scorecardresearch

'വിവാദങ്ങള്‍ അസ്വസ്ഥനാക്കുന്നു'; കലോത്സവങ്ങളില്‍ ഇനി പാചകത്തിനുണ്ടാകില്ലെന്ന് പഴയിടം

ഇത്തവണയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ തീരുമാനം

ഇത്തവണയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ തീരുമാനം

author-image
WebDesk
New Update
Pazhayidam Mohanan Namboothiri

Photo: Facebook/Pazhayidom Mohanan Namboothiri

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഇത്തവണയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ തീരുമാനം. കോഴിക്കോടുണ്ടായ സംഭവങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും അടുക്കളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആശങ്കയുണ്ടെന്നും പഴയിടം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Advertisment

"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇപ്പോള്‍ മാറി മാറി വരുന്ന ചില സാഹചര്യങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്," അദ്ദേഹം വ്യക്തമാക്കി.

"പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി വരികയാണ്. ഇക്കാലമത്രയും നിധി പോലെ നെഞ്ചിലേറ്റി കൊണ്ടു നടന്നതാണ് കലോത്സവത്തിന്റെ എല്ലാം അടുക്കളകളും. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല എന്ന് ബോധ്യമായിരിക്കുന്നു. കലോത്സവവേദികളിലെ പാചകത്തിന് ഇനിയില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്," പഴയിടം കൂട്ടിച്ചേര്‍ത്തു.

"കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല തീരുമാനം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ സ്വാത്വിക മനസിന് ഉള്‍ക്കൊള്ളാനാകുന്നതല്ല. ഇനി കലോത്സവത്തിന്റെ ഊട്ടുപുരകളില്‍ ഉണ്ടാകില്ല. ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല," പഴയിടം പറഞ്ഞു.

Advertisment

"ഒരു വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു പഴയിടം എന്നുള്ളത്. ഇനി ഇപ്പോള്‍ മാറിവരുന്ന ഭക്ഷണരീതികളും ഭക്ഷണശീലങ്ങളുമുള്ള അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല എന്ന് ബോധ്യമായതോടുകൂടിയാണ് കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ നിന്ന് പിന്മാറുന്നത്," അദ്ദേഹം വിശദീകരിച്ചു.

"മാറി നില്‍ക്കുന്നതിലെ പ്രധാനം കാരണങ്ങളിലൊന്ന് എന്നിലൊരു ഭയം ഉണ്ടായിരിക്കുന്നു എന്നതാണ്. അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നുകഴിഞ്ഞാല്‍ പിന്നീട് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വന്നിരിക്കുന്ന ചില മാറ്റങ്ങളും നമ്മള്‍ ഇതിനോടൊപ്പം കാണേണ്ടതുണ്ട്," പഴയിടം പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: