scorecardresearch

നീലയേക്കാൾ നീല

അത് നിറങ്ങളുടെയും ബ്രഷുകളുടെയും ചായത്തളികയുടെയും ജീവചരിത്രം കൂടിയാണ്. വരയ്ക്കുന്ന കൈയും കാണുന്ന കണ്ണിന്റെ റെറ്റിനയുംകൂടി കവിതയായിമാറുന്നു. സ്പാനിഷ് കവിയായ റഫൈൽ അൽബെർത്തിയെ കുറിച്ച് "നക്ഷത്രങ്ങളെപ്പറ്റി - പൊടിമണ്ണിന്റെ ഭാഷയിൽ" എന്ന പംക്തിയിൽ എഴുത്തുകാരനും ചിത്രകാരനുമായ ലേഖകൻ എഴുതുന്നു

അത് നിറങ്ങളുടെയും ബ്രഷുകളുടെയും ചായത്തളികയുടെയും ജീവചരിത്രം കൂടിയാണ്. വരയ്ക്കുന്ന കൈയും കാണുന്ന കണ്ണിന്റെ റെറ്റിനയുംകൂടി കവിതയായിമാറുന്നു. സ്പാനിഷ് കവിയായ റഫൈൽ അൽബെർത്തിയെ കുറിച്ച് "നക്ഷത്രങ്ങളെപ്പറ്റി - പൊടിമണ്ണിന്റെ ഭാഷയിൽ" എന്ന പംക്തിയിൽ എഴുത്തുകാരനും ചിത്രകാരനുമായ ലേഖകൻ എഴുതുന്നു

author-image
Jayakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
jalayakrishnan,Rafael Alberti

The devil –

blubber – lipped

ass**** - hipped,

anu* - eyed,

tail - wide

ഡച്ച് ചിത്രകാരനായ ഹിറോനിമസ് ബോഷിനെപ്പറ്റി (Hieronimus Bosch) സ്പാനിഷ് മഹാകവിയായ റഫൈൽ അൽബെർത്തി (Rafael Alberti) എഴുതിയ ഈ വരികൾ പരിഭാഷപ്പെടുത്തുന്നില്ല. ബോഷിന്റെ 'ഭൂമിയിലെ ആനന്ദങ്ങളുടെ പൂന്തോട്ടം' (The Garden of Earthly Delights) എന്ന ദുഃസ്വപ്നം പോലുള്ള ചിത്രത്തിൽ പിശാചാണ് സർവാധിപതി. അവനെ വർണ്ണിക്കാൻ അപ്പോൾ, ഇങ്ങനെയൊക്കെ എഴുതിയേ മതിയാവൂ.

Advertisment

ഹിറ്റ്‌ലർക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രകാരന്മാരിലൊരാളായിരുന്നു ബോഷ് എന്നതുകൂടി ഓർക്കേണ്ടതുണ്ട്. ഒരുപക്ഷേ ഔഷ്‌വിറ്റ്സിലും മറ്റനേകം കോൺസെൻട്രേഷൻ ക്യാമ്പുകളിലും താനാവിഷ്കരിച്ച നരകം നാല് നൂറ്റാണ്ടിന് മുമ്പുതന്നെ ക്യാൻവാസിൽ പകർത്തിയവനോടുള്ള ആദരവായിരിക്കാം ഇതിനു കാരണം. അതുകൊണ്ടുതന്നെയാണ് ഹിറ്റ്‌ലറുടെയും ജനറൽ ഫ്രാൻസീസ്ക്കോ ഫ്രാങ്കോയുടെയും ഏകാധിപത്യ കാലത്ത് ജീവിക്കേണ്ടി വന്ന അൽബെർത്തി, താൻ വാക്കുകളിൽ വരച്ചുണ്ടാക്കിയ നരകത്തിൽ കൂടുതൽ കടുത്ത ചായങ്ങൾ ചേർക്കുന്നത് :

jayakrishnan, poet and artist

"ഉദരങ്ങൾ, നാസാദ്വാരങ്ങൾ,

പല്ലിവാലുകൾ

പറക്കുന്ന ഡോൾഫിനുകൾ

ശൂലത്തിൽ തറച്ച ചെവികൾ

വാപൊളിച്ചിരിക്കുന്ന കണ്ണുകൾ

നഷ്ടപ്പെട്ട ചൂലുകൾ

ഭയാകുലരായ യാനപാത്രങ്ങൾ

ഛർദ്ദിയും മുറിവുകളും

മരിച്ചവർ.

