scorecardresearch

തങ്കച്ചാന്ത് കൊണ്ടാട്ടം-അജിജേഷ് പച്ചാട്ട് എഴുതിയ കഥ

"ഗിരീശന്റെ നോട്ടം ചുളുവില്‍ ജയബാലന്റെ കക്ഷത്തിലെ പൊതിയിലൊന്ന് തൊട്ട് തിരിച്ചുവന്നു." അജിജേഷ് പച്ചാട്ട് എഴുതിയ കഥ

"ഗിരീശന്റെ നോട്ടം ചുളുവില്‍ ജയബാലന്റെ കക്ഷത്തിലെ പൊതിയിലൊന്ന് തൊട്ട് തിരിച്ചുവന്നു." അജിജേഷ് പച്ചാട്ട് എഴുതിയ കഥ

author-image
Ajijesh Pachat
New Update
Ajijesh Pachat | Short Story

ചിത്രീകരണം : വിഷ്ണു റാം

 In all things of nature there is something of the marvelous.

                                                                                             -Aristotle

 ഒരു ഭാഗം അകലാപ്പുഴ. പുഴയുടെ ഹൃദയഭാഗത്ത്, പാമ്പന്‍ തുരുത്ത്. ഇപ്പുറം തെങ്ങിന്‍തോപ്പ്, തെങ്ങിന്‍തോപ്പിലൂടെ പുഴ ചാരി റോഡിലേക്കുള്ള വഴി.

Advertisment

കടിച്ചാല്‍പൊട്ടാത്ത മകരത്തണുപ്പില്‍ ആ വഴിയിലൂടെ ഗിരീശനും വല്‍സേട്ടനും ശ്യാമും ജയബാലനും പ്രിയേഷും നന്നരാവിലെ കൂന്നിപ്പിടിച്ച് നടന്നു. എല്ലാവരുടേയും വലതു കക്ഷത്ത് പ്ലാസ്റ്റിക് കവറുകൊണ്ടുള്ള ഓരോ പൊതി വീതം ഉണ്ടായിരുന്നു.

റോഡിലേക്ക് കയറിയാലുള്ള പാലത്തിന്റെ തൊട്ടപ്പുറത്താണ് കുഞ്ഞിക്കേള്വേട്ടന്റെ ഹോട്ടല്‍. ഉച്ച വരെയേ തുറക്കൂ. പുട്ടും ചീറന്‍ ബീഫ് ഫ്രൈയുമാണ് സ്‌പെഷല്‍. പുലര്‍ച്ചെ പൂഴി കുത്താന്‍ പോയ ഒന്നുരണ്ടുപേര്‍ നനഞ്ഞൊലിച്ച് അവര്‍ക്കെതിരെയും, സി ടി ഹണ്ട്രഡില്‍ ഒരു കടുക്ക*ക്കാരന്‍ പീപ്പിയടിച്ചുകൊണ്ട് അവര്‍ നടക്കുന്ന അതേ ദിശയിലേക്കും പോയതൊഴിച്ചാല്‍ വഴി ഏറെക്കുറെ വിജനമാണ്.

''എറിഞ്ഞാള ലേ?'' ഗിരീശന്‍ പൊതി പതിയെ കൈയ്യിലെടുത്ത് ചുറ്റുപാടും നോക്കി.

Advertisment

''പിന്നല്ലാതെ.'' ആദ്യം എറിഞ്ഞത് പ്രിയേഷായിരുന്നു. അടുത്ത ഊഴം ഗിരീശന്റെത്. അധികം വൈകാതെ വല്‍സേട്ടനും ശ്യാമും കക്ഷം കാലിയാക്കി.

ജയബാലന്‍ എറിയാനായി പൊതി കൈയ്യിലെടുത്തതും തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും വലിയൊരു കൂവലുണ്ടായതും ഒരുമിച്ചായിരുന്നു. അവന്‍ വേഗം പൊതി കക്ഷത്തേക്കു തന്നെ തിരിച്ചുവച്ചു. അപ്പോഴേക്കും കൂവിയ ആള്‍ കടിച്ചുപിടിച്ച ടൂത്ത്ബ്രഷുമായി അവര്‍ക്കരികിലേക്ക് ഓടിച്ചാടിയെത്തി വായിലടിഞ്ഞ പത പുറത്തേക്ക് തുപ്പി. തണുപ്പില്‍ ക്ലോസപ്പിന്റെ മണം പരന്നു.

''ഞാന്‍ നെന്നെ കാണാന്‍ നിക്ക്വായിനു. ഒരു പണിണ്ട് മ്മളെ കോളേജിന്റെടുത്ത്. എപ്പളാ ഒഴിവുണ്ടാഗ്വ ഒന്നളക്കാന്‍?'' ചോദ്യം കേട്ടപ്പോള്‍ ഗിരീശന്‍ ആ ചെറുപ്പക്കാരനെയെടുത്ത് ഓര്‍മകളുടെ പൂട്ടിലിട്ടൊന്ന് തിരിച്ചു. പണ്ടെന്നോ സംഭവിച്ച കട്ടയടിക്കമ്പനി*യുടെ വിദൂരബന്ധം പതിയെ തുറന്നുവന്നു.

''വല്യ സൈറ്റാണോ?''

''ഒരു കളില്ലാണ്ട് രണ്ടായിരം ഒറപ്പിച്ചോ... പിന്നേ,'' അവനൊന്ന് നിര്‍ത്തി ഇടതുകഴുത്തുഴിഞ്ഞ് എല്ലാവരേയും നോക്കി. ''മ്മളെ മാമന്റെ പണ്യാന്ന്, റേറ്റൊന്ന് ചവിട്ടിപ്പിടിക്കണം.''

''അത് പിന്നെ പറയാണ്ടോ!'' ഗിരീശന്‍ ചിരിച്ചു. ''ഇന്നിപ്പം ഞങ്ങക്കേതായാലും സൈറ്റില്* ടൈലെത്താന്‍ ഉച്ച കഴ്യും. പണി നടക്കല്‍ണ്ടാവൂല. ഒരു കാര്യം ചെയ്യ, വൈന്നേരം പോയി അളക്ക മ്പക്ക്.''

''അപ്പോ എങ്ങന്യാ മൊത്തത്തില് ങ്ങളെ പരിപാടി?''

ഗിരീശന്റെ നോട്ടം ചുളുവില്‍ ജയബാലന്റെ കക്ഷത്തിലെ പൊതിയിലൊന്ന് തൊട്ട് തിരിച്ചുവന്നു. ''ബാത്‌റൂം നിര്‍ബന്ധാണ്. നിക്കാന്‍ പിന്നെ ഞങ്ങള് സൈറ്റില്‍ത്തന്നെ എങ്ങനെങ്കിലൊക്കെ നിന്നോണ്ട്. ചെലവ് തരാന്‍  ബുദ്ധിമുട്ടാണെങ്കി ഹോട്ടല്‍ന്നാക്കാം.''

ക്ലോസപ്പുകാരന്‍ കോട്ടിലെ പല്ലുകളില്‍ ബ്രഷുരച്ച് ഒന്നുരണ്ടുനിമിഷം ചിന്തിച്ചു. പിന്നെ ഗിരീശനെ നോക്കി. ''ചെലവിന്റെ കാര്യം ഞാന്‍ ഓലോട് പറയ. ബാത്‌റൂമ് പിന്നെ പുറത്തുള്ളത് സെറ്റാക്ക്യാ മത്യല്ലോ. ന്തായാലും നെന്റെ നമ്പറ് തന്നൊ, മാമന്‍ വിളിച്ചോളും.''

ഗിരീശന്‍ അപ്പോള്‍ തന്നെ പേഴ്‌സില്‍ നിന്നും 'ആനന്ദം മാര്‍ബിള്‍ വര്‍ക്‌സി'ന്റെ വെളുത്ത വിസിറ്റിങ്ങ് കാര്‍ഡെടുത്ത് നീട്ടി.

മുചുകുന്നില്‍ ഏകദേശം മൂന്ന് വര്‍ഷത്തോളമായി ചേളാരിയിലുള്ള ഗിരീശനും സംഘവും മാര്‍ബിള്‍ പണിയുമായി കൂടിയിട്ട്. റൂംവാടക ഒഴിവാക്കാനായി ഈ പറഞ്ഞതുപോലെ സൈറ്റില്‍ കൂടാറാണ് പതിവ്. ആഴ്ചയിലൊരിക്കലാണ് നാട്ടില്‍ പോക്ക്. ഏത് സൈറ്റ് കിട്ടിയാലും ആദ്യംതന്നെ പുറത്തുള്ള ബാത്‌റൂമങ്ങോട്ട് പണിയെടുത്ത് നേരെയാക്കും. ആ കണക്കുകൂട്ടലില്‍ തന്നെയാണ് അവര്‍ അകലാപ്പുഴ വക്കത്തുള്ള സൈറ്റിലെത്തിയതും. പക്ഷേ നിര്‍ഭാഗ്യവശാല്‍ സെലക്ട് ചെയ്ത ബാത്‌റൂം-ടൈല്‍ വിചാരിച്ച സമയത്ത് ഷോപ്പില്‍ എത്തിയില്ല. മാത്രവുമല്ല സെപ്റ്റിക്ക് ടാങ്കിന്റെ ചില്ലറ പണി ബാക്കിയുമുണ്ട്. അതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. ആദ്യദിവസം സൈറ്റിന്റെ അടുത്തുള്ള വീട്ടിലെ ബാത്‌റൂമില്‍ പോയി കാര്യം സാധിച്ചു. ഉപയോഗത്തിലുള്ള ആത്മാര്‍ത്ഥത കൊണ്ടാവാം രണ്ടാം ദിവസമായപ്പോഴേക്കും അവര്‍ നൈസായി വാതിലിന് പൂട്ടിട്ടു. പിന്നീടുള്ള മുട്ടലില്‍ അയല്‍പക്കത്തുള്ള രണ്ടുമൂന്ന് വീടുകളില്‍ പോയി അനുവാദം ചോദിച്ചെങ്കിലും അവരെല്ലാവരും ജീവിതത്തില്‍ ഒരൊറ്റത്തവണ പോലും അത്തരമൊരു സംഗതിയേ ചെയ്യാത്ത ചിരിയങ്ങോട്ട് ചിരിച്ചു.

ഒരു രക്ഷയുമില്ലാതായപ്പോള്‍ ജയബാലനാണ് പൊതിഞ്ഞ് കൈയ്യില്‍ പിടിച്ച് ചായ കുടിക്കാന്‍ പോവുമ്പോള്‍ പുഴയിലെറിയാം എന്ന പദ്ധതി മുന്നോട്ട് വെക്കുന്നത്.

''പ്രകൃതീന്ന് കിട്ട്യേത്, മ്പള് പ്രകൃതീല്‍ക്കെന്നെ അങ്ങട്ട് കൊടുക്കണ്. അത്രേള്ളൂ.'' അതായിരുന്നു ന്യായം.

കേട്ടപ്പോള്‍ എല്ലാവരും അങ്കലാപ്പില്‍ തമ്മില്‍ത്തമ്മില്‍ നോക്കി. പക്ഷേ, വേറെ വഴികളൊന്നുമില്ലായിരുന്നു.

അതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ പണി തീരാത്ത ബാത്‌റൂമിന്റെ വാതിലില്‍ സിമന്റ് ചാക്ക് തൂക്കപ്പെട്ടു. വീടിന്റെ റാക്കിന് മുകളില്‍ ബാക്കിയായ പ്ലംബിംഗിന്റെ സാധനങ്ങള്‍ പൊതിഞ്ഞുവച്ച നാലഞ്ചു കവറുകള്‍ സംഘടിപ്പിച്ച് വീതം വച്ചു. എന്നിട്ട് പൊട്യണ്ണി*യിലകളും ന്യൂസ്‌പേപ്പറുകളുമെടുത്ത് ഓരോരുത്തരായി ബാത്‌റൂമിലേക്ക് കയറി. ഭദ്രമായി പൊതിഞ്ഞെടുത്തത് കവറുകളിലിട്ട് മടക്കി സ്റ്റൈലായി കക്ഷത്ത് വച്ച് ചായ കുടിക്കാനിറങ്ങുകയും ചെയ്തു. അക്കൂട്ടത്തില്‍ ബാക്കിയായ പൊതിയാണ് ഏറില്‍ പെടാതെ ജയബാലന്റെ കക്ഷത്ത് കുടുങ്ങിക്കിടക്കുന്നത്.

Ajijesh Pachat | Short Story

വിസിറ്റിങ്ങ് കാര്‍ഡ് കിട്ടിയതോടെ ക്ലോസപ്പുകാരന്‍ ബ്രഷും ചവച്ചുകൊണ്ട് അപ്രത്യക്ഷനായി. അപ്പോഴേക്കും പാലത്തിന് മുകളില്‍ ആളുകള്‍ കൂടിക്കഴിഞ്ഞിരുന്നു. ഓരോ പണിക്കായി രാവിലെത്തന്നെ വീട്ടില്‍ നിന്നും ഇറങ്ങി തമ്പടിച്ചവരാണ്. ചുരുക്കത്തില്‍, പിന്നീട് റോഡെത്തുന്നതുവരെ ജയബാലന് ആരും കാണാതെ കൈയ്യിലുള്ളത് എറിയാന്‍ പുഴയില്ലാതെയായി എന്നു പറയാം. അതോടെ തിരിച്ചുവരുമ്പോള്‍ കളയാം എന്ന നിലയിലായ പൊതിയും അവര്‍ക്കൊപ്പം പതിയെ കുഞ്ഞിക്കേള്വേട്ടന്റ പീടികയിലേക്ക് കയറുകയും ചെയ്തു.

''ആഹാ, ഇന്ന് പൊത്യൊക്കെണ്ടല്ലോ, ആരാ ങ്ങളേല് നോമ്പാരന്‍*?'' പൊതി മേശപ്പുറത്ത് വച്ച് ജയബാലന്‍ കൈ കഴുകാനായി നീങ്ങിയതും തിരക്കിട്ട് ഒഴിഞ്ഞ ചായ ഗ്ലാസ് എടുക്കാന്‍ വന്ന കേള്വേട്ടന്‍ പൊതിയെടുത്ത് ഒന്ന് തിരിച്ചും മറിച്ചും നോക്കി. ഗിരീശന്റെ നെഞ്ച് പടപടേന്നടിച്ചു. ശ്യാം, പൊതി പിടിച്ചു വാങ്ങണോ വേണ്ടയോ എന്ന നിലയില്‍ ഗിരീശനെ നോക്കി.

''കേള്വേട്ടാ, ഒരു ബീഫ് ഫ്രൈ പാര്‍സല്...'' കൃത്യസമയത്താണ് ആര്‍.എക്‌സ് പൊട്ടിച്ച് വന്ന അയിനാംപറമ്പിലെ കീരിഷിജു പാര്‍സലിന് തിരക്കു കൂട്ടിയത്.

''അയിന് ഞ്ഞ്* പോത്ത് കൂട്ടല് തൊടങ്ങീക്കോ ഷിജ്വോ?'' പൊതിയവിടെ വച്ച് കേള്വേട്ടന്‍ ഗ്ലാസ്സുകളെടുത്ത് കിച്ചണിലേക്ക് നടന്നു. രക്ഷപ്പെട്ട ആശ്വാസത്തില്‍ ശ്യാം നെഞ്ചില്‍ കൈവച്ച് പടച്ചോനെ വിളിച്ചു, ഗിരീശന്‍ വലിയൊരു ശ്വാസമെടുത്ത് ലാവിഷായി പുറത്തേക്ക് വിട്ടു.

''എനിക്കല്ലാന്ന്. ഷൈജുണ്ടാടെ. മതിലിന്റെ പണീ തൊടങ്ങീക്കി...'' കീരി വിളിച്ചുപറഞ്ഞു.

''അയ് ശരി. ങ്ങള് രണ്ടും നന്നായിനോ അപ്പോ?'' കേള്വേട്ടന്‍ വിട്ടില്ല.

''ഞാക്കെന്താ നന്നാകാന്‍ പറ്റൂലേ?'' കീരി പുരികം വളച്ചു.

അപ്പോഴേക്കും ചായ കുടിക്കുന്നവരെല്ലാം അത്ഭുതത്തോടെ ഷിജുവിനെ നോക്കി. കീരി ഷിജുവിന്റെയും പാമ്പ്‌ ഷൈജുവിന്റെയും കഥ എല്ലാവര്‍ക്കുമറിയാം. അവര്‍ തമ്മില്‍ ചെറുപ്പം തൊട്ടേ ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അടിയാണ്. അതുകൊണ്ടാണ് കീരീം പാമ്പും എന്നുള്ള ടൈറ്റില്‍ വീണത്. വെള്ളത്തണ്ട് ഒടിച്ചതിന്, രണ്ടുവരക്കോപ്പി കീറിയതിന്, കാമുകിയെ ലൈനടിച്ചതിന്, ഭാര്യയെ ചീത്ത പറഞ്ഞതിന്, അമ്മയ്ക്ക് മരുന്ന് വാങ്ങാത്തതിന്, കുഞ്ഞിന്റെ ഇരുപത്തെട്ടിന് ഒന്നും കൊടുക്കാത്തതിന്.. അങ്ങനെ അവരെപ്പോലെത്തന്നെ വഴക്കും വളര്‍ന്നങ്ങനെ വലുതായി. ഒരു ഘട്ടമെത്തിയപ്പോള്‍ ഷിജു ചോന്നത്* ചെരിച്ചുകൊടുക്കുന്ന പണി തുടങ്ങി. പിന്നെ ഇരുവരുടെയും തല്ലുമ്പിടി* അതിനെ ചുറ്റിപ്പറ്റിയായി. പക്ഷേ എത്രയൊക്കെ തല്ലിയിട്ടും അവരൊരിക്കലും തമ്മില്‍ തെറ്റിയിരുന്നില്ല. അതില്‍ നാട്ടുകാര്‍ക്കൊക്കെ അത്ഭുതവുമായിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായി ആ തെറ്റിപ്പിരിയലും സംഭവിച്ചു. അതാണെങ്കിലോ കേള്‍ക്കുന്നവര്‍ മൊത്തം 'ശ്ശെ. ഇത്‌നായ്‌നോ?' എന്ന് അതിശയിക്കുന്ന ഒരു നിസ്സാര കാര്യത്തിനും!

ചേലപ്പുറത്തെ മൊയമ്മാക്കേന്റെ മാലാഖ പോലുള്ള ഏറ്റവും ഇളയ മോളുടെ നിക്കാഹിന്റെ തലേന്നാള്‍.

നെയ്‌ച്ചോറും പോത്തുംവെള്ളവുമായിരുന്നു രാത്രിയിലെ സ്‌പെഷല്‍. പോത്തുംവെള്ളം എന്നു പറഞ്ഞാല്‍ പിറ്റേന്ന് ബീഫ് ബിരിയാണിക്കുള്ള അരിച്ചിലില്‍ ബാക്കിയായ എല്ലും നെയ്യും ചില്ലറ എറച്ചിയും കൂടി ചേര്‍ത്ത് വെക്കുന്ന കിടിലന്‍ ഐറ്റം. കൊയിലോത്തുംപടിയിലെ ഷംസീറാണ് വെപ്പ്. ഷംസീറ് വെക്കാന്‍ നിന്നാല് പരിപാടിക്ക് നാലിടങ്ങഴി അരി കൂടുതല്‍ ഇടണം. വിളമ്പുന്നതും കുഴയ്ക്കുന്നതും മാത്രമേ വന്നവര്‍ക്കൊക്കെ ഓര്‍മയുണ്ടാവൂ. പള്ള പെട്ടിയാക്കി കുറച്ചുനേരം ഇരുന്നുകഴിഞ്ഞപ്പോള്‍ ആദ്യം കീരിക്ക് ഉള്ളില്‍ നിന്നൊരു ഇരമ്പം പോലെ തോന്നി. അവന്‍ അപ്പോള്‍ത്തന്നെ ആരും കാണാതെ പതിയെ കല്യാണവീട്ടില്‍ നിന്നിറങ്ങി. മഞ്ചീരി ഇടവഴിയിലെത്തിയതും സംഗതി പിടിച്ചാ കിട്ടാത്ത കോലത്തിലായി. ഇടവഴി ശരിക്കും ഒരു കിടങ്ങാണ്. ഇരുവശവും ഒന്നരയാള്‍ പൊക്കത്തില്‍ കയറിക്കിടക്കുന്ന പറമ്പുകള്‍. അതില്‍ ഇടതുവശത്തെ പറമ്പ് ബാലകൃഷ്ണന്‍ മാഷുടേതാണ്. വലതുവശത്തേത് ഏതോ കണ്ണൂരുകാരന്‍ ഹാജ്യാരുടേതും. രണ്ടുകൂട്ടരും പൊതുവെ പറമ്പിലേക്ക് തിരിഞ്ഞുനോക്കാത്തതുകൊണ്ട് ആകെ കാടുപിടിച്ചു കിടക്കുകയാണ്. വീടെത്തില്ലെന്ന് തോന്നിയതോടെ കീരി പതുക്കെ ഹാജ്യാരുടെ പറമ്പിലേക്ക് വലിഞ്ഞുകയറി.

ഇതേ സമയം കല്യാണപ്പുരയില്‍ തരിപ്പടിച്ച് കിടന്ന പാമ്പിനും തുടങ്ങി വയറിനുള്ളിലൊരു അമാന്തം. മഞ്ചീരി ഇടവഴിയിലേക്കെത്തിയതും അവനും ഇഴഞ്ഞുകയറി ഹാജ്യാരുടെ പറമ്പിലേക്ക്..

വടക്കോര്‍ത്തെയും തെക്കോര്‍ത്തേയും പുല്ലാഞ്ഞിക്കാട്ടില്‍ നിന്നും, പിഷാരിക്കാവിലെ ഉല്‍സവത്തിന് പൊട്ടാറുള്ള കമ്പക്കെട്ടിന്റെതുപോലുള്ള പ്രകമ്പനമുണ്ടായി. പൊടുന്നനെ തൊട്ടപ്പുറത്ത് ചുരുണ്ടുകിടന്ന നായ ഞെട്ടിയുണര്‍ന്ന് ആകാശം നോക്കി ഉറക്കനെ ഓലിയിട്ടു. കീരിയുടെ പകുതി ശ്വാസം ആവിയായി. പ്രേതസിനിമകളിലെ യക്ഷികള്‍ കൂട്ടത്തോടെ വന്ന് എവിടെ നിന്നൊക്കെയോ വെള്ളാരംകണ്ണുരുട്ടി പാട്ടു പാടുന്നതുപോലെ അവന് തോന്നി. പേടിച്ചുവിറച്ച അവന്‍ ഒരു ധൈര്യത്തിനായി കീശയില്‍ നിന്നും നോക്കിയയുടെ 'വണ്‍ വണ്‍ ഡബിള്‍ സീറോയെടുത്ത്' ടോര്‍ച്ച് തെളീച്ച് വായുവില്‍ വട്ടം വരച്ച് എഴുന്നേല്‍ക്കാന്‍ ധൈര്യമില്ലാതെ കുന്തിച്ചിരുന്നു.

തൊട്ടപ്പുറത്തു നിന്നും വട്ടത്തില്‍ വെട്ടം ഉണ്ടായതും തരിപ്പ് വിട്ടുതുടങ്ങിയ പാമ്പ് ഞെട്ടി. അവന്‍ പേടിച്ച് ശ്വാസം വിടുന്നതിനിടെ എവിടെനിന്നോ ഒരു നത്തും* ചെമ്പകപ്പൂ മണമുള്ള ചെറിയ കഷണം കാറ്റും ഒരുമിച്ച് എനഞ്ഞു.

Ajijesh Pachat | Short Story

പാമ്പ് പ്രേതം എന്നും പറഞ്ഞ് ഒറ്റയാര്‍പ്പ്! ആ അലര്‍ച്ച കേട്ട് കീരിയും നിലവിളിച്ചു! ആദ്യം പറമ്പില്‍ നിന്നും ഇടവഴിയിലേക്ക് ചാടിയത് പാമ്പായിരുന്നു. തൊട്ടുപിന്നാലെ കീരിയും. രണ്ടുപേരും ഇടവഴിയിലൂടെ അഴിഞ്ഞുചാടിയ മുണ്ട് ചുരുട്ടി കൈയ്യില്‍ പിടിച്ച് മുറുകെ ഓടി. എന്ത് മണ്ണാങ്കട്ടയ്ക്കാണ് വെളിച്ചം തന്റെ പിന്നാലെ വരുന്നതെന്ന് ഇടയ്ക്കിടെ തിരിഞ്ഞുനോക്കിയ പാമ്പും എന്ത് ഒലയ്ക്കക്കാണ് വെളിച്ചം തങ്ങളുടെ വീട്ടിലേക്ക് ഓടിക്കയറുന്നതെന്ന് നേരെ നോക്കിയോടുന്ന കീരിയും ചിന്തിച്ചു. പേടി കൂടുതല്‍ കീരിക്കായതുകൊണ്ട് വീടെത്തിയപ്പോഴേക്കും അവന്‍ മുന്നൂറ്റിയറുപത് ഡിഗ്രിയില്‍ തിരിഞ്ഞ് ബോധം കെട്ട് താഴെ വീണു.

പിറ്റേന്ന് പാമ്പിന് നന്നായി പനിച്ചു. അതിന് പിറ്റേന്ന് കീരിയ്ക്ക് ചൊറിഞ്ഞു പൊന്തുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞപ്പോള്‍ കീരിയ്ക്ക് ചൊറി മാറി. പാമ്പ് പിന്നെയും കിടന്നു ഒരാഴ്ച. ആ കിടത്തത്തിനിടയില്‍ 'ഞ്ഞി കാരണാണ് എനിക്കി പനിച്ചത്' എന്നും പറഞ്ഞ് കീരിയോട് പാമ്പ് ചോന്നത് വാങ്ങാനുള്ള പൈസ ചോദിച്ചു. ആ ചോദിക്കലും പറച്ചിലും തമ്മില്‍ പിണഞ്ഞ് തല്ലാവുകയും പാമ്പ് പിണങ്ങി ഭാര്യയെയും കൂട്ടി വീട് വിട്ടിറങ്ങുകയുമായിരുന്നു. മാസങ്ങളോളമായി അവര്‍ തമ്മില്‍ പിന്നെ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

''ബീഫ്‌ഫ്രൈ റെഡ്യായിക്കിട്ടോ...'' പൊതി മേശപ്പുറത്തേക്ക് നിരക്കിയിട്ട് കേള്വേട്ടന്‍ കൈ കഴുകാന്‍ നീങ്ങിയ ഗിരീശന്റെയും സംഘത്തിന്റെയും എച്ചില്‍പ്ലേറ്റുകളും ഗ്ലാസുകളും പടപടേന്ന് അട്ടിക്കിട്ട് അടുക്കളയിലേക്ക് നീങ്ങി.  

പൊതിയെടുത്ത് പൈസ കൗണ്ടറിലെ പേപ്പര്‍ വെയ്റ്റിനിടയിലേക്ക് തിരുകിക്കയറ്റുമ്പോഴാണ് കീരി കൈയ്യിലെ പാര്‍സല്‍ ശ്രദ്ധിച്ചത്. അതോടെ 'ഓ, പുട്ടും പോത്ത്വൊക്കെ വിറ്റ് ങ്ങള് വല്യ പൊര്യൊക്കെ എടുക്കാനായി ലേ?' എന്നവന്‍ താളത്തില്‍ വിളിച്ചുചോദിച്ചു. 'കിട്ട്യേതും കൊണ്ട് പോകാന്‍ നോക്കഡാ ഞ്ഞ്' എന്നും പറഞ്ഞ് കേള്വേട്ടന്‍ അടുത്തയാള്‍ക്കുള്ള ഫ്രൈ പ്ലേറ്റിലേക്ക് കോരിയിട്ട് കയില് കൊണ്ടൊന്ന് വടിച്ച് രണ്ടു കൊട്ട് കൊട്ടി.

കീരി ചെല്ലുമ്പോഴേക്കും പാമ്പ്, പുതിയ കുമ്മായക്കൂട്ടിനുള്ള പൂഴി അളന്നിടുകയായിരുന്നു. ''ഞ്ഞ്യേതേടുപ്പിലേക്കാ മുങ്ങ്യേത്... ഞാനിന്ന് ഹെല്‍പ്പറെ കൊണ്ട്വരാണ്ട് പോന്നത് തന്നെ നെനക്ക് പത്തുറുപ്പ്യ കിട്ട്വാണെങ്കില് കിട്ടിക്കോട്ടേന്ന് വിചാരിച്ചിറ്റാ... അപ്പോ നോക്കുമ്പോ എല്ലാ പണീം കൂടി എന്റെ തലക്കിട്ട് മൊതലാക്കാന്‍ നോക്ക്വാണ് ലേ?''

''അതല്ലെടാ... പുട്ടു മാത്രേ ഓള് ണ്ടാക്കി വെച്ചിക്കൊള്ളു. കൂട്ടാനെന്തെങ്കിലും വേണ്ടേ? ബീഫ് ഫ്രൈ ചാമ്പാന്ന് വിചാരിച്ച് പോയതാ. ''

''എന്റെ പൊന്നാര ചങ്ങായ്യ്യേ, ഞാന്‍ പോത്ത് കൂട്ടുന്നതൊക്കെ നിര്‍ത്തീട്ട് കാലം എത്രായീന്ന് അറിയോ നെനക്ക്?''

''നിര്‍ത്ത്യോ?! അപ്പോ ഞ്ഞും ഗോമാതാവിന്റെ ആളായോ?''

''തേങ്ങാക്കൊല. നെന്റെ അതേ പ്രശ്‌നാന്ന്.. ഒരു കഷണം അങ്ങ് ചെന്നാ അപ്പോ തൊടങ്ങും ചൊറിച്ചിലും പൊന്തലും.'' പാമ്പ് സങ്കടപ്പെട്ടു.

കീരി നിരാശനായി. ''നെനക്ക് ഇഷ്ടാണ്ന്ന് വിചാരിച്ചിറ്റാ പോത്ത് വാങ്ങീത്. ഇല്ലെങ്കി കിടിലന്‍ അയലക്കറിണ്ടായ്‌നു കേള്വേട്ടന്റെടുത്ത്. ശ്ശെ''

''യെന്തിനാന്ന്. പുട്ടല്ലേ സാനം, കൊറച്ച് പഞ്ചാരേം കൂട്ടി അടിച്ചാ മതി. ഞ്ഞ് തല്‍ക്കാലം നെന്റെ പണി നോക്ക്. ഇനിയിപ്പം അയലക്കറിക്ക് പോകാന്‍ നിക്ക്വല്ലേ!''

''എന്റെ അന്യേന്‍* കൊറേ കാലത്തിനേഷം പൊരയ്ക്ക് വന്നിട്ട് പഞ്ചാരേം കൂട്ടി പുട്ട് തീറ്റിക്ക്യാ? നടക്കൂല മോനേ.. ഞ്ഞ് കുമ്മായം കൂട്ടുമ്പളേക്കും ഞാന്‍ ദാന്നും പറഞ്ഞ് പറന്നെത്തും. അല്ല പിന്നെ.''

കീരി വേഗം ആര്‍.എക്‌സെടുത്ത് റോഡിലേക്കിറങ്ങിയപ്പോള്‍ മുന്നില്‍ സോമേട്ടന്റെ ഭാര്യ ലതേച്ചി ആക്ടീവയില്‍! രണ്ടായി പിന്നിയിട്ട മുടിയുടെ ഇരുവശത്തുമായി ഫിറ്റു ചെയ്ത മഞ്ഞകോളാമ്പിപ്പൂവാണ് എന്നത്തേയും പോലെ ആദ്യം കണ്ണില്‍ തടഞ്ഞത്. കൊയിലാണ്ടിയിലെ 'വെള്ളേല്‍ സ്റ്റോണ്‍ ക്രാഫ്റ്റിന്റെ' ഉടമയായ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി പോവുന്ന പോക്കാണ്. അതുവരെ നിര്‍വികാരികമായിക്കിടന്ന ലതേച്ചിയുടെ മുഖം പൊടുന്നനെ മറികടന്നുപോകുന്ന കീരിയെ കണ്ടതും പൂത്തുലഞ്ഞു. അന്നേരം അവരുടെ ഇടത്തേ മുലയുടെ മുകള്‍ ഭാഗത്തുനിന്നും നീലവെളിച്ചം മിന്നി. 'ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി..' ലതേച്ചി വണ്ടി സൈഡാക്കി. സൈഡ് മിററിലൂടെ ബ്ലൗസിനുള്ളില്‍ നിന്നും ഫോണെടുക്കുന്ന അവരെ നോക്കി കീരി ആര്‍.എക്‌സ് പാലമരച്ചുവട്ടിലേക്കൊതുക്കി.

ലതേച്ചിയെ അറിയാത്തവര്‍ മുചുകുന്നില്‍ ആരുമില്ല. അവരുടെയും സോമേട്ടന്റെയും അനശ്വരപ്രണയവും ഒന്നിക്കലുമൊക്കെ നാട്ടുകാര്‍ക്ക് ചരിത്രപുസ്തകം പോലെ കാണാപാഠമാണ്.

കാലം ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയേഴ്..

