.

മഴയുടെയും നദിയുടെയും ദൈവമല്ല മഴവെള്ളത്തിലെ വൃത്തങ്ങളെ സൃഷ്ടിച്ചത്. ഏതോ ഭൂതത്തിന്റെ മക്കളാണ് അവ.
ഒരിക്കൽ ഒരു കടത്തുകാരന്‍ രാത്രിയിൽ ആരോ വിളിക്കുന്നതു കേട്ട് പുറത്തിറങ്ങി. പുഴയുടെ അക്കരെനിന്ന് ആരോ വീണ്ടും നീട്ടിവിളിച്ചു. തോണിക്കാരന്‍വിളികേട്ടു. ഉറക്കം വരുത്തുന്ന വെളുത്ത പൂക്കളുടെ ഗന്ധംകൊണ്ട് രാത്രി നിറഞ്ഞിരുന്നു. അക്കരെ പക്ഷേ അനക്കമൊന്നും കേട്ടില്ല. ഓയ്… തോണിക്കാരന്‍ മറുവിളി വിളിച്ചു. ആരും ഒന്നും പറഞ്ഞില്ല. വെറുതെ തോന്നിയതാവും, തോണിക്കാരന്‍വീണ്ടും ഉറങ്ങാന്‍തുടങ്ങി.
തുഴയുമ്പോള്‍ തോണിക്ക് നദിയിൽ വേരുപിടിക്കുന്ന സ്വപ്നം കാണുന്നതിനിടയിൽ അയാള്‍വീണ്ടും ആ ശബ്ദം കേട്ടു. ഏതായാലും ഉറക്കം പോയി, തോണിക്കാരന്‍ കണ്ണുതിരുമ്മിക്കൊണ്ടു പറഞ്ഞു: അക്കരെച്ചെന്ന് അതാരാണെന്നുനോക്കാം. അയാള്‍ക്കൊപ്പം ഉറക്കം ഞെട്ടിയ ഒരു തത്ത മരപ്പൊത്തിലിരുന്ന് പതിമ്മൂന്നു ഭാഷയിൽ പോകരുതെന്നു പറഞ്ഞു. പതിമ്മൂന്നു ഭാഷയും അയാള്‍ക്കു മനസ്സിലായില്ല.

അയാള്‍തോണി തുഴഞ്ഞു. ആദ്യമായി അയാള്‍കണ്ടു- തന്റെ തുഴ വീഴുന്നിടത്ത് ജലപ്പരപ്പിൽ വൃത്തങ്ങൾ, അവ അകന്നകന്നുപോകുന്നു. അയാള്‍പേടിച്ച് തുഴച്ചിൽ നിര്‍ത്തി. **പേടി ഒരു തുണ്ടുകടലാസ് പോലെയാണ്; ഇഷ്ടമുള്ള ചിത്രം നമുക്കതിൽ വരയ്ക്കാനാവും. അയാൾ വരച്ചത് മഴയെയായിരുന്നു; കരച്ചിൽ പോലെ മഴപെയ്തു.മഴത്തുള്ളികള്‍ വീഴുന്നിടത്തും വട്ടങ്ങളുണ്ടായി. അവ തോണിയെ അക്കരയിലേക്ക് തള്ളിനീക്കി. അക്കരെ, പനയോളം വലിപ്പമുള്ള ഒരു പക്ഷി നിൽക്കുന്നുണ്ടായിരുന്നു. സ്ത്രീയുടെ മുഖമായിരുന്നു അതിന്റേത് . ഇതു തരാനാണ് ഞാന്‍നിന്നെ വിളിച്ചത്. കറുത്ത ഒരു തൂവൽ നീട്ടിക്കൊണ്ട് അത് പറഞ്ഞു. എന്നിട്ട് അയാളുടെ കൈയിലെ തുഴ പിടിച്ചുവാങ്ങി ആകാശത്തിലേക്കു പറന്നു.
അയാള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു, തുഴയുടെ വലിപ്പമുള്ള തൂവൽകൊണ്ട് അക്കരയ്ക്ക് തുഴയുകയല്ലാതെ. തൂവൽ നദിയിൽ തൊടുന്നിടത്ത് തന്റെ നിഴൽ ചിതറിപ്പോകുന്നത് അയാള്‍കണ്ടു. നേരത്തെ അകന്നുപോയ ജലവൃത്തങ്ങള്‍അടുത്തു വരാന്‍തുടങ്ങി. ഒന്നിച്ചുചേര്‍ന്നു കറങ്ങിക്കൊണ്ട് അവ അയാളെയും തോണിയെയും നദിക്കടിയിലേക്ക് വലിച്ചുതാഴ്ത്തി. തൂവൽത്തുഴയോ? അത് ആകാശത്തിലേക്ക് പറന്നുമറയുകയും ചെയ്തു. ആകാശത്ത് ആരോ അനേകം കറുത്ത തൂവലുകൾ വരയ്ക്കുന്നതും അവ കൂടിച്ചേർന്ന് ഒരു ചിറകുണ്ടാകുന്നതും പുഴയിലേക്ക് താഴുന്നതിനു മുമ്പ് തോണിക്കാരൻ അവസാനമായി കണ്ടു.
തോണിക്കാരനെക്കുറിച്ചോര്‍ത്താണോ നീ കരയുന്നത്? നദിക്കടിയിലെവി ടെയോ അയാളിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒറ്റയ്ക്ക്, മരണം പോലെ. തോണിക്കടിയിലാകട്ടെ നിറയെ വേരുകള്‍മുളച്ചു. അവയിൽ വെളുത്ത പൂക്കള്‍വിടര്‍ന്നു. അവയുടെ ഗന്ധമാണ് ഭൂമിയിൽ ഉറക്കം നിറയ്ക്കുന്നത്.
വെള്ളത്തിലെ വൃത്തങ്ങളെ വിശ്വസിക്കരുത്. പക്ഷേ ജലത്തിന്റെ രഹസ്യഭാഷ ആ വൃത്തങ്ങളിലാണുള്ളത്. നമ്മുടെ തോണിക്കാരനു മാത്രമേ ആ ഭാഷയറിയൂ. എന്തൊരു കഷ്ടം! നദിക്കടിയിൽ എവിടെയാണ് അയാളുറങ്ങിക്കിടക്കുന്നതെന്ന് നമുക്കറിയില്ലല്ലോ.
……………………………………………….
*Four doves
fly and veer
drawing behind them
their four wounded shadows .
Federico Garcia Lorca – Poet in Spain
- * Our fear
Is a scrap of paper. - Zbigniew Herbert – The Collected Poems