scorecardresearch

Relationship Tips: ബ്രേക്കപ്പിനു ശേഷം മുൻ പങ്കാളി പുതിയ പ്രണയം കണ്ടെത്തിയാൽ; എങ്ങനെ അഭിമുഖീകരിക്കാം?

വേർപിരിയലിനു ശേഷം നിങ്ങളുടെ മുൻ പങ്കാളി പുതിയ പ്രണയം കണ്ടെത്തിയാൽ അതിനെ മാനസികമായി മറികടക്കേണ്ടതെങ്ങനെ എന്ന കാര്യം പലരെയും കുഴക്കുന്ന ഒന്നാണ്. ടോക്സിക്കാവാതെ, എങ്ങനെ അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാം?

Relationship Tips: ബ്രേക്കപ്പിനു ശേഷം മുൻ പങ്കാളി പുതിയ പ്രണയം കണ്ടെത്തിയാൽ; എങ്ങനെ അഭിമുഖീകരിക്കാം?

പ്രണയമോ വിവാഹമോ ആവട്ടെ, എത്ര ടോക്സിക്കായ ബന്ധവുമാവട്ടെ, രണ്ടുപേർ തമ്മിൽ പിരിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ വേർപിരിയലിനെ മറികടക്കാനും ജീവിതം സന്തോഷത്തിന്റെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാനുമൊക്കെ മാസങ്ങളെടുക്കും. ആ സമയം കടന്നുകിട്ടുക എന്നതാണ് വേർപിരിയലുകളെ സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ ഘട്ടം. അതിനിടയിൽ പങ്കാളികളിൽ ഒരാൾ മറ്റൊരു ജീവിതപങ്കാളിയേയോ പ്രണയിതാവിനെയോ ഒക്കെ തിരഞ്ഞെടുക്കുക കൂടി ചെയ്താൽ അത് മറ്റേയാൾക്ക് മാനസികമായ സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളും സമ്മാനിച്ചേക്കാം.

നിങ്ങളുടെ മുൻ പങ്കാളി പുതിയ പ്രണയം കണ്ടെത്തിയാൽ അതിനെ മാനസികമായി മറികടക്കേണ്ടതെങ്ങനെ എന്ന കാര്യം പലരെയും കുഴക്കുന്ന ഒന്നാണ്. ആരോഗ്യകരമായി അത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് നോക്കാം.

 1. പുതിയ പങ്കാളിയുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക. ഓരോ മനുഷ്യരും വ്യത്യസ്തരാണ്, നിങ്ങളിൽ ഇല്ലാത്ത ഗുണങ്ങളോ കഴിവുകളോ ഒക്കെ മറ്റൊരാളിൽ കണ്ടെത്താൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ അനാവശ്യമായ താരതമ്യം നിങ്ങളിൽ അപകർഷതബോധം നിറയ്ക്കും. മറ്റൊരാളുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾക്ക് നിങ്ങളോട് നീതി പുലർത്താനാവില്ല. മുൻപങ്കാളിയുടെ ഭാര്യ/കാമുകി/ഭർത്താവ്/കാമുകൻ അവരെ കുറിച്ച് കൂടുതലറിയാൻ ശ്രമിക്കരുത്. അവരെ കുറിച്ച് സുഹൃത്തുക്കളോടും മറ്റും അന്വേഷിക്കാനുള്ള നിങ്ങളുടെ ത്വരയെ ചെറുക്കുക.
 2. എന്തുകൊണ്ടാണ് നിങ്ങൾ പിരിഞ്ഞത്/ ഒരുമിച്ച് ഇല്ലാത്തത് എന്നതിന്റെ കാരണങ്ങൾ വളരെ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കുക. എത്ര വിഷമം തോന്നിയാലും, നിങ്ങൾ പിരിഞ്ഞതിന് ഒരു കാരണമുണ്ടെന്ന സത്യം മറക്കാതിരിക്കുക. വേർപിരിയലിനു ശേഷം ഇത്തരം സാഹചര്യങ്ങളിൽ തോന്നുന്ന വേദനകളും അസ്വസ്ഥതകളും അസൂയയുമൊക്കെ മനുഷ്യസഹജമാണെന്നും അതൊന്നും ശാശ്വതമല്ലെന്നും മനസ്സിലാക്കുക.
 3. പഴയ ഓർമകളിൽ മനസ്സിനെ തളച്ചിടാതെ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുക. മുൻപങ്കാളിയുടെ/മുൻകാമുകന്റെ പുതിയ ബന്ധത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ സമയം നൽകരുത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുക, ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുക, പുതുതായി എന്തെങ്കിലും പഠിക്കുക, യോഗ/വ്യായാമം/സ്പാ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകി സ്വയം എൻഗേജ് ആയിരിക്കുക. നിങ്ങൾ മുൻപ് പലപ്പോഴും ചെയ്യാൻ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ ഉണ്ടെങ്കിൽ അതിനായി സമയം കണ്ടെത്താം.
 4. മുൻ പങ്കാളിയോട് അനാവശ്യമായ വഴക്കുകൾക്കോ സംസാരങ്ങൾക്കോ പോവരുത്. വൈകാരികമായ ആശ്രയത്വത്തോടെ സംസാരിക്കുകയുമരുത്. അതെല്ലാം താൽക്കാലികമായി മനസ്സിന് സമാധാനമോ സുഖമോ തരുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കും. ആ വ്യക്തിയുമായുള്ള വൈകാരികമായ ആശ്രയത്വത്തെയും ഓർമകളെയുമെല്ലാം മറികടക്കുക എന്നത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് കൂടി അത്യന്താപേക്ഷികമായ കാര്യമാണ്.
 5. നിങ്ങളുടെ മുൻപങ്കാളിയെ മറ്റൊരാൾക്കൊപ്പം കാണുമ്പോഴുള്ള മനപ്രയാസം മനസ്സിലേക്ക് എടുക്കാതെ, അത് വളരെ സ്വാഭാവികമായ ഒന്നാണെന്ന് സ്വയം മനസ്സിനെ ബോധ്യപ്പെടുത്തുക. ആ യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും അത് കടന്നുപോവാൻ അനുവദിക്കുകയും ചെയ്യുക. ചിലപ്പോൾ കരയാൻ തോന്നിയാൽ അതിൽ നാണക്കേട് ഓർക്കേണ്ട കാര്യമില്ല. അടക്കാനാവാത്ത വികാരങ്ങളിൽ നിന്നും മനപ്രയാസത്തിൽ നിന്നുമൊക്കെ മനസ്സിന് സമാധാനം പകരാൻ കരച്ചിലും ഒരു മരുന്നാണ്.
 6. ആരോടെങ്കിലും നിങ്ങൾ കടന്നുപോവുന്ന മാനസികാവസ്ഥയെ കുറിച്ച് സംസാരിക്കണമെന്നുണ്ടെങ്കിൽ ഏറ്റവും വിശ്വാസമുള്ള ഒരു സുഹൃത്തിനോട് സംസാരിക്കാം. അവർക്കൊപ്പം കാപ്പി കുടിക്കാൻ പോവുകയോ മെസേജ് ചെയ്യുകയോ ഫോൺ വിളിക്കുകയോ ചെയ്യുക. നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ അവരോട് ഉപദേശം ആരായാം.
 7. മറ്റൊരാളോട് പറയാനാവാത്ത രീതിയിലുള്ള ചിന്തകളും വികാരവിചാരങ്ങളുമൊക്കെ ഈ ഘട്ടത്തിൽ തോന്നുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങൾ ഒരു ഡയറിയിൽ എഴുതി വയ്ക്കാം, അല്ലെങ്കിൽ ഡിജിറ്റൽ ഡയറി സൂക്ഷിക്കാം. മനസ്സിന്റെ ചിന്തകളെയും വികാരങ്ങളെയും അക്ഷരങ്ങളിലേക്ക് ഇറക്കിവയ്ക്കാം. മാനസികാവസ്ഥകൾ കോറിയിടാൻ ഇങ്ങനെയൊരു ഡയറി സൂക്ഷിക്കുന്നത് സ്വയം കറക്റ്റ് ചെയ്ത് മുന്നോട്ടുപോവാൻ നിങ്ങളെ സഹായിക്കും.
 8. മുൻപങ്കാളി നിങ്ങളെ വേദനിപ്പിച്ചെങ്കിൽ അവരോട് ക്ഷമിക്കുക. ദേഷ്യവും നീരസവും ഉപേക്ഷിക്കുക. നിങ്ങളെ വേദനിപ്പിക്കുന്ന വികാരങ്ങൾ മുറുകെ പിടിക്കരുത്. ക്ഷമിക്കുന്നത് മറ്റൊരാളോട് നിങ്ങൾ ചെയ്യുന്ന ദയവാണെന്ന് തോന്നിയേക്കാം, എന്നാൽ യഥാർത്ഥത്തിൽ ഒരാളോട് നമ്മൾ ക്ഷമിക്കുമ്പോൾ മാനസികമായി കൂടുതൽ ആശ്വാസം ലഭിക്കുന്നത് നമുക്കു തന്നെയാണ്. ക്ഷമ നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം നൽകും.
 9. അത്ര എളുപ്പത്തിൽ മറന്നു കളയാനാവില്ല ദുരനുഭവങ്ങൾ എന്നു തോന്നുന്നുവെങ്കിൽ അവർ നിങ്ങളെ എങ്ങനെ വേദനിപ്പിച്ചു എന്നതിനെ കുറിച്ച് മുൻ പങ്കാളിയ്ക്ക് നീണ്ട കത്ത് എഴുതി, കത്ത് അയക്കുന്നതിനുപകരം കത്തിക്കുകയോ കീറി കളയുകയോ ചെയ്യുക. മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാൻ ഇതുമൊരു നല്ല മാർഗ്ഗമാണ്.
 10. നൂറുശതമാനം നല്ലവരോ നൂറു ശതമാനം ചീത്ത മനുഷ്യരോ ആയി ആരുമില്ല. ഓരോ വ്യക്തികളിലും ബന്ധങ്ങളിലും നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങളുണ്ടാവും. നിങ്ങളുടെ ബന്ധത്തിലെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഒരുപോലെ അംഗീകരിക്കുക. ജീവിതത്തെ കുറച്ചുകൂടി ബാലൻസ് ചെയ്തും നഷ്ടബോധമില്ലാതെയും കാണാൻ ഈ കാഴ്ചപ്പാട് നിങ്ങളെ സഹായിക്കും.
 11. ഇനിയൊന്നും പറയാനോ തുടരാനോ ശേഷിക്കുന്നില്ലെങ്കിൽ ആ വ്യക്തിയുമായുള്ള എല്ലാ കോൺടാക്റ്റുകളും വിച്ഛേദിക്കുക. നിങ്ങൾക്ക് പ്രത്യേക താൽപ്പര്യമുള്ള/താൽപ്പര്യമുണ്ടായിരുന്ന ഒരാളോട് സംസാരിക്കാതിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനെ മറികടക്കാനുള്ള ഏറ്റവും മികച്ച വഴി പരസ്പരം ബന്ധപ്പെടാനുള്ള വഴികൾ ഇല്ലാതാക്കുക എന്നതാണ്. ഫോൺ, വാട്സ്ആപ്പ്, ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നെല്ലാം ആ വ്യക്തിയെ നീക്കം ചെയ്യുക, അതുവഴി അവരുമായി തുടർന്നും സംസാരിക്കാനുള്ള ത്വരയെ ചെറുക്കാം. സംസാരിക്കണമെന്ന് നിങ്ങൾക്ക് പ്രലോഭനം തോന്നുമ്പോൾ, പകരം ഏറ്റവുമടുത്ത ഒരു സുഹൃത്തിനെ വിളിക്കുക.
 12. പിരിഞ്ഞയുടനെ അവരുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കരുത്. അത് മുൻകാല ഓർമകളുമായി കൂടിയുള്ള ചങ്ങാത്തം കൂടലാണ്. ആദ്യം നിങ്ങൾ വേർപിരിയലിനെ മറികടക്കുക എന്നതാണ് പ്രധാനം. സ്വയം സുഖപ്പെടാനുള്ള സമയവും സാവകാശവും നിങ്ങൾ നിങ്ങൾക്കായി മാറ്റിവയ്ക്കണം. അവർ നിങ്ങളോട് സുഹൃത്തുക്കളായി തുടരാമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ, സ്വയമൊന്നു ട്രാക്കിലാവും വരെ നിങ്ങൾക്ക് സമയം വേണമെന്നു പറയുക.
 13. സോഷ്യൽ മീഡിയയിൽ അവരെ പിന്തുടരുന്നത് ഒഴിവാക്കുക. വേർപിരിയലിനുശേഷവും സോഷ്യൽ മീഡിയയിലെ ബന്ധങ്ങൾ വിച്ഛേദിക്കുക പ്രയാസമാണ്. ഒരിക്കൽ പരസ്പരമുണ്ടായിരുന്ന ഇഷ്ടമാണ് ഇതിനൊരു കാരണം. മറ്റൊന്ന്, അവരിപ്പോൾ നിങ്ങളേക്കാൾ നന്നായി ഇരിക്കുന്നുണ്ടോ എന്നറിയാനുള്ള മനുഷ്യസഹജമായ ത്വര. ഇത് അവരുടെ സോഷ്യൽ മീഡിയ ഇടപാടുകൾ നിരീക്ഷിക്കാനും ചാരപ്പണി ചെയ്യാനുമൊക്കെയുള്ള തോന്നലുണ്ടാക്കും. ബ്രേക്കപ്പിൽ നിന്നും മുഴുവനായും കരകയറണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സോഷ്യൽ പ്ലാറ്റ്ഫോമുകളിലും അവരെ അൺഫോളോ ചെയ്യുന്നതാണ് നല്ലത്. അതുപോലെ, നിങ്ങളുടെ പൊതുവായ സുഹൃത്തുക്കളോട് അവർ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാനുള്ള ത്വരയേയും ചെറുക്കേണ്ടതുണ്ട്.
 14. മുൻപങ്കാളിയുടെ ശീലങ്ങളിൽ പലതും നിങ്ങൾക്ക് അറിയാമായിരിക്കും. ആ അറിവ് നിങ്ങളുടെ സമാധാനത്തിനായി ഉപയോഗിക്കുക. അവർ പതിവായി വരുന്ന സ്ഥലങ്ങൾ, അവരുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകൾ, കോഫി ഹൗസുകൾ എന്നിവയെല്ലാം ഒഴിവാക്കാം. പകരം പുതിയ ഔട്ട്ലെറ്റുകൾ നിങ്ങൾക്കായി കണ്ടെത്താം.
 15. മുൻകാല ബന്ധത്തിൽ നിങ്ങൾക്ക് പറ്റിയ തെറ്റുകളും അംഗീകരിക്കുക, സ്വയം ക്ഷമിക്കുക. തെറ്റുകൾ മനുഷ്യസഹജമാണ്, ബന്ധങ്ങളിൽ വന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ക്രൂശിക്കരുത്. പകരം ആ ബന്ധം നിങ്ങളെ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ച് ചിന്തിക്കുക. ഓരോ ബന്ധവും നിങ്ങളെ എങ്ങനെ മെച്ചപ്പെടുത്തിയെന്ന് പരിശോധിക്കുക.
 16. സ്വയം സ്നേഹിക്കുക. നിങ്ങളുടെ കഴിവുകളെ പൊടിതട്ടിയെടുക്കുക. ശരീരത്തിനും മനസ്സിനുമെല്ലാം വേണ്ടത്ര കരുതൽ നൽകുക. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്ത് അതിനു പ്രാധാന്യം നൽകുക. പോസിറ്റീവായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. ബന്ധങ്ങളിൽ നിങ്ങൾക്ക് പറ്റിയ തെറ്റുകൾ അംഗീകരിക്കുക, ഒരു ബന്ധം തകർന്നതിന് പങ്കാളിയെ മാത്രം കുറ്റപ്പെടുത്താതെ ഇരിക്കുക, ഇതൊക്കെ സ്വന്തം മനസാക്ഷിയോട് സത്യസന്ധരായിരിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.
 17. ഒരു ബന്ധം തകർന്നു എന്നതിനർത്ഥം, നിങ്ങളൊരു ബന്ധത്തിനും അർഹൻ/അർഹ അല്ലെന്നല്ല. നിങ്ങളുടെ അഭിരുചികളോടും ഇഷ്ടങ്ങളോടും ചേർന്നുപോവുന്ന, നിങ്ങളെ നിങ്ങളായി മനസ്സിലാക്കുന്ന ഒരാൾക്ക് നിങ്ങൾ അർഹയാണെന്ന് സ്വയം പറയുക. ആ വ്യക്തിയെ തിരയുക, ജീവിതത്തിന്റെ ഏതെങ്കിലും ഒരു വളവിൽ ആ വ്യക്തിയെ കണ്ടുമുട്ടുമെന്നു തന്നെ പ്രതീക്ഷിക്കുക.
 18. ബ്രേക്കപ്പുകൾക്ക് ശേഷം ലക്ഷ്യബോധമില്ലാത്ത മാനസികാവസ്ഥയിലാണ് നല്ലൊരു ശതമാനം ആളുകളും എത്തിച്ചേരുന്നത്. അതിനെ മറികടക്കാൻ ശക്തമായൊരു ലക്ഷ്യം മുന്നിൽ കാണുക എന്നതു തന്നെയാണ് പോംവഴി. ഇത് നിങ്ങളുടെ ഊർജ്ജത്തെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താൻ സഹായിക്കും. ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പ് പോലും നിങ്ങളുടെ മാനസികമായ സുഖപ്പെടലിനെ സഹായിക്കുമെന്ന് മറക്കരുത്. ഉദാഹരണത്തിന്, ശരീരഭാരം കുറക്കണമെന്നാണ് ലക്ഷ്യമെങ്കിൽ അതിലേക്ക് ഫോക്കസ് ചെയ്യുക. ഫിറ്റ്നസ് സെന്ററിൽ ചേരാം, നൃത്തമോ നീന്തലോ പഠിക്കാം, രാവിലെയോ വൈകിട്ടോ മുടങ്ങാതെ നടക്കാൻ പോവാം, ബാഡ്മിന്റൺ കളിക്കാം. ദിവസവും 30 മിനിറ്റെങ്കിലും അതിനുമാത്രമായി മാറ്റിവയ്ക്കുക. ഡ്രൈവിംഗ് പഠിക്കണമെന്നാണ് ആഗ്രഹമെങ്കിൽ ലക്ഷ്യബോധത്തോടെ അതിനായി മുന്നിട്ടിറങ്ങുക. ഇത്തരം കാര്യങ്ങളെല്ലാം തന്നെ നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നവയാണ്.
 19. ദിനചര്യയിൽ മാറ്റം വരുത്തുക. സ്വയം പരിചരണത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു ദിനചര്യ പിന്തുടരാം. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക, ആഴ്ചയിലൊരിക്കൽ എണ്ണ തേച്ച് കുളിക്കുക, സൗന്ദര്യത്തിനും ചർമ്മത്തിനുമെല്ലാം പരിചരണം നൽകുക, വിശ്രമവും സന്തോഷവും നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക ഇതെല്ലാം ബ്രേക്കപ്പിനു ശേഷമുള്ള ട്രോമയെ മറികടക്കാൻ സഹായിക്കും.
 20. ഒരു ബന്ധം തകർന്ന ഉടനെ തന്നെ മറ്റൊരു ബന്ധത്തിനായി തിരക്കുകൂട്ടരുത്. മാനസികമായി നിങ്ങൾ തയ്യാറായതിനുശേഷം മാത്രം വീണ്ടും ഡേറ്റിംഗ് ആരംഭിക്കുക. മരങ്ങൾക്ക് ഇല കൊഴിയാനും തളിർക്കാനും പൂക്കാനുമൊക്കെ കാലങ്ങളുണ്ട്, അതുപോലെ തന്നെയാണ് ബന്ധങ്ങളും. സ്വയം സുഖപ്പെടാനുള്ള വേണ്ടത്ര സമയം അവയ്ക്ക് നൽകണം, അല്ലെങ്കിൽ ആ ട്രോമകൾ നിങ്ങളുടെ മാനസികാവസ്ഥയെ കൂടുതൽ വഷളാക്കുകയേയുള്ളൂ.

Stay updated with the latest news headlines and all the latest Relationship news download Indian Express Malayalam App.

Web Title: Healthy ways to cope with a breakup how to deal when your ex finds a new partner