വിദ്യാ ടാക്കീസില്‍ തൂവാനത്തുമ്പികള്‍ പറന്നിറങ്ങിയ ദിവസം. മണ്ണാറത്തൊടി  ജയകൃഷ്ണന്റെ തൃശ്ശൂരൊഴുക്കില്‍ ലയിച്ചുമറിയുന്ന ആള്‍ക്കൂട്ടത്തിലേക്ക് വളരെ വൈകി ഒരാള്‍ കൂടി എത്തപ്പെട്ടു. വെള്ളേല്‍ സോമന്‍. പുതുക്കച്ചെക്കന്റെ സ്‌പ്രേ മണം പോലും മാറാതെ വിയര്‍ത്തുകുളിച്ച് മരത്തിന്റെ കസേരയിലേക്ക് വന്നിരുന്ന അവന്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്ത് സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ കത്തെഴുതിക്കഴിഞ്ഞ ജയകൃഷ്ണന്റെ മുന്നില്‍ പതിയെ തെളിഞ്ഞുവരുന്ന ക്ലാരയുടെ സീനായിരുന്നു. മുചുകുന്നില്‍ നിന്നും അതുവരെ സൈക്കിള്‍ ചവിട്ടിയ ക്ഷീണമെല്ലാം ക്ലാരയുടെ ചുണ്ടുകള്‍ കണ്ട മാത്രയില്‍ അവന്‍ മറന്നു. സുമലതയെ അവന് അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് മാത്രമാണ് മങ്കുര്‍ണി* കാച്ചുന്ന, ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും എക്‌സൈസ് കയറി നിരങ്ങുന്ന അയ്യേട്ടന്റെ രണ്ടാമത്തവളായ ലതയെ അവന്‍ പിന്നാലെ നടന്ന് പ്രേമത്തിലേക്ക് തള്ളിയിട്ട് കല്യാണം കഴിച്ചത്. കല്യാണത്തിലേക്കെത്താന്‍ കുറച്ച് കഷ്ടപ്പെട്ടു എന്നത് വേറെ കാര്യം.

''സോമേട്ടാ, ങ്ങക്ക് ചേര്‍ന്നൊരു ബന്ധല്ലത്. ന്നെ വിട്ടേക്ക്. ന്ന്ട്ട് ഏതേലും തറവാട്ട് പെറന്ന പെണ്ണിനെ കെട്ടി നല്ലോണ്ണം ജീവിക്കാന്‍ നോക്ക് ങ്ങള്..''

പിഷാരിക്കാവ് ക്ഷേത്രത്തില്‍ എല്ലാ ചൊവ്വാഴ്ചയും രാവിലെ ഗുരുതിക്ക് എത്താറുണ്ടെന്നറിഞ്ഞ് അവള്‍ പോകുന്ന ഇടവഴിയില്‍ കാത്തുനിന്ന് പ്രണയം പറഞ്ഞപ്പോള്‍ സോമന് കിട്ടിയ ആദ്യ മറുപടി അങ്ങനെയായിരുന്നു. സോമന്‍ വിട്ടില്ല. അവളെ എങ്ങനെ പ്രീതിപ്പെടുത്താം എന്ന് തക്കം പാര്‍ത്തുനടന്നു. അപ്പോഴാണ് അച്ഛന് കാച്ചാന്‍ മങ്കുര്‍ണിക്കുള്ള ഉണ്ടവെല്ലം* അവളാണ് വാങ്ങാറുള്ളതെന്ന് സോമന്‍ അറിയുന്നത്. അവളെ വല്ല വിധത്തിലും വീഴ്ത്താന്‍ കഴിയുമെങ്കില്‍ അതിനി ഉണ്ടവെല്ലത്തിന് മാത്രമായിരിക്കുമെന്ന് അവന് വെളിപാട് പോലെ തോന്നി. പിന്നെ വച്ചുതാമസിപ്പിച്ചില്ല, കൊയിലാണ്ടിയില്‍ നിന്നും നേരെ ഷോര്‍ണൂരേക്കും അവിടെ നിന്ന് പാലക്കാട്ടേക്കും ട്രയിന്‍ കയറി. പത്തുപതിനഞ്ച് കിലോ പാലക്കാടന്‍ ഉണ്ടവെല്ലവും ഒപ്പിച്ചാണ് സോമന്‍ പിന്നത്തെ ചൊവ്വാഴ്ച ഇടവഴിയില്‍ കാത്തുനിന്നത്.

ഉണ്ടവെല്ലം കിട്ടിയപ്പോള്‍ അവള്‍ ആഴത്തിലൊന്ന് മണത്തുനോക്കി കവിളില്‍ മധുരം തുളുമ്പുന്ന നുണക്കുഴി വിരിയിച്ചു. അതിലേക്ക് ആഞ്ഞുചാടി സോമന്‍ വികാരഭരിതനായി. ''ഞാന്‍ പെണ്ണിനെ കെട്ടുന്നത്, പൊറുപ്പിക്കാനല്ല. അങ്ങോട്ടുമിങ്ങോട്ടും പ്രേമിക്കാനും സ്‌നേഹിക്കാന്വാണ്.''

സാക്ഷാല്‍ മമ്മൂട്ടി പോലും അത്തരമൊരു ഡയലോഗ് അക്കാലമത്രയായിട്ടും ഒരൊറ്റ സിനിമയിലും അടിച്ചിട്ടില്ല. സുമലതയെ പോലെയുള്ള ലത ഗുരുതിയുടെ പ്രസാദം ഉണ്ടവെല്ലത്തിനോട് ചേര്‍ത്ത് നെഞ്ചോടടുക്കി പിടിച്ച് സോമനെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. പക്ഷേ പാലക്കാടന്‍ ഉണ്ടവെല്ലം നീട്ടിയതിന്റെ നാലാം ദിവസം അയ്യേട്ടനെ എക്‌സൈസുകാര് പൊക്കി. പിടിച്ചെടുത്ത പോത്താച്ചി തപ്പും* തലയില്‍ വെപ്പിച്ച് ഗജവീരനെപ്പോലെ ആനയിച്ച് അഞ്ചാറ് കാക്കിക്കാര് വരിവരിയായി ചേനന്‍ വരമ്പിലൂടെ മുചുകുന്നിലേക്ക് നടന്നു. തലവേദനയാണെന്നും പറഞ്ഞ് ലീവാക്കി സിമന്റ് കടയില്‍ പോകാതെ വീട്ടില്‍ കെടക്കണ സോമന്‍ പാതി തുറന്ന ജന്നലിനുള്ളിലൂടെ ആ കാഴ്ച കണ്ട് ഊറിച്ചിരിച്ചു.

അന്ന് രാത്രി നട്ടാപ്പാതിരായ്ക്ക് ആരും കാണാതെ വീട്ടില്‍ നിന്നിറങ്ങിയ ലത, ചരല്‍ക്കുന്നിലെ വലിയ പാതാളത്തില്‍ വച്ച് കണ്ണീരോടെ സോമന്റെ നെഞ്ചിലണഞ്ഞു. ആദ്യം അവളുടെ കണ്ണീരിന്റെ ഉപ്പ് അവന്‍ ചുണ്ടുകളാല്‍ ഒപ്പി, പിന്നെ വിറഞ്ഞുതുടങ്ങിയ ചുണ്ടുകളില്‍ ഉണ്ടവെല്ലത്തേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന മധുരം വിളമ്പി. ജയകൃഷ്ണന്റേത് പോലുള്ള കുസൃതിത്തരങ്ങള്‍ കണ്ടില്ലാന്ന് നടിക്കാനോ അതിര് കടക്കുമ്പോള്‍ കട്ട് പറയാനോ കഴിയുന്ന ഒരു സംവിധായകനായിരുന്നില്ല തീര്‍ത്തും ദുര്‍ബലനായ ആ രാത്രി. അതുകൊണ്ടുതന്നെ കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ ലതയുടെ മാസമുറ ആദ്യമായി തെറ്റി.

അയ്യേട്ടന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സോമന്‍ കല്യാണാലോചനയുമായി ചെന്നത്. പിന്നെയും വൈകിയാല്‍ കുട്ടിയുടെ ഇരുപത്തിയെട്ടും തന്റെ കല്യാണവും ഒരുമിച്ച് നടത്തേണ്ടി വരുമെന്ന് അവനറിയാമായിരുന്നു. എക്സൈസുകാർ കാലുമടക്കി കുത്തിയതിന്റെ ക്ഷീണത്തില്‍ കൂടുതല്‍ ബലംപിടിക്കാനോ മര്‍ക്കടമുഷ്ടിക്കോ അയ്യേട്ടന്‍ നിന്നില്ല. ഒരു പ്രശ്‌നം മാത്രമേ സോമന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. 'തൂവാനത്തുമ്പികള്‍' സിനിമ വിദ്യയില്‍ എത്തുമെന്ന് പറയപ്പെടുന്ന അന്നായിരുന്നു അവരുടെ കല്യാണം. അത് മാറ്റണമെന്ന് സോമനും മാറ്റില്ലെന്ന് അയ്യേട്ടനും വെറുതേ വാശി പിടിച്ചു. പിന്നീടുണ്ടായ വലിയ പാതാളത്തിലെ രഹസ്യസല്ലാപത്തിനിടെ കൊഴിഞ്ഞുവീണുകിടന്ന മുള്ളന്‍ പന്നിയുടെ മുള്ളെടുത്ത് അവളുടെ പൊക്കിള്‍ച്ചുഴിയുടെ ആഴമളന്നുകൊണ്ട് ഈ സങ്കടം സോമന്‍ ലതയോട് പറഞ്ഞു.

''അയിനെന്താ, ന്റെ സോമേട്ടന് കല്യാണം കയിഞ്ഞാലും ഫസ്റ്റ് ഷോക്ക് പോകാലോ..'' അവള്‍ സുഖമുള്ളൊരു എരിവ് നീളത്തില്‍ വലിച്ചു.

ആ ഫസ്റ്റ് ഷോയാണ് നടക്കുന്നത്. ജയകൃഷ്ണനും ക്ലാരയും മദ്യപിച്ച് മണല്‍ത്തിട്ടയില്‍ കിടന്ന് കുത്തിമറിയുന്നത് കണ്ട് ഉന്മാദാവസ്ഥയിലായ സോമന്‍ പടം കഴിഞ്ഞയുടനെ തിയ്യേറ്ററില്‍ നിന്നിറങ്ങി തൊട്ടടുത്ത കടയില്‍ നിന്നും മൂന്നുലിറ്ററിന്റെ തപ്പും വാങ്ങി നേരെ പുളിയഞ്ചേരി കള്ളുഷാപ്പിലേക്ക് സൈക്കിള് ചവിട്ടി. ഷാപ്പിന്റെ മുറ്റത്തെത്തുമ്പോള്‍ കുടിക്കാന്‍ വന്നവരെല്ലാം താടിക്ക് കൈയ്യും കൊടുത്ത് വിഷാദരായി ഇരിക്കുകയാണ്.

''അപ്പോ ഞ്ഞറിഞ്ഞ്‌ലേ? മ്പളെ ചെത്ത്വാരന്‍ രാരുട്ട്യേട്ടന്‍ തെങ്ങ്മ്മന്ന് വീണിക്കി!'' കൂട്ടത്തിലാരോ തരിപ്പടിക്കാന്‍ കഴിയാത്തതിന്റെ സങ്കടം തുടച്ചു.

അതോടെ സോമന്‍ തപ്പ് ദേഷ്യത്തില്‍ കള്ളുഷാപ്പിനരികിലെ പാടത്തേക്ക് ഒരൊറ്റയേറായിരുന്നു. മൂത്തു കനത്ത നിരാശയോടെ വീട്ടിലെത്തുമ്പോള്‍ 'ഞ്ഞിതേത് അടുപ്പില്‍ പോയി കെടക്ക്വേയിനു?' എന്നും ചോദിച്ച് അച്ഛന്‍ വാക്കുകളോങ്ങി. ഉച്ചക്ക് പന്തലില്‍ വിളമ്പി ബാക്കിയായ ചോറും ഇറച്ചിക്കറിയും തിന്ന് മണിയറയില്‍ എത്തുമ്പോള്‍ ലത കട്ടിലില്‍ തളര്‍ന്ന് കിടക്കുകയായിരുന്നു.

സോമന്‍ ആര്‍ത്തിയോടെ മുറിയില്‍ കയറി വാതിലടച്ച പാടെ കട്ടിലിന്റെ ചുവട്ടില്‍ നിന്നും ലത പള്ള വീര്‍ത്തൊരു ടെക്സ്റ്റയില്‍സ് കവറെടുത്ത് നീട്ടി. ''ഛര്‍ദ്ദിച്ചതാണ്. ഒരു വിധത്തിലാണ് ഞാനിത് പുറത്തേക്കെത്തിച്ചത്. ഇനി ങ്ങള് എവിട്യാന്ന് വെച്ചാ കൊണ്ടോയി എറിഞ്ഞ്വാള.''

''എന്നും എപ്പളും എല്ലോം പപ്പാതി'' കോട്ടയിലെ ഉത്സവത്തിന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് മലേക്കാരുടെ വെള്ളരിപ്പാടത്ത് ലതയുടെ പഞ്ഞി പോലുള്ള തുടകളില്‍ കവിളമര്‍ത്തി രഹസ്യമണം പൂണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞത് അവന്‍ ഓര്‍ത്തു.

സോമന്‍ നേരെ തൊടിയിലേക്ക് നടന്നു. പനംപാത്തി പാകി ചാക്കുകൊണ്ട് മറച്ച കക്കൂസില്‍ കൊണ്ടുപോയി കവര്‍ പൊട്ടിച്ചെറിഞ്ഞു. പുളിച്ച മണം പാഞ്ഞുവന്ന് അവന്റെ അന്നനാളം തൊട്ടു. ഗര്‍ഭമില്ലാതെ അവനും ജീവിതത്തിലാദ്യമായി ഓക്കാനിച്ചു. തിരിച്ച് മുറിയിലെത്തുമ്പോഴേക്കും അവള്‍ എഴുന്നേറ്റിരുന്നു. സോമന്‍ അവളുടെ മടിയില്‍ കിടന്ന് തൂവാനത്തുമ്പികളുടെ കഥ പറഞ്ഞു. കള്ള് കുടിച്ച് മണലില്‍ ഉരുളാന്‍ കഴിയാത്തതിന്റെ വേദന പറഞ്ഞു. അപ്പോഴേക്കും ലത അതുവരെ ചിരിച്ചതിലേക്ക് വെച്ചേറ്റവും ഭംഗിയുള്ള ചിരിയോടെ എഴുന്നേറ്റുപോയി അലമാരയില്‍ നിന്നും ചെറിയൊരു കുപ്പിയെടുത്ത് അയാള്‍ക്ക് നേരെ നീട്ടി. പാലക്കാടന്‍ ഉണ്ടവെല്ലം, അയ്യന്‍സ് മങ്കുര്‍ണിയായി മാറിയ മന്ത്രവിദ്യയായിരുന്നു കുപ്പിയില്‍. മുറി മുഴുവന്‍ സകല നിറങ്ങളിലുമുള്ള തുമ്പികള്‍ നിറഞ്ഞതുപോലെ സോമന് തോന്നി. മണലിന് എവിടെ പോയി തപ്പും എന്ന് കുഴഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചപ്പോഴേക്കും സോമന്‍ അതിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്ത് വാഴയില്‍ ശിവന്റെ വീടുപണിക്കായി അടിച്ചുകൂട്ടിയ മണലില്‍ പോയി അവര്‍ വീണുരുണ്ടു. രണ്ട് മനുഷ്യരുടെ ആര്‍മാദം കാണാന്‍ മുകളില്‍ കാര്‍മേഘങ്ങള്‍ തമ്മില്‍ തല്ലി.

Ajijesh Pachat | Short Story

കനത്ത മഴ പെയ്യാന്‍ തുടങ്ങി.

അങ്ങനെ മഴകള്‍ അനവധി മണല്‍ത്തിട്ടകളിലും സിനിമകള്‍ കുറേ വിദ്യാ ടാക്കീസിലും തകര്‍ത്താടി. പലതും സോമന്‍ ലതയ്‌ക്കൊപ്പവും ഒറ്റയ്ക്കും ആസ്വദിച്ചു. അപ്പോഴേക്കും അവര്‍ക്ക് ആണ്‍കുട്ടി ജനിച്ചു. ആയിടക്കാണ് സോമന് ചെറിയൊരു പ്രശ്‌നമുണ്ടായത്. അതായത് അരീക്കോട് കൃഷ്ണാര്‍ജ്ജുനില്‍ 'നീലരാത്രികള്‍' എന്ന എ'പടം തകര്‍ത്തോടുന്ന കാലം. പടത്തിനിടയില്‍ ചുവപ്പ് ലൈറ്റ് മിന്നിച്ചിടുന്ന 'ക്ലിപ്പുകളെ കുറിച്ചുള്ള കിംവദന്തികള്‍ക്ക് ലക്കും ലഗാനുമില്ലാതായപ്പോള്‍ ലതയോടു പോലും പറയാതെ സോമന്‍ ഒരു ഞായറാഴ്ച അരീക്കോടേക്ക് ബസ് കയറി പടം കണ്ടു. തിരിച്ച് വീടെത്തുന്നതുവരെ ഒരു പ്രശ്‌നവുമില്ലായിരുന്നു.

പക്ഷേ, അന്ന് രാത്രി വന്‍പ്രതീക്ഷയോടെ കിടപ്പുമുറിയിലെത്തിയ അവന്‍ കിടുങ്ങി. സാനം നാഭിയില്‍ ഒച്ചിനെപ്പോലെ കുഴഞ്ഞുകിടക്കുന്നു! തട്ടും തടവലുമായി സോമനും ലതയും മാറി മാറി പഠിച്ച പണി പതിനെട്ടും പയറ്റി. എത്ര ശ്രമിച്ചിട്ടും ഒച്ച് പാമ്പായില്ല. ക്ഷീണിച്ച് ചടച്ച ലത, ഇന്ന് കടം നാളെ രൊക്കം എന്നും പറഞ്ഞ് തിരിഞ്ഞുകിടന്നു. പിറ്റേന്ന് മാത്രമല്ല അതിന് പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നുമൊക്കെ കടം മാത്രമായി. അതോടെ സോമന്റെ എല്ലാ നിയന്ത്രണങ്ങളുമറ്റു. ടെന്‍ഷനടിച്ച് സകല സ്ഥലങ്ങളിലും ഒറ്റയ്ക്ക് ചെന്നിരുന്നു. പലപ്പോഴും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് കരഞ്ഞു. അതിനിടയില്‍ നാട്ടിലെ ഒന്നുരണ്ട് പച്ചില വിദ്വാന്‍മാരെ രഹസ്യമായി കാണിച്ചുനോക്കുകയും ചെയ്തു. കുറേ കയ്പ്പും ചവര്‍പ്പുമുള്ള കഷായങ്ങള്‍ അന്നനാളം വഴി ഒഴുകിയെന്നല്ലാതെ ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോഴാണ് ഞരമ്പിന്റെ പ്രശ്‌നമാണെന്ന് മനസ്സിലായത്. അവര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു, സോമനും പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു.

ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് സോമന് സുമലതയിലെ സുമ പോയി വെറും ലതയായി. ലതയ്ക്ക് സോമനിലെ ജയകൃഷ്ണന്‍ അടര്‍ന്ന് തനി സോമനുമായി. പ്രണയം വറ്റി, കിടപ്പറയില്‍ തമ്മാത്തമ്മിലുള്ള കുത്തുവാക്കുകള്‍ ഭ്രാന്തമായി തൂങ്ങിയാടി. സോമന്‍ പീഢകനായി, പിശുക്കനായി, സര്‍വ്വോപരി തൊട്ടാല്‍ പൊട്ടുന്ന ദേഷ്യക്കാരനുമായി.

''ഇന്നലെ ചൊമര്മ്മല് അമുക്കിപ്പിടിച്ച് ബെല്‍റ്റോണ്ട് അടിക്കലായ്‌നു പണി.'' ലതേച്ചി അതും പറഞ്ഞ് ബ്ലൗസിന്റെ ഇടത്തേ പുറംഭാഗം അല്‍പം താഴ്ത്തിക്കാണിച്ചു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ താന്‍ തുരുതുരാ ഉമ്മകള്‍ കോര്‍ത്ത ഭാഗമാണ് കരുവാളിച്ച് കിടക്കുന്നത്! കീരിക്ക് വീര്‍പ്പുമുട്ടി. അവനും പുറംഭാഗമെരിഞ്ഞു.

''ചെള്ളയടക്കി രണ്ടെണ്ണം പൊട്ടിച്ചൂടായ്‌നോ ങ്ങക്ക്..''

''കൊടുത്തിനു ഞാന്‍. മടുത്തെഡാ. എത്ര്യാന്ന് വച്ചിറ്റാ..''

മാടത്തിന്‍മോളിലെ ഗവണ്‍മെന്റ് കോളേജിന്റെ താഴെയുള്ള ഒഴിഞ്ഞ പറമ്പിലെ ഒറ്റപ്പറങ്ക്യാവിന്‍ ചോട്ടിലായിരുന്നു അവരപ്പോള്‍. സോമേട്ടനോടുള്ള ദേഷ്യം കീരി ഒരു കരിങ്കല്‍ച്ചീളെടുത്ത് തൊട്ടപ്പുറത്തെ പച്ചണ്ടിയില്‍* തീര്‍ത്തു. അണ്ടിച്ചൊണയുടെ മണം.

''നിക്കിനി വയ്യ ഷിജ്വോ.. നെനക്കെന്നെ എങ്ങോട്ടെക്കെങ്കിലും ഒന്ന് കോണ്ട്വോവ്വാന്‍ പറ്റ്വോ? നാല്വേസത്തിനെങ്കിലും നാല്വേസത്ത്‌ന്... അങ്ങനേങ്കിലും കൊറച്ച് മണിക്കൂറ് നിക്ക്യൊന്ന് ജീവിക്കാനാ.''

അത് കേട്ടതും ഷിജുവിന്റെ നെഞ്ചിലൂടെയൊരു തീപ്പന്തം പാഞ്ഞു. അവന് സങ്കടം തോന്നി, കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ''ലതേച്ചിക്കറിയായിറ്റാ ആ പണ്ടാരക്കാലത്തീന്റെ സ്വഭാവം. ഇന്നെന്നെ മെന്‍സസായിറ്റ് ഞാന്‍ വിളിച്ചില്ലാന്നും പറഞ്ഞ് തുരുതുരാ മെസേജാണ്. ഈ മെന്‍സസൊക്കെ സാധാരണ പരിപാടിയല്ലേ? രാവിലെ വീട്ടീന്ന് പോയിട്ടാണ് ഈ കളി. അമ്മാരി മൊതലായ ഓള് ജീവിച്ചിരിക്കുന്നേടത്തോളം കാലം മ്മക്ക് ഇമ്മാരി പാതിരാപ്രേമത്തിനേ കയിയൂ...''

ലതേച്ചി കണ്‍മഷി പടര്‍ന്നത് ടവ്വലെടുത്ത് ഒപ്പി. എന്നിട്ട് തിളങ്ങുന്ന വെയില് പോലെ ചിരിച്ചു. ''ഞ്ഞ് ഓക്ക് മെസേജ് തിരിച്ചയക്കണം ട്ടോ...'' അവര് ചാരിനിന്ന കൊമ്പില്‍ നിന്നും പതിയെ അടര്‍ന്നുമാറിക്കൊണ്ട് പറഞ്ഞു. രണ്ടുമൂന്ന് അണ്ടീംപറങ്ക്യാങ്ങയും* താഴെ വീണു. ഒരണ്ണാങ്കൊട്ടന്‍ അപ്പുറത്തെ കൊമ്പിലിരുന്ന് ചിലച്ചു. ''പീട്യേല് സ്റ്റോക്കെടുപ്പാന്ന്. വേം ചെന്നില്ലെങ്കില് ചെലപ്പോ ഇന്ന് നട്ടാപ്പാതിരാക്ക് ആ പേരും പറഞ്ഞാവും.'' അവര്‍ വേഗം പോയി തൊട്ടപ്പുറത്തുള്ള വണ്ടിയില്‍ കയറി സൈഡ് സ്റ്റാന്റ് തട്ടി. ''അല്ല ഞ്ഞിങ്ങട്ടാന്ന് തെരക്ക്ട്ട്?''

ഷിജു ആദ്യം പാമ്പിന്റെ കാര്യം പറഞ്ഞു. പിന്നെ അവന്‍ കഴിപ്പ് നിര്‍ത്തിയതുപ്രകാരം തിരിച്ചുകൊണ്ടുപോകുന്ന ബീഫ്‌ഫ്രൈന്റെ കാര്യവും പറഞ്ഞു.

''ആന്നോ. എന്നാപ്പിന്നെ ഈല് സോമേട്ടന്ള്ള മത്തിക്കറിണ്ട്. മൂപ്പര്‍ക്കാണെങ്കില് മത്തിക്കറീനേക്കാളും ഇഷ്ടം ബീഫാ.. ഞ്ഞ്യൊരു കാര്യം ചെയ്യ്, ആ പാര്‍സലിങ്ങ് തന്നേക്ക്. ന്നറ്റ് മത്തിക്കറി കൊണ്ടോയി ഷൈജൂന് കൊട്ക്ക്. രണ്ടാക്കും സന്തോഷാവ്വൊല്ലോ.''

അത് നല്ലൊരു സ്‌കീമാണെന്ന് ഷിജുവിനും തോന്നി. അപ്പോള്‍ തന്നെ ഒരു പാതിരാചുംബനത്തിന്റെ മികവോടെ ഷിജുവിന്റെ ബീഫ് ഫ്രൈ ലതേച്ചിയുടേതും ലതേച്ചിയുടെ മത്തിക്കറി ഷിജുവിന്റേതുമായി.

''ഇതെന്താ രണ്ടെണ്ണം ണ്ടോ?'' പൊതി കൈയ്യില്‍ കിട്ടിയപ്പോള്‍ തൂക്കമിട്ടത് പോരാഞ്ഞിട്ട് ലതേച്ചി അതൊന്ന് വാസനിച്ചു നോക്കി.

''കൈയ്യില് കിട്ട്യപ്പോ എനിക്കും തോന്നീനു കേള്വേട്ടന്‍ പുത്യേ കയില് വാങ്ങീന്ന്ന്. ന്തായാലും മ്മളെ സോമേട്ടനാണ് അയ്‌ന്റെ യോഗം. ഞാന്‍ പൊട്ടെ ന്നാല്. വേഗം ചെന്നാ ആ പാമ്പിന്റെ പത്തിവിരിച്ചില് കാണണ്ടാലോ.''

''ഡാ..'' വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ നേരം ലതേച്ചി വിളിച്ചു. അവരുടെ കണ്ണുകള്‍ മത്താപ്പൂ പോലെ കത്തി. ''സോമേട്ടന്‍ ഇന്ന് വൈകും...''

അത് കേട്ടതും കീരി ചുവന്നുതുടുത്തു. അവന്‍ 'ഞാന്‍ പ്രകാശനിലെ ഫഹദിനെ പോലെ കണ്ണിറുക്കി ആര്‍.എക്‌സ് സ്റ്റാര്‍ട്ട് ചെയ്ത് റൈസാക്കി മുന്നോട്ടെടുത്തു. നിലത്തുകിടന്ന പറങ്ക്യാചമലകള്‍* ചിറക് മുളച്ചതുപോലെ ഉയര്‍ന്നുപൊങ്ങി. വെയിലുമായി കുട്ടിക്കരണം മറിഞ്ഞെത്തിയ പെട്രോള്‍ മണത്തെ അവന്റെ മണം പോലെ ലതേച്ചി ഉള്ളിലേക്കെടുത്തു. പൊടുന്നനെ അവരുടെ മിഴിക്കോണില്‍ ഒളിച്ചു നിന്ന ഒരു തുള്ളി കീരിക്കൊപ്പം പോകാനെന്നപോലെ പുറത്തേക്ക് ചാടി.

ലതേച്ചി കയറിച്ചെല്ലുമ്പോള്‍ ഷോപ്പില്‍ തിരക്ക് കുറവായിരുന്നു. സോമേട്ടന്‍ കനത്തില്‍ രണ്ടെണ്ണം അടിച്ച് നൂലുപൊട്ടിയ പട്ടം പോലെ ക്യാബിനിലിരിക്കുകയാണ്. അവര്‍ മുറിയിലേക്ക് കയറിയ അപ്പാടെ അയാള്‍ പോയി വാതിലടച്ച് കുറ്റിയിട്ടു. പിന്നെ നാടന്‍ നായയെപ്പോലെ ലതേച്ചിയുടെ ചുറ്റും മണം പിടിച്ച് നടന്നു. അതിന് ശേഷം ഒരൊറ്റ പിടുത്തത്തിന് തന്നിലേക്ക് ചേര്‍ത്ത് ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. ലതേച്ചിക്ക് അയാളുടെ പ്രേമമില്ലാത്ത ഉമിനീര് കാഞ്ഞിരക്കായ പോലെ കയ്ച്ചു. യാതൊരു വികാരങ്ങളുമില്ലാതെ തന്നെ തുറിച്ചുനോക്കുന്നതുകണ്ട് കലി കയറിയ അയാള്‍ ഒരിക്കല്‍ക്കൂടി അവരെ അമുക്കിപ്പിടിച്ച് ചുണ്ടുകള്‍ മുഴുവന്‍ വായക്കകത്തേക്കാക്കി കുറേ നേരം വലിച്ച് കിതച്ചു. വേദനയെടുത്ത ലതേച്ചി അയാളുടെ ചുമലില്‍ വിരലുകളാഴ്ത്തി. അതോടെ സോമേട്ടന്‍ ചുംബനം നിര്‍ത്തി എന്തോ വലിയ സംഭവം ചെയ്തതുപോലെ ഷര്‍ട്ടിന്റെ കോളര്‍ ശരിയാക്കി. പിന്നെ അവരുടെ കൈയ്യില്‍ നിന്നും ഭക്ഷണം കൊണ്ടുവന്ന സഞ്ചി പിടിച്ചുവാങ്ങി മേശപ്പുറത്തേക്ക് അമര്‍ത്തി വച്ചു.

''പോത്ത്..'' ചുണ്ടില്‍ തളംകെട്ടിയ അയാളുടെ ഉമിനീര്‍ ഒട്ടും വായിലേക്കാവാത്ത വിധത്തില്‍ ലതേച്ചി പിറുപിറുത്തു. സോമേട്ടന്‍ ഞെട്ടി മുഖമുയര്‍ത്തിയതും ലതേച്ചി പൂര്‍ത്തിയാക്കി. ''ങ്ങക്ക് ഇഷ്ടാന്ന്ന്ന് വിചാരിച്ച് വരുന്ന വഴിക്ക് കുഞ്ഞിക്കേള്വേട്ടന്റെ പീട്യേന്ന് വാങ്ങിയതാ..''

അത് ഇഷ്ടപ്പെട്ട രീതിയില്‍ സോമേട്ടന്‍ ഒരു ചിരി ചിരിച്ചു. പിന്നെ ചുറ്റുപാടും നോക്കി പറഞ്ഞു. ''ന്നാ ന്റെ മുത്ത് വേം വിട്ടോ.. ഏട്ടനിന്ന് വേം വര്ന്ന്ണ്ട്.''

എന്ത് തേങ്ങയ്ക്ക് എന്നുള്ള ഒരുതരം ചിരി സങ്കടത്തോടൊപ്പം ചുണ്ടിന്റെ ഇടത്തേക്കോണിലേക്ക് ഊറ്റിവച്ച് ലതേച്ചി പുറത്തേക്കിറങ്ങി. എന്നിട്ട് ഷോപ്പിന്റെ തെക്കുവശത്തുള്ള ബാത്‌റൂമിലേക്കോടി ക്ലോസറ്റിലേക്ക് ശക്തിയോടെ ഓക്കാനിച്ചു. മുസൈക്കിട്ടതുപോലെ വെളുത്ത ടൈലില്‍ ഛര്‍ദ്ദില്‍ പടര്‍ന്നു. തികട്ടിവന്നത് മുഴുവന്‍ പുറത്തേക്കെത്തിച്ച് മുഖം കഴുകി മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി കുറച്ചുനേരം കരഞ്ഞു. കുലുക്കുഴിഞ്ഞ് കുറേ തവണ തുപ്പി. ചുണ്ട് നീറി. തെല്ല് ആശ്വാസം കിട്ടിയപ്പോള്‍ ഫ്‌ളോറ് വൃത്തിയാക്കി പുറത്തേക്കിറങ്ങി. മുഖം തുടച്ചുകൊണ്ട് ഗേറ്റ് കടക്കുമ്പോഴേക്കും സ്വിഗ്ഗിയുടെ വലിയൊരു പെട്ടിയും വഹിച്ച് ഒരു ഒച്ചയില്ലാവണ്ടി വെള്ളയില്‍ സ്റ്റോണ്‍ ക്രാഫ്റ്റിന്റെ മുറ്റത്തേക്ക് വന്നുനിന്നു.

ഗ്രാനൈറ്റ് കയറ്റാന്‍ ഹിന്ദിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരുന്ന കരീമാക്ക ഡലിവറി ബോയിയെ കണ്ടപ്പോഴേക്കും മാര്‍ബിള്‍ കയറ്റുന്നിടത്തു നിന്നും ധൃതി പിടിച്ച് അവനരികിലെത്തി.

''പറഞ്ഞതൊക്കെ ണ്ടല്ലോ ലേ?''

''ഒക്കെണ്ട്.''

ഡെലിവറി ബോയ് പോയതിന്റെ പിന്നാലെത്തന്നെ ലിജീഷ് കുപ്പിയുമായെത്തി. അവന്‍ കുപ്പിക്ക് പോയത് സോമേട്ടന്‍ അറിഞ്ഞിരുന്നില്ല.

''അപ്പോ ഒക്കെ റെഡ്യാ.. എടുത്ത് വെക്ക്. ഞാന്‍ സോമനോട് കാര്യം പറഞ്ഞ് ഒന്നാര്‍മാദിക്കട്ടെ. പത്തീശക്ക് ഗതില്ല്യാത്തോന്‍ ന്നല്ലേ ഇരുപത്തിനാല് മണിക്കൂറുംള്ള പറച്ചില്. പൊളിച്ചളയും ഇന്ന് ഞാനത്.''

കരീമാക്ക ചെല്ലുമ്പോള്‍ സോമേട്ടന്‍ സഞ്ചിയിലുള്ള ഭക്ഷണസാധനങ്ങള്‍ ഓരോന്നായി പുറത്തേക്കെടുത്തുവെക്കുകയായിരുന്നു.

 ''സോമാ.. നിക്കി ലോട്ടറിയടിച്ചെടാ.'' കരീമാക്ക ആഹ്ലാദത്തോടെ പറഞ്ഞു.

എത്രയോ കാലമായി കരീമാക്കക്ക് ലോട്ടറിയെടുക്കുന്ന ശീലമുണ്ടെന്ന് സോമേട്ടന് മാത്രമല്ല ഷോപ്പിലുള്ളവര്‍ക്ക് മൊത്തമറിയാം.. എഴുത്ത് ലോട്ടറിയാണ് മൂപ്പരുടെ ഇഷ്ടവിഭവം. നയിക്കു*ന്നത് മുഴുവന്‍ രാത്രിക്ക് രാത്രി കുത്തിയിരുന്ന് എഴുതി വാട്‌സാപ്പിലയച്ച് പൈസ കളയും. ഓരോ ദിവസവും ആദ്യമായി കണ്ട വണ്ടിയുടെ നമ്പര്‍, സേവ് ചെയ്യാത്ത ഫോണ്‍ വരുമ്പോള്‍ അതിന്റെ ലാസ്റ്റ് നമ്പരുകള്‍, ചില ബില്ലുകളുടെ ആദ്യ നമ്പരുകള്‍, അതല്ലെങ്കില്‍ ആരുടെയെങ്കിലും പിറന്നാള്‍ വര്‍ഷങ്ങള്‍.. അങ്ങനെയങ്ങനെ നമ്പരുകള്‍ തിരഞ്ഞെടുക്കുന്ന രീതികള്‍ പലവിധമാണ്. എങ്ങനെയൊക്കെ എഴുതിയിട്ടും വര്‍ഷങ്ങളായിട്ടും മൂപ്പര്‍ക്ക് ഒരു പത്തുറുപ്യ അടിച്ച ചരിത്രമില്ല. പക്ഷേ നമ്പരുകള്‍ അവസാനിക്കുന്നില്ലല്ലോ.. അതുകൊണ്ടുതന്നെ കരീമാക്കയുടെ പ്രതീക്ഷകളും അസ്തമിക്കുന്നില്ല. ലോട്ടറിയടിച്ചു എന്ന് കേട്ടപ്പോള്‍ പത്തോ നൂറോ ആയിരമോ ആയിരിക്കും എന്നാണ് സോമേട്ടന്‍ കരുതിയത്.

''കിട്ട്യ പൈശ വെറുതെ തീര്‍ക്കാന്‍ നിക്കണ്ട കരീമ്ക്കാ.'' കേട്ടത് കാര്യമാക്കാതെ സോമേട്ടന്‍ ചോറുപാത്രം തുറന്ന് ബീഫിന്റെ പൊതി അഴിക്കാനായി കൈയ്യിലെടുത്തു.

''ഇതത്ര പെട്ടെന്നൊന്നും തീരൂല മോനേ.. പത്ത് ലക്ഷംണ്ട്.''

പത്തു ലക്ഷമെന്ന് കേട്ടതും ബീഫിന്റെ പൊതി സോമേട്ടന്റെ കൈയ്യില്‍ നിന്നും വഴുതി മേശപ്പുറത്തേക്ക് വീണു. സോമേട്ടന്‍ കരീമാക്കയെ തുറിച്ചുനോക്കി.

''സത്യാഡാ, എല്ലാ ദെവസോം മൊതലാളി ഞ്ഞല്ലേ. ഇന്നത്തെ മൊതലാളി ഞാനാണ്. ഫുള്‍ ചെലവ് എന്റെ വക. തിന്നാന്ള്ളതും കുടിക്കാന്ള്ളതൊക്കെ റെഡ്യാണ്. ഉച്ചേന്റേഷം ഏതായാലും സ്റ്റോക്ക് റെഡ്യാക്കാന്‍ ഷട്ടറിട്വല്ലോ.. ഇനി ഒരു ടീമിന് ബാത്‌റൂമിന്റെ ടൈല് മാത്രാണ് കൊടുക്കാന്ള്ളത്. ഓല് എത്താന്‍ മിക്കവാറും വൈന്നേരാവും. ഇന്ന് മ്മള് പൊരിക്കും.''

കുപ്പി എന്നു കേട്ടതും സോമേട്ടന്‍ വേഗം ചോറുംപാത്രം അടച്ച് പാത്രങ്ങളെല്ലാം സഞ്ചിയിലേക്ക് തിരികെ വച്ചു. ബീഫ് ഫ്രൈന്റെ പൊതി മാത്രം അയാള്‍ കൈയ്യില്‍ തന്നെ കരുതി.

''ദെന്താത് സ്‌പെഷല്‍?''

''ബീഫ് ഫ്രൈയ്യാ. എത്രേം പ്രിയപ്പെട്ട ഭര്‍ത്താവിന് അത്രേം പ്രിയപ്പെട്ട ഭാര്യയുടെ സമ്മാനം.''

''ന്റെ പൊന്നു സോമാ. ഈ അല്‍ഫാമും മന്തീം തന്തൂര്യൊക്കെ ഉള്ളടത്തേക്കാന്നോ നെന്റൊരു ബീഫ്! തല്‍ക്കാലം അതാടെ വെക്ക്. രാത്രി പൊരേല് കൊണ്ടോയി നെനക്കെന്നെ തിന്ന...''

മനസ്സില്ലാ മനസ്സോടെ സോമേട്ടന്‍ പൊതി മേശപ്പുറത്ത് വച്ചു. അവര്‍ കഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയപ്പോഴേക്കും ടൈല് കൊണ്ടുപോകാനുള്ള വണ്ടിയെത്തി. ഉച്ചക്ക് ശേഷം ലീവായതുകൊണ്ട് ലോഡിങ്ങിനുള്ള ഹിന്ദിക്കാര്‍ പണി നിര്‍ത്തി പോയിക്കഴിഞ്ഞിരുന്നു. വന്നവര്‍ തന്നെ ടൈല് കയറ്റാമെന്ന് പറഞ്ഞെങ്കിലും അതും കൂടി കഴിഞ്ഞിട്ട് ഇരിക്കുന്നതായിരിക്കും നല്ലതെന്ന് അവര്‍ക്ക് തോന്നി. കരീമാക്കയും ലിജീഷും ടൈല് കയറ്റാന്‍ കൂടിക്കൊടുക്കുകയും ചെയ്തു. കയറ്റിക്കഴിഞ്ഞതിന് ശേഷം അതിലുള്ള മെലിഞ്ഞ പയ്യന്‍ ബില്ല് വാങ്ങാന്‍ സോമേട്ടന്റെ ക്യാബിനിലെത്തി. ബില്ല് കൊടുത്തിട്ടും പോകാതെ നിന്ന് പരുങ്ങുന്ന അവനെ കണ്ടതും സോമേട്ടന്‍ നെറ്റി ചുളിച്ചു.

''നാസ്തയാക്കാന്‍* ന്തേലും..'' അവന്‍ തല ചൊറിഞ്ഞു.

''വെറും മൂന്നറ്റമ്പത് സ്ക്വയർ ഫീറ്റ് ടൈലിനെല്ലാം എന്ത് നാസ്ത്യാന്ന് മോനേ... !'' സോമേട്ടന്‍ കൈ മലര്‍ത്തി.

ആ മറുപടി കൊണ്ടൊന്നും അവന്റെ തല ചൊറിച്ചില്‍ നിന്നില്ല. അവനെ അധികം നിര്‍ത്തിച്ച് സമയം വൈകിയാല്‍ പാര്‍ട്ടി ആകെ കുളമാവുമെന്ന് അറിയാവുന്നതുകൊണ്ട് സോമേട്ടന്‍ പൊടുന്നനെ മേശപ്പുറത്ത് കണ്ട ബീഫ് ഫ്രൈ എടുത്ത് അവന് നേരെ നീട്ടി. ''നാസ്ത്യല്ലേ വേണ്ടത്.. ബീഫ് ഞാന്‍ സ്‌പോണ്‍സര്‍ ചെയ്യാം. പോന്ന പോക്കില്‍ കൊറച്ച് പൊറാട്ട വാങ്ങി കൈയ്യില് വെച്ചാ മതി, നാസ്ത റെഡി.''

ആദ്യം അവന്‍ സോമേട്ടനെ തുറിച്ചുനോക്കി. പിന്നെ മനസ്സില്ലാമനസ്സോടെ പൊതി വാങ്ങി പുളിച്ച ചിരിയോടെ ക്യാബിനില്‍ നിന്നും ഇറങ്ങി.

''ഇമ്മാരി തൊലിഞ്ഞൊരു ഊച്ചാളി'' പുറത്തു കാത്തുകിടന്ന ഗൂഡ്‌സ് ഓട്ടോയുടെ ഇടതുഭാഗത്തേക്ക് കയറിയിരുന്ന് പൊതി ഡാഷ് ബോര്‍ഡിലേക്കിട്ട് ശ്യാം പണ്ടാരമടക്കാന്‍ പറഞ്ഞു.

''ഇതെന്താദ്?'' ഡ്രൈവറുടെ വലതുവശത്തിരുന്ന പ്രിയേഷ് പൊതിയെടുത്ത് മണത്തുനോക്കി ചോദിച്ചു.

''ഓന്റ അമ്മേന്റെ ഇരുപത്തെട്ടിന് വെളമ്പാന്‍ള്ള ബീഫ് ഫ്രൈയ്യാണ്.. നാസ്ത പൈസ ചോയിച്ചേന് എഴുന്നള്ളിച്ച കിടുത..'' ശ്യാം മുറുമുറുത്തപ്പോള്‍ ഡ്രൈവര്‍ ഒരു വെളിച്ചെണ്ണച്ചിരിയോടെ വണ്ടി സ്റ്റാര്‍ട്ടാക്കി.

''ചുരുക്കം പറഞ്ഞാ അപ്പോ ഇന്നും ഊമ്പി.'' പ്രിയേഷ് നിരാശപ്പെട്ടു.

കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിക്ക് മുന്നിലെത്തുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല. മരിച്ച വീടു പോലെ ഗൂഡ്‌സ്-ഓട്ടോയില്‍ വിഷാദം നിറഞ്ഞുതൂവി. തെക്കുഭാഗത്തു നിന്നും ദയനീയ നിലവിളിയോടെ കുതിച്ചുവന്ന ആംബുലന്‍സിന് ഹോസ്പിറ്റല്‍ കോമ്പൗണ്ടിലേക്ക് കയറാന്‍ സൈഡ് കൊടുക്കുമ്പോള്‍ ശ്യാമിന്റെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അവന്‍ ഫോണ്‍ ലൗഡ് സ്പീക്കറിലിട്ടു.

''ഡാ.. പൊഴേന്റെടുത്തുള്ള ഹോട്ടല്‍ല് ഫുള്ള് വെജ്ജാണ്. ങ്ങള് കൊയിലാണ്ടീന്ന് വരുമ്പോ ക്ക്യന്തേലും നോണ്‍ വാങ്ങ്വോ?''അപേക്ഷയായിരുന്നു അങ്ങേത്തലയ്ക്കലില്‍.

''മനുഷ്യനിവടെ കട്ടപ്പൈസല്ലാണ്ട് ഊമ്പിത്തിരിഞ്ഞ് നിക്കുമ്പളാ അന്റൊരു എറച്ചിപ്പൂതി.. പകല് മുഴുവന്‍ പച്ചക്കറി ജീവ്യാണല്ലോ യ്യ്. വല്ല ഗ്രീന്‍പീസും അടിച്ചുകേറ്റി കെടക്കാന്‍ നോക്ക്.'' ശ്യാമിനും കലി കയറി.

''ഉച്ചക്കെന്നെ പട്ടിണ്യാണ്ടാ. പൈസ ഞാന്‍ ഗൂഗിള് ചെയ്യ. ങ്ങളേതായാലും ആ വഴിക്കല്ലേ വരണ്‍ത്. പ്ലീസ്..'' അപ്പുറത്തു നിന്ന് വീണ്ടും ദയനീയ സ്വരം.

ഒരു നിലയ്ക്കും വാങ്ങില്ലെന്ന് പറയാന്‍ പ്രിയേഷ് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

പൊടുന്നനെ ശ്യാമിന്റെ കണ്ണുകള്‍ ഡാഷ്‌ബോര്‍ഡിലുള്ള പൊതിയിലേക്ക് ചെന്നുവീണു. ''അണക്ക് പൊറോട്ടേം ബീഫും മത്യോ?''

''ഓ.. മതി.''

ആ മറുപടി കേട്ടതും ശ്യാം, പ്രിയേഷിനെ നോക്കി തംസ് അപ്പ് ഇമോജി കാണിച്ച് ഫോണ്‍ കട്ട് ചെയ്തു. അവനൊന്നും മനസ്സിലായില്ല.

''എന്ത് മൈ****ണ് യ്യ് ദൊക്കെ കേറി എല്‍ക്കാന്‍ നിക്കണത്.. നൂറ് മറിക്കാന്‍ നോക്ക്യപ്പോ കട്ടയ്ക്കല്ലേ എന്നും ചോദിച്ച് എടുത്ത പേഴ്‌സ് അരേല്‍ക്കെന്നെ തിരുകിയ കുട്ടിമലരനാണ് ഓന്‍.'' പ്രിയേഷിന് അരിശം അടക്കാന്‍ കഴിഞ്ഞില്ല.

''യ്യൊന്നടങ്ങ് കുട്ടാ..'' ശ്യാം ഇടതുകണ്ണ് ഇറുക്കിക്കാണിച്ചു.''മ്പക്ക് കാര്യം നടന്നാ പോരേ..''

കൊയിലാണ്ടി ബീവറേജസിന് തൊട്ടുമുന്നിലെത്തുമ്പോഴേക്കും ശ്യാമിന്റെ എക്കൗണ്ടിലേക്ക് പൈസ വന്നുവീഴുന്ന ശബ്ദമുണ്ടായി. അവന്‍ ചിരിച്ചുകൊണ്ട് ഡ്രൈവറെ തോണ്ടിയതും  റോഡില്‍ നിന്നും ഗൂഡ്‌സ്-ഓട്ടോ അത്യധികം പ്രണയത്തോടെ ബീവറേജസിനരികിലേക്ക് പതിയെ ചിറകടിച്ചിറങ്ങി.

കൊല്ലം ജംഗ്ഷനില്‍ വഴിപാട് പോലെ നടന്നുവരാറുള്ള ട്രാഫിക്ക് ജാമും കഴിഞ്ഞ് തിരിച്ച് സൈറ്റില്‍ എത്തുമ്പോഴേക്കും വൈകുന്നേരമായിരുന്നു. കുപ്പി പൊട്ടിക്കാനുള്ള ഹരത്തില്‍ ടൈല്‍ ശ്ശടേന്നും പറഞ്ഞ് ഇറക്കിയതോടെ വണ്ടി പെട്ടെന്ന് തിരിച്ചുപോയി. ശ്യാമും പ്രിയേഷും കൈയ്യുംകാലും കഴുകുമ്പോഴേക്കും ജയബാലന്‍ എവിടെ നിന്നോ ഓടിക്കിതച്ചെത്തി.

''ഓല് സൈറ്റ് അളക്കാന്‍ പോയതാ. ആ വഴിക്ക് ചെലപ്പോ 'അമര്‍ അക്ബര്‍  അന്തോണി'ക്ക് കയറുമെന്നും പറഞ്ഞിട്ടുണ്ട്. അല്ല, പാര്‍സലെവടെ? പയ്ച്ചിട്ട് മനുഷ്യന്റെ ആട്ടം മുട്ടീണ്.'' അവന്‍ വിശപ്പോടെ അവിടെയൊന്നാകെ പരതി.

''ഉച്ചക്ക് ന്തേലുമൊക്കെ അടന്തിക്കൂടേന്യോ?  ങ്ങനെ പട്ടിണി കെടക്കേണ്ട വല്ല കാര്യോമുണ്ടോ?'' ശ്യാം വേഗം മുഖത്തെ വെള്ളം വടിച്ചുകളഞ്ഞ് ടൈലിന് മുകളില്‍ മാറ്റിവച്ചിരുന്ന പൊതിയെടുത്ത് ജയബാലന് നേരെ നീട്ടി. ''ഇന്നാ, പോയി കുത്തിക്കേറ്റ്. ബീഫാണ്...''

''അല്ല, ങ്ങളൊക്കെ തിന്നോ?''

അന്നേരം പ്രിയേഷ് കൈ കൊണ്ട് കുപ്പിയുടെ ആംഗ്യം കാട്ടി. അപ്പോഴേക്കും ശ്യാം 'നീയറിഞ്ഞോ മേലെ മാനത്ത്, ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്'* എന്ന സിനിമാപ്പാട്ട് ഉറക്കെ പാടി അരയില്‍ നിന്നും കുപ്പി വലിച്ചൂരി മോഹന്‍ലാലിനെപ്പോലെ മുറ്റത്തേക്ക് ചരിഞ്ഞെത്തി.

''ജന്മങ്ങള്‍! ങ്ങനെ തീരും ങ്ങളൊക്കെ..'' ജയബാലന്‍ അസ്വസ്ഥതയോടെ മുറുമുറുത്തു.

''ഒന്നെഴീറ്റ് പോഡെയ്....'' പെട്ടെന്ന് മോഹന്‍ലാലായ ശ്യാം, ജയബാലന് നേരെ പല്ലിളിച്ചുകൊണ്ട് തനി ശ്യാം ആയി വിയര്‍പ്പോടിയ മുടി കോതിയൊതുക്കി കുപ്പി അരയിലേക്കുതന്നെ തിരുകി.

അപ്പോഴേക്കും പ്രിയേഷ് ചിരിച്ചുകൊണ്ട് 'ആ സ്വര്‍ഗത്തിലെ.., ആ മുത്തച്ഛന്മാര്‍ക്ക്.., ഇഷ്ടം പോലെ ഇനി കുടിക്കാമല്ലോ..' എന്ന് പൂര്‍ത്തിയാക്കി ചുവടുകള്‍ വച്ച് പതിയെ പള്‍സറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു.

'മടിച്ച് കൊതിച്ചു നിന്നിടാതെ.. കുതിച്ചു നമുക്കവിടെ പോകണം..' പാട്ടും പതിയെ അവരോടൊപ്പം അവിടെ നിന്നും ഇറങ്ങി.

പള്‍സര്‍ കണ്ണില്‍ നിന്ന് മറഞ്ഞതും ജയബാലന്‍ ഉള്ളില്‍ തോന്നിയ ദേഷ്യം കുടഞ്ഞെറിഞ്ഞ് വേഗം കൈ കഴുകി. വൈകുന്നേരം മുകളിലെ സിറ്റൗട്ടിലിരുന്നാല്‍ നല്ല പുഴക്കാറ്റ് കിട്ടും, അവനൊരു മൂളിപ്പാട്ട് പാടിക്കൊണ്ട് കവറും തൂക്കി പതിയെ സ്റ്റെര്‍കേസ് കയറാന്‍ തുടങ്ങി..  

അന്നേരം, അകലാപ്പുഴയുടെ ഹൃദയഭാഗത്തെ പാമ്പന്‍ തുരുത്തിനരികിലായി രാവിലെ മുതല്‍ തങ്ങി നിന്ന ഒരു പാഴ്സല്‍കവര്‍ പതിയെ താഴേക്ക് ആഴ്ന്നിറങ്ങി. അതുകണ്ട് എവിടെ നിന്നോ കുതിച്ചെത്തിയ മുഴു---------ത്തൊരു ചെമ്പല്ലി ആ കവറിനെ ഊക്കില്‍ ഒന്നു കൊത്തി.

കടുക്ക- കല്ലുമ്മക്കായ

കട്ടയടിക്കമ്പനി- സുഹൃത്തുക്കള്‍ക്കിടയില്‍ പിരിവിട്ട് മദ്യം വാങ്ങുന്ന പരിപാടി

സൈറ്റ്- പണി നടക്കുന്ന സ്ഥലം

പൊട്യണ്ണി- ഉപ്പൂത്തി

നോമ്പാരന്‍- വ്രതമെടുത്തയാള്‍

ഞ്ഞ്- നീ

ചോന്നത്-വിദേശമദ്യം

തല്ലുമ്പിടി- അടിപിടി

നത്ത്- മൂങ്ങ

അന്യേന്‍- അനിയന്‍

മങ്കുര്‍ണി- വാറ്റ്

ഉണ്ടവെല്ലം- ശര്‍ക്കര

തപ്പ്- കന്നാസ്

പച്ചണ്ടി- മൂക്കാത്ത കശുവണ്ടി

അണ്ടീംപറങ്ക്യാങ്ങയും- കശുമാങ്ങയും കശുവണ്ടിയും

ചമല- ഉണങ്ങിയ ഇലകള്‍

നയിക്കുക- അദ്ധ്വാനിക്കുക

നാസ്ത- കനത്തിലുള്ള ചായകുടി (പ്രത്യേകിച്ച് സമയത്തിന്റെ കണക്കില്ലാതെ മലബാറില്‍ പറയുന്നത്)

'നീയറിഞ്ഞോ'- കണ്ടു, കണ്ടറിഞ്ഞു എന്ന മോഹന്‍ലാല്‍ സിനിമയിലെ പാട്ട്

Read More 

Short Story Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: