scorecardresearch

കോഹിനൂര്‍ മാലപൊട്ടിക്കല്‍

പ്രമീളയാണ്. അറ്റന്റ് ചെയ്യാന്‍ തോന്നിയില്ല. കുറേ നേരം പാളത്തിന് മുകളിലിരുന്ന് കരഞ്ഞു. ട്രയിനിന് ഇനി അധികം സമയമില്ല. നെറ്റ് ഓഫ് ചെയ്ത് പ്രമീളയുടെ വാട്‌സാപ്പിലേക്ക് "പ്രമീ, നീയും മക്കളും എന്നോട് ക്ഷമിക്കണം" എന്ന മെസ്സേജ് ടൈപ്പ് ചെയ്ത് സെന്റ് ബട്ടണ്‍ അമര്‍ത്തി. അജിജേഷ് പച്ചാട്ട് എഴുതിയ കഥ

പ്രമീളയാണ്. അറ്റന്റ് ചെയ്യാന്‍ തോന്നിയില്ല. കുറേ നേരം പാളത്തിന് മുകളിലിരുന്ന് കരഞ്ഞു. ട്രയിനിന് ഇനി അധികം സമയമില്ല. നെറ്റ് ഓഫ് ചെയ്ത് പ്രമീളയുടെ വാട്‌സാപ്പിലേക്ക് "പ്രമീ, നീയും മക്കളും എന്നോട് ക്ഷമിക്കണം" എന്ന മെസ്സേജ് ടൈപ്പ് ചെയ്ത് സെന്റ് ബട്ടണ്‍ അമര്‍ത്തി. അജിജേഷ് പച്ചാട്ട് എഴുതിയ കഥ

author-image
Ajijesh Pachat
New Update
Ajijesh Pachat | Story | Literature

ചിത്രീകരണം: വിഷ്ണു റാം

2017 ഡിസംബര്‍ പതിമൂന്ന്. ഉച്ചക്ക് പന്ത്രണ്ട് മണി നേരം.

കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാതയിലെ കോഹിനൂര്‍ ബസ് സ്റ്റോപ്പ്. ആളുകള്‍ തീരെ കുറവ്.

Advertisment

യൂണിവേഴ്‌സിറ്റി ക്യാപംസില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന റിഹാന എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല, റോഡ് ക്രോസ് ചെയ്തുപോയ മുപ്പത്തിയഞ്ച് വയസിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവാവ് വളരെ അപ്രതീക്ഷിതമായി വലിച്ചങ്ങോട്ട് പൊട്ടിച്ചു.

പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പിടിക്കാന്‍ ശ്രമിച്ചതും അവളില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ അവളെ ഒരൊറ്റ തള്ളല്‍. റോഡിലേക്ക് മലര്‍ന്നടിച്ചു വീണ പെണ്‍കുട്ടിയുടെ ദേഹത്തിലൂടെ അന്നേരം ചീറിപ്പാഞ്ഞുവന്ന കോഴിക്കോട്-പാലാ കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് നിര്‍ദ്ദയം കയറിയിറങ്ങി നിയന്ത്രണം വിട്ട് തൊട്ടപ്പുറത്തെ മതിലില്‍ പോയി ഇടിച്ചു നിന്നു.

രണ്ടേ രണ്ട് പിടച്ചില്‍.

നിശ്ചലയായ പെണ്‍കുട്ടിയുടെ ചുറ്റുപാടും പൊടുന്നനെ ചോരയുടെ തടാകം വളര്‍ന്നു വലുതായി. കോഴിക്കോട് പത്രമോഫീസിലേക്ക് പുതിയ കവിത നേരിട്ട് ഏല്‍പ്പിക്കാന്‍ യാത്ര തിരിച്ച ഞാന്‍, മറുപൊളിയില്‍ സംഭവിച്ച ഈ കാഴ്ചകള്‍ നേരിട്ടുകണ്ട് ബോധം കെട്ട് വീണു.

Advertisment

പിറ്റേന്ന് രാവിലെ, തലയ്ക്കുണ്ടായ പരിക്കിന് മുകളില്‍  സ്റ്റിച്ചിട്ട് കിടക്കുന്ന എന്നെ തിരക്കി വന്ന പൊലീസ് സംഘം "സംഭവം കണ്ടിരുന്നോ?" എന്ന് ചോദിക്കുന്നതോടെയാണ് സത്യത്തില്‍ എന്റെ ജീവിതം മാറിമറിയുന്നത് എന്ന് വേണമെങ്കില്‍ പറയാം.

രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി താളിക്കോടന്‍ അഷ്‌റഫിനെ രണ്ടര കിലോമീറ്റര്‍ അപ്പുറത്തെ ചേളാരിയില്‍ വച്ച് അപ്പോള്‍ തന്നെ പൊലീസ് പിടികൂടിയിട്ടുണ്ടായിരുന്നു. കണ്ട സംഭവം കണ്ടില്ല എന്ന് പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു. എന്തൊക്കെയോ ആശങ്കകളാല്‍ എല്ലാവരും സാക്ഷി പറയുന്നതില്‍ നിന്നും മാറിനിന്നപ്പോള്‍ കോഹിനൂര്‍ മാലപൊട്ടിക്കല്‍ കേസിലെ ഏകദൃക്‌സാക്ഷി അങ്ങനെ ഞാന്‍ മാത്രമായി മാറി.

സംഭവം കഴിഞ്ഞ് നാലാം ദിവസം, ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിയ എന്നെ ചോദിച്ച് മെലിഞ്ഞ് തോടായ ഒരു സ്ത്രീ അവരേക്കാളും മെലിഞ്ഞ് അസ്ഥിക്കൂടമായ ഒരു കുട്ടിയെ മാറോടടുക്കി പിടിച്ചുകൊണ്ട് കയറിവന്നു. എന്നിട്ട് എനിക്ക് നേരെ ദയനീയമായി കൈ കൂപ്പി.

''ദയവു ചെയ്ത് വിശ്വസിക്കണം അള്ളാണേ നേര്, മൂപ്പര്‍ക്കങ്ങനെ ചെയ്യാന്‍ കഴ്യൂല. ചില്ലറ പോക്കറ്റടീം തല്ലുമ്പിടീംക്കെണ്ടേനീന്ന്ള്ളത് സത്യാ. പക്ഷേ ഇങ്ങനൊന്നും ചെയ്യാന്‍ള്ള കെല്‍പ്പ് മൂപ്പര്ക്ക് ണ്ടാവൂല... ങ്ങള് അന്ന് കണ്ടത് ന്റെ അഷ്രഫാക്കാനെ പോലെള്ള വേറെ ആരോ ആണ്...  ഒറപ്പാണ്.''

അവര്‍ക്ക് കരയാനുള്ള ശക്തിയൊന്നുമില്ലായിരുന്നു. കരുവാളിച്ച കണ്‍തടങ്ങളും നനഞ്ഞൊട്ടിയ കണ്ണുകളും. ഉടുത്തിരുന്ന സാരി പലയിടങ്ങളിലും കീറിയിട്ടുണ്ട്. എന്നാലോ, ആ കീറലിന് ചേര്‍ന്ന മുഷിപ്പ് വസ്ത്രത്തിലെവിടെയും കാണാനുമുണ്ടായിരുന്നില്ല.

''നിങ്ങള്‍ വല്ലതും കഴിച്ചതാണോ?''

തൊട്ടപ്പുറത്ത് ഞങ്ങളുടെ പട്ടിക്കൂട്ടിലേക്ക് ഒരു പുല്‍ത്തുമ്പും കടിച്ച് വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന അവരുടെ മൂത്തമകളെ നോക്കി ഞാന്‍ ചോദിച്ചു.

''ഒന്നും വേണ്ട സാറേ. ഇതറിഞ്ഞേന്റേഷം പിന്നെ ഒന്നും അങ്ങട്ട് എറങ്ങണ്ല്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആകെക്കൂടിള്ള സാക്ഷി ങ്ങളാന്ന് അറിഞ്ഞത്. അപ്പോത്തന്നെ പരപ്പനങ്ങാടീന്ന് കിട്ട്യ ബസ്സില്‍ കേറി പോന്നതാ. മൂപ്പരില്ലാണ്ടെ നിക്ക് ഇറ്റ്യേളെ പോറ്റാന്‍ കഴിയൂല. വാതത്തിന്റെ പ്രശ്‌നള്ളോണ്ട് പണിക്ക് പോകാനൊന്നും വയ്യ. രണ്ടും പെങ്കുട്ട്യേളാ...''

