/indian-express-malayalam/media/media_files/uploads/2020/04/issac-modi.jpg)
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന നടപടികള്‍ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. എന്നാല്‍ വീട്ടിലിരിക്കുന്ന സാധാരണക്കാരന്റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വേണ്ടത് അഭിനന്ദനമല്ല മറിച്ച് പണമാണ്. അത് എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തെത്തി. ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനത്തെ താനും തന്റെ പാർട്ടിയും അനുകൂലിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തതിൽ പുതുതായി ഒന്നും പറയാത്തതിൽ ചിദംബരം തന്റെ പ്രതിഷേധം അറിയിച്ചു.
Read More: 'കരയുക, പ്രിയപ്പെട്ട രാജ്യമേ'; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ചിദംബരത്തിന്റെ പ്രതികരണം
പാവപ്പെട്ട മനുഷ്യർ 21 ദിവസം കൂടാതെ ഇനിയൊരു 19 ദിവസത്തേയ്ക്ക് കൂടി നിത്യച്ചെലവിനുള്ള വക കണ്ടെത്തേണ്ടി വരും. ഇവിടെ പണമുണ്ട്. ഭക്ഷണമുണ്ട്. എന്നാൽ സർക്കാർ അതൊന്നും കൊടുക്കില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്നു കരയൂ എന്നാണ് ചിദംബരം പറഞ്ഞത്.
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മേയ് മൂന്ന് വരെ അടച്ചുപൂട്ടൽ തുടരുമെങ്കിലും ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നാണ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞത്. കോവിഡ് പ്രതിസന്ധിക്ക് അയവുവന്നിട്ടുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 20 നു ശേഷം ചില ഇളവുകൾ നൽകും. എന്നാൽ സ്ഥിതിഗതികൾ വഷളായാൽ ഇളവുകൾ പിൻവലിക്കും.
മറ്റ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്‌തമായി ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ മുന്നിട്ടുനിൽക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങൾ ഗുരുതരമാകാൻ നമ്മൾ കാത്തുനിന്നില്ല. ആവശ്യമായ നടപടികൾ അതിവേഗം സ്വീകരിച്ചു. 500 കേസുകൾ ആയപ്പോഴേക്കും നമ്മൾ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ വഷളാകാൻ നമ്മൾ അനുവദിച്ചില്ല.
ഇന്ത്യയിലെ ജനങ്ങളുടെ സഹകരണത്തിനു പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. കോവിഡിനെ പ്രതിരോധിക്കാൻ ഒരു പട്ടാളക്കാരനെ പോലെ നിങ്ങൾ പ്രയത്നിച്ചു. എല്ലാവരും ഒന്നിച്ചുനിന്നു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.