അമ്പലവയൽ: അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. അമ്പലവയൽ സ്വദേശിയായ ടിപ്പർ ഡ്രൈവർ സജീവാനന്ദാണ് ഇവരെ മർദിച്ചത്. കഴിഞ്ഞ 21-ാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആക്രമണത്തിന് ഇരയായവർ ദമ്പതികളാണെന്നാണ് വിവരം.

ഇവൻ നിന്റെ ആരാണ് എന്ന് ചോദിച്ച് യുവാവിനെയും യുവതിയെയും നടുറോഡില്‍ ജനമധ്യത്തിനു മുന്നിൽ വച്ച് യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയത്. തന്റെ ഭർത്താവാണെന്ന് യുവതി പറഞ്ഞുവെങ്കിലും അതു കേൾക്കാതെ യുവതിയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് അവശനായി റോഡിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. സംഭവത്തിന് ദൃക്സാക്ഷികളായി നിന്നവര്‍ ആരും തന്നെ ഒന്നു പ്രതികരിക്കാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം.

അമ്പലവയൽ പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം നടന്നത്. അതേസമയം, സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രതിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. പൊലീസുമായി ബന്ധപ്പെട്ടെന്നും അക്രമത്തിന് ഇരയായവരെ കണ്ടത്താനുളള ശ്രമത്തിലാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.