/indian-express-malayalam/media/media_files/uploads/2020/09/jayakrishnan-fi.jpg)
പശുവിന്റെ ആകൃതിയാണ് ആ മരക്കഷണത്തിന്.
കുഞ്ഞികൃഷ്ണൻ ചെട്ട്യാർക്ക് വീണ്ടും ആ എക്സ്റേ ഷീറ്റ് എടുത്തു നോക്കാൻ തോന്നിയില്ല; കാലിഞ്ച് വലിപ്പമേയുള്ളെങ്കിലും രണ്ടു കൊമ്പും നാലു കാലും വാലും അകിടും വ്യക്തമായിക്കാണാം.
''മോയിനേ," ചെട്ട്യാർ അലറുന്നതുപോലെ വിളിച്ചു. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. മരമില്ലിലിപ്പോൾ പണി കുറവാണ്. ഈരാൻ കൊടുക്കുന്ന നല്ല മരങ്ങൾ മാറ്റി മൂക്കാത്ത ഇരുളും അയനിയുമാണ് ചെട്ട്യാർ തിരിച്ചുതരുന്നതെന്ന് നാട്ടുകാരറിഞ്ഞതുമുതൽ ആരും അങ്ങോട്ടു വരാറില്ലെന്നുതന്നെ പറയാം. പക്ഷേ, മൊയിനുൾ വെറുതെയിരിക്കാൻ പാടില്ല; എല്ലാറ്റിനും കാരണം അവനാണ്.
അന്നും അവനാണ് മരമിറക്കിയത്. അശ്രദ്ധമായി അവനതു നിലത്തിട്ടുകൊണ്ടാണ് അവനെ ചീത്തവിളിക്കാൻ തുറന്ന വായിലൂടെ ആ മരക്കഷണം ചെട്ട്യാരുടെ വയറ്റിലെത്തിയത്. അതിൽപ്പിന്നെ എന്നും ഉറക്കത്തിൽ വയറ്റിൽനിന്ന് പശു അമറുന്നതുപോലുള്ള ശബ്ദം കേട്ട് അയാൾ ഞെട്ടിയുണരും; അപ്പോൾ തൊട്ടടുത്ത് ഒരിക്കലും ഉറക്കമില്ലാത്ത പുഷ്പജയുടെ മഞ്ഞത്തിളക്കമുള്ള കണ്ണുകൾ കണ്ട് അയാൾ ഒന്നുകൂടി പേടിക്കും.
തകരം മേഞ്ഞ ഷെഡ്ഡിൽ അപ്പോൾ മൊയിനുൾ മറ്റൊരു സ്വപ്നം കണ്ട് ഞെട്ടിയുണർന്നിട്ടുണ്ടാവും. പക്ഷേ, അതൊരു നല്ല സ്വപ്നമാണോ അല്ലയോ എന്ന് അവനിപ്പോഴും തീർച്ചയില്ല. ബാബ ഒരു പക്ഷിയുടെ കാലിൽ തൂങ്ങി പറന്നുപോകുന്നതാണ് അവനെന്നും ഉറക്കത്തിൽ കാണുക. പക്ഷിപിടുത്തക്കാരനായിരുന്നു ബാബ. നദിയിൽ ഒറ്റക്കാലൂന്നിനിന്ന് ഉറക്കംതൂങ്ങുന്ന വലിയ ദേശാടനപ്പക്ഷികളെ മുങ്ങാങ്കുഴിയിട്ടുചെന്ന് പിടിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു അയാൾ.
അന്നുപക്ഷേ അയാൾ പിടിച്ചത് വളരെ വലിയ ഒരു പക്ഷിയുടെ കാലിലായിരുന്നു. അത് ബാബയെയും കൊണ്ട് പറന്നുയരുന്നത് കണ്ടെന്ന് തോണിക്കാർ പറഞ്ഞു. ശരിയാണെന്ന് മൊയിനുളും വിചാരിച്ചു. പക്ഷേ, അന്ന് പക്ഷിപിടുത്തത്തിനു പോയപ്പോൾ തങ്ങൾ രണ്ടുപേരുടെയും ആധാർകാർഡും റേഷൻ കാർഡും ബാബ കൊണ്ടുപോയതെന്തിനാണെന്നു മാത്രം അവന് മനസിലായില്ല. അതെന്തായാലും അടുത്ത കൊല്ലം ദേശാടനപ്പക്ഷികൾ വരുന്ന സമയത്ത് ബാബയുടെ ജഡം പുഴക്കരയിൽ കണ്ടെത്തി. ഒരു ചത്ത പക്ഷിയുടെ കാലിൽ പിടിച്ചിരിക്കുന്ന വിധത്തിലാണ് അയാൾ കിടന്നിരുന്നത്. അതുപക്ഷേ അത്ര വലിയ ഒരു പക്ഷിയൊന്നുമായിരുന്നില്ല. അരയിലെ സഞ്ചിയിൽ സാൽമരത്തിന്റെ കുറച്ച് ഉണങ്ങിയ ഇലകളല്ലാതെ റേഷൻകാർഡോ ആധാർകാർഡോ കാണാനുണ്ടായിരുന്നുമില്ല.
വയറുകീറി ഉള്ളിൽ കുടുങ്ങിയ മരക്കഷണം പുറത്തെടുക്കണമെന്ന് പുഷ്പജ എത്രതന്നെ നിർബന്ധിച്ചിട്ടും കുഞ്ഞികൃഷ്ണൻ ചെട്ട്യാർ വഴങ്ങിയില്ല. അവളെ അയാൾക്കു വിശ്വാസമില്ലായിരുന്നു. തന്നെ അപകടപ്പെടുത്താനാണ് അവളുടെ ശ്രമമെന്ന് അയാൾ കരുതി. അവൾ വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം എതിരെ നിൽക്കുന്നവന്റെ വയറിനു നേരെ കത്തി നീട്ടിപ്പിടിച്ചു നിൽക്കുന്ന ഒരുവളുടെ രൂപംമുണ്ടെന്ന് അയാൾ ശ്രദ്ധിച്ചിരുന്നു. സ്ത്രീയുടെ സ്വയംപ്രതിരോധമാണ് അതു സൂചിപ്പിക്കുന്നതെന്ന് അവൾ പറഞ്ഞെങ്കിലും ഇപ്പോൾ അയാൾ അപകടം മണത്തു. ചിത്രകാരി മാത്രമായിരുന്നില്ല നാടകനടി കൂടിയായിരുന്നു അവൾ. വേനൽക്കാലത്ത്, നാടകങ്ങളിൽ വെള്ളയുടുപ്പുകൾ ധരിച്ച് യക്ഷിയായി അഭിനയിച്ച അവളെക്കണ്ട് പലരും മോഹിച്ചു. അതിൽ ഒരു ചെറുപ്പക്കാരൻ അവളുമായി ഗതികെട്ട ഒരു പ്രണയത്തിലകപ്പെടുകയും ഒടുവിൽ അവൾ കൈവിട്ടപ്പോൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.
അയാളുടെ ആത്മാവ് തന്നെ ആവേശിച്ചിട്ടുണ്ടെന്ന് ചെട്ട്യാർ സംശയിച്ചു. അല്ലെങ്കിലേ അവൾക്ക് ഒരുപാട് രഹസ്യക്കാരുണ്ടെനായിരുന്നു അയാളുടെ വിചാരം. ഇപ്പോൾ സംശയം ഒന്നുകൂടി പെരുകി. രാത്രി ഉറങ്ങാതെ കിടന് പുഷ്പജ നാടകസംഭാഷണങ്ങൾ ഉരുവിടുമ്പോൾ അവൾ തന്റെ ജാരനോട് സംസാരിക്കുകയാണെന്നു അയാൾ കരുതി.
മൊയിനുള്ളിനെക്കുറിച്ച് അയാൾക്ക് ആകെയുള്ള സമാധാനം അതായിരുന്നു: ചൊറിപിടിച്ച അവനെ എന്തായാലും അവൾ തന്റെ കാമുകനാക്കുകയില്ല. ഒടുവിൽ ചെക്കിണി വന്ന് പശുവിനെ കാണാതായ വിവരം പറഞ്ഞ ദിവസം ആ സമാധാനവും പോയി.
ബാബയുടെ ശവസംസ്കാരം കഴിഞ്ഞതിന്റെ പിറ്റേദിവസം, തിരിച്ചറിയൽ രേഖകളില്ലാത്തവരെ വലിയ ജയിലുകളിലടക്കാൻ പോവുകയാണെന്ന വാർത്തയറിഞ്ഞ് മൊയിനുൾ നാടുവിട്ടു. കീറിത്തുടങ്ങിയ കുപ്പായങ്ങൾ കുത്തിനിറച്ച സഞ്ചിയിലേക്ക് ബാബയുടെ കൈയിൽ നിന്നു കിട്ടിയ സാൽമരത്തിന്റെ ഇലകൾകൂടി എടുത്തു വെയ്ക്കാൻ അവൻ മറന്നില്ല.
ടിക്കറ്റെടുക്കാതെ തീവണ്ടിയുടെ വാതിൽപ്പടിയിൽ കുത്തിയിരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ മൊയിനുൾ വിചിത്രമായ കാഴ്ചകൾ കണ്ടു...
ആളൊഴിഞ്ഞ ഒരു സ്റ്റേഷനിലെ മരബെഞ്ചിലിരുന്ന് ഒരു പിശാച് കൈവിരലുകൊണ്ട് കണക്കുകൂട്ടുന്നുണ്ടായിരുന്നു. ഓരോ പ്രാവശ്യവും കണക്കു തെറ്റുമ്പോൾ അതിന്റെ വായിൽ നിന്ന് തീയും പുകയും പുറപ്പെട്ടു.
ഇരുട്ടിൽ നിഴൽരൂപം പോലെ നിന്ന ഒരു മരത്തിൽ നിന്ന്, തീവണ്ടി കടന്നു പോയപ്പോൾ ഇലകൾ പക്ഷികളായി പറന്നകന്നു. ഇലകളില്ലാത്ത ശാഖകൾ കൊണ്ട് മരം ചന്ദ്രനെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു.
അവൻ മാത്രമേ അതെല്ലാം കണ്ടുള്ളൂ. വണ്ടിയിൽ മറ്റെല്ലാവരും ഉറക്കമായിരുന്നു.
പശുവിനെ കാണാതായ വിവരം ചെക്കിണി വന്നു പറയുമ്പോൾ കുഞ്ഞികൃഷ്ണൻ ചെട്ട്യാർ, പുഷ്പജ, മൊയിനുളിന്റെ മുന്നിൽ നിന്ന് നാടകം അഭിനയിക്കുന്നത് ഒളിഞ്ഞു കാണുകയായിരുന്നു.
''നിനക്കു ചുറ്റും ഇരുട്ടാണ്..." ഈർച്ചമില്ലിൽനിന്നു വരുമ്പോൾ ഭാര്യയുടെ ശബ്ദം കേട്ടാണ് ചെട്ട്യാർ ജനലിലൂടെ നോക്കിയത്. മുറിക്കുള്ളിൽ കണ്ണടച്ചിരിക്കുകയായിരുന്നു മൊയിനുൾ. പുഷ്പജ അവനു ചുറ്റും നടന്നു കൊണ്ട് അഭിനയിച്ചു.
"എനിക്ക് ഇലകൾക്കിടയിൽ പ്രസവിക്കണം. ഇരുട്ടത്ത് നമുക്ക് കാട്ടിലേക്കു പോകാം," അവൾ പിന്നെയും പറഞ്ഞു.
ഇരുട്ടത്ത് കാട്ടിലേക്കു പോകുന്നത് എന്തിനാണെന്ന് പിന്നെ ചെട്ട്യാർക്ക് ആലോചിക്കേണ്ടി വന്നില്ല. അയാൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു. തന്റെ വീടിന്റെ മുൻവശത്ത് ഒഴുക്കു നിലച്ച തോട്, പിന്നിൽ അമ്പലം, വലതു വശത്ത് മരമില്ല്, ഇടതുവശത്ത് പഞ്ചായത്താപ്പീസ്. അങ്ങനെ സമയത്തിന്റെയും വിശ്വാസത്തിന്റെയും ഹിംസയുടെയും നിയമത്തിന്റെയും ഇടയിൽ ഒരേ സമയം താൻ അകപ്പെട്ടു പോയതറിഞ്ഞ് അയാൾ വിയർത്തു.
''സകലമാന കാടും മുറിച്ചുകൊണ്ടുവന്ന് ഞാൻ ഈർന്നു പലകയാക്കിത്തരാമെടീ..." അയാൾ പല്ലിറുമ്മി.
അപ്പോഴാണ് ചെക്കിണി വന്നത്. കൂടുതൽ ചിന്തിക്കാൻ മിനക്കെടാതെ ചെട്ട്യാർ അയാളുടെ കൂടെ പശുവിനെ നോക്കാൻ തെങ്ങിൻതോപ്പിലേക്കിറങ്ങി.
ഒരു കാരണവുമില്ലാതെ ചീത്തവിളിക്കുന്ന ചെട്ട്യാരെയും, അയാളില്ലാത്തപ്പോൾ തന്നെ ഉപയോഗിക്കുന്ന പുഷ്പജയെയും മൊയിനുൾ സഹിച്ചു. തിരിച്ചറിയൽ രേഖകളില്ലാതെ ജയിലിൽ കിടക്കുന്നതിലും ഭേദം അതാണ്. വെള്ളിയാഴ്ച ചന്തയിൽ ചെന്ന് അവൻ നിസ്സാരവിലയ്ക്ക് അറവുകാരൻ കൊടുത്ത പശുവിന്റെ വാലും നാക്കും അകിടും വേവിച്ചു തിന്നു. മഴക്കാലത്ത് തണുത്ത സിമെന്റ് തറയിൽ കിടക്കുമ്പോഴാകട്ടെ സാൽമരത്തിന്റെ ഉണങ്ങിയ ഇലകളുടെ നുറുങ്ങുകൾ അവൻ തീയിലിട്ടു കത്തിച്ചു.
ചിലപ്പോൾ അവ മേഘങ്ങളുടെ നിറത്തിൽ ജ്വലിച്ചു, ചിലപ്പോൾ മഴവെള്ളത്തിന്റെ നിറത്തിൽ, ചിലപ്പോൾ ചെളിയുടെ നിറത്തിൽ.
എന്നിട്ട് അവൻ പക്ഷിക്കാലിൽ തൂങ്ങി പറന്നുമറയുന്ന ബാബയെ സ്വപ്നം കണ്ടു. അതൊരു നല്ല സ്വപ്നമാണോ അല്ലയോ എന്ന് ഒരിക്കലും അവന് മനസ്സിലായില്ല.
മൊയിനുൾ ജോലിക്കു ചേർന്ന ദിവസം ഗോപാൽജി, ചെട്ട്യാർക്ക് ക്ലാസ്സെടുത്തിരുന്നു. രാജ്യം വിഭജിക്കാൻ കാരണക്കാരായത് ആരാണെന്ന് ചരിത്രകഥകൾ പറഞ്ഞ് അയാൾ വ്യക്തമാക്കിക്കൊടുത്തു. മൊയിനുള്ളിന് കൂലി കുറച്ചു കൊടുത്താൽ മതിയെന്ന കാര്യം ചെട്ട്യാർക്കു പക്ഷേ വിഭജനത്തേക്കാൾ പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ ഇപ്പോൾ പശുവിനെ തേടി നടക്കുമ്പോൾ രാജ്യം തകർത്തത് മൊയിനുളാണെന്ന് അയാൾക്ക് തികച്ചും ബോധ്യമായി. അതുകൊണ്ടാണ് അവൻ വന്നതിന്റെ പിറ്റേദിവസം താൻ തടി മറിച്ചുവിൽക്കുന്ന കാര്യം നാട്ടുകാർ കണ്ടുപിടിച്ചത്, അതുകൊണ്ടാണ് അവൻ തന്റെ വയറ്റിനുള്ളിലേക്ക് മരക്കഷണം കയറ്റിയത്, അതുകൊണ്ടാണ് അവനു ചുറ്റും നടക്കുന്ന പുഷ്പജക്ക് തന്നേക്കാൾ ഇരുപതു വയസ്സു കുറവാണെന്ന കാര്യം ഓർമ്മവന്നത്...
''പശു എവിടെയുണ്ടെന്ന കാര്യം എനിക്കറിയാം," തിരിഞ്ഞുനടക്കുന്നതിനിടയിൽ ചെട്ട്യാർ പറഞ്ഞു.
മൊയിനുൾ താമസിക്കുന്ന ഷെഡ്ഡിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നു. തകരമേൽക്കൂരയുടെ വിടവുകളിലൂടെ പുകയ്ക്ക് ഇറച്ചി വേവുന്നതിന്റെ മണമായിരുന്നു.
''അവൻ പശുവിനെ തിന്നുകയാണ്," അയാൾ ചെക്കിണിയോട് അടക്കംപറഞ്ഞു. ''അടിച്ചവന്റെ കണ്ണുപൊട്ടിക്കണം."
അവരിരുവരും ബലമുള്ള രണ്ടു മരക്കഷണങ്ങൾ കണ്ടു പിടിച്ചു. "മോയിനേ," തന്നെ ബാധിച്ച, പുഷ്പജയുടെ ജാരപ്രേതത്തിന്റെ കരുത്തു കൂടി കൈകളിലേക്കാവാഹിച്ചുകൊണ്ട് ചെട്ട്യാർ അലറി വിളിച്ചു.
വാതിൽ അതിന്റെ തുരുമ്പുപിടിച്ച വിജാഗിരികളിൽ തിരിയുന്നതിന്റെ ഒച്ച അവർ കേട്ടു. പിന്നെ, ഉണക്കയിലകൾ കടിച്ചുപിടിച്ചുകൊണ്ട് ചടച്ച, വരിയുടയ്ക്കപ്പെട്ട ഒരു മൃഗം പുറത്തുവന്ന് അവരുടെ മുമ്പിൽ തലതാഴ്ത്തി നിന്നു.
Read More: ജയകൃഷ്ണന്‍ എഴുതിയ കഥകളും കുറിപ്പുകളും ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.