അവർക്കിടയിലൂടെ പിശാച് - Pri******, dic*****, tri******- ഒരു കൊയ്ത്തുകാരനെപ്പോലെ അലഞ്ഞുതിരിയുന്നു.

"അവൻ കൊയ്യുന്നു, അവൻ കൊയ്യുന്നു,

പിശാചിന്റെ ചിലന്തിവല

ജീവിതങ്ങളെ കൊയ്തെടുക്കുന്നു."

റഫൈൽ അൽബെർത്തി 1902ൽ സ്പെയിനിലെ പ്യൂർത്തോ ദെ സാന്ത മരിയയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാമഹന്മാർ ഇറ്റലിക്കാരായിരുന്നു. സ്പാനിഷ് വീഞ്ഞായ ഷെറിയുടെ ലോകപ്രശസ്തരായ മൊത്തക്കച്ചവടക്കാരായിരുന്നു അവർ. സമ്പന്നകുടുംബത്തിൽ പിറന്ന അൽബെർത്തി സ്കൂളിൽ ധിക്കാരിയും കുഴിമടിയനുമായാണ് അറിയപ്പെട്ടിരുന്നത്. 1917ൽ അദ്ദേഹത്തെ സ്കൂളിൽനിന്നു പുറത്താക്കുകയും ചെയ്തു. ആ സമയത്താണ് അൽബെർത്തിയുടെ കുടുംബം തലസ്ഥാനമായ മദ്രീദിലേയ്ക്ക് കുടിയേറിയത്. അവിടെവെച്ച് അദ്ദേഹം ചിത്രരചനയിൽ മുഴുകുകയും 1920ൽ തന്‍റെ ചിത്രങ്ങളുടെ പ്രദർശനംനടത്തുകയും ചെയ്തു.

Advertisment

1921ൽ ക്ഷയരോഗബാധിതനായ അൽബെർത്തി സെയ്റ ദെ ഗ്വാദറാമയിലെ സാനിറ്റോറിയത്തിൽ പ്രവേശിക്കപ്പെട്ടു. ഇക്കാലത്താണ് അദ്ദേഹം കവിതയിലേക്ക് കൂടുതലായി ആകൃഷ്ടനാക്കുന്നത്. സ്പാനിഷ് മഹാകവികളായ അന്തോണിയോ മച്ചാദോ (Antonio Machado), ഹുവാൻ റാമോൺ ഹിമെനെ (Jaan Ramon Jimenez) എന്നിവർ അദ്ദേഹത്തെ സ്വാധീനിച്ചു.

തുടർന്ന് '27ലെ തലമുറ' (Generation of 27) എന്നറിയപ്പെട്ട സംഘത്തിലെ കവികളായ പെദ്രോ സാലിനാസ്, ദമാസോ അലോൺസോ , ബിസെന്തെ അലെക്ഷാന്ദ്രേ തുടങ്ങിയവരുമായും എല്ലാത്തിനുമുപരി ഫെദറിക്കോ ഗാർസിയാ ലോർക്കയുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ കവിതയ്ക്ക് പുതിയ മാനങ്ങൾ നൽകി. അദ്ദേഹത്തിന്റെ 'Concerning the Angels' എന്ന കവിതാസമാഹാരം സ്പാനിഷ്കവിതയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.

ഉറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായിരുന്നു അൽബെർത്തി. അതുകൊണ്ടുതന്നെ ജനറൽ ഫ്രാങ്കോ സ്പെയിനിൽ അധികാരംപിടിച്ചപ്പോൾ അദ്ദേഹത്തിന് രാജ്യംവിട്ടുപോകേണ്ടിവന്നു. പാരീസിലാണ് അദ്ദേഹം പ്രവാസിയായി കഴിഞ്ഞുകൂടിയത്. പാബ്ലോ നെരൂദയുടെ കൂടെയായിരുന്നു താമസം. പിന്നീട് നാസികൾ പാരീസ് അധിനിവേശിച്ചപ്പോൾ അദ്ദേഹം അവിടംവിട്ട് അർജന്റീനയിലേക്ക് പോയി. 1983ൽ അദ്ദേഹത്തിന് സ്പാനിഷ്സാഹിത്യത്തിലെ പരമോന്നതബഹുമതിയായ സെർവാന്തെസ് പുരസ്കാരം ലഭിച്ചു.

On Painting (A la Pintura) എന്ന കവിതാസമാഹാരം 1945ലാണ് അൽബെർത്തി രചിക്കുന്നത്. ബോഷിനെപ്പറ്റിയുള്ള കവിത ഈ സമാഹാരത്തിലുള്ളതാണ്. ബോഷിനു പുറമേ ജ്യോട്ടോ (Giotto)യും ബൊത്തിച്ചെല്ലി ( Botticelli)യും തുടങ്ങി വാൻഗോഗും പിക്കാസോയും വരെയുള്ള അനേകം ചിത്രകാരന്മാർ ഈ കവിതകളിൽ നിറയുന്നു. ഈ കവിതാസമാഹാരം ചിത്രങ്ങളെക്കുറിച്ചും ചിത്രകാരന്മാരെയും കുറിച്ച് മാത്രമുള്ളതല്ല - അത് നിറങ്ങളുടെയും ബ്രഷുകളുടെയും ചായത്തളികയുടെയും ജീവചരിത്രം കൂടിയാണ്. വരയ്ക്കുന്ന കൈയും കാണുന്ന കണ്ണിന്റെ റെറ്റിനയുംകൂടി കവിതയായിമാറുന്നു.

പെയിന്റ് ബ്രഷിനെ സംബന്ധിച്ച്

വിടർന്ന പനിനീർപ്പൂ മാത്രമല്ല

പകുതിയടഞ്ഞ് നീ നിന്റെ ജീവിതം

ആഹ്ലാദഭരിതമാക്കുന്നു.

ചിത്രങ്ങളുടെ പൂന്തോപ്പിലെ രക്ഷാദൈവമേ,

ഇതു നിനക്കായി..."

കൈക്ക് (To the Hand) എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. കൈ വെറും അവയമല്ല, അൽബെർത്തിക്ക്. അത് ചിത്രങ്ങളുടെ ഉദ്യാനത്തിലെ വഴികാട്ടിയും കാവൽദേവതയും കൂടിയാണ്.

jayakrshnan,poet, artist

നിറങ്ങളെ അൽബെർത്തി കാണുന്നത് ഒരുപക്ഷേ വാൻഗോഗ് മാത്രം കണ്ടതു പോലയായി രിക്കും. പച്ച കൂടുതൽ പച്ചയായിരിക്കുന്നു. .ചുവപ്പ് രക്തത്തേക്കാൾ ചുവന്നിരിക്കുന്നു.

"സ്വർഗ്ഗീയനീലയുടെ ചായത്തളിക

മേഘങ്ങളുടെ വെൺനിറമാർന്ന

ഒരു ചിറകിന്‍റെ റാഞ്ചിപ്പറക്കൽ...

ചിലപ്പോൾ സമുദ്രം

ചായത്തളികയിലേക്ക്

ഇരമ്പിയെത്തുന്നു.

രഹസ്യമായി മാത്രം കൊണ്ടുവരുന്ന

നീലാകാശത്തെ സ്ഥാപിക്കാൻ."

സുഹൃത്തുകൂടിയായ പാബ്ലോ പിക്കാസോയെപ്പറ്റി പറഞ്ഞുകൊണ്ട് അൽബെർത്തിയുടെ കവിത അവസാനിക്കുന്നതിങ്ങനെ:

"ഒരു ദിവസം നീല പറഞ്ഞു,

എനിക്ക് പുതിയൊരു പേരുണ്ട്:

പാബ്ലോ റൂയിസ് പിക്കാസോ - അതാണെന്റെ പേര്."

പിക്കാസോയുടെ ചിത്രങ്ങളിലെ നീലയെ ഇതിലും ആഴത്തിൽ വരയ്ക്കാൻ ആർക്കു കഴിയും?

Read More: ജയകൃഷ്ണന്റെ കവിത, ലേഖനം എന്നിവ ഇവിടെ വായിക്കാം

Poem Poet Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: