/indian-express-malayalam/media/media_files/uploads/2023/04/ak-saseendran.jpg)
A K Saseendran
കോഴിക്കോട്: സംസ്ഥാനത്തെ വന്യമൃഗ ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വന്യമൃഗ പ്രശ്നത്തില്‍ ഇടപെട്ടാല്‍ ചില സമയത്ത് പുഷ്പാഭിഷേകവും ചില സമയത്ത് കല്ലേറുമാണ്. ചത്തുപോയ പോത്തിനെ കൊന്നു എന്ന പ്രചരാണമാണ് ഇപ്പോള്‍ നടക്കുന്നത്. എങ്ങനെ വന്നാലും സര്‍ക്കാരിനെതിരെ ഒരു വടി എന്ന പ്രവണത ഉദ്യോഗസ്ഥരെ നിര്‍ഭയം പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
മലയോര മേഖലയിലെ ജനങ്ങളെ വനം വകുപ്പിനെതിരെ തിരിക്കാന്‍ ചില അനൗദ്യോഗിക സംഘടനകള്‍ ശ്രമിക്കുന്നതായും എ.കെ.ശശീന്ദ്രന്‍. ആരോപിച്ചു. കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായപ്പോള്‍ വനംവകുപ്പിന്റേത് കൃത്യമായ ഇടപെടലായിരുന്നു. വെടിവയ്ക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ കലക്ടര്‍ ഉത്തരവും നല്‍കിയിരുന്നു. എന്നിട്ടും വനം ഉദ്യോഗസ്ഥരുടെ നടപടിയെ കരിവാരിത്തേക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചതെന്നും മന്ത്രി കുറ്റുപ്പെടുത്തി.
സര്‍ക്കാരിനെ ചെളിവാരിയെറിയാനുള്ള അവസരമായിട്ടാണ് ഇത്തരം സംഭവങ്ങളെ ചിലര്‍ കാണുന്നത്. അരിക്കൊമ്പനെ പിടിക്കുന്നത് നീണ്ടപ്പോള്‍ 'നടപടികള്‍ വൈകുന്നു' എന്നായിരുന്നു ആരോപണം. കിണറ്റില്‍ വീണ കരടിയെ പിടിക്കാന്‍ ഉടനടി നടപടി സ്വീകരിച്ചപ്പോള്‍ 'തിടുക്കപ്പെട്ട് നടപടികള്‍ എടുത്തു' എന്നായി. ഇത് ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പന്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനമെടുത്ത സര്‍ക്കാരിനെ കോടതിയില്‍ പോയി പ്രതിക്കൂട്ടിലാക്കിയ സംഭവം കഴിഞ്ഞയാഴ്ചയാണ് ഉണ്ടായത്. വന്യമൃഗ ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളില്‍ തൊട്ടാല്‍ കൈപൊള്ളുന്ന അവസ്ഥയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.