/indian-express-malayalam/media/media_files/uploads/2019/07/wayanad-moral-policing.jpg)
കൽപറ്റ: അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ആക്രമിച്ചത് ടിപ്പര്‍ ഡ്രൈവറാണെന്ന് പൊലീസ്. സംഭവത്തില്‍, പ്രദേശവാസിയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ആക്രമിക്കപ്പെട്ട ദമ്പതികളെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
"സംഭവത്തില്‍ ആക്രമിച്ച വ്യക്തിയെ പിടിക്കാന്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ആക്രമിക്കപ്പെട്ട ആളുകളെ കുറിച്ച് യാതൊരു വിവരവുമില്ല. അവര്‍ അന്ന് തന്നെ പോയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളാണ്. വാട്സ്ആപ്പില്‍ വീഡിയോ ലഭിച്ചപ്പോഴാണ് പൊലീസ് വിവരം അറിയുന്നത്. അമ്പലവയല്‍ സ്വദേശിയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മറ്റൊരു കാര്യം ആ വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും. അത്രയും ആളുകള്‍ അവിടെ കൂടിനിന്നിട്ട് ഒരാള്‍ പോലും ഒന്ന് പിടിച്ചു മാറ്റാനോ പ്രതികരിക്കാനോ തയ്യാറായില്ല. ഒന്ന് പൊലീസിനെ വിവരമറിയിക്കാന്‍ പോലും അപ്പോള്‍ ആരും ശ്രമിച്ചില്ല," അമ്പലവയില്‍ എഎസ്‌ഐ ജയപ്രകാശ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read More: വയനാട്ടില്‍ തമിഴ്നാട് സ്വദേശികള്‍ക്ക് നേരെ സദാചാര ആക്രമണം; വനിതാ കമ്മീഷന്‍ കേസെടുത്തു
കഴിഞ്ഞ 21-ാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയായത്.
'ഇവന്‍ നിന്റെ ആരാണ്' എന്ന് ചോദിച്ച് യുവാവിനെയും യുവതിയെയും നടുറോഡില്‍ ജനമധ്യത്തിനു മുന്നില്‍ വച്ച് ഒരാൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ ഭര്‍ത്താവാണെന്ന് യുവതി പറഞ്ഞുവെങ്കിലും അതു കേള്‍ക്കാതെ യുവതിയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവ് അവശനായി റോഡില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികളായി നിന്നവര്‍ ആരും തന്നെ ഒന്നു പ്രതികരിക്കാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
അമ്പലവയല്‍ പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം നടന്നത്. അതേസമയം, സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341, 323, 294(b), 350 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തടഞ്ഞുവയ്ക്കല്‍, അസഭ്യം വിളിക്കല്‍, കൈകൊണ്ട് മർദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.
"സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പൊലീസ് ചെയ്യേണ്ടതായിരുന്നു. പൊലീസിന്റെ ഭാഗത്തും വീഴ്ച പറ്റിയിട്ടുണ്ട്. നാട്ടുകാര്‍ നോക്കി നിന്നു എന്ന് പറഞ്ഞ് അവര്‍ക്ക് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല. ജനം ചിലപ്പോള്‍ അങ്ങനെയാണ്. ജനത്തെയും ഞാന്‍ കുറ്റപ്പെടുത്തും. ഒരു വിഷയം ഉണ്ടാകുമ്പോള്‍ ജനം അങ്ങനെ നോക്കി നില്‍ക്കാന്‍ പാടില്ല. പക്ഷെ ഈ സംഭവം നടന്നത് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ്. 50 മീറ്റര്‍ പോലും ദൂരമില്ല," ജോസഫൈന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അതിനായി അമ്പലവയല്‍ പൊലീസ് സ്റ്റേഷനെ ബന്ധപ്പെടണം എന്നുമായിരുന്നു വയനാട് എഎസ്‌പി കെ.കെ.മൊയ്തീന്‍ കുട്ടിയുടെ പ്രതികരണം.
എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് വയനാട് എസ്‌പി കറുപ്പസാമി ഐപിഎസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പ്രതികരിച്ചു. വാട്സ്ആപ്പ് ദൃശ്യങ്ങളിലൂടെ അല്ല നേരത്തെ തന്നെ വിവരം അറിഞ്ഞു. സംഭവം നടന്നതിന്റെ തൊട്ടു പിന്നാലെ പൊലീസ് സ്ഥലത്ത് എത്തി. പക്ഷേ അപ്പോഴേക്കും അക്രമിക്കപ്പെട്ടവരും അക്രമിയായ ടിപ്പര്‍ ഡ്രൈവര്‍ സജീവാനന്ദും സ്ഥലത്തു നിന്നും പോയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.