scorecardresearch

ചാറ്റ് റൂമിലെ വിതകൾ

"ശരിക്കും നമ്മൾ രണ്ട് ഒളിപ്പോരാളികൾ തന്നെ അവനവൻ എന്ന കോട്ടയിൽ മറഞ്ഞിരുന്ന് അപരനെ വാക്കുകൾ കൊണ്ട് വെടിവെച്ചിടുന്നവർ"

"ശരിക്കും നമ്മൾ രണ്ട് ഒളിപ്പോരാളികൾ തന്നെ അവനവൻ എന്ന കോട്ടയിൽ മറഞ്ഞിരുന്ന് അപരനെ വാക്കുകൾ കൊണ്ട് വെടിവെച്ചിടുന്നവർ"

author-image
Sindhu M
New Update
sindhu m,poem

ചാറ്റ് റൂമിലെ വിതകൾ

ചാറ്റ് റൂം ചിലപ്പോൾ

ജാലകങ്ങളും വാതിലുമില്ലാത്ത മൗനമാണ്.

എങ്കിലും നീ വരുമ്പോൾ ഒരുമിച്ചിരുന്നു കൊറിക്കാൻ

ഞാൻ ഇവിടെ സംഭാഷണങ്ങൾ വിതറിയിടുന്നു.

ഇന്നത്തെ ജീവിതം അങ്ങിനെയാണ്

ഒരാൾ എപ്പോളും മുൻപിൽ നടന്നു വിതയ്ക്കണം.

മറ്റെയാൾ കാണുമ്പോളേക്കും

ചിലപ്പോൾ അത് മുളച്ചിരിക്കും.

പൂവും കായുമായി കൊഴിഞ്ഞിരിക്കും.

കുറത്തിയുടെ കൈയിലെ തത്തയെ പോലെ

ഓരോ സമയത്തും ഓരോ ചീട്ട് എടുത്തിട്ട്

ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാത്ത

കൂട്ടിൽ കയറിയിരിപ്പ്.

ഞാനയച്ച എത്ര നിശ്വാസങ്ങൾ പാതിവഴിയിൽ വീണു മരിച്ചിരിക്കുന്നു.

ഉമ്മകൾ തേങ്ങലുകളുടെ എത്ര രാത്രികളെ

ചുംബിച്ചിട്ടാണ് നിന്റേതാവുന്നത്.

രതിയിൽ പോലും

പൂർവീകർക്ക് മച്ചിനകത്തു വെച്ചു കൊടുക്കുന്നപോലെ

എന്നെ നിനക്കു രുചിക്കുന്ന രീതിയിൽ

ക്യാമറയിൽ പിടിച്ചു പാകത്തിലാക്കി

നീയത് കഴിക്കാൻ വരുമോയെന്ന്sindhu m,poem

മരണം പോലെ പെട്ടെന്ന് അപരിചിതമാക്കുന്ന

മറ്റൊരു നിശ്ശബ്ദതയില്ല.

ഞാൻ സ്നേഹം എന്നെഴുതിയിട്ട് എത്ര കഴിഞ്ഞാണ്

അത് പരിഭവം എന്നായി നീ വായിക്കുന്നത്.

ശരിക്കും നമ്മൾ രണ്ട് ഒളിപ്പോരാളികൾ തന്നെ

അവനവൻ എന്ന കോട്ടയിൽ മറഞ്ഞിരുന്ന്

അപരനെ വാക്കുകൾ കൊണ്ട് വെടിവെച്ചിടുന്നവർ.

ഇപ്പോൾ തന്നെ നോക്കൂ

എന്റെ നീണ്ടുനിവർന്നു കിടക്കുന്ന ഒരു പടം

ഞാനിവിടെ ഇട്ടിട്ടുണ്ട്.

വരാൻ പോകുന്നത് മുൻകൂട്ടികാണുന്ന

എന്റെ പതിവ് ശീലം തന്നെ.

ഇമകൾ പഴയപോലെ നീ വരുമ്പോൾ തുടിക്കില്ല

മിഴികൾ സംസാരിക്കില്ല.

എങ്കിലും ആശങ്കപ്പെടാൻ ഒന്നുമില്ല.

മുൻപും അങ്ങനെയാണല്ലോ

ഞാൻ പടങ്ങളിട്ട് പോയിട്ട്

വളരെ നേരം കഴിഞ്ഞാകും

നീയത് കാണുക.

അപ്പോളേക്കും ചുണ്ടിലെ അവസാന ശബ്ദവുമുണങ്ങി

ഞാൻ മരിച്ചു പോയിരിക്കും. എങ്കിലും

ചാറ്റ് റൂമിൽ മറന്നു വെച്ചുപോയ എന്റെ വിരലുകൾ

അപ്പോഴും നിനക്ക് സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കും.

Read More: സിന്ധുവിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Poem Malayalam Writer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: