/indian-express-malayalam/media/media_files/uploads/2018/09/Mullappally-Ramachandran.jpg)
പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും ദയനീയമായി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാണിക്കുന്ന വിധിപ്രസ്താവം പുറത്തുവന്നതിന് പുറമെയാണ് പുതിയ നീക്കം. അതേസമയം, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നൂറുമണിക്കൂർ സത്യാഗ്രഹം ഇന്ന് അവസാനിക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പെൺകുട്ടികളുടെ വീട് സന്ദർശിക്കും. ഒപ്പം തിങ്കളാഴ്ച മുല്ലപ്പള്ളി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും.
Read More: വാളയാര്‍ കേസ്: പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കിയാലേ പുനരന്വേഷണം സാധിക്കൂവെന്ന് സിബിഐ
കേസിൽ പ്രതികൾക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. പ്രോസിക്യൂഷൻ വാദം മുഴുവൻ സാധ്യതകളെ അടിസ്ഥാനമാക്കിയാണെന്നും ശരിയായ തെളിവുകളില്ലാത്ത കേസിൽ ക്രിമിനൽ ശിക്ഷ നടപ്പാക്കാൻ സാധിക്കില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.
കുറ്റകൃത്യങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ല. പ്രകൃതിവിരുദ്ധ പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. സ്വകാര്യഭാഗത്തെ മുറിവുകൾ അണുബാധ മൂലമാകാമെന്നാണ് ഡോക്ടർ പറയുന്നത്. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനായിട്ടില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.
ഹർജി പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതെവിട്ട കേസിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ എങ്ങനെ പുനരന്വേഷണം ആവശ്യപ്പെടാനാവുമെന്ന് കോടതി ചോദിച്ചു. കേസിൽ അപ്പീൽ നൽകുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതികളെ വിട്ട കേസിൽ അപ്പീൽ നൽകി വിധി റദ്ദാക്കിയ ശേഷമേ തുടരന്വേഷണത്തിനോ, പുനരന്വേഷണത്തിനോ അവസരമുള്ളൂവെന്ന് സിബിഐയും വാദത്തിനിടെ വ്യക്തമാക്കി.
Read More: വാളയാർ: പ്രതികൾക്കെതിരെ തെളിവുകളില്ല; വിധിപ്പകർപ്പ് പുറത്ത്
എന്നാൽ വാളയാറിൽ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം ഉടൻ വേണ്ടെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.
കോടതി ഉത്തരവിനെതിരെ സർക്കാരിനും പെൺകുട്ടികളുടെ അച്ഛനമ്മമാർക്കും അപ്പീൽ നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉടൻ അപ്പീൽ നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം വ്യാഴാഴ്ച വാളയാറെത്തിയ ദേശീയ ബാലാവകാശ കമ്മിഷൻ അംഗം യശ്വന്ത് ജെയിന്‍റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തുപോയ മാതാപിതാക്കൾ തിരിച്ചെത്താത്തതിനെത്തുടർന്നാണ് സംഘം മടങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.