/indian-express-malayalam/media/media_files/uploads/2019/09/Navratri.jpg)
Navaratri 2020: കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും നവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് വിശ്വാസികൾ. നവരാത്രി ആഘോഷങ്ങൾക്ക് ഇന്നോടെ തുടക്കമാവുകയാണ്. ഇന്ന് മുതൽ ഒക്ടോബർ 26 വരെയാണ് നവരാത്രി ആഘോഷം. ഒക്ടോബർ 23 നു ദുർഗാഷ്ടമിയാണ്. ഒക്ടോബർ 25ന് മഹാനവമിയും 26നു വിജയദശമിയും ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇത്തവണ ആഘോഷപരിപാടികൾ.
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിൽ ആദിശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ. നവരാത്രിയിൽ നവദുർഗകളെയാണ് ആരാധിക്കുന്നത്.
Day 1- Shailaputri: ശൈലപുത്രി
നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ് പാർവതി. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവതമെന്നാണ് അർത്ഥം. അതിനാലാണ് പാർവതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ ശൂലവും മറു കയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
Day 2- Brahmacharini: ബ്രഹ്മചാരിണി
നവരാത്രിയില്‍ രണ്ടാം ദിവസം ദുർഗ ദേവിയെ ബ്രഹ്മചാരിണി ഭാവത്തില്‍ ആരാധിക്കുന്നു. ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം ധരിച്ചതാണ് ദേവിയുടെ രൂപം. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയാകാൻ നാരദമുനിയുടെ നിർദേശപ്രകാരം തപസു ചെയ്തു. കഠിന തപസ് അനുഷ്ഠിച്ചതിനാൽ ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.
Day 3- Chandraghanta: ചന്ദ്രഘണ്ഡാ
നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്. നെറ്റിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സിംഹവാഹിനിയായ ദേവിക്ക് 10 കൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.
Day 4- Kushmanda: കുഷ്മാണ്ഡ
നവരാത്രിയിൽ പാർവതിയുടെ കുഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തിൽ താമസിക്കുന്നവളാണ് കുഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കുഷ്മാണ്ഡ ദേവി. കുഷ്മാണ്ഡാദേവി 'അഷ്ടഭുജ' യാണ്, എട്ടുകൈകൾ ഉള്ളവളാണ്. ഏഴ് കൈകളിൽ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തിൽ ധരിച്ചിട്ടുള്ളത്. സിംഹമാണ് ദേവീ വാഹനം.
Day 5- Skandamata: സ്കന്ദമാത
നവരാത്രിയിൽ അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് പൂജിക്കുന്നത്. കുമാരൻ കാർത്തികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സ്കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നിൽ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതിൽ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് വാഹനം.
Day 6- Katyayini: കാർത്യായനി
ദുർഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. നവരാത്രിയിലെ ആറാം നാളാണ് ദേവിയെ കാർത്യായനി രൂപത്തിൽ ആരാധിക്കുന്നത്. സിംഹമാണ് കാർത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. കതൻ എന്ന മഹാ ഋഷിയുടെ പുത്രനായിരുന്നു കാത്യൻ. പുത്രിമാർ ഇല്ലാതിരുന്ന അദ്ദേഹം ദുർഗ ദേവിയെ പുത്രിയായി ലഭിക്കുന്നതിന് മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി കാത്യന്റെ പുത്രിയായ് ജനിക്കുമെന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ദേവിക്ക് കാർത്യായനി എന്ന നാമം ലഭിച്ചുവെന്നാണ് ഐതിഹ്യം.
Day 7- Kalaratri: കാലരാത്രി
കാലരാത്രി എന്ന ദേവീ അവതാരത്തെയാണ് നവരാത്രിയുടെ ഏഴാം ദിവസമായ സ്പതമിക്ക് ആരാധിക്കുന്നത്. കാലരാത്രി എന്ന രൂപം ധരിച്ചാണ് ദുർഗ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. കറുപ്പ് നിറത്തോടു കൂടിയ കാലരാത്രി മാതാ ദേവി ദുർഗയുടെ രൗദ്ര രൂപമാണ്. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം കഴുതയാണ്.
Day 8- Mahagauri: മഹാഗൗരി
നവദുർഗ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി. നവരാത്രിയില്‍ എട്ടാം ദിവസമായ അഷ്ടമിക്ക് ദുർഗ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിക്കുന്നു. തൂവെള്ള നിറമായതിനാല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നു. ശിവപ്രാപ്തിക്കായി തപസു ചെയ്ത ദേവിയുടെ ശരീരം മുഴുവനും പൊടിപടലങ്ങളും മണ്ണും കൊണ്ട് ഇരുണ്ട നിറമായി. തപസ് പൂർണമായപ്പോൾ മഹാദേവന്‍ ഗംഗാ ജലം ഉപയോഗിച്ച് അവ നീക്കം ചെയ്തു. അപ്പോള്‍ ദേവിയുടെ ശരീരം വെളുത്തു പ്രകാശം പൊഴിക്കുന്നതുപോലെയായെന്നും അന്നുമുതല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നുവെന്നും കഥകളുണ്ട്. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.
Day 9- Siddhidaatri: സിദ്ധിധാത്രി
നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. ഭക്തര്‍ക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. താമരപൂവില്‍ ഉപവിഷ്ടയായ ദേവിക്ക് നാലുകരങ്ങളാണുള്ളത്. ചക്രം, ഗദ, താമര എന്നിവ ഏന്തിയ ദേവിയുടെ വാഹനം സിംഹമാണ്.
Read Here: Navarathri: ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നവരാത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.