scorecardresearch

ജനകീയ സമിതിയും നിരീക്ഷിക്കാൻ ഡ്രോണുകളും; വന്യജീവി ആക്രമണത്തിനെതിരെ നടപടികളുമായി സർക്കാർ

വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സർക്കാർ വഹിക്കും

വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സർക്കാർ വഹിക്കും

author-image
WebDesk
New Update
K Rajan

ഫൊട്ടോ-സ്ക്രീൻ ഗ്രാബ്

വയനാട്: തുടർച്ചയായുള്ള വന്യജീവി ആക്രമണങ്ങളിൽ വലയുന്ന വയനാട്ടിൽ പ്രതിരോധ നടപടികളുമായി സർക്കാർ. കാട്ടാന ആക്രമണങ്ങളിൽ രണ്ട് ജീവനുകൾ പൊലിഞ്ഞ വയനാട്ടിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾ വന്നിരിക്കുന്നത്. വനം മന്ത്രി എ കെ ശശീന്ദ്രൻ, റവന്യൂ മന്ത്രി കെ രാജൻ, തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ജനകീയ സമിതികൾ രൂപീകരിക്കാനും നിരീക്ഷണം ശക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനും തീരുമാനമായി. 

Advertisment

വന്യജീവി ശല്യം പരിഹരിക്കുന്നതിനായി പ്രധാനമായും രണ്ട് രീതിയിലുള്ള നിർദ്ദേശങ്ങളാണ് യോഗത്തിൽ പരിഗണിച്ചത്.   വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സർക്കാർ വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തിൽ വ്യക്തമാക്കി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ജില്ലാ കളക്ടർക്കാണ് ജനകീയ സമിതിയുടെ ഏകോപന ചുമതലയെന്നും രണ്ടാഴ്ച്ചയിൽ ഒരിക്കൽ സമിതി യോഗം ചേരുകയും സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തണമെന്നും യോഗത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 

വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച നിലവിലെ സംഭവ വികാസങ്ങൾ ജനങ്ങളുടെ ജീവൽപ്രശ്നമാണെന്ന് പറഞ്ഞ മന്ത്രി കെ രാജൻ  അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ആവശ്യപ്പെട്ടു. വനമേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ഡ്രോണുകളുടെ സേവനം ലഭ്യമാക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് യോഗത്തിൽ വ്യക്തമാക്കി. കൂടാതെ വനമേഖലയിൽ 250 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഇതിനോടകം നടപടി തുടങ്ങി. അതിർത്തി മേഖലയിലെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും
മന്ത്രി പറഞ്ഞു.

വയനാട്ടിലെ കാടുകളിൽ  അടിക്കാടുകൾ വെട്ടാൻ വയനാടിന് പ്രത്യേകം ഇളവ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് യോഗത്തെ മന്ത്രിമാര്‍ അറിയിച്ചു. സ്വാഭാവിക ആവാസ വ്യവസ്ഥ നിർമ്മിക്കാൻ തൊഴിലുറപ്പിൽ പദ്ധതിക്ക് രൂപം നൽകും. വന്യമൃഗങ്ങളെ ആകർഷിക്കുന്ന ചില റിസോർട്ടുകൾ വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് കർശനമായി നിയന്ത്രിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അത്തരത്തിലുള്ള  റിസോർട്ടുകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ യോഗത്തിൽ ഉറപ്പ് നൽകി. മന്ത്രിമാരെ കൂടാതെ ജനപ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

Advertisment

അതേ സമയം മന്ത്രിതല സംഘം വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു. വയനാട്ടിലേക്ക് മുഖ്യമന്ത്രി നേരിട്ടെത്തണമെന്നും മന്ത്രിമാരിൽ വിശ്വാസമില്ലെന്നും യോഗം ബഹിഷ്ക്കരിച്ച ശേഷം കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്താൻ പോലും യോഗത്തിൽ നടപടിയുണ്ടായില്ലെന്നും മരണപ്പെട്ടവരുടെ വീടുകളിലേക്ക് പോകാതെയാണ് വനം മന്ത്രി യോഗത്തിന് എത്തിയിരിക്കുന്നതെന്നും എംഎൽഎമാർ വിമർശിച്ചു.

Read More

Wild Life Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: