scorecardresearch

എന്താണ് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മൈക്രോ ചീറ്റിംഗ്?

നിങ്ങൾ കമ്മിറ്റഡായൊരു ബന്ധത്തിൽ ആയിരിക്കവെ തന്നെ യാത്രകളിലോ മറ്റോ വച്ച് കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരോട് ആകർഷകത്വം തോന്നി നമ്പറുകൾ പങ്കിടുക, രഹസ്യങ്ങൾ കൈമാറുക, ഫ്ളേർട്ടിംഗ് സ്വഭാവമുള്ള മെസേജുകൾ അയ്ക്കുക, നിലവിലൊരു ബന്ധത്തിലാണെന്ന വിവരം മറച്ചുവയ്ക്കുക.... ബന്ധങ്ങളെ ബാധിക്കുന്ന 'മൈക്രോ ചീറ്റിംഗി'നെ കുറിച്ച് കൂടുതലറിയാം

നിങ്ങൾ കമ്മിറ്റഡായൊരു ബന്ധത്തിൽ ആയിരിക്കവെ തന്നെ യാത്രകളിലോ മറ്റോ വച്ച് കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരോട് ആകർഷകത്വം തോന്നി നമ്പറുകൾ പങ്കിടുക, രഹസ്യങ്ങൾ കൈമാറുക, ഫ്ളേർട്ടിംഗ് സ്വഭാവമുള്ള മെസേജുകൾ അയ്ക്കുക, നിലവിലൊരു ബന്ധത്തിലാണെന്ന വിവരം മറച്ചുവയ്ക്കുക.... ബന്ധങ്ങളെ ബാധിക്കുന്ന 'മൈക്രോ ചീറ്റിംഗി'നെ കുറിച്ച് കൂടുതലറിയാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
micro-cheating| what is micro-cheating| how to deal with micro-cheating

എന്താണ് മൈക്രോ ചീറ്റിംഗ്?

ബന്ധങ്ങളെ സംബന്ധിച്ച് ഇന്നേറെ ശ്രദ്ധ നേടുന്ന ഒരു ഡേറ്റിംഗ് പദമാണ് 'മൈക്രോ-ചീറ്റിംഗ്' എന്നത്. എന്താണ് ഈ 'മൈക്രോ-ചീറ്റിംഗ്' എന്നല്ലേ? നിങ്ങൾ ഒരു പങ്കാളിയുമായി പ്രതിബദ്ധതയുള്ള ബന്ധത്തിലായിരിക്കുമ്പോൾ തന്നെ പങ്കാളിയറിയാതെ സൂക്ഷിക്കുന്ന രഹസ്യങ്ങൾ, അവിശ്വസ്തത എന്നിവയെ സൂചിപ്പിക്കാൻ പൊതുവിൽ ഉപയോഗിക്കുന്ന വാക്കാണിത്. കേൾക്കുമ്പോൾ നിസ്സാരമായ കാര്യമായി തോന്നാമെങ്കിലും, കാലക്രമേണ ഇത് നിങ്ങളുടെ പങ്കാളിയെയും ബന്ധത്തെയും വ്രണപ്പെടുത്തും. എന്താണ് മൈക്രോ ചീറ്റിംഗ്, അതു ബന്ധങ്ങളെ എങ്ങനെയൊക്കെ ബാധിക്കും? എന്നു മനസ്സിലാക്കുന്നത് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും ജീവിതത്തിൽ സമാനസാഹചര്യം നേരിടേണ്ടി വന്നാൽ അതിനെ നേരിടാനുമൊക്കെ നിങ്ങളെ പ്രാപ്തരാക്കും.

Advertisment

എന്തൊക്കെയാണ് മൈക്രോ ചീറ്റിംഗിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ എന്നു നോക്കാം. നിങ്ങളൊരു പ്രതിബദ്ധതയുള്ള ബന്ധത്തിൽ ആയിരിക്കവെ തന്നെ യാത്രകളിലോ മറ്റോ വച്ച് നിങ്ങൾ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരോട് ആകർഷകത്വം തോന്നി നമ്പറുകൾ പങ്കിടുക, രഹസ്യങ്ങൾ കൈമാറുക, ഫ്ളർട്ടിംഗ് സ്വഭാവമുള്ള മെസേജുകൾ അയ്ക്കുക, നിങ്ങൾ നിലവിലൊരു ബന്ധത്തിലാണെന്ന വിവരം മറച്ചുവയ്ക്കുക, ഓൺലൈൻ ഡേറ്റിംഗ് സൈറ്റുകളിൽ പ്രൊഫൈൽ നിലനിർത്തുക, പങ്കാളിയിൽ നിന്നും ഇത്തരത്തിലുള്ള ഇടപെടലുകളും സൗഹൃദങ്ങളും മറച്ചുവയ്ക്കുക, നിങ്ങളുടെ പങ്കാളിയെ കുറിച്ചല്ലാതെ ബന്ധത്തിനു പുറത്തുള്ള മറ്റൊരാളെ ഓർത്ത് കാര്യങ്ങൾ ഫാന്റസൈസ് ചെയ്യുക... എന്നിങ്ങനെയുള്ള സ്വഭാവരീതികളെല്ലാം തന്നെ മൈക്രോ ചീറ്റിംഗുമായി ബന്ധപ്പെടുത്താവുന്നതാണ്.

“പ്രതിബദ്ധതയുള്ള ബന്ധത്തിന്റെ അതിരുകൾ ലംഘിക്കുന്നതും സൂക്ഷ്മവും നിരുപദ്രവകരവുമെന്ന് തോന്നിപ്പിക്കുന്നതുമായ ഇത്തരം പ്രവർത്തനങ്ങളുടെ ഒരു കൂട്ടമാണ് മൈക്രോ ചീറ്റിംഗ്. ഇവിടെ നിങ്ങൾ പങ്കാളിയറിയാതെ മറ്റൊരാളുമായി ശാരീരികമായോ ലൈംഗികമായോ ഇടപെടുന്നുണ്ടാകില്ല, എന്നാൽ നിങ്ങളുടെ പ്രണയബന്ധത്തിനു പുറത്തുള്ള ഒരാളുമായി വൈകാരികവും പ്രണയപൂർവ്വവുമായ ഒരു ബന്ധം നിലനിർത്തപ്പെടുകയാണ്," ലൈഫ് ആൻഡ് റിലേഷൻഷിപ്പ് കോച്ചായ ഏക്താ ദീക്ഷിത് indianexpress.comനോട് പറഞ്ഞു. ഈ പ്രവൃത്തികളെ ശാരീരികവും വൈകാരികവുമായ വഞ്ചനയുമായി താരതമ്യപ്പെടുത്താനാവില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ ദമ്പതികൾക്കിടയിലെ/ പങ്കാളികൾക്കിടയിലെ ചില മാനദണ്ഡങ്ങളെയും വിശ്വാസത്തെയും അതിരുകളെയുമെല്ലാം ലംഘിക്കുന്നവയാണ്.

ഈ ഡേറ്റിംഗ് പ്രവണത പുതിയ കാര്യമല്ല. മുൻപും ഉള്ളതു തന്നെയാണ്. എന്നാൽ ഓൺലൈൻ ലോകത്ത് ഇത്തരം പ്രവണതകൾ മുൻപത്തേക്കാൾ കൂടുതൽ സാധാരണമായിരിക്കുന്നുവെന്നാണ് മനശാസ്ത്ര വിദഗ്ധർ പറയുന്നത്. പല കേസുകളിലും മൈക്രോ ചീറ്റിംഗ് എന്ന വാക്കിനെ പലപ്പോഴായി നേരിടേണ്ടി വരാറുണ്ടെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു.

Advertisment

“ഏകഭാര്യത്വം, ഒരേ വ്യക്തിയോടൊപ്പം കുറേകാലം ഒന്നിച്ചു കഴിയുമ്പോൾ തോന്നിയേക്കാവുന്ന വിരക്തി, പരസ്പരമുള്ള ആകർഷണം കുറയുന്നത് ഇതിൽ നിന്നുമൊക്കെയുള്ള രക്ഷയെന്ന രീതിയിലാണ് പലരും മൈക്രോ-ചീറ്റിംഗ് പെരുമാറ്റങ്ങൾ കാണിച്ചു തുടങ്ങുന്നത്. എന്നാൽ, ഇത് ചിലപ്പോൾ നിങ്ങളുടെ ബന്ധത്തിന് പുറത്തുള്ള ഒരാളുമായി നിലവിലുള്ള ബന്ധത്തേക്കാൾ ശക്തമായ ഒരു വൈകാരിക ബന്ധം ഉടലെടുക്കാൻ കാരണമാവും," മാച്ച് മേക്കറും റിലേഷൻഷിപ്പ് കോച്ചുമായ രാധിക മൊഹ്ത പറയുന്നു.

മൈക്രോ ചീറ്റിംഗിന്റെദോഷങ്ങൾ
മൈക്രോ ചീറ്റിംഗ് എല്ലായ്‌പ്പോഴും പൂർണ്ണമായതും ദൃഢമായതുമായ ഒരു പുതിയ ബന്ധത്തിലേക്ക് നയിക്കണമെന്നില്ല. എന്നാൽ അത് നിങ്ങളുടെ നിലവിലെ ബന്ധത്തിൽ പ്രശ്നങ്ങൾക്ക് കാരണമാവും. കാരണം, നിങ്ങൾ നിങ്ങളുടെ പങ്കാളിയ്ക്കല്ലാതെ മറ്റൊരാൾക്ക് കൂടുതൽ മുൻഗണന നൽകി തുടങ്ങുകയാണ് ഇവിടെ. പുതിയൊരാളുടെ വികാരങ്ങൾ, ശ്രദ്ധ എന്നിവയ്‌ക്കെല്ലാം നിങ്ങളുടെ പങ്കാളിയെക്കാൾ പ്രാധാന്യം നൽകുന്നു എന്നതാണ്. തുടക്കത്തിൽ നിരുപദ്രവകരമായ പ്രവൃത്തിയായി തോന്നാമെങ്കിലും, ചിലപ്പോൾ ഇത് അവസാനിക്കുക വിവാഹേതര ബന്ധത്തിലാവും."

വഞ്ചന എന്നതിനെ ഓരോ വ്യക്തിയും നോക്കി കാണുന്ന രീതികൾ വ്യത്യസ്തമായതിനാൽ തന്നെ മൈക്രോ-ചീറ്റിംഗ് നിങ്ങളുടെ പങ്കാളിയുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് ഏക്താ ദീക്ഷിത് പറയുന്നു. "വൈകാരിക ഊർജ്ജം ബന്ധത്തിന് പുറത്തേക്ക് നയിക്കപ്പെടുമ്പോൾ, അത് പ്രതിബദ്ധതയുള്ള പങ്കാളിത്തത്തിനുള്ളിലെ അടുപ്പക്കുറവിനും ആകർഷണം കുറയുന്നതിനും കാരണമാവും. ഇത് അവഗണന, തിരസ്‌കരണം അല്ലെങ്കിൽ ആത്മസംതൃപ്തിയില്ലായ്മ എന്നീ അവസ്ഥകളിലേക്ക് വഞ്ചിക്കപ്പെടുന്ന പങ്കാളിയെ നയിക്കും. അതിലുപരി, ചതിക്കപ്പെടുന്നു എന്ന തോന്നൽ നിങ്ങളുടെ പങ്കാളിയുടെ ആത്മാഭിമാനത്തെയും സ്വാധീനിച്ചേക്കാം. വഞ്ചിക്കപ്പെടുന്ന വ്യക്തി സ്വന്തം മൂല്യത്തെയും അഭിലഷണീയതയെയും സ്വയം ചോദ്യം ചെയ്തു തുടങ്ങും. അത് അവരുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ബാധിക്കും."

“മൈക്രോ-ചീറ്റിംഗ് അങ്ങേയറ്റം ദോഷകരമാണ്, കാരണം അത് ചെയ്യുന്നത് വഴി വഞ്ചനയ്ക്കുള്ള ഇടം സൃഷ്ടിക്കപ്പെടുകയാണ്. ബന്ധത്തിന് പുറത്തുള്ള കാര്യങ്ങളെ കുറിച്ചും അത് എത്ര പ്രലോഭനകരമാണെന്നും നിങ്ങൾ പര്യവേക്ഷണം ചെയ്തു തുടങ്ങുകയാണ്," കൗൺസിലിംഗ് സൈക്കോളജിസ്റ്റായ ആഞ്ചൽ നാരംഗ് പറയുന്നു.

മൈക്രോ ചീറ്റിംഗ് പ്രവണതയുണ്ടെങ്കിൽ നിങ്ങൾ അതിന്റെ വരുംവരായ്മകളെ കുറിച്ച് കൂടി ബോധവാന്മാരായിരിക്കുക. നിങ്ങളുടെ പങ്കാളി ഏകഭാര്യത്വത്തിനും പ്രതിബദ്ധതയുള്ള ബന്ധത്തിനുമൊക്കെ മുൻഗണന നൽകുന്ന ആളാണെങ്കിൽ മൈക്രോ ചീറ്റിംഗ് നിങ്ങളുടെ ബന്ധങ്ങളെ സങ്കീർണ്ണമാക്കും.

അതേസമയം, ബന്ധത്തിൽ മൈക്രോ ചീറ്റിംഗിന് വിധേയരാവുന്നത് നിങ്ങളാണെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. “നിങ്ങളുടെ പങ്കാളി വ്യത്യസ്തമായി പെരുമാറുകയോ മൈക്രോ- ചീറ്റിംഗ് നടത്തുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ, അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും നിങ്ങളുടെ ആശങ്കകൾ എന്താണെന്നും കൃത്യമായി പങ്കാളിയോട് സംസാരിക്കുക. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളിൽ ആരോഗ്യകരമായ അതിർവരമ്പുകൾ സ്ഥാപിക്കേണ്ടത് എല്ലാ ബന്ധങ്ങളുടെയും മുന്നോട്ടു പോക്കിന് ആവശ്യമാണെന്ന് ഓർക്കുക." ഏക്താ ദീക്ഷിത് വിശദീകരിച്ചു.

മൈക്രോ-ചീറ്റിംഗ് പെരുമാറ്റത്തിന് പിന്നിലെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. കാരണം ഇത് ചിലപ്പോൾ ബന്ധത്തിനുള്ളിലെ അസംതൃപ്തിയുടെ ഫലമാവാം. എന്താണ് മറ്റൊരു ബന്ധം തേടാൻ നിങ്ങളുടെ പങ്കാളിയെ പ്രചോദിപ്പിക്കുന്നത് എന്നറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. രണ്ട് പേർക്കും പ്രശ്നങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടാനും നിങ്ങളുടെ ബന്ധത്തിലെ മിസ്സിംഗായ ഘടകങ്ങൾ കണ്ടെത്താനും തിരുത്തലുകളോടെയും കൂടുതൽ മനസ്സിലാക്കലുകളോടെയും മുന്നോട്ടു പോവാനും ഇതു സഹായിക്കും.

“ചില സന്ദർഭങ്ങളിൽ, ദമ്പതികൾ ഒരു റിലേഷൻഷിപ്പ് കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ മാർഗനിർദേശം തേടുന്നത് പ്രയോജനം ചെയ്തേക്കാം. പരിശീലനം ലഭിച്ച ഒരു പ്രൊഫഷണലിന് മുന്നിൽ പങ്കാളികൾക്ക് അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാം, വിശ്വാസവും അടുപ്പവും പുനർനിർമ്മിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നിർദേശങ്ങൾ നൽകാനും ഒരു പ്രൊഫഷണലിനു സാധിക്കും. മൈക്രോ ചീറ്റിംഗിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം പങ്കാളികൾ പരസ്പരം വ്യക്തമായ അതിരുകൾ ചർച്ച ചെയ്യുക എന്നതാണ്," ഏക്താ കൂട്ടിച്ചേർത്തു.

Marriage Relationship Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: