കൊച്ചി: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയിലൂടെ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കെപി പ്രവീണ്‍ (പ്രവീണ്‍ റാണ) കേരളം വിട്ടതായി സൂചന. പ്രവീണിന് വ്യവസായ മേഖലയില്‍ സുഹൃത്തുക്കളുള്ള സംസ്ഥാനങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച കമ്പനിയുടെ ചെയര്‍മാനായിരുന്നു പ്രവീണ്‍. വന്‍ പലിശ വാഗ്ധാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ്. ഇതിനോടകം തന്നെ വിവിധ സ്റ്റേഷനുകളില്‍ പ്രവീണിനെതിരെ ഇരുപത്തിയഞ്ചോളം പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം 15 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തൃശൂര്‍ വെസ്റ്റ്, കുന്നംകുളം, പീച്ചി എന്നീ സ്റ്റേഷനുകളിലാണ് മറ്റ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്17 ലക്ഷം വരെ തട്ടിയെടുത്ത പരാതികളുമുണ്ട്. തൃശൂരിന് പുറമെ പാലാക്കാടും വെളുത്തൂരിലുമുള്ള ഓഫിസുകളിലും പൊലീസ് പരിശോധന നടത്തുകയും ഇടപാടുകാരുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഏകദേശം പത്ത് വര്‍ഷം മുന്‍പാണ് നിക്ഷേപ സ്വീകരണം പ്രവീണ്‍ ആരംഭിച്ചത്. സേഫ് ആന്റ് സ്ട്രോങ് എന്ന കമ്പനിയായി പിന്നീട് മാറി. 48 ശതമാനം വരെ പലിശ വാഗ്ധാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. കാലാവധി അവസാനിക്കുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു പ്രവീണ്‍ നിക്ഷേപകര്‍ക്ക് നല്‍കിയ വാക്ക്.
പലിശ കൃത്യമായി ലഭിച്ചതോടെയാണ് കൂടുതല്‍ പേര്‍ നിക്ഷേപം നടത്തിയത്. നിക്ഷേപകര്‍ക്ക് സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും നല്‍കി നിരവധി പേരെ ആകര്‍ഷിച്ചു. കമ്പനിയും വൈകാതെ വളര്‍ച്ച കൈവരിക്കുകയും ചെയ്തു. പൊലീസുകാരുമായും ഉന്നതരാഷ്ട്രീയ നേതാക്കളുമായും പ്രവീണിന് പരിചയമുണ്ടെന്നാണ് വിവരം.