/indian-express-malayalam/media/media_files/2025/01/24/59VVnKgoyMqtCi6gMZaO.jpg)
രാമൻ രാജമന്നാൻ
കൊച്ചി: രാജ്യം ഞായറാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കേരളത്തിൽ നിന്ന് ഒരു രാജാവ് ഡൽഹിയിലെ ചടങ്ങുകൾ വീക്ഷിക്കുന്നതിന് രാജ്യതലസ്ഥാനത്തെത്തി. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽ മലയിൽ നിന്നുള്ള മന്നാൻ സമുദായ രാജാവ് രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ചടങ്ങിൽ അതിഥികളായെത്തുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര സമൂഹങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൊരാളാണ് രാജമന്നാൻ. കേരളത്തിലെ മൂവായിരത്തോളം വരുന്ന മന്നാൻ ആദിവാസി കുടുംബങ്ങളുടെ തലവൻ. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജ വംശമാണിത്.
ആരാണ് രാമൻ രാജമന്നാൻ ?
മുപ്പത്തിയൊൻപതുകാരനായ രാമൻ രാജമന്നാൻ, മന്നാൻ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ്. മുൻ രാജാവായ അരിയാൻ രാജമന്നാന്റെ മരണ ശേഷം 12 വർഷങ്ങൾക്കു മുൻപാണ് ഇപ്പോഴത്തെ രാജാവ് സിംഹാസനത്തിലേറിയത്. പരമ്പരാഗമായി പിന്തുടർന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് വലിയ പ്രാധാന്യം ഈ സമുദായം നൽകിവരുന്നു.
പൊതുചടങ്ങുകളിലെ രാജാവിന്റെ വേഷവിധാനങ്ങൾ പഴയ രാജഭരണകാലത്തെ ഓർമിപ്പിക്കുന്നതാണ്. കസവിൽ മുത്തുകൾ തുന്നിയ തലപ്പാവും അധികാര ദണ്ഡും തോളിൽ പരമ്പരാഗത രീതിയിലുള്ള അംഗവസ്ത്രവുമൊക്കെ അണിഞ്ഞാണ് ഇവർ ചടങ്ങുകളിലെത്തുന്നത്. മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തിരഞ്ഞെടുക്കുന്നത്. തമിഴ് സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഇവരുടെ ചരിത്രം. പാണ്ഡ്യ രാജാക്കന്മാർ തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഇന്നത്തെ തമിഴ്‌നാട്ടിൽ നിന്ന് നിരവധി ഗോത്രങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു. അങ്ങനെയാണ് ഇവരുടെ പൂർവികർ ഇടുക്കിയിലെത്തിയതെന്നും കരുതപ്പെടുന്നു.
ഇടുക്കിയിൽ 48 പട്ടികവർഗ ഉന്നതികളിലായി 300 ലധികം മന്നാൻ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എറണാകുളത്തും തൃശൂരുമൊക്കെ താമസിക്കുന്ന സമുദായാംഗങ്ങളുമുണ്ട്. കർഷകത്തൊഴിലാളികളാണ് കൂടുതലും പേരും. വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിലെ സവിശേഷത മൂലം പലപ്പോഴും ഈ വിഭാഗത്തിന്റെ ചടങ്ങുകൾ മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. രാജാവിന്റെ നിർദേശങ്ങൾക്ക് വലിയ പ്രധാന്യമാണ് ഇവർ നൽകുന്നത്.
തനിക്കുകിട്ടിയ ബഹുമതി
റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണക്കത്ത് കൈമാറിയത് കേരളത്തിലെ പട്ടികവിഭാഗ ക്ഷേമമന്ത്രി ഒ ആർ കേളുവാണ്. രാജ്യത്തിന്റെ ഈ ക്ഷണം തനിക്കുള്ള ബഹുമതിയാണെന്ന് രാമൻ രാജമന്നാൻ 'ഇന്ത്യൻ എക്സ്പ്രസി'നോടു പ്രതികരിച്ചു.
എൺപതുകളുടെ തുടക്കത്തിൽ, മന്നാൻ സമുദായാംഗമായ പാണ്ഡ്യൻ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ചടങ്ങിനായി ക്ഷണിക്കപ്പെട്ട സമുദായത്തിലെ ആദ്യത്തെ രാജാവാണ് ഞാൻ - അദ്ദേഹം കൂട്ടിച്ചേർത്തു.പരേഡ് വീക്ഷിച്ചതിനു ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി രണ്ടിന് ഇരുവരും മടങ്ങിയെത്തും.
Read More
- വീണ്ടും ജീവനെടുത്ത് കടുവ; മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയ്ക്ക് ദാരുണാന്ത്യം
- കോൺഗ്രസിൽ നേതൃമാറ്റം? കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യത
- അധികമായി വിറ്റത് 11 ലക്ഷത്തോളം ടിക്കറ്റുകൾ; ക്രിസ്മസ്- നവവത്സര ബമ്പർ സൂപ്പർഹിറ്റ്
- വയനാട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- സ്വർണവില റെക്കോർഡ് കുതിപ്പിൽ; പവന് 60200 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.