തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴില്‍ മൈനിംഗ് ആന്റ് ജിയോളജി പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനായിരിക്കും.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആദ്യം റവന്യൂവകുപ്പിലേക്കാണ് ഹനീഷിനെ മാറ്റിയത്. തുടര്‍ന്ന് അതിവേഗം തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയായിരുന്നു. എഐ ക്യാമറ വിവാദത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഹനീഷിന് നല്‍കിയത്. ഇടപാടില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കെല്‍ട്രോണ്‍ പാലിച്ചതായാണ് ഹനീഷിന്റെ റിപ്പോര്‍ട്ടിലുള്ളത്.
റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടയിലാണ് ഏഴാം തീയതി മുഹമ്മദ് ഹനീഷിനെ മാറ്റിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. ഹൗസിങ് ബോര്‍ഡിന്റെ ചുമതലയും നല്‍കി. പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാന്‍സ് (എക്‌സപെന്‍ഡിച്ചര്‍) സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. എം ജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. വി വിഗ്‌നേശ്വരിയാണ് പുതിയ കോട്ടയം കളക്ടര്‍. നിലവില്‍ ഡോ. പി കെ ജയശ്രീയാണ് കോട്ടയം കളക്ടറിന്റെ ചുമതല വഹിക്കുന്നത്. സ്നേഹില്‍ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേജിങ് ഡയറക്ടര്‍ ചുമതലയും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.