Ajijesh Pachat | Story | Literature

''നിന്റെ കുട്ടിയെപ്പോലുള്ള ഒരു ചെറിയ പെണ്‍കുട്ടിയെ ആണ് കെട്ട്യോന്‍ മാല പറിച്ചത് പോരാഞ്ഞിട്ട് കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളിലേക്ക് തള്ളിയിട്ടത്. ഒന്നുമറിയാത്ത ഒരു പാവം പെണ്‍കുട്ടിയെ കുരുതി കൊടുത്തിട്ട് വക്കാലത്തുമായി വരുന്നോ?'' അതുവരെ മിണ്ടാതെ എല്ലാം കേട്ടുനിന്ന പ്രമീള ഭദ്രകാളിയെപ്പോലെ തുള്ളിയത് പെട്ടെന്നായിരുന്നു.

ഞാനും അവരും, എന്തിനേറെ പറയുന്നു അവരുടെ ഒക്കത്തിരുന്ന കുഞ്ഞുപോലും അത് പ്രതീക്ഷിച്ചതായിരുന്നില്ല. കുഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങി.

''പ്രമീ...'' ഞാന്‍ അവള്‍ക്ക് നേരെ കണ്ണുരുട്ടി.

''നിങ്ങള് കണ്ണുരുട്ടി പേടിപ്പിക്കുകയൊന്നും വേണ്ട. ഇവളോട് വേഗം പോവാന്‍ പറഞ്ഞോ... അതായിരിക്കും നല്ലത്. ഇല്ലേല്‍ ഞാനിപ്പോ പൊലീസിനെ വിളിക്കും. അതല്ലേല്‍ ഫേസ്ബുക്കില്‍ ലൈവിടും. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും പറഞ്ഞ് വേറെ കേസിന് കൂട്ടില്‍ കേറി നിക്കേണ്ടിവരും. വേണോ?'' പ്രമീള ആ സ്ത്രീക്ക് നേരെ പുരികം ചുളിച്ചു.

ഞാനാകെ ഞെട്ടി, ഇവളിത് കേസും കോടതിയുമെല്ലാം എപ്പോ പഠിച്ചുവെന്ന അര്‍ത്ഥത്തില്‍ തുറിച്ചുനോക്കി.

''പോവ്വാണ് ചേച്ചീ. ന്നാലും നിരപരാധിത്വം ഒന്ന് പറയാന്ന് വച്ച് വന്നതാ. ചെലപ്പോ സാറിന് വിശ്വാസായാലോ... അത് തന്നെയാണ് അഷ്രഫാക്കയും വക്കീല്‍നോട് പറഞ്ഞത്. മൂപ്പരത് ചെയ്തിട്ടില്ലാന്ന് എനിക്കും മൂപ്പര്‍ക്കും അള്ളാക്കുമറിയാം. അതുമതി ഞങ്ങക്ക്.''

അവര്‍ കുഞ്ഞിനെ വലത്തേ ഒക്കത്തുനിന്നും വളരെ ബുദ്ധിമുട്ടി ഇടത്തേ ഒക്കത്തേക്ക് മാറ്റി കണ്ണുതുടച്ചുകൊണ്ട് തിരിഞ്ഞുനടന്നു. ഗേറ്റ് കടന്നതിന് ശേഷമാണ് മുതിര്‍ന്ന കുട്ടി അവരോടൊപ്പം ചേര്‍ന്നത്.

''ഇത്രയും ക്രൂരത പാടില്ലായിരുന്നു പ്രമീ... ഒന്നുമില്ലെങ്കിലും അവരും ഒരു സ്ത്രീയല്ലേ നിന്നെപ്പോലെ...'' ഞാനവരുടെ പോക്ക് നോക്കി സങ്കടത്തോടെ പറഞ്ഞു.

''എന്നെപ്പോലെയോ? വെറുതെ എന്റെ വായിലുള്ളത് കേള്‍ക്കാന്‍ നിക്കണ്ട. പറഞ്ഞേക്കാം. നിങ്ങളല്ല, ഇമ്മാതിരി ദുഷ്ടത്തരം ചെയ്ത് വരുന്നത് സ്വന്തം അച്ഛനാണെങ്കിലും അതിന് കൂട്ട് നിക്കാന്‍ പ്രമീളേനെ കിട്ടൂല. എന്നെപ്പോലെയാണ് പോലും...''  

അവള്‍ ബാക്കിയുള്ള തുള്ളലും കൂടി എനിക്ക് മുന്നില്‍ ആടിത്തീര്‍ത്ത് അകത്തേക്ക് കയറിപ്പോയി. ശരിയാണ്, പ്രമീള എല്ലാം എടുത്തടിച്ചതുപോലെ പറയും. സത്യത്തില്‍ പെണ്ണുകാണാന്‍ ചെന്ന അന്ന് അവളുടെ ആ സ്വഭാവത്തോടെ തന്നെയാണ് ഇഷ്ടപ്പെട്ടതും.

 കവിതെയെഴുതുന്ന കൂട്ടത്തിലാണെന്ന് പറഞ്ഞപ്പോള്‍ "കവിത വായിച്ചാലൊന്നും വയറ് നെറയൂല. വീട്ടിലേക്കുള്ള അരി ഈ കവിതയെഴുത്തുകൊണ്ട് സാധ്യമാവുമോ?" എന്ന് ചോദിച്ച ടീമാണ്. രണ്ടും കല്‍പിച്ച് പറഞ്ഞതാണ് പറ്റുമെന്ന്. ഒരുറപ്പും ഉണ്ടായിരുന്നില്ല, പേരിനൊരു പ്രിന്റിങ്ങ് പ്രസ്സ് മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പിന്നെ അവള് പഠിച്ച് എല്‍.പി സ്‌ക്കൂളില്‍ ടീച്ചറായി കയറിയതുകൊണ്ട് വലിയ അല്ലലില്ലാതെ ജീവിച്ചുപോകുന്നു എന്നുമാത്രം.

''എന്തൊരു തൊലിക്കട്ടിയാണ് ആ പെണ്ണിന്! ഇങ്ങനെ സാക്ഷിയായിട്ടുള്ള ആളെ തിരഞ്ഞുപിടിച്ചു വരാന്‍ വല്ലാത്ത ധൈര്യം തന്നെ വേണം.'' രാത്രിയില്‍ കുട്ടികളെ പുതപ്പിച്ച ശേഷം അവള്‍ എനിക്ക് തൊട്ടടുത്ത് വന്നിരുന്നു.

എനിക്ക് പ്രമീളയോട് പാവം തോന്നി. ''ഇത് അതുകൊണ്ടൊന്നുമല്ല പ്രമീ. അവര് വളരെ നിഷ്‌ക്കളങ്കയാണ്. എനിക്കങ്ങനെയാ തോന്നിയത്.''

''നിങ്ങള് കവികള്‍ക്കുള്ള പ്രധാന പ്രശ്‌നമാണിത്. എല്ലാം വൈകാരികമായി എടുക്കും. ലാസ്റ്റ് ഒന്നിനും തലയും വാലും ഉണ്ടാവുകയുമില്ല. ഇത്രയും വലിയൊരു ക്രിമിനല്‍ പരിപാടി ചെയ്ത അയാളെന്തൊരു അപകടകാരിയാണ്. അങ്ങനെ തോന്നുന്നില്ലേ നിങ്ങള്‍ക്ക്?''

''അതിന് ആ സ്ത്രീ എന്ത് പിഴച്ചു?'' എനിക്കതാണ് മനസ്സിലാവാതിരുന്നത്.

''തിരഞ്ഞുപിടിച്ച് വക്കാലത്തുമായി വന്നതുതന്നെ ഏറ്റവും വലിയ പിഴവ്. ഇത്രയും മനസാക്ഷിയില്ലാത്ത ഒരുവനെ എന്തിനാണവര്‍ സംരക്ഷിക്കുന്നത്. അവരുടെ ആ കുഞ്ഞുകുട്ടിയെയാണ് ഇതുപോലെ ഒരാള്‍ ചെയ്തതെങ്കില്‍ അവര്‍ അയാളോട് ക്ഷമിക്കുമായിരുന്നോ?'' അവളുടെ ദേഷ്യം തീര്‍ന്നിരുന്നില്ല.

കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല എന്നെനിക്ക് മനസ്സിലായി. ഞാന്‍ എഴുന്നേറ്റ് പതിയെ എഴുത്തുമുറിയിലേക്ക് നടന്നു. എഴുതിയ കവിതകള്‍ നാലഞ്ചെണ്ണം ചെറുതായിട്ടൊന്ന് എഡിറ്റ് ചെയ്യാനുണ്ട്. സമാഹാരത്തിന്റെ പ്രൂഫും നോക്കാനുണ്ട്.

ലാപ് തുറന്നപ്പോഴേക്കും മനസ്സിലേക്ക് വീണ്ടും ആ സ്ത്രീ ഓടിയെത്തി. അവരുടെ ദൈന്യം കലര്‍ന്ന മുഖം. കുട്ടികളുടെ നിസ്സഹായത. നല്ല ഒരുതരത്തിലുള്ള ഭക്ഷണവും കിട്ടാത്തതെന്ന് വ്യക്തമാവുന്ന ശരീരപ്രകൃതിയുള്ള മൂന്നുപേര്‍. പെട്ടെന്ന് എനിക്ക് ആരവിനേയും ആര്‍ഷിയേയും ഓര്‍ക്കേണ്ടിവന്നു. എന്നും ഓരോ ഗ്ലാസ് പാല് നിര്‍ബന്ധമാണ് അവര്‍ക്ക്. പിന്നെ നട്‌സ്, ഫ്രൂട്ട്‌സ്... വാങ്ങിക്കുന്നത് പ്രമീളയാണെങ്കിലും  അവര്‍ അതെല്ലാം കൃത്യമായി കഴിക്കുന്നുണ്ട്.

ആ കുട്ടികള്‍ ഇതിലേതെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടായിരിക്കുമോ?

അതിനൊക്കെ അപ്പുറത്തേക്ക് അമ്മയായ അവരുടെ യാചനയായിരുന്നു മനസ്സ് നിറയെ. അവരുടെ കണ്ണുകളിലെ ആത്മാര്‍ത്ഥത തിരിച്ചറിയാന്‍ പറ്റുന്നതായിരുന്നു. അത്രയും ഉറപ്പില്ലാതെ ഒരാള്‍ വന്ന് ഇങ്ങനെയൊക്കെ പറയുമോ?

തിരിച്ചറിയല്‍ പരേഡിന് ഒരിക്കലും ഞാന്‍ അയാളെ തിരിച്ചറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്റെ കുട്ടികള്‍ വഴിയാധാരമായിത്തീരും എന്നു ഭയപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ അത് സത്യവുമാണ്. അസുഖമുള്ള അവര്‍ എങ്ങനെ അദ്ധ്വാനിച്ച് പറക്കമുറ്റാത്ത രണ്ട് കുട്ടികളെ പോറ്റും.

ഇനി അവര്‍ പറഞ്ഞതില്‍ വല്ല സത്യവുമുണ്ടെങ്കിലോ?

ഞാനൊന്ന് കിടുങ്ങി.

അങ്ങനെയാണെങ്കില്‍ ഞാന്‍ ചെയ്യുന്നത് ഏറ്റവും വലിയ പാതകമായി മാറും. നിരപരാധിയായ ഒരു മനുഷ്യന്‍ ശിക്ഷിക്കപ്പെടുന്നതിന് കാരണമാവും. ഓര്‍ത്തപ്പോള്‍ തന്നെ ഹൃദയത്തിന്റെ ഭാരം ഇരട്ടിയായതുപോലെ. ഒരിക്കലും അത് സംഭവിച്ചൂകൂടാ.. അത്രയൂം ഉറപ്പിച്ചിട്ടേ മൊഴി നല്‍കാവൂ. അതിന് എന്താണൊരു മാര്‍ഗ്ഗം.

പെട്ടെന്നാണ് എനിക്ക് സുജിത്തിനെ ഓര്‍മ വന്നത്. പ്രായത്തില്‍ ഒരുപാട് താഴെയാണെങ്കിലും ബുദ്ധിയില്‍ അവന്‍ എത്രയോ മുകളിലാണ്. മാത്രവുമല്ല പരേഡിന് കൂടെ പോരാന്‍ അവനെയാണ് വിളിച്ചിരിക്കുന്നത്. അതുകൊണ്ട് മറ്റൊരു വിശദീകരണം ആവശ്യമില്ല. കോടതി ലീവായതിനാല്‍ അവനെ വിളിച്ചപ്പോള്‍ തന്നെ കിട്ടി. കാര്യം പറഞ്ഞപ്പോള്‍ അവനൊന്ന് നിശബ്ദനായി.

''ഈ സംഭവമൊക്കെ ശരിക്കും പൊലീസില്‍ അറിയിക്കുകയാണ് വേണ്ടത്.''

''നീയത് വിട്. എനിക്ക് ഈ അഷ്‌റഫ് എന്നു പറയുന്ന ആളെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട്. അന്ന് കോഹിനൂരിലെ സംഭവം നടക്കുന്നതിന്റെ എതിര്‍ പൊളിയില്‍ നില്‍ക്കുമ്പോള്‍ അയാള്‍ എന്റെ അടുത്ത് നിന്നാണ് മറ്റേ പൊളിയിലേക്ക് ക്രോസ് ചെയ്തത്. പക്ഷേ അയാളുടെ ഭാര്യ ചോദിക്കുന്നത് അത് വേറെ ഒരാള്‍ ആയിക്കൂടേ എന്നാണ്. അതായത് അയാള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. ഇനി അഥവാ ഈ അഷ്‌റഫിനോട് സാമ്യതയുള്ള മറ്റൊരാളാണ് അത് ചെയ്തതെങ്കില്‍ തിരിച്ചറിയില്‍ പരേഡിന് പോവുന്നതിന് മുമ്പ് അതൊന്ന് കണ്‍ഫേം ചെയ്യുക തന്നെ വേണം. എന്താണൊരു മാര്‍ഗം?''

''സനലേട്ടാ, ഇത് കുട്ടിക്കളിയല്ല. കേസ് വേറെയാണ്. നിങ്ങള് പറഞ്ഞതുപ്രകാരമുള്ള ഒഴിവുകഴിവൊന്നും കോടതി നിയമങ്ങളില്‍ ഇല്ല. പ്രതിയുടെ ചരിത്രം പരിശോധിക്കുന്നതല്ല നിങ്ങളുടെ ഡ്യൂട്ടി. വെറുതേ ഓരോ പരിപാടിയില്‍ പോയി ചാടാന്‍ നില്‍ക്കണ്ട...'' സുജിത്ത് ഭീഷണിപോലെ പറഞ്ഞു.

''നിയമവിരുദ്ധത അവിടെ നില്‍ക്കട്ടെ. കോടതി എന്നതും തല്‍കാലം നീ വിട്. വക്കീല്‍ കോട്ട് അഴിച്ചുവച്ചിട്ട് മനുഷ്യനായി നിന്ന് വക്കീലിന്റെ ബുദ്ധിയോടെ കാര്യം പറഞ്ഞുതാ.''

നാലഞ്ച് നിമിഷങ്ങളെടുത്തു സുജിത്തിന്റെ മറുപടി കിട്ടാന്‍. ''അതായത് നിങ്ങള്‍ കോഹിനൂര്‍ ബസ് സ്റ്റോപ്പിലെ എ എന്ന പൊളിയില്‍ കോഴിക്കോടേക്ക് പോകാന്‍ ബസ്സ് കാത്തുനില്‍ക്കുന്നു. പ്രതിയായ അഷ്‌റഫ് നിങ്ങള്‍ നില്‍ക്കുന്ന എ എന്ന പൊളിയില്‍ നിന്നും ബി എന്ന പൊളിയിലേക്ക് റോഡ് ക്രോസ് ചെയ്ത് പോകുന്നു. ബി എന്ന പൊളിയില്‍ എത്തിയ പ്രതി യൂണിവേഴിസിറ്റിയില്‍ നിന്നും ചേളാരിയിലേക്ക് നടത്തത്തിലൂടെ പാസ് ചെയ്യുന്ന വിക്ടിമിന്റെ കഴുത്തില്‍ നിന്നും മാല വലിച്ചുപൊട്ടിക്കുന്നു. അവര്‍ അയാളെ പിടിക്കുന്നു. അയാള്‍ കുതറി അവരെ തള്ളുന്നു. റോഡിലേക്ക് വീണ പെണ്‍കുട്ടിയുടെ ദേഹത്തിലൂടെ ബസ്സ് കയറുന്നു. നിങ്ങള്‍ക്ക് അത് കണ്ട് ബോധക്ഷയമുണ്ടാകുന്നു. ഏറിപ്പോയാല്‍ രണ്ടോ മൂന്നോ മിനുട്ട് നിങ്ങള്‍ അയാളെ കണ്ടിരിക്കും. ശരിയല്ലേ?''

''അതെ.''

''ഒരിക്കല്‍ക്കൂടി കണ്ടാല്‍ നിങ്ങള്‍ക്ക് അയാളെ തിരിച്ചറിയാന്‍ പറ്റും. ശരിയല്ലേ?''

''അതെ.''

''അയാളുടെ ശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന മറ്റെന്തെങ്കിലും അടയാളങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നുണ്ടോ?''

''ഇല്ല.''

''അയാളുടെ ചലനങ്ങള്‍ മനസ്സിലാവുമോ? അതായത് നടക്കുന്നതും ഓടുന്നതുമെല്ലാം കണ്ടതാണല്ലോ.''

''ധാരണയുണ്ട്.''

സുജിത്ത് ഒന്നാലോചിച്ചു. ''അതായത് നിങ്ങള് പറഞ്ഞത് വച്ചുള്ള ഒരു കണ്‍ഫര്‍മേഷന് അഷ്‌റഫ് എന്ന് പറയുന്ന ആളുടെ ബോഡിലാംഗേജ് കിട്ടണം. അത്രയും സൂക്ഷ്മമായി മനസ്സിലാക്കണമെങ്കില്‍ അയാള് വല്ല സിനിമാ നടനും ആയിരിക്കണം. എനിക്കീ കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. പ്രതിയെ ഐഡന്റിഫൈ ചെയ്യുക എന്നതാണ് ദൃക്‌സാക്ഷി എന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്തം അല്ലെങ്കില്‍ കര്‍ത്തവ്യം. അത് കൃത്യമായി ചെയ്താല്‍ മതി. നിങ്ങൾ, അയാള്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള വല്ല പരിപാടീം ചെയ്യാന്‍ നിന്നാല്‍ ചിലപ്പോള്‍ ആദ്യം അകത്താകുന്നത് സനലേട്ടനായിരിക്കും പറഞ്ഞില്ലാന്ന് വേണ്ട. മറ്റന്നാളല്ലേ നമുക്ക് പോകേണ്ടത്?''

ഈ കാര്യത്തില്‍ അവനെക്കൊണ്ട് പ്രത്യേകിച്ച് ഒരുപകാരവും കിട്ടാന്‍ പോകുന്നില്ല എന്ന് കണ്ടതോടെ സുജിത്തിനെ ഞാന്‍ വിട്ടു. അന്ന് പിന്നെ ഒന്നും എഴുതാന്‍ തോന്നിയില്ല. കുറേ നേരം കസേരയില്‍ മലര്‍ന്നുകിടന്നു. ഒരു തലയ്ക്കല്‍ നിരപരാധിയാണ് ഭര്‍ത്താവ് എന്നും പറഞ്ഞ് എല്ലും തോലുമായി നില്‍ക്കുന്ന നിസ്സഹായമായ സ്ത്രീയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും. മറുതലയ്ക്കല്‍ നിഷ്‌ക്കളങ്കമായ മകളുടെ ജീവന് നീതി ലഭിക്കണമെന്ന അവകാശവുമായി പ്രതീക്ഷയോടെ നില്‍ക്കുന്ന ഉപ്പയും ഉമ്മയും. രണ്ടുകൂട്ടരും നില്‍ക്കുന്നത് കൂപ്പുകൈകളോടെ.. ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്?

ബെഡ്‌റൂമില്‍ എത്തുമ്പോള്‍ പ്രമീള ഉറങ്ങിയിരുന്നില്ല. ''എന്തായി? കഴിഞ്ഞോ എഡിറ്റിങ്ങ്?''

''ഇല്ല.''

അവള്‍ക്ക് കാര്യം മനസ്സിലായി, അവള്‍ക്കത് മനസ്സിലായെന്ന് എനിക്കും. ''ഇതിലൊക്കെ എന്താണിത്ര ആലോചിക്കാന്‍? അല്ല, സനലേട്ടാ നിങ്ങള്‍ ശരിക്കും ആരുടെ ഭാഗത്താണ്?''

''പ്രമീ നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. അയാള്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അര്‍ഹിക്കുന്ന ശിക്ഷ കിട്ടണം. അതിന് ഞാന്‍ ഒരു കാരണക്കാരനാവുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഇനി നേരെ തിരിച്ചാണെങ്കിലോ? എനിക്ക് ജീവിതകാലം മുഴുവന്‍ കുറ്റബോധത്തോടെ കഴിയാന്‍ ഈയൊരൊറ്റ സംഭവം മതിയാവും. അതാണ് പ്രശ്‌നം.''

Ajijesh Pachat | Story | Literature

''ഇത്ര പാവമായിപ്പോയല്ലോ നിങ്ങൾ! കുറ്റവാളികള്‍ എല്ലാവരും കുറ്റം ചെയ്തിട്ടില്ല എന്നു തന്നെയാണ് പറയുക. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇത് ചെയ്തത് ഭീകരസംഘടനയൊന്നുമല്ലല്ലോ? മുഖംമുടി ഇട്ടിട്ടാണെങ്കിലും അയാളെ ചാനലുകളിലൂടെ നിങ്ങള് കണ്ടതല്ലേ? ഒരു കൂസലുമില്ലാതെ എത്ര അഭിമാനത്തോടെയാണ് ശിരസ്സ് ഉയര്‍ത്തി നില്‍ക്കുന്നത്!''

''ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ആത്മവിശ്വാസമുള്ളവരും അങ്ങിനെ നില്‍ക്കില്ലേ പ്രമീ? മാത്രവുമല്ല ഒരു നോട്ടം കൊണ്ട് ഒരാള് ചെയ്ത തെറ്റൊക്കെ നമുക്ക് മനസ്സിലാക്കാന്‍ പറ്റുമോ?''

''അല്ലെങ്കിലും ലോകത്തിലെ സകല പുരുഷന്മാരും ഇലമാറികളാണ്. എനിക്കെന്തായാലും അയാളല്ല അത് ചെയ്തതെന്ന് തോന്നുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് എന്റെ ഭര്‍ത്താവിനെയാണ്. അല്ലാതെ ചാക്കു കണക്കിന് കരച്ചില്‍ ഇവിടെ കൊണ്ടുവന്ന് ചൊരിഞ്ഞിട്ടുപോയ ആ പെണ്ണിനെയല്ല. കവിയാണെന്ന് പറഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. ഉള്ളില്‍ കുറച്ചൊക്കെ മനുഷ്യത്വം വേണം.''

അതും പറഞ്ഞ് അവള്‍ ബെഡ്ഡിലേക്ക് ചെരിഞ്ഞ് തിരിഞ്ഞുകിടന്നു. ഹൃദയം നീറി. ഞാന്‍ പതിയെ മൊബെലെടുത്ത് മുമ്പ് സേവ് ചെയ്തു വച്ച വാര്‍ത്തയുടെ വീഡിയോ എടുത്ത് നോക്കി. മുഖംമൂടിയിട്ടാണ് അയാളെ തെളിവെടുപ്പിനായി പലയിടങ്ങളിലും കൊണ്ടുപോവുന്നത്. അത് രണ്ടുമൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു കണ്ടപ്പോള്‍ അയാള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗാഢത കൂടിയെന്നല്ലാതെ വേറൊന്നും സംഭവിച്ചതുമില്ല.

ഒരു മാലയ്ക്ക് വേണ്ടി സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ബസ്സിനടിയിലേക്ക് ഉന്തിയിടുക. ശരിക്കും അത്തരം പ്രാകൃതമായ മാനസികാവസ്ഥയുള്ള ഒരു മനുഷ്യന്‍ തന്നെയാണോ തന്റെ മുന്നിലൂടെ വളരെ അച്ചടക്കത്തോടെ അന്ന് നടന്ന് അപ്പുറത്തേക്ക് പോയത്?

തല പെരുക്കുന്നതുപോലെ തോന്നി എനിക്ക്. ഏത് നശിച്ച സമയത്താണ് അന്ന് പുറത്തിറങ്ങാന്‍ തോന്നിയതെന്നോര്‍ത്ത് അങ്ങേയറ്റം നിരാശയും തോന്നി. അവരുടെ വീട് പരപ്പനങ്ങാടിയിലാണെന്നല്ലേ പറഞ്ഞത്. നാളെ ആ വഴിക്കൊന്ന് പോയി നോക്കിയാലോ?

''തല്‍കാലം ങ്ങളായിട്ട് വേണ്ടാത്ത വണ്ടീംവലേം ണ്ടാക്കാന്‍ നിക്കണ്ട സനലേട്ടാ. പരപ്പനങ്ങാടി മ്പളറിയാത്ത സ്ഥലമൊന്നുമല്ലല്ലോ? ഞാനൊന്ന് അന്വേഷിക്കട്ടെ...'' ധര്‍മസങ്കടം പങ്കുവച്ചപ്പോള്‍ ഷിനു കയറി ഏറ്റു. അവന്റെ ഷോപ്പില്‍ കവിതാപുസ്തകത്തിനുള്ള കവറിന്റെ അവസാനവട്ട മിനുക്കുപണികള്‍ നോക്കിയിരിക്കുകയായിരുന്നു അന്നേരം ഞാന്‍.

''അതിന് നീ അന്വേഷിച്ചിട്ട് എന്താക്കാനാണ്? എനിക്ക് കിട്ടേണ്ടത് അയാളുടെ ഡീറ്റെയില്‍ ആയിട്ടുള്ള ചലനങ്ങളാണ്. വക്കീല് പറഞ്ഞപോലെ അതൊക്കെ കണ്ടുപിടിക്കാന്‍ ആ ചെങ്ങായി സിനിമാ നടനൊന്നുമല്ലല്ലോ?''

പെട്ടെന്ന് ഷിനു ഡിസൈന്‍ ചെയ്യുന്നത് നിര്‍ത്തി എനിക്ക് നേരെ തിരിഞ്ഞു. ''സിനിമാ നടന്‍, അത് സെറ്റാണല്ലോ. മ്പക്ക് ആ വഴിക്കൊന്ന് പിടിച്ചു നോക്ക്യാലോ?''

എനിക്കൊന്നും മനസ്സിലായില്ല. ഞാനവനെ നോക്കി നെറ്റി ചുളിച്ചു.

''ഒരു വീഡിയോ കിട്ടാന്‍ സിനിമാ നടനാവണം എന്നൊന്നൂല്ല്യ സനലേട്ടാ. സംഗതി ഞാന്‍ ങ്ങക്ക് ഒപ്പിച്ചുതരാം.''

''നടക്കണ കാര്യം വല്ലോം പറയ് ഷിനൂ നീ...''

''എന്റെ പൊന്നു സനലേട്ടാ, ജീവിതത്തില് ഒരു കല്യാണത്തിനെങ്കിലും പങ്കെടുക്കാത്ത മന്‍ഷ്യന്മാരുണ്ടാവ്വോ ലോകത്ത്. അയാൾ പങ്കെടുത്ത എല്ലാ കല്യാണത്തിനുമില്ലെങ്കിലും ഏതെങ്കിലും ഒരു കല്യാണത്തിനെങ്കിലും വീഡിയോ പരിപാടി ഉണ്ടായിരിക്കില്ലേ? പരപ്പനങ്ങാടീല് സ്റ്റുഡിയോ ഉള്ള ഒരു ചെങ്ങായിണ്ട് എനിക്ക്.''

അത് കൊള്ളാമെന്ന് എനിക്കും തോന്നി. ''മറ്റന്നാളാണ് പരേഡിന് പോകേണ്ടത്. അതിന് മുമ്പ് കിട്ടിയിട്ടേ കാര്യമുള്ളൂ...'' ഞാന്‍ ഓര്‍മിപ്പിച്ചു.

''സെറ്റാക്കാംന്നേ.''

ഷിനു അപ്പോള്‍ തന്നെ പരപ്പനങ്ങാടിയിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ് റെഡിയാക്കി. അതോടെ മനസ്സ് ശാന്തമായി. അന്ന് രാത്രി ഇരുന്ന ഇരുപ്പില്‍ ഞാന്‍ മൂന്ന് കവിതകള്‍ എഡിറ്റ് ചെയ്ത് മൂന്ന് വാരികകളിലേക്ക് അയച്ചു. അതില്‍ നിന്നും കിട്ടുന്ന പ്രതിഫലം കൊണ്ട് എന്തെല്ലാം വാങ്ങണമെന്നത് എഴുതിയും വച്ചു. അത് ആദ്യകാലം മുതലേയുള്ള ഒരു സ്വഭാവമാണ്. കവിത പുസ്തകത്തിലെ ഇരുപത് പേജോളം പ്രൂഫ് നോക്കിക്കഴിഞ്ഞിട്ടാണ് പിന്നെ ബെഡ് റൂമിലേക്കെത്തിയത്.

അന്നേരം പ്രമീള കുട്ടികളുടെ പേപ്പര്‍ നോക്കുകയായിരുന്നു. ഞാന്‍ അവള്‍ക്കരികില്‍ പോയി നിന്നു. ചുവന്ന മഷി കൊണ്ടെഴുതിയ മാര്‍ക്കുകള്‍.. ആരുടേതാണെങ്കിലും അവ കാണുമ്പോള്‍ ഇന്നും വല്ലാത്തൊരു നെഞ്ചിടിപ്പാണ്. അത് മറക്കാനായി പ്രമീളയുടെ ഇരുചുമലിലൂടെയും കൈ ചേര്‍ത്ത് ഞാനവളുടെ ഇടതുകഴുത്തില്‍ പതുക്കെ മുഖമമര്‍ത്തി മുഴുവന്‍ ഗന്ധവും ഉള്ളിലേക്കെടുത്തു.

''നല്ല ഫോമിലാണല്ലോ. കവിക്ക് ഏകാഗ്രത തെറ്റിക്കാനുള്ള വല്ല പരിപാടിയുമുണ്ടോ?''

ഉത്തരമായി അവളുടെ ഇടതുകവിളില്‍ ഞാന്‍ ഉമ്മയെഴുതി. മറുചുംബനം കൊണ്ട് അവളതിന് ഫുള്‍ മാര്‍ക്കുമിട്ടു.

''നിങ്ങളുടെ 'ഉടല്‍മാല' പാഠപുസ്തകത്തില്‍ പെടുത്തുന്നുണ്ട് എന്ന ഒരു കിംവദന്തി കേട്ടല്ലോ. ഇനിയിപ്പോ ഈ പാവം അതും പഠിപ്പിക്കേണ്ടി വരും അല്ലേ?''

അവളില്‍ നിന്നും മുഴുവന്‍ മാര്‍ക്ക് കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചിരിച്ചു. പിന്നെ മക്കളുടെ അരികില്‍ പോയിരുന്നു. രണ്ടും കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നത്. പ്രമീളയെ ഒരിക്കല്‍ കൂടി നോക്കി. അവള്‍ തിരക്കിട്ട് ഉത്തരപേപ്പറുകളില്‍ സറപറാന്ന് കുത്തി വരയുകയാണ്. എല്ലാം വായിച്ചുനോക്കിയിട്ട് തന്നെയാണോ മാര്‍ക്കിടുന്നത് എന്ന സംശയമുണ്ടാവും ആര്‍ക്കും അതുകണ്ടാല്‍. അല്ലെങ്കിലും മാര്‍ക്കുകളെല്ലാം തികച്ചും ആപേക്ഷികമല്ലേ. ജീവിതത്തിലൊരിക്കലും ആര്‍ക്കും ആരെയും മാര്‍ക്കിട്ട് ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ കഴിയില്ല. ദീര്‍ഘമായി ഒന്ന് നിശ്വസിച്ച് ഞാന്‍ പതിയെ കിടക്കയിലേക്ക് ചാഞ്ഞു.  

പിറ്റേന്ന് വൈകുന്നേരത്തിനുള്ളില്‍ വിളിക്കാമെന്ന് പറഞ്ഞ ഷിനു വിളിക്കാതെയായതോടെ ഞാന്‍ അത്യധികം ആകാംക്ഷയില്‍ അവന് വാട്‌സാപ്പില്‍ ഒരു വോയ്‌സ് നോട്ട് അയച്ചു. കുറേ കഴിഞ്ഞിട്ടാണ് റിപ്ലേ ഉണ്ടായത്.

''സനലേട്ടാ... അയാളുടെ അഡ്രസും വിവരങ്ങളുമെല്ലാം ഞാന്‍ രാവിലെത്തന്നെ തപ്പിപിടിച്ച് കൊടുത്ത്ണ്. ഓന്‍ എന്തേലും വഴിയുണ്ടാക്കാതിരിക്കൂല. പക്ഷേ എപ്പളാ കിട്ട്വാന്ന് പറയാന്‍ പറ്റൂല. ഇനി അഥവാ കിട്ടീല്ലെങ്കില്‍ സനലേട്ടന്‍ ഉള്ളത് വെച്ചങ്ങട്ട് ഐഡന്റിഫൈ ചെയ്ത് കൊടുക്ക് ന്നേ. ലോകത്തിലാരും ങ്ങള് ചെയ്യണപോലെ ചെയ്തിട്ടൊന്ന്വല്ല ഐഡന്ററ്റിഫിക്കേഷന്‍ പരേഡിന് പോണത്. ദൊക്കെ അത്ര വല്യ സംഭവാണോ?''

അവനത് പറയാം. കാരണം തിരിച്ചറിയല്‍ പരേഡിന് പോകുന്നത് ഞാനാണല്ലോ. എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. അപ്പോഴേക്കും പ്രമീള പേപ്പറുനോട്ടം കഴിഞ്ഞ് കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. അവള്‍ ഷിനുവിന്റെ മെസേജിന്റെ അവസാന ഭാഗം കേട്ടെന്ന് തോന്നി.

''നിങ്ങള്‍ എന്ത് മനുഷ്യനാണ് സനലേട്ടാ? അയാള്‍ ചെയ്തുകൂട്ടിയതുവച്ചിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ.. ഒരുപാവം കുഞ്ഞിനെ ഇത്തോതില് ചെയ്തിട്ട് നിങ്ങളിപ്പോഴും തുലാസുമായി നടക്കുകയാണല്ലോ? കഷ്ടം!''

''നീ കുറച്ചുനേരം കൂടി ക്ഷമിക്ക്. അയാളാണോ എന്ന് ഉറപ്പിക്കാനുള്ള ഐഡിയ ഷിനുവിന്റെ അടുത്തുനിന്നും ഇന്ന് രാത്രിയോടെ കിട്ടും.''

''ഞാനൊരു കാര്യം ചോദിച്ചോട്ടെ സനലേട്ടാ?''

ഞാന്‍ അവള്‍ക്ക് നേരെ ഞെട്ടി മുഖമുയര്‍ത്തി. അവള്‍ ഇങ്ങനെ 'ഒരു കാര്യം ചോദിച്ചോട്ടെ സനലേട്ടാ' എന്നും പറഞ്ഞ് ചോദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ജീവിതകാലം മുഴുവന്‍ നീറിപ്പുകയുന്ന മുറിവുകളായി എന്റെയുള്ളിലെവിടൊക്കെയോ അവശേഷിച്ചിട്ടുണ്ട്.

''ഇങ്ങനെ സ്വയം വിശ്വാസമില്ലാത്ത ഒരാള്‍ക്കൊപ്പം ഞാനിനി എങ്ങനെ വിശ്വസിച്ച് ജീവിക്കും? എന്റെ മക്കള്‍ എങ്ങനെ വിശ്വസിച്ച് ജീവിക്കും?''

എന്റെ നാവിറങ്ങിപ്പോയി. പനി പിടിച്ചതുപോലെ കൂമ്പിപ്പോയ ഞാന്‍ പതുക്കെ എഴുന്നേറ്റ് ഡൈനിങ്ങിലെത്തി. മേശപ്പുറത്തുണ്ടായിരുന്ന വെള്ളത്തിന്റെ ജഗ്ഗ് അപ്പാടെ വായിലേക്ക് കമിഴ്ത്തി. പിന്നെ പതുക്കെ സോഫയിലേക്ക് മലര്‍ന്നു. ഷിനുവിന്റെ വീഡിയോ ഫയല്‍ പ്രതീക്ഷിച്ചുകൊണ്ട് ഇടയ്ക്കിടെ വാട്‌സാപ്പ് തുറന്നു നോക്കുകയും ലോക്ക് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. അതിനിടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി. പിന്നെ അലാം അടിക്കുന്ന ഒച്ച കേട്ടാണ് കണ്ണുകള്‍ തുറക്കുന്നത്. അലാം ഓഫ് ചെയ്ത ഉടനെ നോക്കിയത് വാട്‌സാപ്പിലേക്കായിരുന്നു. ഇല്ല, ഷിനുവിന്റെ മെസേജുകളൊന്നും വന്നുകിടപ്പില്ല.

''ഇന്നല്ലേ നിങ്ങള്‍ക്ക് പോകേണ്ടത്? വക്കീല് വിളിച്ചിരുന്നു.'' ഞാന്‍ എഴുന്നേറ്റതറിഞ്ഞ് പ്രമീള ഉള്ളില്‍ നിന്നെവിടെ നിന്നോ വിളിച്ചുപറഞ്ഞു.

സമയം നോക്കിയപ്പോള്‍ സുജിത്ത് എത്താന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും കഴിയും. ടീപ്പോയിലെ പത്രമെടുത്ത് നിവര്‍ത്തിയപ്പോള്‍ ആദ്യം തന്നെ കാണുന്നത് മരിച്ച പെണ്‍കുട്ടിയുടെ ആര്‍ട്ടിക്കിളാണ്. അവള്‍ പഠനത്തില്‍ ഏറെ മുന്നിലുള്ള കുട്ടിയാണ്, അത് കൂടാതെ മറ്റ് ആക്ടിവിറ്റീസും ഉണ്ട്.

മാല പൊട്ടിക്കല്‍ സംഘത്തിന്റെ വലിയൊരു വാര്‍ത്ത തൊട്ടപ്പുറത്ത് വിശദമായി കൊടുത്തിട്ടുണ്ട്. അവര്‍ ഒരു വലിയ മാഫിയയായി വളര്‍ന്നു വരുന്നതിന്റെ എല്ലാ ലക്ഷണങ്ങളും അതോടൊപ്പമുണ്ട്.

തിരിച്ചറിയല്‍ പരേഡിനെ കുറിച്ച് പ്രതിപാദിക്കുന്നതാണ് മറ്റൊരു വാര്‍ത്ത. കേസില്‍ ഒരൊറ്റ ദൃക്‌സാക്ഷിയേ ഉള്ളൂ എന്നാണ് പത്രം ചൂണ്ടിക്കാണിക്കുന്നത്. കേരളം മുഴുവനും ഇന്ന് ആ സാക്ഷിയുടെ മൊഴിയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

''കണ്‍ഫ്യൂഷന്‍സൊക്കെ തീര്‍ന്നല്ലോ അല്ലേ?'' കോടതിയില്‍ പോകാനായി മുടി ചീകും നേരം പ്രമീള വന്നു ചോദിച്ചു. ഞാന്‍ തീര്‍ന്നെന്ന് തലയാട്ടി.

അപ്പോഴേക്കും ആര്‍ഷി ഓടിവന്നു. അവള്‍ക്കറിയാം അവളുടെ അച്ഛന്‍ ഈ കേസില്‍ സാക്ഷിയാണെന്ന്. ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നെപ്പോഴോ ഊറ്റിയെടുത്തതാണ്. മറ്റാരോടും പറയരുതെന്ന് പ്രമീള അവളോട് കട്ടായം പറഞ്ഞിട്ടുണ്ടായിരുന്നു.

''അച്ഛാ... അയാളെ അച്ഛന് അവിടെയിട്ട് രണ്ടിടി ഇടിക്കാന്‍ പറ്റുമോ?''

ഞാന്‍ അവളെ വാരിയെടുത്ത് കവിളില്‍ ഉമ്മ വെച്ചു. അപ്പോഴേക്കും സുജിത്തിന്റെ കാറ് വീട്ടുമുറ്റത്തേക്കെത്തി. വേഗം ഇറങ്ങി. വണ്ടി റോഡിലൂടെ പോവുമ്പോഴാണ് കുറേ നേരമായി പിന്നില്‍ പിന്തുടരുന്ന പൊലീസ് ജീപ്പിനെ ശ്രദ്ധിച്ചത്. ഞാന്‍ റിയര്‍ വ്യൂ മിററിലൂടെ കുറേ പ്രാവശ്യം നോക്കുന്നത് കണ്ടപ്പോള്‍ വക്കീല്‍ ചിരിച്ചു.

''ഗവണ്‍മെന്റിന്റെ ശുപാര്‍ശയാണ്. നിങ്ങള് വല്യ കവിയൊക്കെയല്ലേ.. ഒന്നും പറ്റരുതെന്നുള്ള ശാഠ്യം.''

എനിക്ക് ചിരിവന്നു. കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഒരെണ്ണം പോലും രണ്ടാംപതിപ്പില്‍ എത്തിയിട്ടില്ല. എന്നു മാത്രമല്ല എന്റെ അടുത്തൊരു സുഹൃത്ത് അതിലെ ഒട്ടുമിക്ക പുസ്തകങ്ങളും വാങ്ങാറുള്ളത് ഓള്‍ഡ് ബുക്‌സ് ഷോപ്പില്‍ നിന്നും പകുതി വിലയ്ക്കുമാണ്. മലയാളം ഡിടിപി പഠിച്ചില്ലായിരുന്നെങ്കില്‍ എന്നേ പ്രമീള എന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടേനെ എന്ന് പലവട്ടം ആലോചിക്കുന്നതുപോലെ അപ്പോഴും ഞാന്‍ ആലോചിച്ചു. അങ്ങനെയുള്ള എനിക്കാണ് ഇമ്മാതിരിയുള്ള സെക്യൂരിറ്റി!

ജയില്‍ പരിസരത്തെത്തുമ്പോള്‍ കുറേ ചാനലുകാരും പത്രക്കാരും പുറത്ത് വെറുതെ ബഹളം വെക്കുന്നുണ്ടായിരുന്നു. കുറേ അപ്പുറത്തെ മാവിന്‍ ചോട്ടില്‍ ആ സ്ത്രീ ഇരിക്കുന്നത് പൊടുന്നനെ ഞാന്‍ കണ്ടു. ഒടിഞ്ഞുതൂങ്ങിയ രണ്ട് കുഞ്ഞുങ്ങളെയും അവര്‍ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ഞാന്‍ വേഗത്തില്‍ അവരില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്ത് കോമ്പൗണ്ടിനുള്ളിലേക്ക് കയറി.

പ്രൊസീജറൊക്കെ പൂര്‍ത്തിയാക്കിയ ശേഷം പൊലീസുകാര്‍ വലിയൊരു മുറിയിലേക്ക് എന്നെ ആനയിച്ചു. അവിടെ പത്തുമുപ്പത്തഞ്ച് വയസ്സ് പ്രായമുള്ള എട്ടു പേര് നിരന്നു നില്‍ക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് അന്വേഷണ ഉദ്ദ്യോഗസ്ഥരും മജിസ്‌ട്രേറ്റും ഉണ്ട്.

നെഞ്ച് മിടിക്കുന്നതുപോലെ തോന്നി. ഇനി എന്റെ ഊഴമാണ്. എന്റെ മാത്രം ഊഴം. ഞാന്‍ ഓരോരുത്തരെയായി സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി.

ഒന്നാമത്തെയാള്‍, രണ്ടാമത്തെയാള്‍, മൂന്നാമത്തെയാള്‍, നാലാമത്തെയാള്‍.

അതെ. നാലാമന്‍ അയാള്‍ തന്നെയായിരുന്നു.

അല്‍പം ചുരുണ്ട മുടിയിഴകള്‍. അതേ കണ്ണുകള്‍, നെറ്റി, മൂക്ക്.. ക്ലീന്‍ ഷേവ്. വാര്‍ന്ന ശരീരം. ഞാന്‍ പൊലീസിനെ നോക്കി, സ്ഥിരീകരിച്ചു. മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.

അന്ന് രാത്രി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലോകം കീഴടക്കിയതുപോലുള്ള പ്രതീതി. പ്രമീളയോട് കോടതിയില്‍ വച്ചുണ്ടായ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അത്രയും സ്‌നേഹത്തോടെ അവള്‍ എന്നെ കെട്ടിപ്പിടിച്ചു. നിങ്ങള്‍ വലിയ മനുഷ്യനാണെന്ന് പറഞ്ഞ് കണ്ണുകളില്‍ വെള്ളം നിറച്ചു. നമ്മുടെ കുട്ടികള്‍ നിങ്ങളെ ഓര്‍ത്ത് ഭാവിയില്‍ അഭിമാനം കൊള്ളുമെന്ന് പറഞ്ഞ് എനിക്കൊരു ചുംബനവും തന്നു.

പിറ്റേന്ന് രാവിലെ പത്രവും കൈയ്യില്‍ പിടിച്ചുകൊണ്ടാണ് പ്രമീള എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചത്. കവിതക്ക് വല്ല അവാര്‍ഡും കിട്ടിയോ എന്നാണ് എനിക്കാദ്യം തോന്നിയത്. അതിന്റെ ഒരു അന്ധാളിപ്പും ലജ്ജയുമെല്ലാം എന്റെ ശരീരഭാഷയില്‍ ഉണ്ടായിരുന്നു.

''ആ പെണ്ണ് രണ്ട് കുട്ടികളെയും കൊന്ന് ആത്മഹത്യ ചെയ്തല്ലോ...''

തലയ്ക്കടിയേറ്റതുപോലെ വിറച്ചുപോയി ഞാന്‍. ''ഏത് പെണ്ണ്?''

''ആ കള്ളന്റെ ഭാര്യ...''

അവളുടെ കൈയ്യില്‍ നിന്നും ഞാന്‍ പത്രം പിടിച്ചുവാങ്ങുകയായിരുന്നു. രാവിലെത്തന്നെ ആയതിനാല്‍ പത്രം നോക്കിയ എനിക്ക് ഒന്നും പെട്ടെന്നങ്ങോട്ട് വ്യക്തമായില്ല. വേഗം വാഷ്‌ബേസിനില്‍ നിന്നും മുഖം കഴുകി കണ്ണട ധരിച്ച് വീണ്ടും പത്രം നിവര്‍ത്തി. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്ന് യുവതി തൂങ്ങി മരിച്ചു എന്നതാണ് വാര്‍ത്ത.

''അല്ലെങ്കിലും അവറ്റകള്‍ മൊത്തം ക്രിമിനലുകളാണ്. കണ്ടാലറിയാം.'' അതും പറഞ്ഞ് പ്രമീള പോയി.

എനിക്ക് അവളോട് ആദ്യമായി വല്ലാത്ത ദേഷ്യം തോന്നി. കുറേ നേരം ആ വാര്‍ത്തയിലേക്കും നോക്കി മരവിച്ചിരുന്നു. മനസ്സില്‍ നിറയെ ആ കുഞ്ഞുങ്ങളുടെ മുഖമാണ്. ഒന്നുമറിയാതെ ജനിക്കുകയും മരിക്കുകയും ചെയ്തുപോയ രണ്ട് ജന്മങ്ങള്‍. ഭൂമിയിലേക്കെത്തിയിട്ടും ഒന്നും ലഭിക്കാതെ പോയ കുഞ്ഞുങ്ങള്‍.

''ഇനി വൈകുന്നേരം വരെ അതും നോക്കിയിരിക്കണ്ട. നാളെയല്ലേ പുസ്തകത്തിന്റെ കവര്‍ പ്രകാശനം. വിളിക്കാനുള്ളവരെയെല്ലാം വിളിക്കണ്ടേ?'' പ്രമീള ഉള്ളില്‍ നിന്നെവിടെനിന്നോ വിളിച്ചുചോദിച്ചപ്പോഴാണ് ആ കാര്യം ഓര്‍മ വന്നത്.

Ajijesh Pachat | Story | Literature

പിന്നീട് കുറച്ചുദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു. കവര്‍ പ്രകാശനം കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞിട്ടാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. കോഴിക്കോട് അളകാപുരിയില്‍ വച്ച് ഗംഭീരമായിട്ടുതന്നെയാണ് പ്രകാശനം നടന്നത്. പരിപാടി കഴിഞ്ഞുവന്ന അന്ന് രാത്രിയില്‍ എന്നെത്തേടി കുറേ നാളുകള്‍ക്ക് ശേഷം ഷിനുവിന്റെ മെസേജ് വന്നു. കവര്‍ അയച്ചുതന്നതിന് ശേഷം അവന്‍ അയക്കുന്ന ആദ്യത്തെ മെസേജായിരുന്നു അത്.  

വല്ലാത്ത കൗതുകത്തോടെയാണ് തുറക്കാന്‍ നോക്കിയത്. റെയ്ഞ്ച് പ്രശ്‌നം ഉള്ളതുകൊണ്ട് ഡൗണ്‍ലോഡിങ്ങ് പതുക്കെയേ നടക്കുന്നുള്ളൂ. അപ്പോഴേക്കും കുളിച്ചുവരാമെന്ന് കരുതി. കാര്യങ്ങളെല്ലാം ചെയ്ത് വന്നപ്പോഴേക്കും വീഡിയോ ഡൗണ്‍ലോഡായിക്കഴിഞ്ഞിരുന്നു.

ഓപ്പണ്‍ ചെയ്തുനോക്കിയപ്പോള്‍ ഒരു കല്യാണപ്പുരയുടെ വിഷ്വല്‍ ആണ്. ഇതാരുടെ കല്യാണമാണ് എന്ന അന്തംവിടലില്‍ നോക്കിയപ്പോഴേക്കും 'സംഭവം നടക്കുന്നതിന്റെ രണ്ടുമാസം മുമ്പുള്ളതാണ്' എന്നുള്ള ഒരു ടെക്സ്റ്റ് മെസേജും കൂടി എത്തി. പൊടുന്നനെ ആ മുഖം കണ്ണിലേക്ക് ഒരു ഇടിമിന്നല്‍ പോലെ വീണു. വെള്ളത്തിന്റെ ജഗ്ഗുമായി നടക്കുന്ന മനുഷ്യന്‍..

അതയാള്‍ തന്നെ. അഷ്‌റഫ്!

അയാളുടെ വിവിധതരം വിഷ്വലുകളായിരുന്നു വീഡിയോ നിറയെ. ചോര തണുത്തുറയുന്നതുപോലെ തോന്നി. ഞാന്‍ രണ്ടുമൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് കണ്ടുനോക്കി. പിന്നെ കണ്ണുകളടച്ച് അന്നത്തെ സംഭവം ഓര്‍ത്തുനോക്കി.

തൊട്ടുമുന്നിലൂടെ നടന്നുപോയിട്ടാണ് അപ്പുറത്ത് നിന്നും അയാള്‍ ആ പെണ്‍കുട്ടിയുടെ മാല പൊട്ടിച്ചത്. നടത്തം, കൈകളുടെയും തലയുടെയും ചലനങ്ങള്‍. എല്ലാം മനസ്സിലിട്ട് പെരുക്കി നോക്കി. പിന്നെ വീഡിയോ വീണ്ടും കണ്ടു. കാഴ്ചയില്‍ സാമ്യമുണ്ട്. പക്ഷേ ചലനങ്ങളില്‍ ഒരു സാമ്യവുമില്ല. നടത്തം വീണ്ടും വീണ്ടും നോക്കി. വീഡിയോയിലുള്ള ആള്‍ക്ക് ഇടതുകാലിന് ഒരു വലിച്ചിലുണ്ട്. ഒരിക്കലും അന്ന് മാല പൊട്ടിക്കുന്നയാള്‍ക്ക് അത്തരത്തിലുള്ള ഒരു വലിച്ചില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തു.

ഇല്ല, മുന്നിലൂടെ നടക്കുമ്പോള്‍ ഇല്ല!

മാല പൊട്ടിച്ച് ഓടുമ്പോഴും ഇല്ല!

തല കറങ്ങുന്നതുപോലെ തോന്നി. ആ സ്ത്രീയുടെ മുഖം, കുഞ്ഞുങ്ങളുടെ ദയനീയത!

എന്റെ ഉറക്കം നഷ്ടപ്പെട്ടു. കണ്ണടച്ചാല്‍ കുഞ്ഞുങ്ങള്‍ നുര തുപ്പുന്ന രംഗങ്ങള്‍. എന്റെ കുട്ടികളുടെ മുഖത്തേക്ക് നോക്കാന്‍ പോലും എനിക്ക് ധൈര്യം നഷ്ടപ്പെട്ടു. എഴുത്തില്ലാതെയായി. ആര് ഫോണ്‍ ചെയ്താലും എടുക്കാതെയായി. താടി വളര്‍ന്നു, മുടി വളര്‍ന്നു.

പ്രമീള സ്‌നേഹത്തോടെയും ശാസനയോടെയും ദേഷ്യത്തോടെയും കാര്യം തിരക്കി. ഒന്നുമില്ലെന്ന് പറഞ്ഞ് അവളില്‍ നിന്നും ഞാന്‍ അകന്നുമാറി. എനിക്കെപ്പോഴും ഒറ്റയ്ക്ക് ഇരിക്കണമായിരുന്നു. പത്രത്തിലെ ആ രണ്ട് കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് രഹസ്യമായി ഞാന്‍ എന്റെ പേഴ്‌സില്‍ സൂക്ഷിച്ചു. സ്ഥിരമായി അവരുടെ കബറിടങ്ങളില്‍ ആരും കാണാതെ ചെന്ന് മാപ്പിരന്നു.

ഒടുവില്‍ പ്രമീളക്കൊപ്പം നഗരത്തിലെ ഒരു പ്രമുഖ കൗണ്‍സിലര്‍ക്ക് മുന്നില്‍ ഞാന്‍ കുനിഞ്ഞ ശിരസ്സുമായി കുറേനേരം ഇരുന്നു. അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞതേയില്ല.

മൂന്ന് മാസം എന്നെയും കൊണ്ടു നടന്ന് പ്രമീളയും കൈയ്യൊഴിഞ്ഞു. എപ്പോഴെങ്കിലും എന്തെങ്കിലും മിണ്ടിയാലായി. എന്റെ രണ്ട് കുട്ടികളാണെങ്കില്‍ കണ്ടാല്‍ മിണ്ടാന്‍ കൂടി മിനക്കെടാതെ അവരുടെ ലോകത്തില്‍ പാറിപ്പറന്നു നടന്നു. പതിയെ പതിയെ വീട്ടില്‍ ഞാനുണ്ടെന്നോ ഇല്ലെന്നോ ആരും അറിയാതെയായി. മടുപ്പായിരുന്നു, വല്ലാത്ത തരം മടുപ്പ്..

സഹികെട്ട് ഒരു രാത്രി പതിയെ ഞാന്‍ വീട്ടില്‍ നിന്നും ആരോടും പറയാതെ ഇറങ്ങി. ഫറോക്ക് റെയില്‍വേസ്റ്റേഷനില്‍ കുറേ സമയം പോയിരുന്നു. ഞാന്‍ അനീതി കാട്ടിയവരെല്ലാം അന്നേരം പാളത്തിലൂടെ വരിവരിയായി നടന്നുവരുന്നുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചുപോയ പെണ്‍കുട്ടി, അവളുടെ ഉമ്മ, ഉപ്പ, അഷ്‌റഫ്, അയാളുടെ ഭാര്യ, രണ്ട് കുട്ടികള്‍, മജിസ്‌ട്രേറ്റ്, പൊലീസ്. എനിക്ക് കുറച്ച് ആശ്വാസം കിട്ടാന്‍ എല്ലാം മറന്ന് ഒന്നുറക്കെ കരയണമായിരുന്നു.

പതുക്കെ റെയില്‍ പാളത്തിലേക്കിറങ്ങി നടന്നു. ഫറോക്ക് പഴയ പാലത്തിനടുത്ത് ആരും കാണാതെ ഇരിക്കാന്‍ പറ്റിയ ഇടമുണ്ട്. 'വേര്‍ ഈസ് മൈ ട്രയിന്‍' ആപ്പ് നോക്കിയപ്പോള്‍ ഏറനാട് എക്‌സ്പ്രസ് പതിനൊന്നരയ്ക്ക് വരാനുണ്ട്. അപ്പോഴേക്കും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. നോക്കിയപ്പോള്‍ പ്രമീളയാണ്. അറ്റന്റ് ചെയ്യാന്‍ തോന്നിയില്ല.

കുറേ നേരം പാളത്തിന് മുകളിലിരുന്ന് കരഞ്ഞു. ട്രയിനിന് ഇനി അധികം സമയമില്ല. നെറ്റ് ഓഫ് ചെയ്ത് പ്രമീളയുടെ വാട്‌സാപ്പിലേക്ക് "പ്രമീ, നീയും മക്കളും എന്നോട് ക്ഷമിക്കണം" എന്ന മെസ്സേജ് ടൈപ്പ് ചെയ്ത് സെന്റ് ബട്ടണ്‍ അമര്‍ത്തി.

മൊബെല്‍, ഇരുന്നതിന്റെ തൊട്ടപ്പുറത്തെ ഫില്ലറിന്റെ സൈഡില്‍ സെയ്ഫായി വെച്ചു. പിന്നെ ജീവിതത്തില്‍ പരിചയപ്പെട്ട എല്ലാവരെയും ഓര്‍ത്തു. വല്ലാത്ത ആശ്വാസം തോന്നി.

പൊടുന്നനെ ചുമലില്‍ ആരുടെയോ കൈത്തലം വന്നമര്‍ന്നു. ഞെട്ടി തലയുയര്‍ത്തി നോക്കി.

അരണ്ട നിലാവെളിച്ചത്തില്‍ അഷ്‌റഫ്!

ഞാന്‍ പിടഞ്ഞെഴുന്നേറ്റു. എന്റെ നിയന്ത്രണം വിട്ടു. പൊടുന്നനെ ഒരു കരച്ചിലോടെ ഞാനയാളുടെ കാലിലേക്ക് വീണു. അത്രയ്ക്കുണ്ടായിരുന്നു സങ്കടം. അഷ്‌റഫ് പതിയെ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

''ഞാന്‍ കൊറേ നേരമായിട്ട് ഇങ്ങളെ പിന്നാലെണ്ട്. വളരെ കഷ്ടപ്പെട്ടിട്ടാണ് കണ്ടെത്തീത്. തിരിച്ച് പോണേന് മുമ്പ് ഒന്ന് കാണണംന്ന് നിര്‍ബന്ധേനി ഇക്കി.''

''മാപ്പ്!'' പൊടുന്നനെ ഞാന്‍ കൈകൂപ്പി.

''എന്ത്ത്താണ് ഭായ്.. ഞാനല്ലേ മാപ്പ് പറേണ്ടത്..'' അഷ്‌റഫിന്റെ കണ്ണുകളും നിറഞ്ഞുകഴിഞ്ഞിരുന്നു. അയാള്‍ എന്റെ കൂപ്പുകൈയ്യില്‍ പതിയെ അമര്‍ത്തി പിടിച്ചു. ''ഒരു കാര്യം പറയാണ്ടേനി ക്കി..''

ഞാന്‍ അഷ്‌റഫിനെ തുറിച്ചുനോക്കി.

''അന്ന് ആ മാല പൊട്ടിച്ചത്.. അത് ഞാന്‍ തന്ന്യേനി. ഇങ്ങക്കൊരിക്കലും ആള് തെറ്റീട്ടില്ല ട്ടോ.''

അതു പറഞ്ഞു കഴിയാന്‍ നേരം അയാളുടെ സ്വരമൊന്ന് ഇടറിയോ!

ഒന്നും ചെയ്യാനാവാതെ ഞാന്‍ മരവിച്ചുനിന്നു.

അഷ്‌റഫ് പതിയെ എന്റെ കൂപ്പുകൈ ഉപേക്ഷിച്ച് റെയില്‍ പാളത്തിലൂടെ തിരിഞ്ഞു നടന്നു. നാലഞ്ച് ചുവടുകള്‍ വെച്ച ശേഷം പൊടുന്നനെ തിരിഞ്ഞുനിന്നു. ''ഇങ്ങള് ഇപ്പോത്തന്നെ വീട്ടിലേക്ക് തിരിച്ചുപോവ്വല്ലോ ലേ..?''

എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. പിന്നീട് അയാള്‍ എന്റെ മറുപടിക്ക് കാത്തുനിന്നില്ല. വേഗം നടന്നു. എന്തോ ഓര്‍മ കിട്ടിയതുപോലെ ഞാന്‍ അയാളുടെ നടത്തത്തിലേക്ക് സൂക്ഷിച്ചുനോക്കി..

ഇടതുകാലിന് ഒരു ചെറിയ വലിച്ചില്‍ ഉണ്ടോ? നേര്‍ത്ത നിലാവില്‍ വീണ്ടും വീണ്ടും ആഴത്തില്‍ നോക്കി... ശരിക്കും ആ വലിച്ചില്‍ ഉണ്ടോ?

Short Story Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: